കുടുംബബന്ധങ്ങളില്‍ കിനിയേണ്ട മൂല്യങ്ങള്‍
അബൂ ഫിദ
ആദമിനെയും ഹവ്വയെയും ഭൂമിയിലേക്കുള്ള ആദ്യത്തെ ദമ്പതികളായി അല്ലാഹു സൃഷ്ടിച്ചത് ചരിത്രം. നാഗരികതയുടെ ആദ്യ അടിത്തറയാണല്ലോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ഒരു കുടുംബത്തിലൂടെ രൂപീകരിക്കപ്പെടുന്നത്. അവരിലൂടെ എണ്ണമറ്റ കുടുംബങ്ങളെയും മുഴുവന്‍ മനുഷ്യരെയും ഇന്ന് കാണുന്ന പരുവത്തിലേക്ക് വളര്‍ത്തി വലുതാക്കി എന്നതും നാമറിയുന്ന സത്യമാണല്ലോ. അങ്ങനെ, മനുഷ്യരാശിയുടെ ഏറെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ഒന്നായി കുടുംബം എന്ന സ്ഥാപനത്തെ എല്ലാവരും അംഗീകരിക്കുകയും ഉള്‍കൊള്ളുകയും ചെയ്തു. ഏതൊരു നാഗരികതയുടെയും വികസനം, പുരോഗതി, ഫലപ്രാപ്തി, വിജയം എന്നിവ കുടുംബത്തിന്റെ ശക്തിയെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്നതാണ് സത്യം.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ പുതിയ സമൂഹത്തിനും നാഗരികതയ്ക്കുമാണ് ജന്മം നല്‍കി കണ്ടിരിക്കുന്നത്. ഓരോ തലമുറയും തങ്ങളുടെ ആര്‍ജിത അറിവും ജ്ഞാനവും നേട്ടങ്ങളും പുതിയ തലമുറകള്‍ക്ക് കൈമാറുന്നതിലൂടെ അത് മറ്റൊരു നാഗരികതയുടെ വികാസത്തിലേക്കാണ് നയിക്കുന്നത്. നാഗരികതയുടെ പുരോഗതിക്കായില്‍ തുടര്‍ച്ച ഉണ്ടാവണമെങ്കില്‍ കുടുംബമെന്ന അടിസ്ഥാന ഘടകത്തില്‍ പരസ്പര സ്നേഹവും വിശ്വാസവും സൗഹാര്‍ദ്ദവും ആത്മാര്‍ഥതയും ത്യാഗബോധവും വേണ്ട അളവില്‍ സമ്മേളിക്കേണ്ടതുണ്ട്.
ദൈവികമായ ജീവിതക്രമം എന്ന രീതിയില്‍ ഇസ്ലാം ചില അടിസ്ഥാന ധാര്‍മ്മിക തത്ത്വങ്ങള്‍ക്ക് വളരെയധികം ഊന്നല്‍ നല്‍കുന്നത് കാണാം. ഇസ്ലാം കുടുംബ സംവിധാനത്തെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബങ്ങളുടെയെല്ലാം കൂട്ടായ പരിശ്രമവും സംഭാവനയുമാണ് അനുയോജ്യമായ ഒരു മനുഷ്യ നാഗരികതയെ വികസിപ്പിക്കുന്നതെന്നും അത് വിഭാവനം ചെയ്യുന്നു.
ഇസ്ലാമില്‍ വിവാഹം എന്നത് ഒരു സിവില്‍ കരാര്‍ മാത്രമല്ല. അത് അല്ലാഹുവുമായുള്ള ഒരു മഹത്തായ കരാറുകൂടിയാണ്. മാത്രവുമല്ല ഓരോ പുരുഷനും സ്ത്രീക്കും അനിവാര്യമായും പാലിക്കേണ്ട മതപരമായ ഉത്തരവാദിത്തം കൂടിയാണ്. അല്ലാഹു പറയുന്നത് കാണുക: അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്. (30:21)
വര്‍ത്തമാന കാലത്ത്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ കുടുംബ സംവിധാനം വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് കുടുംബമെന്ന സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തിന്റെ അത്മശക്തിയെ ശിഥിലീകരിക്കാനും കാരണമായിത്തീരുന്നുവെന്നതാണ് നേര്. ഇസ്ലാമിനും ഇസ്ലാമിക തത്ത്വങ്ങളില്‍ രൂപംകൊള്ളുന്ന നാഗരികതയ്ക്കും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മനുഷ്യ സമൂഹത്തെ നാശത്തില്‍ നിന്ന് രക്ഷിക്കുന്നതിനും ശരിയായ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുമെന്നതാണ് വസ്തുത. നമ്മുടെ കുടുംബത്തെ മൂല്യങ്ങളില്‍ കെട്ടിപ്പടുക്കുവാനും കുടുംബത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഇസ്ലാമികാധ്യാപനങ്ങള്‍ ഉറപ്പു വരുത്താനും സാധിക്കേണ്ടതുണ്ട്. അതിനാവട്ടെ നമ്മുടെ അശ്രാന്ത പരിശ്രമം.