2 Monday
December 2024
2024 December 2
1446 Joumada II 0

കുന്നുകള്‍ മരിക്കുമ്പോള്‍

അബ്ദുല്‍ ജബ്ബാര്‍ ഒളവണ്ണ


തുടരെത്തുടരെ ദുരന്തം, മരണപ്പെയ്ത്ത് 72 പേര്‍ മരിച്ചു. മണിമലയാറിന് 500 മീറ്റര്‍ ചുറ്റളവില്‍ 217 ഖനനം. കോട്ടയത്ത് ഭൂകമ്പത്തിന് പ്രഭവമാകുമെന്ന് കരുതുന്ന 14 ഇടങ്ങളില്‍ ക്വാറികള്‍. ഈ വര്‍ഷം ഒക്‌ടോബര്‍ 16 നു ശേഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ചിലതാണ് മുകളില്‍ കൊടുത്തത്. കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ ദുരന്തങ്ങളുടെ കണ്ണീരണിയിക്കുന്ന കഥകളായിരുന്നു പത്രത്തിന്റെ പല താളുകൡലും. ഏതാനും വര്‍ഷം മുമ്പ് (2018) വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയിലും മലയുടെയും വലിയ ഭാഗങ്ങള്‍ ഒന്നായി പൊട്ടിയൊലിച്ച വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്.
പ്ലേറ്റ് ടാക്‌ടോണിക്ക് സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഉള്‍ഭാഗത്ത് ഉരുകിയ പദാര്‍ഥങ്ങള്‍ക്ക് മുകൡ ഫലകങ്ങളായാണ് പുറംഭാഗം സ്ഥിതി ചെയ്യുന്നത്. ഇങ്ങനെയുള്ള രണ്ട് ഫലകങ്ങളുടെ അഗ്രങ്ങള്‍ ഒന്നിന് മുകളിലേക്ക് മറ്റൊന്ന് കയറുമ്പോള്‍ കുന്നുകളും മലകളും രൂപപ്പെടുന്നു. ഇവയുടെ താഴ്ഭാഗം എണ്‍പത് കിലോമീറ്ററോളം ഭൂമിക്കകത്തേക്ക് താഴ്ന്നിരിക്കുന്നു. പര്‍വതങ്ങളുടെ വലുപ്പത്തിനനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. ഗാഡ്ഗില്‍ തന്റെ പഠനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധേയമാണ്. ക്വാറികളില്‍ നടക്കുന്ന സ്‌ഫോടനം പാറകളില്‍ വിള്ളലുകളുണ്ടാക്കുന്നത് പര്‍വതത്തിന്റെ കരുത്തു കുറക്കുകയും ദുരന്തങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഹരിത വാതകങ്ങളുടെ വര്‍ധനവ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നുണ്ടെന്നും അതാണ് കേരളത്തില്‍ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും എത്തിനില്ക്കുന്നതെന്നുമാണ് പഠനം. ആഗോള താപനം മൂലമുണ്ടാകുന്ന കനത്ത മഴ നേരത്തെ തന്നെ ദുര്‍ബലമായ കുന്നുകളെ പിഴുതെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ക്വാറികള്‍ക്കൊപ്പം മണ്ണെടുപ്പ് വനനശീകരണം എന്നിവയും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.
1992 ല്‍ ഐക്യരാഷ്ട്രസഭ ലോക പര്‍വത വര്‍ഷമായി ആചരിക്കുകയുണ്ടായി. പര്‍വതങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആറാം നൂറ്റാണ്ടില്‍ തന്നെ ഖുര്‍ആന്‍ പര്‍വതങ്ങള്‍ ഭൂമിയുടെ ആണികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഴുപത്തിയെട്ടാം അധ്യായത്തിലെ ഏഴാം സൂക്തം ‘പര്‍വതങ്ങളെ നാം ആണികളും ആക്കിയില്ലേ?’ എന്ന് ചോദിക്കുന്നു. ഒരു വസ്തുവിനെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുകയാണല്ലോ ആണികള്‍ ചെയ്യുന്നത്.
