24 Wednesday
July 2024
2024 July 24
1446 Mouharrem 17

കുറ്റകൃത്യം മറച്ചുവെക്കപ്പെടുമ്പോള്‍ നിയമം നോക്കുകുത്തിയാകുന്നു

ഷാഹിദ കമാല്‍ /വി കെ ജാബിര്‍


കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ ഞെട്ടിക്കും വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികമായ പല ഇന്‍ഡക്‌സുകളിലും കേരളം മുന്നില്‍ നില്‍ക്കുമ്പോഴും പെണ്‍കുട്ടികളോടുള്ള സമീപനം, സ്ത്രീധനം തുടങ്ങിയ വിഷയങ്ങളില്‍ നാം പിന്നോട്ടോടുകയാണ്. എവിടെയാണ് നമുക്കു പിഴച്ചത്? പുരോഗമന സംഘങ്ങള്‍ക്കും ഭരണകൂട സംവിധാനങ്ങള്‍ക്കും എന്തു ചെയ്യാന്‍ കഴിയും.
വിസ്മയയുടേതു പോലുള്ള കേസുകള്‍ ആവര്‍ത്തിക്കുന്നു. വിദ്യാസമ്പന്നരില്‍ പോലും സ്ത്രീധന പീഡനങ്ങളും ആത്മഹത്യാ കൊലപാതകങ്ങളും അമ്പരപ്പിക്കും വിധം കൂടുന്നു. മൂര്‍ഖനെ കൊണ്ടു കൊത്തിക്കുന്നതുള്‍പ്പെടെ സ്ത്രീധന പീഡനങ്ങള്‍ പുതിയ മാനങ്ങള്‍ കൈവരിക്കുന്നു. ലജ്ജാകരമായ ഒരേര്‍പ്പാടിന് മാന്യത കൈവരുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണ്.
ഇവിടെ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് എന്തുമാത്രം ഇടപെടല്‍ നടത്താന്‍ സാധിക്കുന്നു. വനിതാ കമ്മിഷനു മുന്നിലെത്തുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് എന്താണ് വ്യക്തമാക്കുന്നത്. വിഷയത്തില്‍ എത്രകണ്ടു പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. നിയമം കര്‍ശനമാകുമ്പോഴും സ്ത്രീധന ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിക്കുകയാണ്. മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എവിടെയാണ് വീഴ്ച സംഭവിക്കുന്നത്. സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ക്കറുതി വരുത്താന്‍ എന്തു പരിഹാരമാണ് നിര്‍ദേശിക്കാനുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ സംസാരിക്കുന്നു.
പിഴച്ചതെവിടെ;
എന്താണു പരിഹാരം?

ഓരോ ദിവസവും നമ്മുടെ ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. കൊലപാതകമോ കൊലപാതകത്തിനു സമാനമായ ആത്മഹത്യയോ ഒക്കെയായി കുട്ടികളുടെ ജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. 1961-ല്‍ സ്ത്രീധന നിരോധന നിയമം നടപ്പിലായ രാജ്യമാണ് ഇന്ത്യ. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും നിയമപരിജ്ഞാനം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെയാണ് ഇത്തരത്തിലുള്ള സ്ത്രീധന മരണങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നത് എന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.
ഈ സാഹചര്യം മാറണമെങ്കില്‍ കുടുംബത്തില്‍ നിന്നു തുടങ്ങണമെന്നതില്‍ ഒരു തര്‍ക്കവുമില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്കു ശേഷം പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പറയുക, സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി എന്നു പറഞ്ഞാണ് ഉപദ്രവിച്ചത് എന്നാണ്. ഇവരോട് തിരിച്ചു ചോദിക്കാനുള്ളത്, സ്ത്രീധനം കൊടുക്കാതിരുന്നാല്‍ കുറഞ്ഞുപോകുമായിരുന്നോ എന്നാണ്. കൊടുത്തിട്ടല്ലേ കുറഞ്ഞുപോയത്!
പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വരുമ്പോള്‍ സ്ത്രീധനം എന്ന വിലപേശലിന് അവസരം കൊടുക്കരുത്. ഞങ്ങള്‍ക്കുള്ളത് എന്താണോ അത് എന്റെ മക്കള്‍ക്ക് സൗകര്യമുള്ളപ്പോള്‍ കൊടുക്കും എന്നു പറയാന്‍ എത്ര മാതാപിതാക്കള്‍ക്കു കഴിയും. അപ്പോള്‍ കൊടുക്കുന്നിടത്തു നിന്നാണ് മാറേണ്ടത്. കൊടുക്കുന്നതു കൊണ്ടാണ് വാങ്ങാന്‍ ആളു വരി നില്‍ക്കുന്നത്.
സ്ത്രീധനം കൊടുക്കാത്ത നിരവധി പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. പൊന്നും പണവും കൊടുത്തു വിടാത്തതു കൊണ്ട് അവരുടെ ജീവിതത്തിന് എന്തെങ്കിലും പ്രയാസങ്ങളുണ്ടായില്ല. കൊടുക്കുന്ന മനോഭാവത്തിനാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. പൊന്നും പണവും കാറും കൊടുത്താല്‍ മാത്രമേ അവര്‍ക്കു സന്തോഷം കിട്ടുകയുള്ളൂ എന്ന തെറ്റായ ധാരണയില്‍ നിന്ന് നമ്മുടെ മാതാപിതാക്കള്‍ മാറിനടക്കണം. പരിവര്‍ത്തനത്തിന്റെ ആദ്യ പടി തുടങ്ങേണ്ടത് അവിടെയാണ്.
