9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ക്ഷമയുടെ മാസം

എ കെ അബ്ദുല്‍മജീദ്‌


‘കാരണവരുടെ അടുത്തേക്ക് പോകേണ്ട. ആള്‍ നല്ല ചൂടിലാണ്.’
‘അത് പിന്നെ നോമ്പായാല്‍ മൂപ്പര്‍ എപ്പോഴും അങ്ങനെത്തന്നെയല്ലേ?’
റമദാന്‍ വ്രതമാസമായാല്‍ മൂക്കത്ത് ശുണ്ഠിയുമായി നടക്കുന്ന ചിലരെ ഏത് ദേശത്തും കാണാം. തൊട്ടതിനും പിടിച്ചതിനും ഒക്കെ അവര്‍ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും എന്തിനധികം വഴിപോക്കരോടു പോലും തട്ടിക്കയറും. അവരെ ആരോ വെറുതെ പട്ടിണിക്കിട്ടതായാവാം അവര്‍ക്ക് തോന്നുന്നത്.
നോമ്പ് യഥാര്‍ഥത്തില്‍ ക്ഷമകേടിന്റെ അല്ല, ക്ഷമയുടെ പാഠശാലയാണ്. ഏറ്റവും ഉല്‍കൃഷ്ടമായ ക്ഷമ പഠിക്കാന്‍ നോമ്പ് അവസരം തരുന്നു. ക്ഷമ, വാസ്തവത്തില്‍ അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്” (16:127).
ദൈവിക മാര്‍ഗദര്‍ശനം (ഹിദായത്ത്) ഒരു അനുഗ്രഹം ആയതുപോലെ വിശ്വാസത്തിന്റെ ഉപോല്‍പന്നങ്ങളായ ക്ഷമ, വിനയം, സ്ഥൈര്യം, അനുകമ്പ, ദയ മുതലായ സദ്ഗുണങ്ങളും അല്ലാഹു അവന്റെ ഉത്തമ ദാസന്മാര്‍ക്കു കനിഞ്ഞരുളുന്ന മുദ്രകളാകുന്നു.
റമദാനില്‍ ഒരാളില്‍ എല്ലാ സദ്ഗുണങ്ങളും പുഷ്പിക്കുന്നതുപോലെ ക്ഷമയുടെ പനിനീര്‍പ്പൂവും വിടര്‍ന്നു ശോഭയും സുഗന്ധവും പരത്തുന്നു. നോമ്പ് ശരീരത്തിന് ചില ക്ഷീണങ്ങള്‍ സമ്മാനിക്കുന്നുണ്ട്. നോമ്പുകാര്‍ അവയെ ക്ഷമയോടെ സ്വീകരിക്കും. ദാഹവും വിശപ്പും ക്ഷമയുടെ പാഠങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു.
തന്നോട് കയര്‍ക്കാന്‍ വരുന്നവരോട് ‘ഞാന്‍ നോമ്പുകാരനാണ്’ എന്നു പറഞ്ഞു സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ നോമ്പ് വിശ്വാസിയെ കരുത്തനാക്കുന്നു. ക്ഷമ പൊതുവേ മൂന്നു തരം ഉണ്ടെന്നാണ് പണ്ഡിതമതം:
സ്വബ്‌റുന്‍ അലാ ത്വാഅതില്ലാഹി: അല്ലാഹുവിനെ അനുസരിക്കുന്നതില്‍ പുലര്‍ത്തുന്ന ക്ഷമ.
സ്വബ്‌റുന്‍ അന്‍ മഹാരിമില്ലാഹി: അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ കാണിക്കുന്ന ക്ഷമ.
സ്വബ്‌റുന്‍ അലാ അഖ്ദാരില്ലാഹി: അല്ലാഹുവിന്റെ വിധികളില്‍ ഉള്ള ക്ഷമ.
അല്ലാഹു തനിക്കു വിധിച്ചത് എന്താണെങ്കിലും അത് ക്ഷമാപൂര്‍വം സ്വീകരിക്കുക. അതേപോലെ മറ്റുള്ളവര്‍ മുഖേന തനിക്കു സംഭവിക്കണമെന്ന് അല്ലാഹു നിശ്ചയിച്ച നഷ്ടങ്ങളിലും ദ്രോഹങ്ങളിലും ക്ഷമിക്കുക. അല്ലാഹുവെ അനുസരിക്കുക. ഏറെ ക്ഷമ ആവശ്യമുള്ള കാര്യമാണ് ഇവയെല്ലാം. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ പല നിയന്ത്രണങ്ങളും ജീവിതത്തില്‍ ഏര്‍പ്പെടുത്തേണ്ടതായി വരും. പല സ്വാതന്ത്ര്യങ്ങളും ഉപയോഗിക്കാന്‍ പറ്റില്ല. പല ഇഷ്ടങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. ക്ഷമയോടെ നിര്‍വഹിക്കേണ്ട ഒട്ടധികം കര്‍മങ്ങളും കടപ്പാടുകളുമുണ്ട്. വൃദ്ധ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ ക്ഷമ ആവശ്യമാണ്. യാതൊരു അനിഷ്ടവും അതൃപ്തിയും പ്രകടിപ്പിക്കാതെ ഇവ നിര്‍വഹിക്കുന്നതിന് ക്ഷമ കൂടിയേ കഴിയൂ. അതേപോലെ തന്നെയാണ് അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും. ഒട്ടേറെ പ്രലോഭനങ്ങളെ അതിജയിച്ചു വേണം വിലക്കുകള്‍ അനുസരിക്കാന്‍. ക്ഷമയുള്ളവര്‍ക്കേ അതു സാധിക്കുകയുള്ളൂ.
