18 Wednesday
June 2025
2025 June 18
1446 Dhoul-Hijja 22

കെ ടി എം ജമാല്‍ ചെമനാട്

അബ്ദുസ്സലാം പുത്തൂര്‍


കാസര്‍കോട്: ജില്ലയില്‍ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കെ ടി എം ജമാല്‍ നിര്യാതനായി. കെ എന്‍ എം ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനക്കു ഇന്നു കാണുന്ന ശക്തിയിലെത്താന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ചു. കാസര്‍കോട് ഫിര്‍ദൗസ് റോഡിലെ അദ്ദേഹത്തിന്റെ ചെമനാട് ഫൂട്ട്‌വെയര്‍ സംഘടനാ പ്രവര്‍ത്തകരുടെ കേന്ദ്രമായിരുന്നു. സംഘടനാ ചര്‍ച്ചകള്‍ക്കും വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കും ഈ കട വേദിയായി. കാഷ് കൗണ്ടറിലിരിക്കുന്ന ജമാല്‍ച്ചയുടെ മുമ്പില്‍ ഒരു നീണ്ട ബെഞ്ച് ഉണ്ടായിരുന്നു. വിവിധ രംഗങ്ങളില്‍ നേതൃത്വം വഹിക്കുന്നവരുടെയും സാധാരണക്കാരുടെയും ഒരു അത്താണിയായിരുന്നു ആ ബെഞ്ച്.
വിരലിലെണ്ണാവുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ മാത്രമുണ്ടായിരുന്ന ആദ്യ കാലത്ത് തന്നെ ജമാല്‍ച്ച മുജാഹിദ് പ്രവര്‍ത്തകനായിരുന്നു. 1994-ല്‍ ഈ ലേഖകന്‍ കെ എന്‍ എം ജില്ലാ സിക്രട്ടറിയും ജമാല്‍ച്ച ജോ.സെക്രട്ടറിയുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പിന്നീട് സംഘടനാ ആസ്ഥാനം നിര്‍മിക്കാനായിരുന്നു ശ്രമം. രണ്ടു സ്ഥലങ്ങള്‍ വിലക്കു വാങ്ങിയെങ്കിലും അവിടെ കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒരു ഷെഡ് എങ്കിലുമുള്ള ഭൂമി വാങ്ങാനായി ശ്രമം. അങ്ങനെയാണ് ടൗണില്‍ അമേയ് റോഡിലുള്ള ക്വാര്‍ട്ടേഴ്‌സ് ഉള്‍ക്കൊള്ളുന്ന സ്ഥലം വിലക്ക് വാങ്ങുന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ ഉള്‍ചുമരുകളെല്ലാം പൊളിച്ചുമാറ്റി ഹാളാക്കി മാറ്റി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ഈദ്ഗാഹിനും ഇത് വേദിയായി. പിന്നീട് കെട്ടിടത്തിന് പ്ലാന്‍ സമര്‍പ്പിക്കുന്നതിനും മുനിസിപ്പാലിറ്റിയില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതിനും ജമാല്‍ച്ചയാണ് പരിശ്രമങ്ങള്‍ നടത്തിയത്.
2002-ലെ സംഘടനാ പിളര്‍പ്പിലും 2016-ലെ യോജിപ്പിന് ശേഷം സംഘടന പുനസ്സംഘടിപ്പിച്ചപ്പോഴും മര്‍കസുദ്ദഅവയോടൊപ്പം നിന്ന ദീര്‍ഘകാല മുജാഹിദ് പാരമ്പര്യമറിയുന്ന ആദര്‍ശ ശാലിയായിരുന്നു അദ്ദേഹം. ഭാര്യ: സഫിയ, മക്കള്‍: ജാബിര്‍ (ഖത്തര്‍), ജബീന, ജൗഹര്‍, ജരീര്‍. സഹോദരങ്ങള്‍: സൈഫുദ്ദീന്‍, ഇസ്മാഈല്‍, മുസ്തഫ, ഹസ്സന്‍ കുട്ടി. അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

Back to Top