മാതാപിതാക്കളുടെ സ്വത്തുക്കള്‍ക്ക്, അതെത്രയായാലും മക്കള്‍ തന്നെയാണ് അവകാശികള്‍. എനിക്കു ചോദിക്കാനുണ്ട്, വിവാഹ സമയത്തു തന്നെ ഉള്ള സ്വത്തെല്ലാം വിറ്റ് എല്ലാം വാരിക്കൂട്ടി ഈ പെണ്‍കുട്ടികളെ ഏല്പിച്ചിട്ട് എന്നെന്നേക്കുമായി അവളെ പടിയിറക്കുക എന്ന കാഴ്ചപ്പാടാണോ നമുക്കു വേണ്ടത്! എല്ലാം കൊടുത്തുവിട്ടു നാം പറയാതെ പറയുന്നത്, ഇനി നിന്റെ വീട് അവിടെയാണ് എന്നത്രെ. ഇതോടു കൂടി ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കപ്പെടുകയാണ്. അറിഞ്ഞോ അറിയാതെയോ നാം അവളെ അന്യയാക്കുകയാണ്. എനിക്കീ വീട്ടില്‍ ഇനി അവകാശമൊന്നുമില്ല, ഞാന്‍ വല്ലപ്പോഴും വരേണ്ട അതിഥിയാണ് എന്ന ബോധം അവളുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും.
ഈ വലിയ സ്വത്തുക്കളുമായി ചെല്ലുമ്പോള്‍, അധ്വാനിക്കാതെ കിട്ടുന്ന ഈ സ്വത്തില്‍ കണ്ണു മഞ്ഞളിക്കുന്നു ചെറുപ്പക്കാര്‍. തളികയില്‍ വച്ചുനീട്ടുന്ന ഈ സ്വത്തുക്കള്‍ യഥാര്‍ഥത്തില്‍ അവനെ അലസനും നിഷ്‌ക്രിയനുമാക്കുകയാണ്. ഒരു യുവാവിന്റെ അധ്വാനശേഷി ഇല്ലാതാക്കുമ്പോള്‍ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനും അതു നഷ്ടമാണ്.
ചെറുപ്പക്കാരനെയും പെണ്‍കുട്ടിയെയും ഒരേസമയം നശിപ്പിക്കുകയാണ് സ്ത്രീധന സമ്പ്രദായം ചെയ്യുന്നത്. ജോലി ചെയ്യാന്‍ മടി വന്ന ചെറുപ്പക്കാരന്‍ കാശു തീരുമ്പോള്‍ വീണ്ടും കാശു കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിയിലേക്കു വരുന്നു. അത് ദുരന്തത്തില്‍ കലാശിക്കുന്നു. കൊടുത്തില്ലെങ്കില്‍ വാങ്ങില്ലല്ലോ.
പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തു കൊടുക്കണമെന്നതില്‍ തര്‍ക്കമൊന്നുമില്ല. സ്വന്തം കിടപ്പാടം വിറ്റ് പെണ്‍കുട്ടിക്ക് സ്വര്‍ണവും കാറും വാങ്ങി നല്‍കി വിവാഹം ചെയ്തയച്ച് എല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന നിരവധി അനുഭവങ്ങള്‍ കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. സ്വത്തു നഷ്ടപ്പെട്ട് ശരീരമാസകലം മുറിവുമായി എത്തിയ കേസുകളും നിരവധി. ഈ വീട് ആ പെണ്‍കുട്ടിയുടെ പേരില്‍ എഴുതി വെച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഭര്‍തൃവീട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ തിരിച്ചുവരുമ്പോള്‍ സ്വന്തം വീട്ടില്‍ കയറി താമസിക്കാമായിരുന്നില്ലേ. എന്തുകൊണ്ടങ്ങനെ ചിന്തിച്ചുകൂടാ.
കല്യാണ വേളയില്‍ തന്നെ സ്വത്തു കൊടുക്കണമെന്നുണ്ടെങ്കില്‍, ആ പെണ്‍കുട്ടിയുടെ പേരിലൊരു വീടു വാങ്ങിച്ചുകൊടുക്കട്ടെ. അല്ലെങ്കില്‍ അവര്‍ക്കു വരുമാനമുണ്ടാകുന്ന തരത്തില്‍, അവളുടെ കഴിവിനും താല്പര്യത്തിനും അനുയോജ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കട്ടെ. ഇതല്ലേ ഒരു പെണ്‍കുട്ടിക്കു വീട്ടുകാര്‍ക്കു ചെയ്തുകൊടുക്കാവുന്ന ഗുണകരമായ കാര്യം! അങ്ങനെയാകുമ്പോള്‍ അവള്‍ക്കു സന്തോഷവും മനോധൈര്യവുമുണ്ടാകും. വരുമാനമുണ്ടാകും, തന്റെ കാര്യങ്ങള്‍ക്ക് ഭര്‍ത്താവിനോടു കൈ നീട്ടേണ്ടിവരില്ല.
ഭര്‍തൃവീട്ടില്‍ സന്തോഷപൂര്‍വം ദാമ്പത്യ ജീവിതം നയിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ തിരിച്ചിറങ്ങിവന്ന് അവള്‍ക്ക് ആത്മവിശ്വാസത്തോടെ താമസിക്കാന്‍ സ്വന്തം പേരില്‍ ഒരു ഇടമുണ്ടാകും. എന്നെന്നേക്കുമായി പടിയിറക്കുമ്പോള്‍, ഉറ്റബന്ധുക്കളുള്ള ആ വീട്ടിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന അന്യതാ ബോധവും ആശങ്കയും ഈ പെണ്‍കുട്ടിക്കുണ്ടാവില്ല.
