ജയവും പരാജയവും
അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ
കുഞ്ഞുമോന്‍ ഒരു പരീക്ഷണം ചെയ്യുകയാണ്. രണ്ടു തീപ്പെട്ടിക്കൊള്ളി മുറ്റത്ത് വെച്ചു. നല്ല വെയിലുള്ള ദിവസം. സൂര്യന്റെ ചൂടില്‍ അത് കത്തുമോ എന്നായിരുന്നു അവനറിയേണ്ടത്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. നിരാശപ്പെട്ട അവനോട് ഉമ്മ പറഞ്ഞു: നീ ആ ഹാന്റ് ലെന്‍സെടുത്ത് അതിനു മുകളില്‍ പിടിക്ക്. അവന്‍ ഹാന്റ് ലെന്‍സെടുത്തു സൂര്യകിരണങ്ങള്‍ തീപ്പെട്ടിക്കോലില്‍ കേന്ദ്രീകരിച്ചു. വെറും രണ്ട് സെക്കന്റ,് തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും തീജ്വാല പുറത്തെത്തി. അര മണിക്കൂര്‍ കൊണ്ട് പരാജയപ്പെട്ടിടത്ത് രണ്ടു സെക്കന്റ് കൊണ്ട് വിജയം.
പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു മടുത്തു എന്നു പറയുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കണം. പരാജയം കഴിവില്ലാത്തതുകൊണ്ടു സംഭവിക്കുന്നതല്ല. കഴിവ് ശരിയായ രീതിയില്‍ പ്രയോഗിക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. തന്റെ കഴിവു മുഴുവന്‍ ലക്ഷ്യത്തിലേക്കു കേന്ദ്രീകരിക്കുന്നവന്‍ വളരെ വേഗത്തില്‍ ജയിക്കുന്നു. കേരള പോലീസില്‍ ശ്രദ്ധേയനായ പോലീസ് ഓഫീസര്‍ വിജയന്‍ ഐ പി എസിന്റെ ജീവിതത്തെ നോക്കൂ. എസ് എസ് എല്‍ സി പരീക്ഷ തോറ്റ് കല്ലു ചെത്തു തൊഴിലാളിയായി മാറിയ വിജയന് വീണ്ടും പഠിക്കണമെന്ന മോഹമുദിക്കുന്നു. എസ് എസ് എല്‍ സി ഒരിക്കല്‍ തോറ്റയാള്‍ സുന്ദരമായി ഐ പി എസ് പരീക്ഷ പാസാവുന്നു.
മുയലും ആമയും പന്തയം വെച്ച കഥയില്‍ ആമ ജയിച്ചു മുയല്‍ തോറ്റു. ജയിക്കാനുള്ള കഴിവ് ആമയേക്കാള്‍ എത്രയോ മടങ്ങ് മുയലിനുണ്ടായിരുന്നു. പക്ഷേ തന്റെ കഴിവ് ഉപയോഗിച്ചില്ല. ജീവിതത്തില്‍ തോല്‍ക്കുന്നവരിലധികവും ഇങ്ങനെയാണ്. കഴിവുകള്‍ യഥാവിധി ഉപയോഗിക്കാത്തതാണ് തോല്‍വിയെ ക്ഷണിച്ചുവരുത്തുന്നത്. കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കുന്നതോടൊപ്പം പ്രാര്‍ഥനയും ആവശ്യമാണ്.
പല സംഘടനകളിലേയും തലപ്പത്തിരിക്കുന്നവര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. അധ്വാനശേഷിയുള്ള ഒരു വലിയ സമൂഹം തന്നോടൊപ്പമുണ്ട് എന്ന കാര്യം. ലെന്‍സ് ഉപയോഗിച്ചു സൂര്യരശ്മികള്‍ കേന്ദ്രീകരിക്കുന്നതുപോലെ തന്നോടൊപ്പമുള്ളവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തൂ, വിജയം സുനിശ്ചിതമാണെന്നു കാണാം. ഇതില്‍ അഹങ്കരിക്കരുത്. വിനയവും വിവേകവുമാണ് നേതാവിനുവേണ്ട ഗുണങ്ങളില്‍ രണ്ടെണ്ണം.
നാറാണത്തു ഭ്രാന്തന്‍ പഠിപ്പിച്ചിട്ടുണ്ട്. വലിയ ഒരു കല്ല് മലയിലേക്കുരുട്ടി കയറ്റാനുള്ള പ്രയാസം. പക്ഷേ ഒരു തള്ളുകൊണ്ട് അതു നിലം പരിശാക്കാന്‍ കഴിയും. കല്ല് തള്ളി വീഴ്ത്തുന്നതിലല്ല മിടുക്ക്. അത് ഉയര്‍ത്തി മലമുകളിലെത്തിക്കുന്നതാണ്. ഇന്ത്യയിലെ ഭരണാധികാരികള്‍ പ്രയാസപ്പെട്ടു മലമുകളിലെത്തിച്ച കല്ല് ഒരു തള്ളുകൊടുത്ത് താഴെയിട്ടു ഞാന്‍ അത്ഭുതം കാട്ടിയിരിക്കുന്നു എന്നു പറയുമ്പോള്‍ നാറാണത്തു ഭ്രാന്തനെ ഓര്‍ത്തുപോകുന്നു.