21 Saturday
December 2024
2024 December 21
1446 Joumada II 19

കുരിശു യുദ്ധങ്ങള്‍

എം എസ് ഷൈജു


മധ്യകാല ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകള്‍ നീളുന്ന ഒരു കാലഘട്ടത്തിനിടയില്‍ നടന്ന ചില യുദ്ധങ്ങളെയാണ് കുരിശുയുദ്ധം എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നീട് ലോകത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചകള്‍ക്ക് നിദാനമായ സംഘര്‍ഷങ്ങളെന്ന നിലയിലാണ് കുരിശു യുദ്ധങ്ങള്‍ പൊതുവേ വായിക്കപ്പെടാറുള്ളത്. ചരിത്രപരമായി ഈ യുദ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
മതപരമായ കാരണങ്ങള്‍ കൊണ്ടാണ് കുരിശു യുദ്ധങ്ങള്‍ ആരംഭിച്ചതെങ്കിലും അത് തുടര്‍ന്ന് പോകുന്നതിന് പിന്നില്‍ മതപരമായ കാരണങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും സാംസ്‌കാരികവുമായ ചില കാരണങ്ങള്‍ കൂടി വലിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുരിശു യുദ്ധങ്ങളുടെ കേന്ദ്ര ബിന്ദു ജറൂസലമായിരുന്നു. തുടര്‍ന്നുള്ള ഫലസ്തീന്റെ ചരിത്രത്തില്‍ കുരിശു യുദ്ധങ്ങളും അതുണ്ടാക്കിയ പ്രതിഫലനങ്ങളും വലിയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന പ്രതിസന്ധിയിലേക്ക് ഫലസ്തീനെ എത്തിക്കുന്നതില്‍ പോലും അതിന്റെ അനുരണനങ്ങളെ കാണാന്‍ സാധിക്കും.
കുരിശ് യുദ്ധങ്ങളെ സംബന്ധിച്ച ചരിത്രങ്ങള്‍ മിക്കപ്പോഴും വായിക്കപ്പെടുന്നത് പക്ഷപാതപരമായാണ്. രണ്ട് പക്ഷത്തും ഓരോ പ്രമുഖ മതങ്ങളുടെ താത്പര്യങ്ങള്‍ നില നിന്നിരുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത്. പരമാവധി പക്ഷപാത രഹിതമായി, ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതിനെ നോക്കിക്കാണാനാണ് ഇവിടെ നമ്മള്‍ ശ്രമിക്കുന്നത്.
ലോകത്ത് മുഖ്യധാരാ ക്രിസ്തുമതത്തിന്റെ ആധിപത്യം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടന്നവയാണ് കുരിശു യുദ്ധങ്ങളെന്ന് നമുക്ക് നിരീക്ഷിക്കാവുന്നതാണ്. അങ്ങനെ നിരീക്ഷിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി, ഈ പദം ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലം തന്നെയാണ്. ചരിത്രം പരിശോധിച്ചാല്‍, ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടത്തിയ യുദ്ധങ്ങളെ പരാമര്‍ശിക്കാന്‍ മാത്രമല്ല ആ പേര് ഉപയോഗിച്ചിട്ടുള്ളതെന്ന് നമുക്ക് കാണാന്‍ സാധിക്കും.
പോപ്പിന് അധികാരവും സ്വാധീനവുമുള്ള ക്രിസ്ത്യന്‍ ഭരണ നാടുകളിലെ അവിശ്വാസികളുടെ കൂട്ടങ്ങള്‍ക്കെതിരേ നടത്തിയ സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ വാക്ക് പ്രയോഗിച്ചിരുന്നു. ലാറ്റിന്‍ കാത്തലിക് നേതൃത്വത്തിന്റെ പിന്തുണയിലാണ് ഓരോ കാലത്തെയും ഭരണാധികാരികള്‍ ഇങ്ങനെയുള്ള സൈനിക നടപടികള്‍ നടത്തിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. കാത്തലിക് അല്ലാത്ത വിവിധ ക്രിസ്ത്യന്‍ അവാന്തര വിഭാഗങ്ങള്‍ക്ക് എതിരെ നടന്ന യുദ്ധങ്ങള്‍ക്കും ഇതേ പേര് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ടൊക്കെയാണ് മുഖ്യധാരാ ക്രിസ്തുമതത്തിന്റെ ആധിപത്യം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടന്ന യുദ്ധങ്ങളാണ് കുരിശു യുദ്ധങ്ങള്‍ എന്ന് നിരീക്ഷിച്ചത്.