ഗൗരവമുള്ള മറ്റൊരു കാര്യം, ഭര്‍തൃവീട്ടില്‍ നിന്നു തിരിച്ചുവരുന്ന പെണ്‍കുട്ടി ഒരു അപമാനമാണെന്ന മനോഭാവം മാറണമെന്നതാണ്. വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും ഒന്നുമല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത്, നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഭര്‍തൃവീട്ടില്‍ നിന്നു മകള്‍ തിരിച്ചുവന്നാല്‍ ബന്ധുക്കള്‍ എന്തു കരുതുമെന്നാണ് വിസ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ മനസ്സില്‍ പൊലും അത്തരമൊരു ബോധം രൂപപ്പെട്ടുവന്നത് ഏത് സാമൂഹിക ചുറ്റുപാടില്‍ നിന്നാണെന്ന് നാം തിരിച്ചറിയണ്ടേ. ഒരു പെണ്‍കുട്ടിയുടെ ജീവനെക്കാള്‍ വലുതാണോ ദുരഭിമാനം. മാറിച്ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ഇത്തരമൊരു സാഹചര്യം വന്നാല്‍ അത് അപമാനമല്ല, തന്റെ വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് പെണ്‍കുട്ടിക്കു തോന്നാനും അവള്‍ക്ക് ആത്മവിശ്വാസം നല്‍കാനും കഴിയുന്ന രീതിയില്‍ കുട്ടികളെ വളര്‍ത്തണം. പുതുതലമുറ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
നമ്മുടെ കുട്ടികള്‍ക്ക് നാം ഉന്നത വിദ്യാഭ്യാസം കൊടുക്കും. പലപ്പോഴും ജീവിത വിദ്യ അഭ്യസിപ്പിക്കുന്നില്ല. ജീവിതബോധം പകര്‍ന്നു കൊടുക്കുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ പോലും സ്വന്തം ജീവിതത്തിനു നേരെ വരുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിയാതെ ജീവനൊടുക്കുന്ന അവസ്ഥയിലേക്കു പോകുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്ന സാംസ്‌കാരിക കുടുംബ പശ്ചാത്തലമായിരുന്നു രണ്ടു പതിറ്റാണ്ടു മുമ്പു വരെ കേരളത്തിലുണ്ടായിരുന്നത്. അന്ന് ഇത്തരം ആത്മഹത്യകളും കൊലപാതകങ്ങളും വിരളമായിട്ടായിരുന്നു നാം കേട്ടിരുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവിടെയുണ്ടാകുന്ന വിഷയങ്ങള്‍ പരസ്പരം അറിയാനും ചര്‍ച്ച ചെയ്യാനും സാഹചര്യമുണ്ടായിരുന്നു. ആശയവിനിമയത്തിന്റെ ഫലപ്രദമായ ഇടങ്ങള്‍ വീടുകളിലുണ്ടായിരുന്നു. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ചയ്ക്കു വന്നിരുന്നു. വിവാഹിതരായി പോകുന്ന പെണ്‍കുട്ടികള്‍ക്ക് വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുകയും പരിഹാരം ഉരുത്തിരിയുകയും ചെയ്യുമായിരുന്നു. ഇതെല്ലാം കാണുന്ന കുട്ടികള്‍ അവരറിയാതെ തന്നെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് ആര്‍ജിച്ചെടുക്കുമായിരുന്നു. ആരും പഠിപ്പിക്കാതെ ജീവിത വിദ്യകള്‍ അഭ്യസിക്കുകയായിരുന്നു. വീടെന്ന കലാലയത്തില്‍ നിന്ന് കണ്ടും കേട്ടും അറിഞ്ഞും പലതും പഠിക്കുന്നു. ജീവിതത്തെ കുറിച്ചുള്ള വലിയ അറിവാണ് അണുകുടുംബ വ്യവസ്ഥയിലേക്കു മാറിയപ്പോള്‍ നഷ്ടമായിപ്പോയത്.
നമ്മുടെ മാതാപിതാക്കള്‍ അത്യധ്വാനം ചെയ്യുകയാണ്. ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നില്ല. മുമ്പ് 24 മണിക്കൂര്‍ നടന്നുപോയിടത്ത് ഇന്നു നാം പറന്നു നടന്നിട്ടും സമയം തികയുന്നില്ല. മക്കള്‍ക്കു നല്ല വിദ്യാഭ്യാസവും ഭക്ഷണവും സാഹചര്യവും ഒരുക്കാന്‍, നല്ല നിലയില്‍ കെട്ടിച്ചുവിടാന്‍ വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അതിനിടയ്ക്കു പലപ്പോഴും നമ്മുടെ കുട്ടികളെ കാണാനും കേള്‍ക്കാനും നമുക്കു സമയമില്ലാതായിപ്പോയി. കുട്ടികളുടെ വളര്‍ച്ച അറിയാനും ശാരീരികവും മാനസികവുമായി അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തിരിച്ചറിയാനും നമുക്കു കഴിയുന്നില്ല. അവരുടെ വളര്‍ച്ചയ്‌ക്കൊത്ത് അവരുടെ ആത്മവിശ്വാസം ഉയരുന്നുണ്ടോ, കരുത്തു നേടുന്നുണ്ടോ എന്നൊന്നും നമ്മള്‍ അറിയുന്നേയില്ല. ഷെയറിംഗും ആശയവിനിമയവും വേണമെങ്കില്‍ സമൂഹ മാധ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു ചെറുപ്പം മാറുന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അതു മാറിയേ മതിയാകൂ.
സ്വത്വ ബോധം ഉയര്‍ത്തിപ്പിടിച്ച്, സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്ന, സ്വന്തം കാര്യത്തിലെങ്കിലും അഭിപ്രായമുള്ള, തീരുമാനമെടുക്കാന്‍ കഴിയും വിധം ആത്മവിശ്വാസവും ഉള്‍ക്കരുത്തും ധൈര്യവുമുള്ള പെണ്‍കുട്ടികളെ വളര്‍ത്താന്‍ കഴിയുന്ന ജീവിത വിദ്യാഭ്യാസം കൊടുക്കാന്‍ നാം വീട്ടില്‍ നിന്നു തുടങ്ങണം.
