8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഗള്‍ഫ് സലഫികളും ജമാഅത്തെ ഇസ്‌ലാമിയും

മുര്‍ശിദ് പാലത്ത്




കേരള ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിലും ഭദ്രതയിലും ഏറെ കരുതലുള്ള സംഘടനയാണ്. അതിനാല്‍ തന്നെ സമുദായത്തിനകത്തുള്ള ജമാഅത്തിതര സംഘടനകള്‍ നടത്തുന്ന ആദര്‍ശപ്പോരാട്ടങ്ങള്‍ അവരെ അങ്ങേയറ്റം അസ്വസ്ഥമാക്കാറുണ്ട്. എന്നുമാത്രമല്ല, അവരെയെല്ലാം വിമര്‍ശിക്കുകയും തലപോകുന്ന കാലത്ത് തലതടവുന്നതില്‍ തര്‍ക്കിക്കുന്നത് ശരിയല്ലെന്ന് ഗുണകാംക്ഷാപൂര്‍വം ഉപദേശിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ സമുദായത്തിലെ ഐക്യക്കാരാണെന്ന് അവര്‍ ഘോരഘോരം പ്രഖ്യാപിക്കാറുമുണ്ട്.
ഇതിനു വിരുദ്ധമാണ് അവരുടെ നടപടികള്‍ എന്നത് വസ്തുതയാണെങ്കിലും ഈയിടെ ഈ കുറിപ്പുകാരന്‍ അനുഭവിച്ച ചില ദുരനുഭവങ്ങളാണ് കുറിപ്പിന് കാരണം. ജമാഅത്ത് അനുഭാവികളും സംഘടനാപ്രവര്‍ത്തകരും പണ്ഡിതരുമെല്ലാമുള്ള മൂന്നു വാട്‌സാപ് സൗഹൃദ കൂട്ടായ്മയില്‍ ഞാന്‍ അംഗമാണ്. ഇത് സംഘടനാ സംവാദത്തിനുള്ളതല്ല, പഠിച്ച സ്ഥാപനത്തിന്റെയും സൗഹൃദത്തിന്റെയും പേരിലുള്ള വെറും ചങ്ങാതിക്കൂട്ടം. വിജ്ഞാനവും അനുവദനീയ വിനോദവുമെല്ലാം അതില്‍ വിഷയീഭവിക്കാറുണ്ട്. എന്നാല്‍ ഇതിലുള്ള പല ജമാഅത്തു സുഹൃത്തുക്കളും യാതൊരു പ്രേരണയുമില്ലാതെ മുജാഹിദു കൂട്ടുകാരുടെ നേതാക്കളെയും ആദര്‍ശത്തെയുമെല്ലാം ഏകപക്ഷീയമായി അവഹേളിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നത് പതിവാണ്.
അളമുട്ടുമ്പോള്‍ ആരെങ്കിലും പ്രതികരിക്കും. അപ്പോള്‍ ഇതിനല്ലെങ്കില്‍ എന്തിനാണ് ഗ്രൂപ്പെന്ന് തട്ടിക്കയറും. അവസാനം അവരുടെ ആളുകള്‍ തന്നെ ഐക്യാഹ്വാനം നടത്തും. ഇത് അങ്ങനെ തുടരും. പറഞ്ഞു വന്നത് ജമാഅത്തു പ്രവര്‍ത്തകരുടെ അന്യാദര്‍ശ സഹിഷ്ണുതയെ കുറിച്ചാണ്. (ഈയിടെ ഒരു മുജാഹിദ് പണ്ഡിതന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വലതുപക്ഷ രാഷ്ട്രീയ പ്രവേശത്തെകുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചപ്പോള്‍ അവര്‍ അനിഷ്ട കാമ്പയിന്‍ തന്നെ നടത്തിയത് നാം കണ്ടതാണല്ലോ.) ഇവര്‍ ഇത്രത്തോളം അസഹിഷ്ണുക്കളാകുന്നതെന്തുകൊണ്ടാവാം.
