കൃതജ്ഞത എന്ന കലയാണ് സന്തോഷത്തിന്റെ താക്കോല്‍
ഡോ. തമര്‍ ദസൂഖി
നാല്പതു വയസ്സുകാരനായ ഐ ടി പ്രൊഫഷണല്‍ കരീം പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത, കരിയറില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ്. സ്‌നേഹനിധിയായ ഭാര്യ, ചുറുചുറുക്കുള്ള മക്കള്‍ എന്നിവയ്ക്കുപുറമെ സാമ്പത്തികമായും സാമൂഹികമായും കുടുംബപരമായും അയാള്‍ ഉയര്‍ന്ന നിലയിലാണ്. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും അയാള്‍ തേടുന്ന ഒരു തരം പൂര്‍ണത അയാള്‍ക്ക് ലഭിച്ചിരുന്നില്ല. ഏതോ ഒരു തൃപ്തികേട് അയാളെ അലട്ടി കൊണ്ടേ ഇരുന്നു.
അതേസമയം സൈനബ് എന്ന വിധവ തന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം നല്ല രീതിയില്‍ പുലര്‍ത്തുന്നു. 36-ആം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചത് മുതല്‍ തന്റെ നാലുമക്കള്‍ അടങ്ങുന്ന കുടുംബത്തിന് താങ്ങും തണലുമായി അവര്‍ മാറി. രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ മാത്രം കഴിയുന്ന തന്റെ വരുമാനത്തില്‍ ഒരു ഭാഗം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാനും അവര്‍ മറക്കാറില്ല. സദാസമയവും അവരുടെ ചുണ്ടുകള്‍ അല്ലാഹുവിനോടുള്ള നന്ദി സൂചകമായി പ്രാര്‍ഥിക്കുന്നതും കാണാം. അവര്‍ക്ക് ജീവിതത്തോട് വിമുഖത ഉണ്ടായിരുന്നില്ല. ഇത്തരം കരീമുമാരും സൈനബുമാരും സമൂഹത്തില്‍ അനവധിയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അപ്പുറം അനുഗ്രഹം ഉണ്ടായിരിക്കുമ്പോള്‍ ജീവിതത്തില്‍ തൃപ്തി ലഭിക്കുക ബുദ്ധിമുട്ടാണ്. വെല്ലുവിളികളെയെല്ലാം ഒറ്റക്ക് നേരിട്ട് ജീവിക്കുന്ന സൈനബ് സന്തുഷ്ട്ടയാണ്. സന്തോഷത്തിന്റെ താക്കോല്‍ അവര്‍ കണ്ടെത്തിയത് അല്ലാഹുവിനോടുള്ള ഉപകാര സ്മരണയിലാണ് എന്ന് നിസ്സംശയം പറയാം.
കൃതജ്ഞതയോടെ ജീവിക്കുക എന്നതിന് വിചാരിക്കുന്നതിലുമപ്പുറം ഗുണങ്ങള്‍ ഉണ്ട്. കൃതജ്ഞതാ ബോധം എപ്രകാരമാണ് നമ്മുടെ ക്ഷേമത്തെയും ശാരീരികാരോഗ്യത്തെയും ഭൗതിക ത്വര കുറക്കുന്നതിനെയും സ്വാധീനിക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്ഷേമത്തിന് നന്ദിപ്രകടനം അത്രയധികം സ്വാധീനം ചെലുത്തുന്ന ഘടകമാണെങ്കില്‍ കൂടിയും അവ പ്രയോഗത്തില്‍ വരുത്തുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ ഒരു പോള്‍ ഇതിന് തെളിവാണ്. ശേഖരിച്ച ഡാറ്റയില്‍ 52% സ്ത്രീകളും 44% പുരുഷന്മാരും മാത്രമാണ് നന്ദി പ്രകടനം നടത്തുന്നതായി അടയാളപ്പെടുത്തിയത്.