കുട്ടികളെ സാമൂഹിക ബോധമുള്ളവരാക്കി വളര്‍ത്തണം. പൊതു ഇടങ്ങളില്‍ നിരവധി സംവാദങ്ങളും സെമിനാറുകളും വെബിനാറുകളും നടക്കുന്നുണ്ടെങ്കിലും വിവിധ സംഘടനാ രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളല്ലാതെ കുടുംബത്തില്‍ ഒതുങ്ങുന്ന എത്ര പെണ്‍കുട്ടികള്‍ അത്തരം സാമൂഹിക പ്രസക്തിയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നു? അവര്‍ ജീവിത വീക്ഷണത്തെ കുറിച്ചോ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചോ മാറ്റങ്ങളെ കുറിച്ചോ അറിയുന്നില്ല. പൊതുവിഷയങ്ങള്‍ അറിയാതെ, ഇടപെടാതെ പോകുന്നതാണ് അവര്‍ അവരിലേക്കൊതുങ്ങാന്‍ ഇടയാക്കുന്നത്.
നന്നായി പഠിക്കണം, നല്ല ജോലി വാങ്ങണം, നല്ല കുടുംബത്തില്‍ നിന്ന് നന്നായി ‘വാങ്ങി’ കല്യാണം കഴിക്കണം എന്നു പഠിപ്പിച്ചാണ് ചെറുപ്പക്കാരനെ വീട്ടുകാര്‍ വളര്‍ത്തുന്നത്. ഈ കുട്ടി പുസ്തകം നിവര്‍ത്തിവെക്കുമ്പോള്‍ ചിന്തിക്കുന്നത്, താന്‍ പഠിക്കുന്നത് നല്ല വീട്ടില്‍ നിന്ന് നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാനാണെന്നാണ്. നന്നായി പഠിച്ച് നല്ലൊരു ജോലി നേടുമ്പോള്‍ ബ്രോക്കറെ സമീപിച്ച് മുന്തിയ സ്വത്തുള്ള വീട്ടില്‍ നിന്ന് വിവാഹമാലോചിക്കുന്നു.
ഒരു നാണക്കേടിനാണ് തലവെച്ചുകൊടുക്കുന്നതെന്ന് ആ ചെറുപ്പക്കാര്‍ ചിന്തിക്കുന്നില്ല. സ്വയം വില്‍ക്കുന്ന അപമാനകരമായ ‘ഡീലി’നാണ് അവര്‍ നിന്നു കൊടുക്കുന്നത്. അമ്പതും നൂറും പവനും ലക്ഷങ്ങള്‍ക്കും വേണ്ടി അവര്‍ അവരെ കച്ചവടച്ചരക്കാക്കുകയാണ്. സ്വത്വത്തെയും ആണത്തത്തെയും വ്യക്തിത്വത്തെയും ബലി കഴിക്കുകയാണ് എന്നവര്‍ തിരിച്ചറിയുന്നില്ല.
സമൂഹത്തില്‍ വേരൂന്നിയ കാഴ്ചപ്പാടുകളില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവേണ്ടതുണ്ട്. സ്ത്രീധനം വാങ്ങുന്ന ആണ്‍കുട്ടികള്‍ക്ക് തന്നെ വില്‍ക്കുകയാണെന്ന അപമാനബോധം/ തിരിച്ചറിവ് ഉണ്ടാവുകയും ഭര്‍തൃ വീട്ടില്‍ നിന്നു തിരിച്ചുവരേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് അപമാനമല്ല അതു തന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്ന ബോധവും ഉണ്ടാകണം.

പെരുകുന്ന
പീഡന പരാതികള്‍

വര്‍ഷം ശരാശരി അയ്യായിരം മുതല്‍ ആറായിരം വരെ പരാതികളാണ് വനിതാ കമ്മിഷനു മുമ്പാകെ കിട്ടുന്നത്. ഒരു കോടതിയില്‍ പോലും ഇത്രയും പരാതി എത്താറുണ്ടോ എന്നറിയില്ല. ഗാര്‍ഹിക പീഡനങ്ങളെ കുറിച്ചുള്ള പരാതികളാണേറെയും. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരമുള്ളത് പൊലീസ് സ്‌റ്റേഷന്‍, സര്‍വിസ് പ്രൊവൈഡിംഗ് സെന്റര്‍, വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, മജിസ്‌ട്രേറ്റ് കോടതി എന്നിവയ്ക്കാണ്. പക്ഷെ പരാതികള്‍ വരുന്നത് വനിതാ കമ്മിഷനിലാണ്.
കേസുകള്‍ പല സ്വഭാവത്തിലുള്ളതുണ്ടാകും. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ പോലെയുള്ള പരാതികളില്‍ കൗണ്‍സലിംഗ് കൊടുത്ത് സൗഹാര്‍ദ അന്തരീക്ഷത്തില്‍ പറഞ്ഞയക്കും. വിഷയത്തിന്റെ ഗൗരവമനുസരിച്ചുള്ള നടപടികളാണ് കമ്മിഷന്‍ സ്വീകരിച്ചുവരുന്നത്.
ഒരു രസകരമായ കാര്യം, അല്പം കൂടി തീവ്രതയുള്ള കേസുകളാണെങ്കില്‍ വരെ ”ഭര്‍ത്താക്കന്മാര്‍ക്കെതിരെ കേസൊന്നും എടുക്കേണ്ട, താക്കീതു ചെയ്തു വിട്ടാല്‍ മതി” എന്നു പറയുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും എന്നതാണ്. നിസ്സാര കേസുകള്‍ താക്കീതു ചെയ്തു വിടാം. എന്നാല്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ജീവിക്കാന്‍ പറ്റാത്ത വിധം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന കേസുകള്‍ നിസ്സാരമായി കാണാന്‍ പറ്റില്ല. അവ പൊലീസ് സ്‌റ്റേഷനിലേക്കു റഫര്‍ ചെയ്ത് കേസെടുത്ത് കോടതികളിലേക്കു എത്തിക്കും.
