കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീധനത്തിനെതിരെ മനോനില പാകപ്പെടണം

ജിദ്ദ: പെണ്‍കുട്ടികള്‍ മാത്രം വിചാരിച്ചാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകില്ലെന്നും കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ടെന്നും ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണം. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതു കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ പ്രമേയ പ്രഭാഷണം നടത്തി. സമ്മേളന സ്വാഗത സംഘം സഊദി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ സമാപന ഭാഷണം നിര്‍വഹിച്ചു.
