എം കുഞ്ഞോയി വൈദ്യര്‍ കരുത്തനായ സംഘാടകന്‍
ഹാറൂന്‍ കക്കാട്
കേരളത്തില്‍ സാമൂഹിക പരിഷ്‌കരണത്തിന് വ്യത്യസ്ത മേഖലകളില്‍ അത്യപൂര്‍വമായ മാതൃകകള്‍ സൃഷ്ടിച്ച കര്‍മയോഗി എം കുഞ്ഞോയി വൈദ്യരെ കുറിച്ച് കൗമാരകാലത്ത് എത്രയോ പ്രസംഗങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. വിപ്ലവാത്മകമായ പല സദ്‌സംരംഭങ്ങള്‍ക്കും തുടക്കക്കാരനാവാന്‍ വലിയ സൗഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് വൈദ്യര്‍.
കോഴിക്കോട് ജില്ലയിലെ നല്ലളത്ത് മുല്ലവീട്ടില്‍ സീതിക്കുട്ടിയുടെയും ഇത്തിക്കുട്ടിയുടെയും മകനായി 1900 ഡിസംബര്‍ 22-നാണ് കുഞ്ഞോയി വൈദ്യരുടെ ജനനം. നല്ലളം സ്‌കൂളില്‍ അഞ്ചാം ക്ലാസ്സോട് കൂടി പഠനം നിര്‍ത്തിയ അദ്ദേഹം കച്ചവടത്തിലേക്ക് തിരിഞ്ഞു. ആ സമയത്താണ് പിതാവിന്റെ സുഹൃത്തും മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സൗഹൃദ സന്ദര്‍ശനത്തിന് മുല്ലവീട്ടില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് കുഞ്ഞോയി വൈദ്യര്‍ കച്ചവടം നിര്‍ത്തുകയും വാഴക്കാട്ട് അദ്ദേഹം നടത്തിയിരുന്ന ദര്‍സില്‍ ചേരുകയും ചെയ്തു. വാഴക്കാട്ടെ ദര്‍സില്‍ നിന്ന് ബഹിഷ്‌കൃതനായ ശേഷം ചാലിലകത്ത് മണ്ണാര്‍ക്കാട്ട് ദര്‍സ് ആരംഭിച്ചപ്പോള്‍ കുഞ്ഞോയി വൈദ്യരും ഗുരുവിനെ അനുഗമിച്ചു.
ഇസ്ലാഹി ആദര്‍ശത്തില്‍ ആകൃഷ്ടനായ കുഞ്ഞോയി വൈദ്യര്‍ മതപഠനത്തിന് ശേഷം പാരമ്പര്യ ആയുര്‍വേദ ശാസ്ത്രം പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1934-ല്‍ അദ്ദേഹം കൃഷ്ണയോഗി എന്ന വൈദ്യന്റെ ശിഷ്യത്വം സ്വീകരിച്ചു. ആര്യവൈദ്യവും സംസ്‌കൃതവും അഭ്യസിച്ചു.
”നിങ്ങളെന്തേ ഈ വഴിക്ക് തിരിയാന്‍ കാരണം?” എന്ന് ചോദിച്ചവരോട് വൈദ്യര്‍ നല്‍കിയ മറുപടി കൗതുകകരമായിരുന്നു: ”ഒരു വൈദ്യര്‍ക്ക് ആദര്‍ശ പ്രചാരണം എളുപ്പമാണ്. എല്ലാ വിഭാഗത്തില്‍ പെട്ടവരും വൈദ്യരെ സമീപിക്കും. ഇതുവഴിയുണ്ടാവുന്ന ബന്ധം ആദര്‍ശ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പറ്റും.”
വൈദ്യരെക്കൂടാതെ മുല്ലവീട്ടില്‍ ഇമ്പിച്ചഹമ്മദ് എന്നൊരാള്‍ മാത്രമേ അക്കാലത്ത് നല്ലളത്ത് നവോത്ഥാന ആശയക്കാരനായി ഉണ്ടായിരുന്നുള്ളൂ. നാട്ടുപ്രമാണിമാര്‍ പലവിധ താക്കീതുകള്‍ നല്‍കിയെങ്കിലും ഇവര്‍ സത്യമെന്ന് ബോധ്യമായ ആദര്‍ശത്തില്‍ ഉറച്ചുനിന്നു. ഒരു നിലക്കും പിന്മാറുകയില്ലെന്ന് ബോധ്യമായപ്പോള്‍ രണ്ട് പേരെയും ബഹിഷ്‌കരിക്കാന്‍ മഹല്ല് കമ്മിറ്റിക്ക് തീരുമാനിക്കേണ്ടി വന്നു. എന്നാല്‍, കുഞ്ഞോയിയും ഇമ്പിച്ചഹമ്മദും നല്ലളം മഹല്ലിനെ ബഹിഷ്‌കരിക്കുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച് വൈദ്യര്‍ മഹല്ലു കമ്മിറ്റിയെ സ്തബധരാക്കുകയായിരുന്നു.
