ഹാജറയുടെ ഭൂമി
കെ ടി സൂപ്പി
ഒറ്റപ്പെടലിന്റെ,
മഹാ ഭീതിയിലും
കൂടെയുണ്ടായിരുന്നു ഒരു പ്രതീക്ഷ.
അറ്റമില്ലാത്ത മരുഭൂമിയില്‍
കൈ കുഞ്ഞുമായ്
ഞാന്‍ വിതുമ്പുന്നേരം
ഉള്ളിലെവിടെയോ
അവന്റെ സ്‌നേഹം
മരുപ്പച്ച തീര്‍ത്തിരുന്നു.
പ്രിയതമന്റെ സഞ്ചാരം
അവനിലേക്കാണെന്ന് ഉറപ്പുള്ളതിനാല്‍
അക നിറവിലാകെ
സ്വര്‍ഗ്ഗകനികള്‍ തുടുത്തിരുന്നു.
അവസാനം,
ഭൂമിയുടെ ആനന്ദമായ്
സംസം കുളിര്‍ പകര്‍ന്നപ്പോള്‍
കാരുണ്യത്തിന്റെ ചിറകടികള്‍
ദിക്കുകളിലെല്ലാം
പ്രണയ നാദങ്ങള്‍ തീര്‍ത്തു.
കൊടും വേദനകള്‍ക്കപ്പുറം
മരുഭൂമിയും ഉറവ തീര്‍ക്കുമെന്നും
വര്‍ണ്ണ ഭേദങ്ങള്‍ക്കപ്പുറം
മനുഷ്യന്‍
ഒറ്റ കുലമാണെന്നും
സംസം
സാനന്ദം
പറഞ്ഞു കൊണ്ടിരുന്നു.