എന്നിരുന്നാലും, 1095 മുതല്‍ 1291 വരെ ആഗോള തലത്തില്‍ യൂറോപ്പ് കേന്ദ്രീകരിച്ച് ക്രിസ്ത്യാനികളും അക്കാലത്തെ മുസ്‌ലിം ഭരണകൂടങ്ങളും തമ്മില്‍ മതത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്ന പേരില്‍ നടത്തിയ വിവിധ യുദ്ധങ്ങളെപ്പറ്റിയാണ് നാം ഇവിടെ പറയുന്നത്. കാരണം അവ മുഖ്യമായും നടന്നത് ജറൂസലമിന്റെ പേരിലായിരുന്നു.
എന്തെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ട് പെട്ടെന്ന് സംഭവിച്ച ഒരു യുദ്ധമായിരുന്നില്ല ഇത്. നിരവധി കാരണങ്ങളും സാഹചര്യങ്ങളും അതിന് പിന്നിലുണ്ട്. ഖലീഫ ഉമര്‍ ജറൂസലം കീഴടക്കിയെങ്കിലും അക്കാലത്ത് മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ എടുത്ത് കാണിക്കാന്‍ ഒരുപക്ഷെ സാധിച്ചേക്കാമെന്ന് മാത്രം. യേശു ക്രിസ്തുവിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് കൊണ്ടും, ബിംബങ്ങളല്ലാത്ത ക്രൈസ്തവ ചിഹ്നങ്ങളെ മുസ്‌ലിംകള്‍ അനാദരിക്കാത്തത് കൊണ്ടും പൊതുവേ സൗഹാര്‍ദപരമായ ഒരു ആദാന പ്രദാനമായിരുന്നു മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ നില നിന്നത്. ആ സൗഹാര്‍ദ സ്ഥിതി കുറേക്കാലം കൂടി തുടര്‍ന്നു. എങ്കിലും മതപരമായ ഒരു ആധിപത്യം മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്നു.
പിന്നീട് അമവികളും അബ്ബാസികളും അവരെ തുടര്‍ന്ന് ഫാത്വിമികളുമൊക്കെ ജറൂസലമിന്റെ ഭരണം നിലനിര്‍ത്തി. ഫാത്വിമികള്‍ ഖുദ്‌സ് ഭരിക്കുമ്പോള്‍ ചില അശുഭകരമായ സംഗതികള്‍ അവിടെ നടന്നു. വിചിത്രമായ നിയമങ്ങളും ഭ്രാന്തന്‍ നിലപാടുകളും കൊണ്ട് കുപ്രസിദ്ധനായ ഹാകിം ബി അംറില്ലാഹ് എന്ന ഭരണാധികാരി ഫാത്വിമി ഖലീഫയായിരുന്ന കാലത്താണ് അത് സംഭവിച്ചത്. ഖലീഫ ഉമര്‍ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് കൊണ്ട് ഇയാള്‍ ഖുദ്‌സിലെ ക്രിസ്ത്യന്‍ കേന്ദ്രമായിരുന്ന ഉയര്‍ത്തെഴുന്നേല്‍പ് പള്ളി പൊളിച്ച് കളഞ്ഞു. ഇത് ആഗോള ക്രിസ്ത്യന്‍ സമൂഹത്തില്‍ വലിയ നടുക്കമുണ്ടാക്കി.
യേശു ക്രിസ്തുവിന്റെ കല്ലറയും ഉയര്‍ത്തെഴുന്നേല്‍പ് ഇടവും ഉള്‍ക്കൊള്ളുന്ന ഈ പള്ളി ആഗോള ക്രൈസ്തവ സമൂഹത്തിന് വളരെ പ്രധാനപ്പെട്ട ഒരു ആരാധനാലയമായിരുന്നു. ഈ സംഭവം നടന്ന് ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് കുരിശു യുദ്ധങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും ലോകത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് മുസ്‌ലിംകളുടെ നേര്‍ക്ക് നീരസവും ശത്രുതയും പടിപടിയായി രൂപപ്പെട്ട് വരുന്നതില്‍ ഈ സംഭവം വലിയ പങ്ക് വഹിച്ചു.