സ്ത്രീധനം ഉള്‍പ്പെടെ ഗാര്‍ഹിക പീഡന കേസുകള്‍ക്ക് പൊലീസ് സ്‌റ്റേഷനുകളിലാണ് പരാതി കൊടുക്കേണ്ടതെന്നാണ് പൊതുവെ സ്ത്രീകളുടെ ധാരണ. സ്ത്രീ സൗഹൃദം എന്നു പറയുമ്പോഴും കേരളത്തിലെ ചില പൊലീസ് സ്‌റ്റേഷനുകളെങ്കിലും സ്ത്രീ വിരുദ്ധ പൊലീസ് സ്‌റ്റേഷനുകളാണ്. പരാതിയുമായി വരാന്‍ നിങ്ങള്‍ക്കൊന്നും വേറെ ജോലിയില്ലേ എന്ന മനോഭാവമാണ് ആണ്‍കോയ്മയുള്ള ചില സ്‌റ്റേഷനുകളില്‍ കണ്ടുവരുന്നത്. പുരുഷാധിപത്യത്തെ താലോലിക്കുന്ന, പുരുഷ കേന്ദ്രിത രാഷ്ട്രീയ വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടില്‍ നിന്ന് പൊലീസ് പൂര്‍ണമായി പുറത്തുവന്നിട്ടില്ല എന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയേണ്ടതാണ്.
അത്തരമൊരു മനോഭാവം പല പൊലീസ് സ്‌റ്റേഷനുകളിലുമുണ്ടാകുകയും സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണനയോ നിര്‍ഭയമായി കാര്യങ്ങള്‍ പറയാനുള്ള സാഹചര്യമോ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ പലപ്പോഴും പൊലീസിനെ സമീപിക്കാന്‍ മടിക്കുന്നു. അത്തരം സ്ത്രീകള്‍ക്ക് പോകാനുള്ള ഇടമാണ് സര്‍വിസ് പ്രൊവൈഡിംഗ് സെന്ററുകള്‍.
സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡിനു കീഴില്‍ 101 സര്‍വിസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വിവിധ ജില്ലകളിലായുണ്ട്. വിവിധ സംഘടനകളുടെ കീഴിലാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഒരു അഡ്വക്കറ്റിന്റെ സൗജന്യ സേവനം ലഭ്യമാണ്. ഒരു വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുണ്ട്. 14 ജില്ലകളിലുമുള്ള സെന്ററുകളില്‍ എല്ലാ സേവനങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമാണ്.
അതേപോലെ എല്ലാ ജില്ലകളിലുമുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുകളെയും സമീപിക്കാം. ഗാര്‍ഹിക പീഡനത്തിന് വിധേയരായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രമാകുന്ന ഷെല്‍ട്ടറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് എത്ര പേര്‍ക്കറിയാം. താമസം, ഭക്ഷണം, നിയമസഹായം എന്നിവ ഇവിടെ സൗജന്യമാണ്.
ഇവയെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുന്ന വേദികളില്‍ സ്ത്രീകള്‍ വരാത്തതു കൊണ്ടാണ് ഇതേക്കുറിച്ച് സമൂഹത്തിന് ധാരണയില്ലാത്തത്. വനിതാ കമ്മിഷനിലെത്തുന്ന സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാറുണ്ട്. അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശവും നിയമോപദേശവും നല്‍കുന്നുണ്ട്.
വനിത കമ്മിഷന്‍ ഇടപെട്ട കേസുകളില്‍ പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്താറുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ടു തേടുമെന്നതിനാല്‍ പൊലീസ് അഭ്യാസം കാണിക്കാറില്ല.

നിയമങ്ങള്‍
പിഴയ്ക്കുന്നതെവിടെ?

പെണ്‍കുട്ടികള്‍ മരിക്കുമ്പോള്‍ മാത്രമാണ് നാം സ്ത്രീധനം എന്ന വാക്കുപയോഗിക്കുന്നത്. വിവാഹം നടക്കുമ്പോള്‍ നാം സ്ത്രീധനം എന്നു പറയാതെ സമ്മാനം, പാരിതോഷികം എന്നീ ഓമനപ്പേരുകളിട്ടാണ് വിളിക്കുന്നത്. കള്ളത്തരം ചെയ്യാന്‍ അതിവിദഗ്ധരായ മലയാളികള്‍ നിയമം മറികടക്കാന്‍ സ്ത്രീധനത്തെ സമ്മാനമായി രൂപം മാറ്റി.
വിവാഹ വേളയില്‍ പെണ്‍കുട്ടിക്കുള്ള സ്വത്തുക്കളെല്ലാം കൊടുത്തു തീര്‍ക്കേണ്ട. ഭര്‍തൃവീട്ടില്‍ നല്ല നിലയില്‍ സമാധാനത്തോടെ ജീവിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടോ എന്നൊക്കെ അറിഞ്ഞ ശേഷവും കൊടുത്താല്‍ മതിയല്ലോ.
നിയമങ്ങള്‍ ഇല്ലാത്തതു കൊണ്ടോ നിയമങ്ങള്‍ നടപ്പാക്കാത്തതു കൊണ്ടോ അല്ല പ്രശ്‌നങ്ങളുണ്ടാകുന്നത്. സ്ത്രീധനം എന്ന കുറ്റകൃത്യം ഒളിച്ചുവെക്കുന്നതു കൊണ്ടാണ്. കൊടുക്കുന്ന സമയത്ത് ആരും സ്ത്രീധനത്തെ കുറിച്ചറിയുന്നില്ല. ഇല്ലാത്തൊരു കാര്യത്തെ കുറിച്ച് കേസെടുക്കാന്‍ കഴിയില്ലല്ലോ.