1943-ലാണ് കുഞ്ഞോയി വൈദ്യര്‍ കോഴിക്കോട്ടേക്ക് താമസം മാറ്റിയത്. ഫ്രാന്‍സിസ് റോഡില്‍ അദ്ദേഹം ആരംഭിച്ച എ എസ് വൈദ്യശാല കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ വിസ്മയകരമായ പല കൗതുകങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും വേദിയായ സ്ഥാപനമാണ്. ‘തബ്ലീഗുല്‍ ഇസ്ലാം സംഘം’ എന്ന സംഘടനക്കു വൈദ്യര്‍ രൂപം നല്കി. മുബല്ലിഗ് മൊയ്തീന്‍കുട്ടി മൗലവി, ഹകീം അബൂബക്കര്‍ മൗലവി എന്നിവരെ രണ്ട് രൂപ ദിവസ വേതനം നിശ്ചയിച്ച് പ്രബോധനത്തിനായി നിയോഗിച്ചു. അവരുടെ കീഴില്‍ മതപഠന ക്ലാസുകള്‍ പലയിടങ്ങളിലും അരങ്ങേറി.
കോഴിക്കോട്ടെ പല പ്രമുഖരും ഖുര്‍ആന്‍ ക്ലാസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ‘ഒരിക്കലെങ്കിലും കേള്‍ക്കുവീന്‍, എന്നിട്ട് നിര്‍ത്തണോ അതോ തുടരണോ എന്ന് നമുക്ക് തീരുമാനമെടുക്കാം’ എന്നായിരുന്നു അവരോട് വൈദ്യര്‍ പറഞ്ഞത്. എന്നാല്‍ ക്ലാസ് കേള്‍ക്കാനെത്തിയ പലര്‍ക്കും മനം മാറ്റമുണ്ടാവുകയും അവര്‍ നവോത്ഥാനാശയങ്ങളുടെ പ്രചാരകരാവുകയും ചെയ്തു.
എ എസ് വൈദ്യശാല ശ്രദ്ധ നേടിയതോടെ ആദര്‍ശ പ്രചാരണത്തിന് കൂടുതല്‍ അവസരങ്ങള്‍ കുഞ്ഞോയി വൈദ്യര്‍ക്ക് കൈവന്നു. മരുന്ന് നിര്‍മാണവും വില്‍പ്പനയും ചികിത്സയും ആദര്‍ശ പ്രബോധനവും സമന്വയിപ്പിച്ച കര്‍മനിരതനായ അപൂര്‍വ പ്രതിഭയായി അദ്ദേഹം മാറി.
അറബി വ്യാകരണത്തില്‍ അഗാധ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു വൈദ്യര്‍. ഈജിപ്തില്‍ നിന്ന് സയ്യിദ് റശീദ് റിദ പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയിലെ അക്ഷരവിരുന്ന് വായനാതല്‍പരനായിരുന്ന വൈദ്യരെ വളരെയധികം സ്വാധീനിച്ചിരുന്നു. കേരളത്തിലും ഇത്തരത്തില്‍ ഒരു പ്രസിദ്ധീകരണം തുടങ്ങണമെന്ന ആഗ്രഹം വൈദ്യരില്‍ കലശലായി. അത് സാര്‍ത്ഥകമാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിയുണ്ടാക്കി. അങ്ങനെയാണ് 1950-കളുടെ തുടക്കത്തില്‍ ‘അല്‍മനാര്‍’ ആരംഭിച്ചത്. ബി വി അബ്ദുല്ലക്കോയ എം പിയുടെ ഉടമസ്ഥതയില്‍ ഓയിറ്റി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സിലോണ്‍ ഹൗസ് പ്രിന്റേഴ്സിലാണ് അല്‍മനാര്‍ അച്ചടിച്ചത്. പിന്നീട് സ്വന്തമായി അല്‍ഹിലാല്‍ പ്രസ്സ് സ്ഥാപിച്ചു. കുഞ്ഞോയി വൈദ്യര്‍ മാനേജിംഗ് ഡയറക്ടറായുള്ള അല്‍മനാര്‍ ലിമിറ്റഡിനു കീഴിലാണ് പ്രസ്സ് തുടങ്ങിയത്. അല്‍മനാര്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വൈദ്യര്‍ ആരോഗ്യ ലേഖനങ്ങളും മതലേഖനങ്ങളും എഴുതിയിരുന്നു. ഖുര്‍ആനിലെ അല്‍കഹ്ഫ് അധ്യായത്തിന്റെ പരിഭാഷയും അദ്ദേഹം എഴുതിയിട്ടുണ്ട്.