ഖുര്‍ആനില്‍ മുപ്പത്തി ഒന്നാം അധ്യായം പത്താം സൂക്തത്തില്‍ ‘ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുന്നതിനായി അതില്‍ ഉറച്ച പര്‍വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്. പതിനാറാം അധ്യായത്തില്‍ ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കാനാണ് പര്‍വതങ്ങള്‍ സ്ഥാപിച്ചതെന്ന് സൂചിപ്പിക്കുന്നു. ഇതിനെയൊക്കെ ആറാം നൂറ്റാണ്ടിലെ പഴഞ്ചന്‍ വര്‍ത്തമാനമെന്നു പറഞ്ഞു തള്ളിക്കളയുന്നവര്‍ മലകള്‍ക്ക് മനുഷ്യന്‍ ക്ഷതമേല്പിച്ചപ്പോള്‍ അതിനു മുകളിലെ വീടുകളും മനുഷ്യരും മണ്ണടിഞ്ഞു പോയതും കുത്തൊഴുക്കില്‍ നീങ്ങിപ്പോയതും അനുഭവിച്ചു കഴിഞ്ഞു.
കോഴിക്കോട് ബൈപ്പാസ് നിര്‍മാണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ട് കുന്നുകള്‍ കാണാതെയായി. ഇനി ആറുവരിപ്പാതയാകുമ്പോള്‍ ചില കുന്നുകള്‍ക്കു കൂടി കൊലക്കയര്‍ നല്‍കുമെന്ന കാര്യം കാണാതെ പോയിക്കൂടാ. പരിസ്ഥിതി നാശം വരുത്തുന്നതില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പുറമെ ഭരണകൂടത്തിനും അതിന്റേതായ പങ്കുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.
ലോകത്തിലെ കുടിവെള്ളത്തിന്റെ പകുതിയും ലഭിക്കുന്നത് പര്‍വതങ്ങളില്‍ നിന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഖുര്‍ആന്‍ എഴുപത്തിയേഴാം അധ്യായം ഇരുപത്തി ഏഴാം സൂക്തം വായിക്കുക. ‘അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് സ്വച്ഛമായ ജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു’ എന്ന പ്രസ്താവനയും ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നു. ജലമില്ലാതെ ഭൂമിയില്‍ ജീവന്‍ നിലനില്ക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ജീവനെ നിലനിര്‍ത്തുന്ന ആണികളാണ് പര്‍വതങ്ങള്‍ എന്ന് പറയാം.
ശാസ്ത്രം പര്‍വതങ്ങളെ ജലഗോപുരങ്ങളെന്നാണ് പരിചയപ്പെടുത്തുന്നത്. എത്രയെത്ര നദികളാണ് പര്‍വതങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നത്. ഈ നദികളില്‍ പലതും മനുഷ്യന്റെ കുടിവെള്ള സ്രോതസ്സാണ്. പര്‍വതങ്ങളിലെ മണ്ണിന്നടിയിലൂടെയുള്ള ജലത്തിന്റെ ചലനവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ജലം മൂന്ന് ദിവസങ്ങളെടുക്കുന്ന സന്ദര്‍ഭങ്ങള്‍ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. മഴയ്ക്കു ശേഷം ഇങ്ങനെ ചലിക്കുന്ന വെള്ളം താഴ്‌വരകളിലെത്തുന്നത് മാസങ്ങള്‍ പിന്നിട്ടാണ്. അങ്ങനെ മഴയ്ക്കു ശേഷം വളരെക്കാലം താഴ്‌വരകള്‍ക്ക് ജലം നല്‍കുവാന്‍ പര്‍വതങ്ങള്‍ക്ക് കഴിയുന്നു. ഹിമാലയം പോലെയുള്ള മഞ്ഞണിഞ്ഞ പര്‍വതങ്ങളില്‍ നിന്നും വേനല്‍ക്കാലത്ത് മഞ്ഞുരുകിയും ധാരാളം ജലം നദികളിലെത്തുന്നു.
