24 Thursday
April 2025
2025 April 24
1446 Chawwâl 25

എം കുഞ്ഞിബീവി ടീച്ചര്‍ നിര്യാതയായി

സുഹൈല്‍ സാബിര്‍ രണ്ടത്താണി


രണ്ടത്താണി: ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗം മുസ്‌ലിം ഗേള്‍സ് & വിമന്‍സ് മൂവ്‌മെന്റ് സ്ഥാപക സാരഥികളിലൊരാളും പണ്ഡിതയും പ്രഭാഷകയുമായ എം കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി (66 ) നിര്യാതയായി. വൃക്ക രോഗബാധിതയായി ചികിത്സയിലായിരുന്നു.
രണ്ടത്താണി ഇര്‍ശാദുല്‍ അനാം മദ്‌റസയില്‍ അര നൂറ്റാണ്ട് കാലം മതാധ്യാപികയും സദര്‍ മുദരിസ് ആയും സേവനമനുഷ്ഠിച്ച ടീച്ചര്‍ ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള തലമുറകളുടെ അധ്യാപികയായിരുന്നു. മാതൃ സവിശേഷമായ സ്‌നേഹവാത്സല്യത്തോടെ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ചും ശാസിച്ചും അധ്യാപന ജീവിതത്തിന്റെ അതുല്യമായ മാതൃകയായിരുന്നു ടീച്ചര്‍.
കേരളത്തിലങ്ങോളം ഓടി നടന്ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ടീച്ചര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പില്‍ക്കാലത്ത് വനിതാ നവോത്ഥാന സംഘമായ എം ജി എമ്മിന്റെ തുടക്കം കുറിച്ചത്. ടീച്ചറുടെ ഖുര്‍ആന്‍ ക്ലാസുകളിലൂടെ ഇസ്‌ലാഹി ആദര്‍ശത്തിന്റെ വക്താക്കളും പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് സ്ത്രീകള്‍ പരിവര്‍ത്തിക്കപ്പെട്ടു. പുടവ മാസിക പിറവിയെടുത്തതു മുതല്‍ അതിനെ നെഞ്ചേറ്റി കുടുംബങ്ങളിലേക്ക് ആദര്‍ശ ദൗത്യവുമായി ടീച്ചര്‍ കടന്നുചെന്നു. കടുത്ത ദാരിദ്ര്യത്തിലും ജീവിത പ്രയാസങ്ങള്‍ക്കിടയിലും പുഞ്ചിരി തൂകി ക്ഷമയോടെ തന്റെ ജീവിത നിയോഗവും ദൗത്യവും നിര്‍വഹിച്ച ടീച്ചര്‍ പൊതുപ്രവര്‍ത്തന രംഗത്ത് നിസ്തുല മാതൃകയായിരുന്നു.
മുസ്‌ലിയാരകത്ത് അബ്ദുല്ലക്കോയ തങ്ങള്‍ ആണ് ടീച്ചറുടെ ഭര്‍ത്താവ്. ബുഷ്‌റ ബീഗം, നൂര്‍ ജഹാന്‍ ബീഗം, സമീറ ബാനു, ജൗഹര്‍ അമീന്‍, സുഹൈറ എന്നിവര്‍ മക്കളാണ്. മുഹമ്മദ് ഖലീല്‍, മൂസ, ശാഫി, അബ്ദുല്‍ജലീല്‍ മാമാങ്കര, റസീന ജാമാതാക്കളാണ്. അല്ലാഹുവേ, ടീച്ചര്‍ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

Back to Top