പ്രശസ്ത വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവായിരുന്ന അബു സ്വബാഹ് മൗലവിയുടെ പ്രവര്‍ത്തനകേന്ദ്രം മഞ്ചേരി ആനക്കയത്ത് നിന്ന് ഫറോക്കിലേക്ക് മാറ്റിയതിന് പിന്നിലെ പ്രചോദക ശക്തി വൈദ്യരായിരുന്നു. അബുസ്വബാഹ് മൗലവിയോടൊത്ത് പിന്നീട് നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. പ്രശസ്ത വിദ്യാഭ്യാസ സമുച്ചയമായി പടര്‍ന്നു പന്തലിച്ച ഫാറൂഖാബാദിന് വിത്ത് പാകിയ മഹാനാണ് കുഞ്ഞോയി വൈദ്യര്‍. വനഭൂമിയായിരുന്ന ഈ പ്രദേശത്തേക്ക് ആദ്യമായി കടന്നുവരികയും പ്രവിശാലമായ സ്ഥലം വഖ്ഫായി ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു.
റൗദത്തുല്‍ ഉലൂം അറബിക്കോളജ് വൈദ്യരുടെ പ്രത്യേക തട്ടകമായിരുന്നു. അറബിക്കോളജിന്റെ അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, മാനേജര്‍ തുടങ്ങിയ നിലകളിലെല്ലാം വൈദ്യര്‍ മുഴുനീള സേവനങ്ങള്‍ അര്‍പ്പിച്ചു. അസ്ഹര്‍ ലേഡീസ് ഹോസ്റ്റല്‍ സ്ഥാപിച്ചതും അദ്ദേഹമാണ്. രാജാ അബ്ദുല്‍ഖാദര്‍ ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് കാമ്പസിലെ എല്ലാ സ്ഥാപനങ്ങളുടേയും ചുക്കാന്‍ പിടിക്കുന്ന ഉപരിസഭയായ റൗദത്തുല്‍ ഉലൂം അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കുഞ്ഞോയി വൈദ്യരാണ്. മരണം വരെ അസോസിയേഷന്റെ പ്രസിഡന്റ് പദവിയില്‍ അദ്ദേഹം തുടര്‍ന്നു. തിരൂരങ്ങാടി യതീംഖാനയുടെ സ്ഥാപക മെമ്പറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം കൊടുക്കാന്‍ കുഞ്ഞോയി വൈദ്യര്‍ മുന്നിട്ടിറങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ 24 പേര്‍ യോഗം ചേര്‍ന്നു. കെ എം മൗലവി പ്രസിഡന്റും എന്‍ വി അബ്ദുസ്സലാം മൗലവി സെക്രട്ടറിയും എ കെ അബ്ദുല്ലത്തീഫ് മൗലവി ജോയന്റ് സെക്രട്ടറിയും കുഞ്ഞോയി വൈദ്യര്‍ ട്രഷററുമായാണ് കെ എന്‍ എമ്മിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നത്. കൂര്‍മബുദ്ധിയും ചടുല സിദ്ധിയുമുള്ള ഉജ്വലനായ സംഘാടകനായിരുന്നു കുഞ്ഞോയി വൈദ്യര്‍. കെ എന്‍ എമ്മിന്റെ സംസ്ഥാന കാര്യാലയം എം എസ് വൈദ്യശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു.
ഒറ്റയാള്‍ പോരാളിയായും സംഘടിത വിപ്ലവങ്ങളുടെ നായകനായും നവോത്ഥാന ആശയങ്ങളുടെ വ്യാപനത്തിന് ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച കുഞ്ഞോയി വൈദ്യര്‍ 99-ാം വയസ്സില്‍ 1999 ജൂണ്‍ മൂന്നിന് വ്യാഴാഴ്ച രാത്രി മകള്‍ സൈനബയുടെ നിലമ്പൂരിനടുത്ത വടപുറത്തെ വീട്ടില്‍വെച്ചായിരുന്നു മരണപ്പെട്ടത്. വടപുറം മസ്ജിദുല്‍ മുജാഹിദീന്‍ ഖബര്‍സ്ഥാനിലാണ് വൈദ്യരുടെ ഭൗതികശരീരം സംസ്‌കരിച്ചത്.