6 Friday
December 2024
2024 December 6
1446 Joumada II 4

കുടുംബത്തിന്റെ പ്രിയ ഡോക്ടര്‍

ഡോ. പി പി അബ്ദുല്‍ഹഖ്‌


അരീക്കോട്ടെ ഇസ്‌ലാഹി പാരമ്പര്യവും വിദ്യാഭ്യാസ പാരമ്പര്യവുമുള്ള എന്‍ വി കുടുംബത്തിലെ അംഗമായിരുന്നു ഡോ. കെ അബ്ദുറഹ്മാന്‍. എന്‍ വി അബ്ദുസ്സലാം മൗലവിയുടെയും ഇബ്‌റാഹിം മാസ്റ്ററുടെയുമെല്ലാം സഹോദരിയുടെ പുത്രന്‍. സ്‌കൂളില്‍ എന്റെ സീനിയറായി പഠിച്ച അദ്ദേഹം പഠനരംഗത്ത് അതീവ മികവ് പുലര്‍ത്തിയിരുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ അദ്ദേഹം നേടിയ മാര്‍ക്ക് വര്‍ഷങ്ങളോളം സ്‌കൂളിലെ റെക്കോര്‍ഡായിരുന്നു.
പല രംഗങ്ങളിലും അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഏതാനും പേരുടെ ചിന്തയില്‍ നിന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എന്ന ആശയത്തിന്ന് രൂപം നല്‍കിയത്. ഇതിനു കീഴില്‍ സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും നിരവധി ലീഡര്‍ഷിപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കോഴിക്കോട് മിംസ് ആസ്പത്രിയിലെ സീനിയര്‍ ഡോക്ടറായിരിക്കെ തിരക്കിനിടയിലും പല ക്യാമ്പുകളിലും അദ്ദേഹം പങ്കെടുക്കുകയും വിഷയമവതരിപ്പിക്കുകയും ചെയ്തിരുന്നു.
വയനാട് വെച്ച് അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ടീച്ചര്‍ എന്‍ഹാന്‍സ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍ ടീച്ചിംഗ് എഫിഷ്യന്‍സി വര്‍ധിപ്പിക്കുന്നതിന് ഡോക്ടറുടെ മനസ്സിലുദിച്ച ഒരു നൂതന പരിപാടി ശ്രദ്ധേയമായിരുന്നു. ക്യാമ്പംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുന്നു, ടീച്ചിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രിന്റഡ് മാറ്റര്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു, ഗ്രൂപ്പംഗങ്ങള്‍ ചര്‍ച്ച ചെയ്ത് അതു ഒരു സ്‌കിറ്റിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ആകര്‍ഷകമായ ഒരു ആക്റ്റിവിറ്റി.
അഴിഞ്ഞിലത്ത് 2014-ല്‍ സ്ഥാപിച്ച ഐ എച്ച് ഐ ആര്‍ എന്ന സ്ഥാപനം അക്കാദമിക രംഗത്തും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും അദ്ദേഹം ഞങ്ങളുമായി അഭിപ്രായം പങ്കുവെക്കാറുണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ കോഴ്‌സിലെ ഓരോ ബാച്ചിലെയും കുട്ടികള്‍ക്ക് അദ്ദേഹം മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കിയിരുന്നു. സ്ഥാപനത്തിന് സാമ്പത്തികമായി സഹായിക്കുകയും ചയ്തു.
1992-ല്‍ പാലക്കാട് മുജാഹിദ് സമ്മേളനത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനായി അന്നത്തെ കെ എന്‍ എം ജന. സെക്രട്ടറി കെ പി മുഹമ്മദ് മൗലവിയുടെ കൂടെ വിദേശയാത്രക്ക് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ജാമിഅ സലഫിയയില്‍ ആരംഭിക്കാനുദ്ദേശിച്ച പല പ്രോജക്ടുകളും ഞങ്ങള്‍ കൂടെ കരുതിയിരുന്നു. അതിലുള്‍പ്പെട്ട ചില പദ്ധതികള്‍ ഹോസ്പിറ്റല്‍, പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സംവിധാനം, വിഷ്വല്‍ മീഡിയാ ദഅ്‌വാ സംവിധാനം തുടങ്ങിയവ തയ്യാറാക്കുന്നതിന്ന് നേതൃപരമായ പങ്കുവഹിച്ചത് ഡോ. അബ്ദുറഹ്മാനായിരുന്നു.
