കുടിയേറ്റ ബില്‍ പാസാക്കുന്നതില്‍ ഇസ്റാഈല്‍ സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടു
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റക്കാരുടെ നിയമപരമായ പദവി അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ബില്‍ പാസാക്കുന്നതില്‍ ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ പ്രത്യേക നിയമ സംവിധാനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ബില്‍ പുതുക്കാനുള്ള തീരുമാനം. 5,00,000 ഇസ്രായേലി കുടിയേറ്റക്കാര്‍ ഇസ്രായേല്‍ കുടിയേറ്റ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും, മൂന്നു മില്യണ്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈനിക ഭരണത്തിനു കീഴില്‍ കഴിയുകയും ചെയ്യുന്നു. ആറ് ദശാബ്ദമായി ഇതാണ് അധിനിവിഷ്ട മേഖലയിലെ സാഹചര്യം. ഈ പ്രദേശങ്ങളിലെ സാഹചര്യം ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം വംശീയ വിവേചനമാണെന്ന് മൂന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സഖ്യ സര്‍ക്കാരാണ് അധികാരത്തില്‍ തുടരുന്നതെങ്കിലും, സഖ്യത്തിലെ ബലഹീനതകളും വിഭാഗീയതകളുമാണ് വോട്ടെടുപ്പ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, ഈ സഖ്യ സര്‍ക്കാരിന് എത്ര കാലം നിലനില്ക്കാന് കഴിയുമെന്ന ചോദ്യവും നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.