ഖിലാഫത്ത് അവകാശപ്പെട്ട് കൊണ്ട് അറേബ്യന്‍ ഉപദ്വീപിലും അതിന് പുറത്തുമുള്ള വിവിധ മുസ്‌ലിം ഭരണകൂടങ്ങള്‍ പരസ്പരമുള്ള പോരടിക്കല്‍ ശക്തമായി തുടരുമ്പോഴും അവര്‍ സാമ്രാജ്യ വിസ്തൃതി കൂട്ടിക്കൊണ്ടിരുന്നു. പശ്ചിമേഷ്യയില്‍ നിന്ന് മധ്യേഷ്യയും പിന്നിട്ട് ഇസ്‌ലാമിക സാമ്രാജ്യം യൂറോപ്പിലേക്ക് നീങ്ങുന്ന ഒരു കാലമായിരുന്നു അത്. ഇസ്‌ലാമിക ഖിലാഫത്ത് അവകാശപ്പെട്ട് കൊണ്ട് സല്‍ജൂഖികളായിരുന്നു യൂറോപ്പിലേക്ക് പട നയിച്ചത്. തുര്‍ക്കി വംശജരായിരുന്നു സല്‍ജൂഖികള്‍. അറബ് വംശജരല്ലാത്ത സല്‍ജൂഖികളുടെ മുന്നേറ്റത്തില്‍ അറബികളായ മറ്റ് ഖലീഫമാര്‍ക്ക് കടുത്ത ആശങ്കകളുണ്ടായിരുന്നു. അബ്ബാസിയാ ഖിലാഫത്തും ഫാത്വിമി ഖിലാഫത്തും അക്കാലത്ത് തന്നെ മറ്റിടങ്ങളില്‍ അവരുടെ ഭരണം നടത്തുന്നുണ്ടായിരുന്നു.
യൂറോപ്പിലെ ക്രിസ്ത്യന്‍ ഭരണകൂടമായിരുന്ന ബൈസാന്തിയയുടെ മുഖ്യമായ ഭരണപ്രദേശങ്ങള്‍ മുഴുവന്‍ സല്‍ജൂഖികള്‍ പിടിച്ചെടുത്തു. യൂറോപ്പിലേക്കുള്ള മുസ്‌ലിം കടന്ന് വരവില്‍ ക്രിസ്ത്യാനികളായ ഭരണാധികാരികളും മത പുരോഹിതരും അങ്ങേയറ്റം അസ്വസ്ഥരായിരുന്നു. പഴയ സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും തുടര്‍ച്ചകളല്ല അബ്ബാസിയാ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം വിവിധ മുസ്‌ലിം ഭരണാധികാരികളില്‍ നിന്ന് പ്രകടമായത്. അധികാരത്തിന്റെ തുടര്‍ച്ചക്കും സാമ്രാജ്യങ്ങളുടെ വളര്‍ച്ചക്കുമായി എന്തും ചെയ്യുന്ന നിലയിലായിരുന്നു പല ഭരണാധികാരികളും. ജറുസലേം സന്ദര്‍ശനത്തിന് പോകുന്ന ക്രിസ്ത്യന്‍ തീര്‍ഥാടകരോട് മുസ്‌ലിം ഭരണാധികാരികള്‍ മോശമായി പെരുമാറുന്നു എന്ന കിംവദന്തി അക്കാലത്ത് ക്രിസ്ത്യന്‍ നാടുകളില്‍ വ്യാപകമായി പ്രചരിച്ചു. ഉയര്‍ത്തെഴുന്നേല്‍പ് പള്ളി പൊളിച്ച് കളഞ്ഞ മുസ്‌ലിം ഭരണാധികാരിയോടുള്ള അമര്‍ഷം പൊതുവേ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായുണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ വിശുദ്ധ സ്ഥലങ്ങളോട് മുസ്‌ലിംകള്‍ അനാദരവ് കാണിക്കുന്നു എന്ന പ്രചാരണങ്ങള്‍ കൂടി അവിടെ പരന്നു. അതിനിടയിലാണ് ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ നില നിന്നിരുന്ന സ്ഥലങ്ങളിലേക്ക് മുസ്‌ലിംകള്‍ രാഷ്ട്രീയമായി ആധിപത്യമുറപ്പിച്ച് കൊണ്ട് കടന്ന് വരുന്നത്. അതോടെ യൂറോപ്പിലാകമാനം മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തി.
ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പയാകുന്നതോടെയാണ് കുരിശ് യുദ്ധങ്ങള്‍ക്ക് അടിത്തറ രൂപപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലത്താണ് യൂറോപ്പിലെ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ക്കിടയില്‍ മാര്‍പ്പാപ്പയുടെ സ്വാധീനം ശക്തമാകുന്നത്. വന്‍ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും സാധിക്കുന്ന വ്യക്തിത്വമായിരുന്നു പോപ്പ് ഗ്രിഗറി. സാമുദായികാഭിമാനം കൂടുതല്‍ സൂക്ഷിച്ചിരുന്ന ഒരു മാര്‍പ്പാപ്പ കൂടിയായിരുന്നു അദ്ദേഹം. യൂറോപ്പിലേക്കുള്ള മുസ്‌ലിം കടന്ന് വരവിനെ പ്രതിരോധിച്ചില്ലെങ്കില്‍ ക്രിസ്തുമത്തിന് സംഭവിക്കാന്‍ സാധ്യതയുള്ള ഒരപകടത്തെ അദ്ദേഹം മുന്നില്‍ക്കണ്ടു. കത്തോലിക്കാ പുരോഹിതരെ അദ്ദേഹം ഈ അപകടത്തിനെതിരില്‍ ജാഗരൂഗരാക്കി. ക്രിസ്ത്യന്‍ ഭരണാധികാരികളുമായി പോപ്പ് നേരിട്ട് ബന്ധം സ്ഥാപിച്ചു.
അനഭിമതര്‍ക്കെതിരെ മതവിരുദ്ധ വിധി പ്രകടിപ്പിച്ചും ഇഷ്ടക്കാര്‍ക്ക് പിന്തുണ നല്‍കിയും അദ്ദേഹം ക്രിസ്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിച്ച് നിര്‍ത്തി. മുസ്‌ലിം പടയോട്ടങ്ങള്‍ വഴി അധികാരം നഷ്ടപ്പെട്ട ബൈസാന്തിയന്‍ ചക്രവര്‍ത്തി മതത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമിക ഭരണകൂടങ്ങളോട് പോരിനിറങ്ങാന്‍ പോപ്പിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. ആഗോള ക്രിസ്ത്യാനികളുടെ അഭിമാനമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് പള്ളി പിടിച്ചെടുക്കാന്‍ ഈ മുന്നേറ്റത്തിന് സാധിക്കുമെന്ന് കണക്ക് കൂട്ടിയ പോപ്പ് ഗ്രിഗറി കുരിശ് യുദ്ധം എന്ന ആശയത്തിന് അംഗീകാരം നല്‍കി. അതിന് പിന്നില്‍ മറ്റൊരു താത്പര്യം കൂടിയുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ ഓര്‍ത്തഡോക്‌സ് എന്നും കത്തോലിക്കര്‍ എന്നും രണ്ട് കക്ഷികളായി ഭിന്നിച്ച് നില്‍ക്കുന്ന കാലമായിരുന്നു അത്. ഓര്‍ത്തഡോക്‌സുകാരനായിരുന്നു ബൈസാന്തിയന്‍ ചക്രവര്‍ത്തി. പോപ്പ് കത്തോലിക്കനാണ്. കുരിശ് യുദ്ധങ്ങള്‍ക്ക് ശേഷം രൂപപ്പെടുന്ന വിശാല ക്രിസ്തീയ ലോകം കത്തോലിക്കര്‍ക്ക് ആധിപത്യമുള്ളതായിരിക്കും എന്ന സാധ്യതയായിരുന്നു അത്.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പോപ്പ് ഗ്രിഗറി ഏഴാമന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്നത് ശിഷ്യന്‍ കൂടിയായിരുന്ന അര്‍ബന്‍ രണ്ടാമനാണ്. കുരിശ് യുദ്ധം എന്ന ആശയത്തെ ക്രിസ്തീയ ലോകത്ത് ഒരു വന്‍ ആവേശമാക്കി നിര്‍ത്തിയതിന് ശേഷമായിരുന്നു പോപ്പ് ഗ്രിഗറി ഏഴാമന്‍ വിടവാങ്ങിയത്. ഫ്രാന്‍സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അക്കാലത്ത് വ്യാപകമായി പാര്‍ത്തിരുന്നത് ഏതാണ്ട് ഗോത്ര സ്വാഭാവത്തിലുള്ള അപരിഷ്‌കൃതരായ ജനങ്ങളായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ക്രിസ്തീയ അഭിനിവേശമുള്ള രാജ്യവും ഫ്രാന്‍സായിരുന്നു. നോര്‍മാണ്ടി വംശത്തില്‍ പെട്ട ഫ്രാന്‍സിലെ പോരാളികളായിരുന്നു കുരിശ് യുദ്ധത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതും.