പറഞ്ഞു വരുന്നത് നേരത്തെ സൂചിപ്പിച്ച ഇത്തരം ഒരു ഗ്രൂപ്പില്‍ ജമാഅത്ത് നേതാവായ അബ്ദുല്‍ഹമീദ് വാണിയമ്പലത്തിന്റെ (അദ്ദേഹം തന്നെ പറഞ്ഞതു പോലെയാണെങ്കില്‍ ജമാഅത്തു ബന്ധമില്ലാത്ത വെല്‍ഫയര്‍ പാര്‍ട്ടി നേതാവ്) ഒരു പഴയ വീഡിയോ കഷ്ണം കണ്ടു. ഏതോ വലിയ സദസ്സില്‍ വെച്ച് കേരള സലഫികള്‍ക്ക് വായടപ്പന്‍ മറുപടി കൊടുക്കുകയാണ് അദ്ദേഹം. വിഷയം, കേരളത്തിലെ സലഫികള്‍ ഭീകരനാക്കിയ മൗലാനാ മൗദൂദിക്ക് ഗള്‍ഫ് പണ്ഡിതന്മാരുടെ പിന്തുണയുണ്ട്, ഫൈസല്‍ അവാര്‍ഡുണ്ട്, മദീന യൂണിവേഴ്‌സിറ്റി കരിക്കുലം നിര്‍മാതാക്കളിലുണ്ട്… അതിനാല്‍, ആരെല്ലാം അദ്ദേഹത്തെ ഭീകരവാദ അപ്പോസ്തലനാക്കിയാലും കേരള മുജാഹിദുകളേ, നിങ്ങള്‍ക്കതിന് ധാര്‍മികാവകാശമില്ല എന്ന അവകാശവാദമാണ്.
കുറെയേറെ മുജാഹിദുകളും ഏതാനും ജമാഅത്തുകാരും മാത്രമുള്ള ഒരു ഗ്രൂപ്പിലാണ് ഇത് വന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ സമുദായ ഐക്യ സ്‌നേഹവും സമര്‍പ്പണവും സഹിഷ്ണുതയും മറ്റുള്ളവര്‍ക്കു കൂടി മനസ്സിലാക്കാനും ആ ക്ലിപ്പ് വേറെ എവിടെയെല്ലാം സഞ്ചരിക്കുന്നുണ്ടോ അവര്‍ക്ക് കൂടി ഉപകരിക്കാനുമായി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
ഗള്‍ഫ് സലഫികള്‍ എന്നാണ് ജമാഅത്തെ ഇസ്‌ലാമിക്ക് പ്രിയമായത്. സഊദിയടക്കമുള്ള ഭരണകൂടങ്ങളെ സാമ്രാജ്യത്വ സംസ്ഥാപകരായും അവിടെയുള്ള പണ്ഡിതന്മാരെ ഇവരുടെ മൂടുതാങ്ങികളായും ജ ഇ പ്രചരിപ്പിക്കുന്നു. (ഏറ്റവും പുതിയ ഉദാഹരണമാണ് ഗള്‍ഫ് ഇസ്‌റാഈല്‍ ബന്ധത്തെ കുറിച്ച ഹറം ഇമാമിന്റെ നിലപാടിനെ അതിനിശിതമായി വിമര്‍ശിച്ച ജമാഅത്ത് രീതി.)
