ക്രിയാത്മകമായ ക്ലാസ്‌റൂം വിഭാവന ചെയ്ത വ്യക്തിത്വം
പി സഫറുല്ല
ക്രിയാത്മക ക്ലാസ്‌റൂം സ്വപ്‌നം കണ്ട വ്യക്തിത്വമായിരുന്നു ഡോ. കെ അബ്ദുറഹ്മാന്‍. ഏതൊരു സ്ഥാപനവും മികവാര്‍ന്നതും വിജയകരവുമാകണമെങ്കില്‍ ആശയവും ആസൂത്രണവും അത്യാവശ്യമാണ്. ഇത് രണ്ടിന്റെയും അഭാവമാണ് കേരളത്തിലെ മിക്ക സ്ഥാപനങ്ങളും ലക്ഷ്യം കാണാതെ പോവുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം ഒട്ടുമിക്ക സമയത്ത് കാണുമ്പോഴും പറയാറുണ്ടായിരുന്നു. ആശയത്തിന്റെയും ആസൂത്രണത്തിന്റേയും അകലം കുറച്ചാല്‍ സ്ഥാപനങ്ങളെ ക്രിയാത്മകവും മികവാര്‍ന്നതുമായ അറിയപ്പെടുന്ന സ്ഥാപനമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ നടപ്പില്‍ വരുത്താന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
പരീക്ഷണാടിസ്ഥാനത്തിലും തെളിവിന്റെ അടിസ്ഥാനത്തിലുമാണ് സ്ഥാപനങ്ങളുള്ളത്. എന്നാല്‍ കേരളത്തിലെ മിക്ക സ്ഥാപനങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നതാണ് എന്നതാണ് സത്യം. ഇവക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസകരവുമാണ്. എന്നാല്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് വ്യക്തി ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം നേടാനും സാധിച്ചിട്ടുണ്ട്. വരുന്നിടത്ത് വെച്ച് കാണാം എന്ന രീതിയില്‍ ഹിമാലയം കയറിയാല്‍ കാറ്റിന്റെയും മഞ്ഞുവീഴ്ചയുടെയും ഇടയില്‍ പെട്ട് കാലിടറി തെന്നിപോവും. ഇത് ലക്ഷ്യം വെച്ചവന്റെ അവസാനവുമായിരിക്കും. ഇത്തരത്തിലുള്ളതാണ് നമ്മുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും വ്യക്തികളും. എന്നാല്‍ ഹിമാലയം കയറിയ വ്യക്തികളെയും അതിന് പരിശീലനം ലഭ്യമാക്കിയ സ്ഥാപനത്തിലും പോയി അന്വേഷിച്ച് വിലയിരുത്തി ഹിമാലയം കയറിയാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കും. തടസ്സങ്ങളെ മറികടക്കാനുള്ള പരിശീലനങ്ങള്‍ നേടി മാത്രമേ ഇവര്‍ കളത്തിലിറങ്ങുകയുള്ളൂ. ഒരു പുതിയ സ്ഥാപനം തുടങ്ങുമ്പോള്‍ രണ്ട് തരത്തിലുള്ള സ്ഥാപനങ്ങള്‍ നാം പഠന വിധേയമാക്കേണ്ടതുണ്ട്. വിജയിച്ച സ്ഥാപനങ്ങളും പരാജയപ്പെട്ട സ്ഥാപനങ്ങളും. ഈ രണ്ട് സ്ഥാപനങ്ങളിലേയും ജയ പരാജയങ്ങള്‍ വിലയിരുത്താന്‍ സാധിച്ച് വിജയത്തിലേക്കെത്താനുള്ള ആസൂത്രണ ശ്രമങ്ങള്‍ നടത്തുമ്പോഴാണ് സ്ഥാപനം സ്വപ്‌നം കണ്ട രീതിയില്‍ വളരുകയുള്ളൂ.
മിക്ക സമയത്തും കണ്ടാലും അല്ലെങ്കില്‍ ഫോണിലൂടെയാണെങ്കിലും ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം, ക്രിയാത്മകമായ ക്ലാസ് റൂമിന് നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നുള്ളതായിരുന്നു. അധ്യാപകന്‍, പഠനോപകരണങ്ങള്‍, രക്ഷിതാക്കള്‍ എന്നിവയാണ് ക്രിയേറ്റീവ് ക്ലാസ് റൂമിന് വേണ്ടത്. അതില്‍ അധ്യാപകനെ വാര്‍ത്തെടുക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അരീക്കോട്ടെ അറ്റ്‌ലസ് എന്ന സ്ഥാപനം ആരംഭിച്ചത്. ഒരു അധ്യാപകന്‍ പഠന സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ക്രിയാത്മകമായ പരിശീലനം നേടേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു സ്വയം വിലയിരുത്തലും മൂല്യനിര്‍ണയവുമൊക്കെ.
അതുപോലെ വായിക്കുന്ന സമൂഹമാവാന്‍ വേണ്ടി അറ്റ്‌ലസിലൂടെ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. നല്ല വായനക്കാരായ കുട്ടികള്‍ക്കുള്ള പ്രചോദക ക്ലാസ്, അധ്യാപകര്‍ക്കിടയില്‍ നല്ല വായനക്കാര്‍ക്കുള്ള അവാര്‍ഡ് എന്നിവ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. വ്യത്യസ്ത കുട്ടികളില്‍ അവരുടെ പഠന രീതികളും വ്യത്യസ്തമായിരിക്കും.
എന്നാല്‍ അതിനനുസരിച്ച് അധ്യാപകര്‍ എല്ലാവര്‍ക്കും വേണ്ട രീതിയില്‍ പഠിപ്പിക്കാന്‍ പ്രാപ്തമാവണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നീട് അദ്ദേഹം ചര്‍ച്ചക്ക് കൊണ്ടുവന്നത് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെകുറിച്ചായിരുന്നു. ഹോവാര്‍ഡ് ഗാര്‍ഡിനര്‍ പരീക്ഷണം ചെയ്ത് വിജയിച്ച ഒമ്പത് കഴിവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. കുട്ടികളുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനനുസരിച്ച് എന്നാണാവോ നമ്മുടെ അധ്യാപക സമൂഹത്തിനും രക്ഷിതാക്കള്‍ക്കും തിരിച്ചറിവുണ്ടാവുക എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. ഈ രീതിയില്‍ കുട്ടികളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് നോബിളും എയ്‌സും മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തമാവുന്നതും. ഓട്ടിസം ബാധിച്ച കുട്ടികളിലെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുക്കാനും വിദ്യാര്‍ഥികളുടെ ഇമോഷണല്‍ ഇന്റലിജന്‍സ് ക്ലാസ് റൂമുകളില്‍ നിന്ന് തന്നെ വികസിപ്പിച്ചെടുക്കാനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു അവസാന കാലത്ത് അദ്ദേഹം ഉണ്ടായിരുന്നത്. അവസാനമായി, ഗള്‍ഫില്‍ നിന്ന് വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരുപറ്റം ആളുകളെ വാര്‍ത്തെടുക്കാന്‍ അരിസ്റ്റോട്ടില്‍ ക്ലബ്ബ് രൂപീകരിക്കണമെന്നാണ്. അരിസ്റ്റോട്ടില്‍ ക്ലബ്ബ് ഓരോ പ്രദേശത്തുമുണ്ടായാല്‍ മികവാര്‍ന്ന ഒരു സമൂഹമായി മാറുമെന്ന സ്വപ്‌നമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
സംസ്ഥാന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം
റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)