ക്രൈസ്തവ നേതൃത്വം യുദ്ധത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് സ്വര്‍ഗം വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു. കുരിശു യോദ്ധാക്കള്‍ക്ക് മാര്‍പ്പാപ്പ പ്രായശ്ചിത്ത പ്രവര്‍ത്തികളില്‍ നിന്ന് ഒഴിവ് കൊടുത്തു. കുരിശുയുദ്ധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് എതിരേ കേസുകളുണ്ടെങ്കില്‍ അവയുടെ വിചാരണ സാധാരണ കോടതികളില്‍ നിന്ന് സഭാ കോടതികളിലേക്ക് മാറ്റി നല്‍കി. അവര്‍ക്ക് ശിക്ഷകളില്‍ ഇളവുകള്‍ നല്‍കപ്പെട്ടു. അത് വഴി ധാരാളം കുറ്റവാളികള്‍ യോദ്ധാക്കളായി മുന്നോട്ട് വന്നു. യോദ്ധാക്കളുടെ സമ്പത്ത് സംരക്ഷിക്കാന്‍ സഭാ നേതൃത്വം നേരിട്ട് സംവിധാനങ്ങള്‍ ഉണ്ടാക്കി. മതഭ്രഷ്ട് നില നിന്നിരുന്നവര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതോടെ അവരുടെ ഭ്രഷ്ട് നീക്കപ്പെട്ടു. ഇങ്ങനെ സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും കുരിശ് സേനയിലേക്ക് ആളുകളെ ആകര്‍ഷിച്ച് കൊണ്ടിരുന്നു.
പോപ്പ് അര്‍ബന്‍ രണ്ടാമന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഇസ്‌ലാമിക ഭരണകൂടത്തിന്റെ അഭിമാനമെന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട സ്‌പെയിനിന്റെ തകര്‍ച്ചയും കുരിശു യുദ്ധത്തിന് ആവേശം നല്‍കി. ‘ലോകത്തിന്റെ ആഭരണം’ എന്ന വിളിപ്പേര് ലഭിച്ച സംസ്‌കൃതിയായിരുന്നു മുസ്‌ലിം സ്‌പെയിന്‍. ഏതാണ്ട് ഗോത്രവര്‍ഗ ഭരണം പോലെയുള്ള ഒരു ഭരണം അവിടെ നിലനിന്ന സമയത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായ അറബികള്‍ അവിടം ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. അറബികള്‍ ഇതിനെ ജസീറത്തുല്‍ ആന്തലൂസ് എന്നാണ് വിളിച്ചിരുന്നത്. പിന്നീട് അധികാരി വര്‍ഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട വംശീയ വിരോധങ്ങള്‍ കൊണ്ടും അതിശക്തമായ ആഭ്യന്തര ഭിന്നതകള്‍ മൂലവും ക്ഷയിച്ച് പോയ ഒരു നാടാണ് സ്‌പെയിന്‍.
സ്‌പെയിന്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ കയ്യില്‍ കിട്ടിയ ഓരോ ഭാഗങ്ങളും കൊണ്ട് ഓരോരോ ചെറു ഭരണകൂടങ്ങളും സൃഷ്ടിച്ച് നേതാക്കന്മാര്‍ ഓരോരുത്തരും ഓരോ ഭരണാധികാരികളായി മാറി. ഇതില്‍പ്പെട്ട ഒരു ചെറു രാജ്യമായിരുന്നു റ്റൊലിഡോ. എ ഡി 1085ല്‍ റ്റൊലിഡോയെ ക്രിസ്ത്യന്‍ ഭരണകൂടം കീഴടക്കിയപ്പോള്‍ അതൊരു തുടക്കമായി കുരിശ് പോരാളികള്‍ കണ്ടു. അവരെ സംബന്ധിച്ചേടത്തോളം ഒരു തുടക്കം ആവശ്യമായിരുന്നു. വിവിധ മുസ്‌ലിം ഭരണകൂടങ്ങള്‍ സ്വയം ഖിലാഫത്ത് അവകാശപ്പെട്ട് കൊണ്ട് വിവിധ ഭൂവിഭാഗങ്ങളില്‍ ഭരണം നടത്തുകയും പരസ്പരം യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് അപ്പോള്‍ ഇസ്‌ലാമിക ലോകത്ത് പൊതുവെ നിലവിലുണ്ടായിരുന്നത്. അക്കാലഘട്ടവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക സാമ്രാജ്യം, ഇസ്‌ലാമിക ഖിലാഫത്ത് എന്നൊക്കെ പറയുമ്പോള്‍ ഈയൊരു ധാരണ നമുക്ക് വേണ്ടതുണ്ട്. (തുടരും)

Back to Top