പെണ്‍കുട്ടിയെന്ന നിലയില്‍ കല്യാണം കഴിച്ചയക്കുമ്പോള്‍ ഇത്തിരി സ്വര്‍ണം അണിയണമെന്ന് അവള്‍ ആഗ്രഹിക്കുന്നു, ഇതു ഞങ്ങളുടെ സമ്മാനമാണ്, സ്ത്രീധനം അല്ല എന്നു പറയുന്നിടത്താണ് നിയമം നോക്കുകുത്തിയാവുന്നത്. പീഡനവും മരണവും സംഭവിക്കുമ്പോഴാണ് അത് സ്ത്രീധനമാകുന്നത്. കുറ്റകൃത്യം മറച്ചുവെക്കപ്പെടുന്നതു കൊണ്ടാണ് നിയമം പരാജയപ്പെടുന്നതും സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നതും അതു മാറണം.
ആര്‍ഭാട വിവാഹങ്ങള്‍
തടയണം

ആര്‍ഭാട വിവാഹങ്ങള്‍ നിയമം കൊണ്ടു തടയണം. ഒരിടത്ത് ആഡംബര വിവാഹങ്ങള്‍ നടക്കുമ്പോഴാണ് അടുത്ത വീട്ടിലും അത്തരമൊരു മോഹം വരുന്നത്. ഞങ്ങള്‍ക്കും ഇങ്ങനെ ആയാലെന്താണെന്ന തോന്നല്‍ മനുഷ്യ സഹജമാണ്. ഉള്ള സ്വത്തു വിറ്റും ലോണ്‍ എടുത്തും കടം വാങ്ങിയും വിവാഹം കേമമായി നടത്തും. പിന്നീട് വലയുന്നതും നാം കാണുന്നു.
കോവിഡ് കാലത്ത് വധുവും വരനും മാതാപിതാക്കളും മാത്രമായി നാം വിവാഹച്ചടങ്ങുകള്‍ നടത്തി. പത്തോ ഇരുപതോ അമ്പതോ പേര്‍ മാത്രം പങ്കെടുത്ത വിവാഹങ്ങള്‍ നടന്നു. അവര്‍ സന്തോഷത്തോടെ കഴിയുന്നില്ലേ!
സാമാന്യം ഇടത്തരക്കാരന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞാല്‍ മണ്ണിട്ടുമൂടുന്ന ഭക്ഷ്യവസ്തുക്കള്‍ എത്രയാണ്. വെല്‍കം ഡ്രിങ്കുകള്‍ പോലും നാലും അഞ്ചുമാണ്. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദാഹം അടക്കേണ്ട സ്ഥാനത്താണ് ഇത്രയും വെള്ളം പോലും ഒരുക്കുന്നത്. ഇത് എങ്ങനെ മനുഷ്യന്‍ കുടിക്കും. ബുഫേ എന്ന പേരിട്ട് എത്ര തരം ഭക്ഷണങ്ങളാണ് വിളമ്പുന്നത്?
ഭക്ഷണ ദാരിദ്ര്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു വണ്ടി കഷ്ടപ്പെടുന്ന ഒരുപാടു പേര്‍ നമ്മുടെ രാജ്യത്തുണ്ട്. അവിടെയാണ് വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ കല്യാണച്ചടങ്ങിനു ശേഷം നാം കുഴിച്ചുമൂടുന്നത്.
വിവാഹം മഹാ മാമാങ്കങ്ങള്‍ ആക്കാതെ പവിത്രമായ കുടുംബ ചടങ്ങുകളാക്കി മാറ്റുക. കുടുംബത്തിലുള്ളവര്‍ പങ്കെടുക്കുന്ന, വീടുകളില്‍ നടക്കുന്ന ചടങ്ങുകളാവട്ടെ വിവാഹങ്ങള്‍. സൗകര്യമില്ലാത്തവര്‍ ചെറിയ ഹാളുകളില്‍ നടത്തട്ടെ. ആ രീതിയില്‍ ഒരു നിയന്ത്രണം കൊണ്ടുവന്നാല്‍ ആര്‍ഭാടം കുറയും. കൊടുക്കല്‍ വാങ്ങലുകള്‍ കുറയും. നാട്ടുകാരെ വിളിച്ചു പൊങ്ങച്ചം കാണിക്കാനാണല്ലോ ഇത്രയും സ്വര്‍ണവും ആഡംബര കാറും കൊടുക്കുന്നത്. ആരും കാണാനില്ലെങ്കില്‍ കൊടുക്കാനും വലിയ താല്പര്യമുണ്ടാവില്ല. കോവിഡ് കാലത്ത് ആര്‍ക്കും ബുക്കു ചെയ്ത വാഹനം കിട്ടിയിരുന്നില്ല. ആരു കാണാനാണ്, കിട്ടുമ്പോള്‍ കൊടുക്കാമല്ലോ എന്നായിരുന്നു പല കുടുംബങ്ങളില്‍ നിന്നുമുള്ള പ്രതികരണം.
കോവിഡ് കാലത്ത് വളരെ കുറച്ചു സ്വര്‍ണമാണ് പെണ്‍പിള്ളേര്‍ അണിഞ്ഞത്. വില കുറഞ്ഞ സാരിയാണ് ഉടുത്തത്. വല്ലാതെ അണിഞ്ഞൊരുങ്ങിയില്ല. ആരു കാണാനാണ്? ഇത്തരം ആഘോഷച്ചടങ്ങുകള്‍ കുറയുമ്പോള്‍ ആര്‍ഭാടം കുറയും, കുടുംബത്തിന് അസ്വസ്ഥത കുറയും, കടം വാങ്ങി വലയേണ്ടി വരില്ല, പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടും, നന്നായി ജീവിക്കാന്‍ പറ്റും.