മെഡിക്കല്‍ പ്രൊഫഷന്‍ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രശസ്തനായ ഡോക്ടറായിരുന്നു അദ്ദേഹം. തന്റെ സ്‌പെഷ്യലൈസ്ഡ് ഫീല്‍ഡില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ആധുനിക പഠനങ്ങളെക്കുറിച്ചറിയാന്‍ അദ്ദേഹം റെഗുലറായി കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ജേര്‍ണലുകള്‍ പഠിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്റെ ഒരനുഭവം പറയാം:
ഡോക്ടര്‍ മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യുന്ന കാലം. 1999 ഫെബ്രുവരി 17-നു അമ്മാവന്‍ എന്‍ വി ഇബ്‌റാഹീം മാസ്റ്ററെ അസുഖം ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഡോക്ടര്‍ക്ക് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇബ്‌റാഹീം മാസ്റ്ററെ പ്രശസ്തനായ ഒരു ഡോക്ടര്‍ ജോലിചെയ്യുന്ന മലപ്പുറത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റുകയും രണ്ടു ദിവസം കഴിഞ്ഞ് കോണ്‍ഫറന്‍സില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മാസ്റ്ററെ ഇതേ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അറിവ് പ്രചരിപ്പിക്കുന്നതിന് ഡോക്ടര്‍ പല നൂതന പരിപാടികളും സ്വീകരിച്ചിരുന്നു. അതിലൊന്നാണ് ഒരു പ്രത്യേക കേന്ദ്രത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഇസ്‌ലാമികവും അല്ലാത്തതുമായ വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ വാങ്ങി അത് ആ സെന്ററിലേക്ക് നല്‍കുന്നു. അതിന്റെ ഉത്തരവാദിത്തം വിജ്ഞാന തല്‍പരരായ ചിലരെ ഏല്‍പ്പിക്കുന്നു. അവര്‍ താല്‍പര്യമുള്ളവരെ കൂട്ടി ആ കേന്ദ്രത്തില്‍ നിന്ന് ചര്‍ച്ചകള്‍ നടത്തുകയും റഫറന്‍സായി പ്രസ്തുത പുസ്തകങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. എന്റെ അറിവില്‍ അതു അരീക്കോട്ടും ഐ എച്ച് ഐ ആറിലുമാണ് സ്ഥാപിച്ചിരുന്നത്..
ഞങ്ങളുടെ കുടുംബ ഡോക്ടറായിരുന്നു അദ്ദേഹം. ചികിത്സക്കു വേണ്ടി അദ്ദേഹം പ്രാക്ടീസ് ചെയ്തിടങ്ങളിലൊക്കെ ഞങ്ങള്‍ എത്തുമായിരുന്നു. ചെറുതും വലുതുമായ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹവുമായി കണ്‍സള്‍ട്ട് ചെയ്തതിനു ശേഷമേ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിയാറുണ്ടായിരുന്നുള്ളു. 1999-ല്‍ വിദഗ്ധ ചികിത്സക്ക് വേണ്ടി എന്‍ വി ഇബ്‌റാഹീം മാസ്റ്ററെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോയപ്പോള്‍ അബ്ദുറഹ്മാന്‍ ഡോക്ടറും അദ്ദേഹത്തെ അനുഗമിച്ചു. ഇബ്‌റാഹീം മാസ്റ്റര്‍ 1999 മെയ് 5നു കെ എം എച്ചില്‍ വെച്ച് മരണത്തോടടുക്കുമ്പോള്‍ അദ്ദേഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയത് ഡോ. അബ്ദുറഹ്മാനായിരുന്നു. സത്യസന്ധനും ദീര്‍ഘദൃഷ്ടിയുള്ളവനും ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ഗവേഷകനും, നിശബ്ദ സേവകനുമായ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യമാക്കുകയും കുടുംബത്തിന്ന് സമാധാനം നല്‍കുകയും ചെയ്യുമാറാകട്ടെ.

Back to Top