18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

അര്‍ണബിനെ വിട്ടയച്ചു സിദ്ദീഖ് കാപ്പനെ നിങ്ങള്‍ എന്തുചെയ്തു?

ഷഫീഖ് താമരശ്ശേരി

ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ അടിയന്തര ഉത്തരവിലൂടെയാണ് അര്‍ണബിന് ജാമ്യം ലഭിച്ചിരിക്കുന്നത്. വിവിധ അഭിഭാഷകരുടെ വാദം കേട്ട ശേഷം അടുത്ത ദിവസം വാദം തുടരാം എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസത്തേക്ക് കാത്തുനില്‍ക്കാതെ ധൃതിയില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായ ഉത്തരവ് വരികയാണുണ്ടായത്.
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തുകൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ ഇടപെടല്‍ നടത്തിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അര്‍ണബ് ഗോസ്വാമിയ്ക്ക് വേണ്ടി സുപ്രീം കോടതിയും കേന്ദ്രമന്ത്രിമാരുമെല്ലാം ഒന്നിച്ച് രംഗത്ത് വരുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്.
സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ എവിടെപ്പോയി ഈ ‘മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും’. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ അനേകം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരിലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലും വേട്ടയാടപ്പെട്ടപ്പോള്‍ എവിടെയായിരുന്നു ഇപ്പോള്‍ ഉയര്‍ത്തപ്പെടുന്ന ‘മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും’.
ഒരു വ്യക്തിയുടെ മരണത്തിന് കാരണക്കാരനായ അര്‍ണബ് ഗോസ്വാമിയ്ക്ക് വേണ്ടി കേന്ദ്ര മന്ത്രി സഭയിലെ ഉന്നതര്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ കോടതി പോലും ആ താത്പര്യങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ ലജ്ജയോടെ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്.
രാജ്യത്തെ പിടിച്ചുകുലുക്കിയ ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി തലസ്ഥാന നഗരിയില്‍ നിന്നും യു.പിയിലേക്ക് യാത്ര ചെയ്ത മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് യു എ പി എ എന്ന ഭീകര നിയമ പ്രകാരം തടവിലാക്കപ്പെട്ടിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മാധ്യമ സ്വാതന്ത്ര്യ അവകാശത്തെ കണക്കിലെടുക്കാന്‍ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കോ ഭരണകൂടത്തിനോ ഇതുവരെ സാധിച്ചിട്ടില്ല.
സിദ്ദീഖ് കാപ്പന്‍ കേസ്സില്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി മറുപടിയായി പറഞ്ഞത് കീഴ്ക്കോടതിയെ തന്നെ സമീപിക്കൂ എന്നാണ്. അതേ സുപ്രീം കോടതിയാണ് ഇന്നിപ്പോള്‍ കീഴ്ക്കോടതിയിലിരിക്കുന്ന അര്‍ണബിന്റെ കേസ്സില്‍ കീഴ്ക്കോടതിയെ മറികടന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്.
വിരോധം തീര്‍ക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുമ്പോള്‍ കോടതിയ്ക്ക് നോക്കി നില്‍ക്കാനാവില്ല എന്നാണ് സുപ്രീം കോടതി ഇന്ന് അര്‍ണബിന്റെ കേസ്സില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അര്‍ണബിന്റെ കേസ്സ് നിലനില്‍ക്കുന്ന അതേ മഹാരാഷ്ട്രയില്‍, ഭീമ കൊറേഗാവ് കേസ്സില്‍ രാഷ്ട്രീയപ്രേരിതമായ അറസ്റ്റുകള്‍ തുടരെ തുടരെ നടന്നപ്പോള്‍, രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ കോടതിയ്ക്ക് ഈ നിലപാടുണ്ടായിരുന്നില്ല.
അര്‍ണബ് ഗോസ്വാമിയുടെ കേസ്സില്‍ സുപ്രീം കോടതി സ്വീകരിച്ച അമിത താത്പര്യത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അര്‍ണബ് ഗോസ്വാമിയുടെ അടിയന്തര ജാമ്യാപേക്ഷ പരിഗണിക്കാനുള്ള തീരുമാനത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു.
സമാന കേസുകളില്‍ നിരവധി പേര്‍ ഹരജി ഫയല്‍ ചെയ്ത് തങ്ങളുടെ ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹരജി അടിയന്തരമായി എടുക്കുന്നതിനെയാണ് ദുഷ്യന്ത് ദവെ ചോദ്യം ചെയ്തത്. കൊവിഡ് വ്യാപകമായ ഈ സാഹചര്യത്തിലും ആയിരക്കണക്കിന് പൗരന്മാര്‍ ജയിലുകളില്‍ കഴിയുകയാണ്. തങ്ങളുടെ ഹരജികളുമായി മാസങ്ങളായി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ഒരു വ്യക്തിയുടെ അപേക്ഷ ഒരു ദിവസം കൊണ്ട് തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ദുഷ്യന്ത് ദവെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അര്‍ണബിന് നേരെയുള്ള നീതിനിഷേധമല്ല ഈ ഉന്നത ഇടപെടലുകള്‍ക്ക് പിന്നില്‍ എന്നത് വ്യക്തമാണ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരാളെ നിയമക്കുരുക്കില്‍ നിന്നും രക്ഷിക്കാനുള്ള കഠിനമായ ശ്രമങ്ങള്‍ മാത്രമാണത്. ദല്‍ഹി കലാപത്തിന്റെ പേരിലും ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിലും കസ്റ്റഡിയിലെടുക്കപ്പെട്ട ആനന്ദ് തെല്‍തുംദെ മുതല്‍ ഉമര്‍ ഖാലിദ് വരെയുള്ള അനേകം രാഷ്ട്രീയപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രേരിതമായ കേസ്സുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധീഖ് കാപ്പനടക്കമുള്ള അനേകം മാധ്യമപ്രവര്‍ത്തകര്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കസ്റ്റഡി മരണത്തിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ തടവിലിട്ടിരിക്കുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരെല്ലാം എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് കാലങ്ങളായി തടവില്‍ കഴിയുമ്പോഴാണ് കേവലം ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട അര്‍ണബിന് വേണ്ടി ഒരു ഭരണകൂടവും അതിന്റെ സംവിധാനങ്ങളും സര്‍വവും മറന്ന് കൂപ്പുകുത്തുന്നത്.

(കടപ്പാട്: ഡ്യൂള്‍ ന്യൂസ്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x