കുടുംബ ജീവിതത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും വീക്ഷണവും മാറണം. നിയമസംവിധാനങ്ങള്‍ കര്‍ശനമാകണം, വനിത യുവജന സംഘടനകളും മാധ്യമങ്ങളും ഈ മഹാ വിപത്തിനെതിരെ കൈകോര്‍ക്കണം. കോവിഡിനെക്കാള്‍ വലിയ മഹാ മാരിയായി സ്ത്രീധനത്തെ കാണണം. അപ്പോള്‍ ഒരു വലിയ പ്രതിസന്ധിയില്‍ നിന്നു നാം കരകയറും.

വിസ്മയ വിഷയത്തിലുള്ള ഇടപെടല്‍

വിസ്മയയുടെ മരണത്തില്‍ അസ്വാഭാവികത അറിഞ്ഞയുടന്‍ വിഷയത്തില്‍ ഗൗരവത്തോടെ തന്നെ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ഉപദ്രവിച്ചതിന്റെ ഫോട്ടോയും കാണുകയും ചെയ്തു. സംഭവം ആത്മഹത്യയാണെങ്കില്‍ തന്നെ കൊലപാതകത്തിനു സമാനമായ മരണമാണെന്നു വ്യക്തമായിരുന്നു. ഉത്തരവാദി ഭര്‍ത്താവും കുടുംബവുമാണെന്നും ബോധ്യമായിരുന്നു. അതുകൊണ്ടു തന്നെ പൊലീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ സൂക്ഷ്മതയും ജാഗ്രതയും വേണമെന്ന് നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകിട്ടുന്നതു വരെ കമ്മിഷന്റെ ശ്രദ്ധ ഈ വിഷയത്തിലുണ്ടായിരുന്നു. സ്ത്രീധന നിയമം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളനുസരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിനെ ഉദ്യോഗത്തില്‍ നിന്നു സസ്‌പെന്റു ചെയ്യുന്നതിലും ബാങ്ക് എക്കൗണ്ട് മരവിപ്പിക്കുന്നതിലും കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഇനിയൊരു പെണ്‍കുട്ടിയുടെ നേര്‍ക്ക് ഒരാള്‍ കൈയോങ്ങുമ്പോള്‍ കിരണിന്റെ അവസ്ഥയുണ്ടാകും എന്നു തോന്നുന്ന വിധം മാതൃകാപരമായ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത് എന്നു തന്നെയാണ് കരുതുന്നത്. ഈ കാര്യത്തില്‍ തുടര്‍ന്നും കമ്മിഷന്റെ ജാഗ്രത ഉണ്ടാകും.

സാമൂഹിക സംഘടനകളും ഭരണകൂടവും ചെയ്യേണ്ടത്
അണുകുടുംബ വ്യവസ്ഥിതിയിലേക്കു വന്നതോടു കൂടി ജീവിത തിരിച്ചറിവുകള്‍ പുതു തമലമുറക്കു കിട്ടാതെയായി എന്ന വാദമുണ്ട്. ഒന്നോ രണ്ടോ കുട്ടികള്‍, അച്ഛനമ്മമാര്‍ തിരക്കോടു തിരക്ക്, കുട്ടികള്‍ അവരുടേതായ ഗാഡ്ജറ്റുകളുടെ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ സാഹചര്യം. സാമൂഹിക കാഴ്ചപ്പാടിനെ കുറിച്ചോ കുടുംബ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നോ കുടുംബത്തിന്റെ അനിവാര്യ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്നോ കുടുംബ ജീവിതത്തിലുണ്ടാകേണ്ട ജനാധിപത്യ സ്വഭാവത്തെ കുറിച്ചോ ചര്‍ച്ച ചെയ്യാനുള്ള വേദി ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍, കഴിഞ്ഞ കുറെ കാലമായി എന്റെ എല്ലാ ആശയവിനിമയങ്ങളിലും കിട്ടുന്ന വേദികളിലുമെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം, നമ്മുടെ കരിക്കുലത്തില്‍ മാറ്റം വരുത്തണം എന്നതാണ്. കുടുംബ വിദ്യാഭ്യാസം, കുടുംബത്തിന്റെ സാമ്പത്തിക ക്രമീകരണം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീപുരുഷ തുല്യത, സ്ത്രീകളോടുള്ള സമീപനത്തില്‍ വരേണ്ട മാറ്റങ്ങള്‍, കുട്ടിക്കാലത്തു തന്നെ പെണ്‍കുട്ടികളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, അവരുടെ അഭിപ്രായങ്ങള്‍ തേടുക തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മൂല്യങ്ങളും അറിവുകളും കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ ദുഖകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഏറെ സന്തോഷകരമായ കാര്യമാണ്. അതുവഴി നല്ലൊരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.
ചെറുപ്പക്കാരില്‍ ഇത്തരം ബോധം വളര്‍ത്തിയെടുക്കുന്നതില്‍ യുവജന സംഘടനകള്‍ വ്യാപകമായ ബോധവത്കരണവും കാംപയിനുകളും ശില്പശാലകളും നടത്തേണ്ടതുണ്ട്. സ്ത്രീധനം കൊടുക്കില്ലെന്നു പറയാനുള്ള പ്രാപ്തി പെണ്‍കുട്ടികളിലുണ്ടാക്കുക, ഉറ്റവര്‍ നിര്‍ബന്ധിച്ചാലും സ്ത്രീധനം വാങ്ങില്ലെന്നു പറയാന്‍ ആണ്‍കുട്ടികളെ ആര്‍ജവമുള്ളവരാക്കുക, പെണ്‍കുട്ടിയാണ് ധനം എന്ന കാഴ്ചപ്പാട് അവരില്‍ വളര്‍ത്തുക, തങ്ങള്‍ സ്വയം വില്‍ക്കപ്പെടാന്‍ നിന്നുകൊടുക്കില്ലെന്ന് ആണ്‍കുട്ടികളെക്കൊണ്ട് തീരുമാനമെടുപ്പിക്കുക തുടങ്ങി മൂല്യങ്ങള്‍ വളര്‍ത്താന്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ക്കു കഴിയും.