ഇനി ഗള്‍ഫ് സലഫികളെ ജ ഇ അംഗീകരിക്കുന്നില്ല, എന്നാല്‍ മുജാഹിദുകള്‍ അവരെ അംഗീകരിക്കുന്നവരാണല്ലോ എന്നാണ് വാദമെങ്കില്‍, കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം പണ്ടു മുതലേ തന്നെ പല വിഷയങ്ങളിലും ഗള്‍ഫ് സലഫികളുടെ നയനിലാപാടുകളല്ല പിന്തുടരുന്നത്. ഹറമിലെ തറാവീഹും ഖുനൂത്തുമെല്ലാം ഇതിനുള്ള ചെറിയ ഉദാഹരണം മാത്രം. കേരളത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം രൂപംകൊണ്ടതില്‍ ഗള്‍ഫ് സലഫികള്‍ക്ക് കാര്യമായ പങ്കില്ലെന്നതും ചരിത്ര വസ്തുതയാണ്, ജ ഇ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനോടൊപ്പം പ്രവര്‍ത്തിച്ച തലമുതിര്‍ന്ന ജ ഇ പണ്ഡിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത് അറിയാവുന്നതാണല്ലോ.
ഇസ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ ക്ഷണിക്കുന്നത് ഗള്‍ഫിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ജീവിച്ചിരിക്കുന്നവരോ ജീവിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളിലേക്കോ പ്രസ്ഥാനങ്ങളിലേക്കോ അല്ല, പ്രത്യുത, വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും പാതയിലേക്കാണ്. ആര്‍ക്ക് അറിയില്ലെങ്കിലും ഇത് ജ ഇക്കാര്‍ക്കെങ്കിലും അറിയാവുന്നതാണല്ലോ.
ഗള്‍ഫ് സലഫികളില്‍ വിശ്വാസങ്ങളിലും കര്‍മങ്ങളിലുമെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. അവര്‍ക്കെല്ലാം ബാധകമായ ഏക ആദര്‍ശവും പ്രസ്ഥാനവും അവിടെ തന്നെ ഇല്ല. അതിനാല്‍ അവരുടെ കൂട്ടത്തില്‍ മദ്ഹബ് വാദികളും ഇഖ്‌വാനികളുമെല്ലാമുണ്ട്. മുല്ല ഉമറിനെയും ബിന്‍ലാദനെയുമെല്ലാം ന്യായീകരിക്കുന്ന സലഫികളുമുണ്ട്. (ഇവരെ വെച്ചാണ് മുജാഹിദുകളും ഭീകരവാദികളാണ് എന്ന് ജമാഅത്തുകാര്‍ പ്രതിരോധവാദമുന്നയിക്കാറുള്ളത്.) ജിന്ന് കൂടലിലും ഇറക്കലിലും വിശ്വസിക്കുന്നവരും മാരണബാധക്കെതിരെ ചികിത്സിക്കുന്നവരുമുണ്ട്. ഇതൊന്നും കേരള മുജാഹിദുകള്‍ അംഗീകരിക്കാറില്ല. (ഈയിടെ സംഘടനയില്‍ ഒന്നിലേറെ തവണ പിളര്‍പ്പുകളുണ്ടായതിന്റെ ഒരു പ്രധാന കാരണവും ഇതാണ്.)


ഇവിടെ, മുജാഹിദുകളെ തോല്പിക്കാനായി, മൗദൂദി സ്തുതി പറഞ്ഞവരെന്നു വിശേഷിപ്പിക്കുന്നതു പോലുള്ള പല ഗള്‍ഫ് പണ്ഡിതരും അമുസ്‌ലിംകളുമായി കച്ചവടബന്ധത്തില്‍ ഏര്‍പ്പെടരുത്, അവരുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്, അവരുടെ ആഘോഷ ദിവസങ്ങളിലെ സൗഹൃദ ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിലപാടുകാരാണ്. ചുരുങ്ങിയ പക്ഷം കേരള ജമാഅത്തെങ്കിലും ആ വിഷയത്തില്‍ അവരെ അംഗീകരിക്കുമോ. ഏതെങ്കിലും ഗള്‍ഫ് സലഫി പണ്ഡിതന്‍ മൗദൂദിയുടെ മതരാഷ്ട്രവാദത്തെ ന്യായീകരിക്കുന്നുവെങ്കില്‍ കേരള മുജാഹിദുകള്‍ക്കും ആ വിധി ബാധകമാക്കിയാല്‍ മതി. ചെലോല്‍തൊന്നും ചെലപ്പം റെഡ്യാകൂല. അയ്‌ന് ഞമ്മക്ക് ഒരു കൊയപ്പൌംല്ല. അതെന്നെ.