സമുദ്രം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ ജൈവ വൈവിധ്യം കാണുന്നത് പര്‍വതങ്ങളിലാണ്. ജീവികള്‍ പരസ്പരം ആശ്രയിച്ചാണ് നില്ക്കുന്നതെന്നും ഒരു ജീവിയുടെ നാശം മറ്റു ജീവജാലങ്ങളുടെ നാശത്തിലേക്കും വഴിതെളിക്കുമെന്നും നമുക്കറിയാം. പല മൃഗങ്ങളെയും വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നതും ചുവപ്പു പട്ടികയില്‍ പെടുത്തി മൃഗങ്ങളെ സംരക്ഷിക്കുന്നതും ജൈവവൈവിധ്യം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ഒരു മരം തന്നെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതിനെ ആശ്രയിക്കുന്ന എണ്ണമറ്റ ജീവികളുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. കണ്ണു കൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷ്മ ജീവികള്‍, പൂപ്പലുകള്‍, വാവലുകള്‍, പക്ഷികള്‍ എന്നിവയൊക്കെ സസ്യങ്ങളെ ആശ്രയിക്കുന്നതായി കാണാം. മരങ്ങളും ചെടികളും നല്‍കുന്ന ഫലങ്ങള്‍ മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിന് ആവശ്യമാണ്. മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍, തേന്‍, അരക്ക് തുടങ്ങി ഒട്ടേറെ ജീവിത വിഭവങ്ങള്‍ പര്‍വതങ്ങളിലെ കാടുകളില്‍ നിന്ന് ലഭിക്കുന്നു. അങ്ങനെ ജൈവവൈവിധ്യം കാത്തുസൂക്ഷിച്ച ജീവികളുടെ നിലനില്പിനെ സഹായിക്കുന്ന ആണികളാണ് പര്‍വതങ്ങള്‍ എന്ന് പറഞ്ഞാലും തെറ്റില്ല.
ഖുര്‍ആന്‍ അന്‍പതാം അധ്യായം ഏഴാം സൂക്തം പറയുന്നത് കാണുക: ‘അതില്‍ ഉറച്ചു നില്ക്കുന്ന പര്‍വതങ്ങളെ സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.’ ഇതില്‍ പര്‍വതങ്ങള്‍ ജൈവ വൈവിധ്യത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന സൂചനയുണ്ട്. പര്‍വതങ്ങളുടെ കിടപ്പ് ഭൂമിയുടെ ഉപരിതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ചെടികള്‍ക്കും ജീവികള്‍ക്കും ജീവിക്കാനുള്ള സ്ഥലം ഇതുമൂലം ലഭ്യമാകുന്നുണ്ട്. കുന്ന് പൂര്‍ണമായും ഇടിച്ചു നിരപ്പാക്കുന്നതൊടെ ആ പ്രദേശത്തിന്റെ പ്രതല വിസ്തീര്‍ണം കുറയുകയും ഭക്ഷ്യലഭ്യതയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഊനം തട്ടുകയും ചെയ്യുന്നു.
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നതു മൂലം കരയിലും കടലിലും കുഴപ്പങ്ങളുണ്ടാകുന്നുവെന്ന വേദവാക്യത്തിന് തെളിവന്വേഷിക്കുന്നവര്‍ക്ക് ലോകത്ത് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളും ചര്‍ച്ചകളും തന്നെ മറുപടിയാകുന്നു.
മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും അഭയം നല്‍കുന്ന പര്‍വതങ്ങളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റവും നമ്മുടെ കണ്ണ് തുറപ്പിച്ചില്ലെങ്കില്‍ നാം അതിന് കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.

Back to Top