സ്വത്തും പണവും നല്‍കി ഭര്‍ത്താവിനെ വിലക്കെടുക്കുമ്പോള്‍ ഭരിക്കപ്പെടേണ്ടത് ഭര്‍ത്താവാകുന്നു. കടിഞ്ഞാണ്‍ ഭാര്യയുടെ കയ്യിലാകുന്നു. സമ്പത്തു നല്‍കി വിലയ്ക്കു വാങ്ങിയ അടിമ ജീവിയാണ് സ്ത്രീധന സമ്പ്രദായത്തില്‍ പുരുഷന്‍ എന്ന ബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമായ കാംപയിനുകള്‍ യുജവന സംഘടനകള്‍ ഏറ്റെടുക്കണം.
വിഷയത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ ചെയ്യാനുദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ പറയാം: അര്‍ധ ജുഡീഷ്യറി സ്ഥാപനമായതിനാല്‍ വനിതകള്‍ക്കായുള്ള അദാലത്തുകള്‍ പോലുള്ള കോടതി നടപടികളാണ് വനിതാ കമ്മിഷന്‍ നടത്തിവരാറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിവന്നുകൊണ്ട് കമ്മിഷന്‍ ഒട്ടേറെ ബോധവത്കരണ സെമിനാറുകള്‍ ഇയ്യിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇനി കുടുംബ സദസ്സുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത് തുടങ്ങിയ കാര്യങ്ങളില്‍ പൊതുബോധം രൂപപ്പെടുത്തുന്ന വിധത്തിലായിരിക്കും പരിപാടികള്‍.
കമ്മിഷന്റെ നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് ശക്തമാക്കും. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികള്‍ ഒന്നാകുന്ന സംവിധാനമാണല്ലോ വിവാഹം. സ്ത്രീയും പുരുഷനും ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഒരുമിച്ചു കഴിയുകയാണ് വിവാഹ ജീവിതം വഴി. വ്യത്യസ്തതകള്‍ നിലനിര്‍ത്തി ഒരുമിച്ചുപോകാന്‍ യുവതി യുവാക്കളെ സജ്ജമാക്കുന്നതാണ് പ്രി മാരിറ്റല്‍ കോഴ്‌സുകള്‍. ലൈംഗിക അറിവുള്‍പ്പെടെ തുടക്കത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും താളപ്പിഴകളും കൈകാര്യം ചെയ്യാന്‍ ഈ കോഴ്‌സുകള്‍ ദമ്പതികളെ പ്രാപ്തരാക്കും.
പരിശീലനം നല്‍കുക മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വനിത കമ്മിഷന്‍ പോലെയുള്ള ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നടത്തിയ കോഴ്‌സുകളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യം ഉണ്ടാകണം. അതിന് വനിത കമ്മിഷന്‍ നിര്‍ദേശം നല്‍കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളും യുവജന സന്നദ്ധ സംഘടനകളും ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടാല്‍ സമ്പൂര്‍ണ മോചനമില്ലെങ്കിലും സമൂഹത്തില്‍ ഒരു വലിയ മുന്നേറ്റം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

വനിതാ കമ്മിഷന്റെ പരിമിതികള്‍
കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡ് പ്രതിസന്ധി കാരണം അദാലത്തു നടത്താന്‍ സാധിക്കാത്തതു പ്രശ്‌നമാണ്. 2020 മുഴുവനായും നഷ്ടമായി. 2021ല്‍ രണ്ടു മൂന്നു സിറ്റിംഗുകള്‍ മാത്രമാണ് നടത്താന്‍ സാധിച്ചത്. ഇപ്പോള്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തുകള്‍ സ്വാഭാവികമായും വേണ്ടത്ര ഫലപ്രദമാകണമെന്നില്ല. ഡയരക്ട് സിറ്റിംഗില്‍ നൂറു കേസുകള്‍ വരെ കേള്‍ക്കാറുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ വളരെ കുറഞ്ഞ പരാതികളേ പരിഗണിക്കാന്‍ സാധിക്കുന്നുള്ളൂ. 25 വര്‍ഷം മുമ്പു രൂപീകരിക്കപ്പെട്ടതാണ് കേരള വനിത കമ്മിഷന്‍. അന്നു സ്ത്രീകള്‍ അനുഭവിച്ച പ്രശ്‌നങ്ങളും സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമല്ല ഇന്ന് അഭിമുഖീകരിക്കുന്നത്. സ്ത്രീകളും സാഹചര്യങ്ങളും വലിയ തോതില്‍ മാറി. ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും അവര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറി. കയറും തടിക്കഷണവും ഉപയോഗപ്പെടുത്തി സ്ത്രീകളെ കൊലപ്പെടുത്തിയ കാലത്തു നിന്ന് അതിവിദഗ്ധമായി തെളിവ് ശേഷിപ്പിക്കാതെ മൂര്‍ഖനെ കൊണ്ടു കൊല്ലുന്ന കാലത്താണ് നാമുള്ളത്. അപ്പോള്‍ കാലത്തിനനുസരിച്ച് കാതലായ മാറ്റങ്ങളുണ്ടാകണം. അന്ന് പത്തു പന്ത്രണ്ട് കേസുകളുണ്ടായിരുന്നിടത്ത് അയ്യായിരത്തോളം പരാതികളുണ്ടായി. അത്തരം സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഭൗതിക സൗകര്യം കമ്മിഷന് ഉണ്ടാവണം. ജീവനക്കാരുടെ എണ്ണം കൂടണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x