ഗള്‍ഫിന്റെയും മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ പോലുള്ള രാജ്യങ്ങളുടെയും മതസാഹചര്യം മൗദൂദിയുടെ ചില വാദങ്ങള്‍ നടപ്പാക്കാന്‍ യുക്തമായിരുന്നു എന്ന് പല പ്രമുഖരും രാജ്യത്തും പുറത്തും കേരളത്തിലുമെല്ലാം അന്ന് തെറ്റിദ്ധരിച്ചിരുന്നു. അബുല്‍ ഹസന്‍ അലി നദ്‌വിയും വഹീദുദ്ദീന്‍ ഖാനും ഖറദാവിയുമെല്ലാം ഇങ്ങനെ ഒരുകാലത്ത് മൗദൂദിസ്റ്റുകളായിരുന്നു. പിന്നീട് നിലപാട് മാറ്റിയത് എന്തുകൊണ്ട് എന്നവര്‍ മാലോകരെ അറിയിച്ചിട്ടുണ്ടല്ലോ.
ഗള്‍ഫ് രാജ്യങ്ങളും അവിടത്തെ പല പ്രമുഖ പണ്ഡിതന്മാരും നിലപാട് മാറ്റുകയും മൗദൂദിയുടെ വാദങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. മൗദൂദിയുടെ എല്ലാ ആദര്‍ശ നയനിലപാടുകളും ശരിയായിരുന്നു എന്ന് പണ്ടത്തെപോലെ ഇന്നും ജമാഅത്തെ ഇസ്‌ലാമിക്ക് വാദമുണ്ടോ.
പിന്നെ, ആദരണീയനായ മൗദൂദി സാഹിബിന്റെ മുഴുവന്‍ ആശയങ്ങളും ഒന്നിനും കൊള്ളാത്തതും  ഭീകരവാദവുമൊക്കെയാണെന്നോ അദ്ദേഹമോ ജമാഅത്തെ ഇസ്‌ലാമിയോ ദീനിന് ഒരു സേവനവും ചെയ്തില്ലെന്നോ മുജാഹിദുകള്‍ക്ക് വാദമില്ല. എന്നുമാത്രമല്ല, ഇന്നത്തെ നാട്ടിലെ ജമാഅത്ത് ഏട്ടിലെ ജമാഅത്ത് പോലെ അപകടകാരികളാണ് എന്നും അഭിപ്രായമില്ല. പക്ഷേ, ഏടു മാറ്റാനും പഴയതില്‍ ചിലത് തെറ്റിപ്പോയിട്ടുണ്ട് എന്ന് പറയാനും പണ്ട് ചില ജഇ നേതാക്കള്‍ കാണിച്ചതുപോലുള്ള ധാര്‍മിക സത്യസന്ധത സൂക്ഷിക്കണമെന്നേ പറയുന്നുള്ളൂ.
ഇസ്‌ലാഹീ ആദര്‍ശത്തെ ജീര്‍ണതയും കര്‍മശാസ്ത്ര കടുംപിടുത്ത തീവ്രവാദവുമെല്ലാമായി ജമാഅത്തിന്റെ സമുന്നത നേതാക്കള്‍ അവഹേളിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി പറയണമെന്ന  ഒറ്റപ്പെട്ട അഭിപ്രായക്കാരും മുജാഹിദുകളുടെ കൂട്ടത്തിലുണ്ടെന്നേ ഉള്ളൂ. ആ നിലപാട് ശരിയല്ലെന്നാണ് ഈയുള്ളവന്റെ അഭി പ്രായം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x