ഒരാള്‍ക്കും തന്റെ വിധി എന്താണെന്ന് പറയാനാവില്ല. ജീവിതത്തില്‍ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷകളില്‍ തോറ്റുപോകുന്നു. സംരംഭങ്ങള്‍ പരാജയപ്പെടുന്നു. വലിയ മുതല്‍മുടക്കില്‍ പടുത്തുയര്‍ത്തിയ സൗധങ്ങള്‍ ഭൂചലനം, സുനാമി, പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ തകര്‍ന്നുപോകുന്നു. മാരകമായ രോഗങ്ങള്‍ പിടിപെടുന്നു. മറ്റുള്ളവര്‍ ഒരുക്കിയ കെണികളില്‍ അകപ്പെട്ടു വലിയ സങ്കടങ്ങള്‍ ഉണ്ടാകുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ക്ഷമിക്കാന്‍ കഴിയുന്നവനാണ് വിശ്വാസി.
ക്ഷമയുടെ പ്രാധാന്യം വിശുദ്ധ ഖുര്‍ആന്‍ പല സൂക്തങ്ങളിലായി ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്: ”തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് ക്ഷമ അവലംബിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവര്‍ക്ക് അനുഗുണമായിരിക്കും ഈ ഭവനത്തിന്റെ പരിസമാപ്തി” (13:22).
”താങ്കള്‍ സുന്ദരമായ ക്ഷമ ക്ഷമിക്കുക” (70:5).
”ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക” (2:155).
”ക്ഷമിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്” (10:11).
”സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മുന്നേറുകയും പ്രതിരോധ സന്നദ്ധരായി ഇരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിക്കും” (3:200).
”ക്ഷമാശീലര്‍ക്ക് കണക്കു നോക്കാതെ പ്രതിഫലം നല്‍കുന്നതാണ്” (39:10).
”നിങ്ങള്‍ ക്ഷമയും നമസ്‌കാരവും കൊണ്ട് അല്ലാഹുവിനോട് സഹായം തേടുക. നിശ്ചയമായും ക്ഷമാശീലരുടെ കൂടെയാകുന്നു അല്ലാഹു” (2:153). ഇങ്ങനെ നിരവധി വചനങ്ങള്‍.
പ്രവാചക അധ്യാപനങ്ങളിലും നല്ലൊരു പങ്ക് ക്ഷമയെ കുറിച്ചാണ്. ”ക്ഷമ വിശ്വാസത്തിന്റെ പകുതിയാകുന്നു” എന്നതാണ് പ്രസിദ്ധമായ ഒരു വചനം. തിരുനബിയുടെ പുത്രി സൈനബിന്റെ മകന്‍ മരണാസന്നനായപ്പോള്‍ നബി മകള്‍ക്ക് നല്‍കിയ ഉപദേശം ഇതാണ്: ”അല്ലാഹു തന്നതും തിരിച്ചുവാങ്ങിയതും അവന്റേതാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍ അവധി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ക്ഷമ അവലംബിക്കുക.” തിരുനബി പറഞ്ഞു: ”പരീക്ഷിക്കപ്പെടുകയും ക്ഷമിക്കുകയും ചെയ്തവന്‍ എത്ര നല്ലവന്‍” (അബൂദാവൂദ്).
കയ്പുനീര്‍ മുഖം ചുളിക്കാതെ കുടിച്ചിറക്കലാണ് ക്ഷമ എന്ന് ജുനൈദുല്‍ ബാഗ്ദാദി പറഞ്ഞിട്ടുണ്ട്. ജീവിതപ്രയാസങ്ങളെ കൂസലില്ലാതെ നേരിടലാണ് അത്. എല്ലാ നോവുകളെയും പരാതികളില്ലാതെ സഹിക്കാന്‍ ക്ഷമാശീലര്‍ക്കേ കഴിയൂ. ജീവിതവിജയത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണത്.
അല്‍പം കൂടി ശ്രമിച്ചാല്‍, ക്ഷമയോടെ കാത്തിരുന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ അക്ഷമരെ ആത്മഹത്യയില്‍ വരെ എത്തിക്കുന്നു. സ്വന്തം ജീവിതത്തെ ഒരു കഥ പോലെ വായിച്ചാസ്വദിക്കാന്‍ പറ്റണം. എങ്കില്‍ അടുത്ത താളില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കാനാവും.

Back to Top