നന്ദി പ്രധാനമാണെന്ന് ആളുകള്‍ സമ്മതിച്ചപ്പോഴും (പ്രതികരിച്ചവരില്‍ 90%), ആ വ്യക്തികളില്‍ പകുതിയോളം (50% ) മാത്രമേ അത് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും പതിവായി പ്രകടിപ്പിക്കുന്നുള്ളൂ എന്നും കാണാം. ‘വളരെ പ്രധാനമാണ് എന്ന് എനിക്കറിയാമെങ്കിലും ഞാന്‍ അത് ചെയ്യില്ല’ എന്ന മനുഷ്യന്റെ ക്ലാസ്സിക് മനോഭാവമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥിതി മുസ്ലിം സമുദായത്തിലും വിഭിന്നമല്ല. മതത്തില്‍ കൃതജ്ഞത ഒരു കേന്ദ്രബിന്ദുവായി തന്നെ വര്‍ത്തിക്കുന്നുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എന്തുകൊണ്ടാണ് അല്ലാഹു നമ്മില്‍ നിന്ന് നന്ദി പ്രതീക്ഷിക്കുന്നത്. അതിലും പ്രധാനമായി, എന്തുകൊണ്ടാണ് അവന്‍ നമ്മുടെ സ്തുതിക്ക് അര്‍ഹനാകുന്നത് എന്നതിനുള്ള ഉത്തരം നമ്മുടെ വിശ്വാസം നമുക്ക് നല്‍കുന്നു. ഈ ധാരണയോടെ, തങ്ങളുടെ വിശ്വാസങ്ങളില്‍ പ്രവര്‍ത്തിക്കാനും പതിവായി നന്ദി പ്രകടിപ്പിക്കാനുമുള്ള ശരിയായ പ്രചോദനം മുസ്ലിം നേടേണ്ടതുണ്ട്. ഈമാന്റെ പൂര്‍ത്തീകരണത്തിന് അത് അത്യാവശ്യമാണ്.
ശുക്ര്‍ എന്ന അറബിപദം കൊണ്ട് അര്‍ഥമാക്കുന്ന കൃതജ്ഞതക്ക് മുസ്ലിം സമുദായത്തില്‍ എത്രത്തോളം പങ്കുണ്ടെന്ന് നോക്കാം. ഇസ്ലാമിക സന്ദര്‍ഭത്തില്‍ ഉപയോഗിക്കുമ്പോള്‍, ശുക്‌റിന്റെ അര്‍ഥം സമകാലിക സമൂഹത്തില്‍ ഉപയോഗിക്കുന്ന നന്ദിയുടെയും അതിന്റെ പൊതുവായ ആശയങ്ങളുടെയും അപ്പുറത്തേക്ക് വ്യാപിക്കുന്നു. ശുക്ര്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ലൗകികവും പാരത്രികവുമായ അനന്തമായ പ്രതിഫലങ്ങള്‍ വളര്‍ത്തുന്ന ഒരു ജീവിതരീതിയാണ്. ഖുര്‍ആനിലും സുന്നത്തിലും ശുക്ര്‍ ഉണ്ടായിരിക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലുകള്‍ ധാരാളം ഉണ്ട്. നമ്മുടെ വിശ്വാസത്തിന്റെ (ഈമാന്‍) പകുതിയും അത് (ശുക്ര്‍) അനുഷ്ഠിക്കുന്നതിലാണ് എന്ന് ഇബ്നുല്‍ഖയ്യിം പറഞ്ഞിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങള്‍ സൂചിപ്പിച്ച് ശുക്‌റിന്റെ പ്രാധാന്യം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. സമഗ്രമായ ജീവിതരീതി നിലനിര്‍ത്താന്‍ ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ പെട്ട ഒരു ഭാഗം തന്നെയാണ് ശുക്ര്‍.
ശുക്ര്‍:
വിശ്വാസത്തിന്റെ
പ്രധാന ഘടകം
അടിസ്ഥാനപരമായി ശുക്ര്‍ ലഭ്യമാകുന്ന നന്മകളെ കുറിച്ചുള്ള ഒരുത്തന്റെ തിരിച്ചറിവാണ്. ഈ തിരിച്ചറിവ് വികാരമോ പെരുമാറ്റമോ സാമൂഹിക ഇടപെടലോ ഒക്കെയായി പ്രകടമാവുകയാണ് ചെയ്യുന്നത്. എല്ലാറ്റിനുമുപരിയായി ഇത് ഒരു ആരാധനാക്രമമാണ്. ആളുകള്‍ക്കിടയില്‍ മതിപ്പും സഹകരണവും വളര്‍ത്താനും സ്രഷ്ടാവിനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കാനും മാത്രമല്ല ശുക്ര്‍ സഹായിക്കുക, അത് വ്യക്തികള്‍ എന്ന നിലയില്‍ നമ്മില്‍ അഗാധമായ മാറ്റം കൊണ്ടുവരുകയും ചെയ്യുന്നു. ആയതിനാല്‍ കൃത്യമായ ചട്ടക്കൂടുകളോടെ ശുക്ര്‍ പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ മുസ്ലിമിന് സാധിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ വ്യക്തമായ ബോധ്യത്തോടെ ഒരാള്‍ അല്ലാഹുവിനെ സ്തുതിച്ചാല്‍, അവന്റെ നന്മകളോട് നന്ദിയുള്ളവനായാല്‍ ഇഹത്തിലും പരത്തിലും വിജയിക്കപെട്ടവരില്‍ അവന്റെ പേര് ചേര്‍ക്കപ്പെടും. ഇബ്നുല്‍ഖയ്യിം അല്‍ജൗസി ഇപ്രകാരം പ്രസ്താവിക്കുമ്പോള്‍, ശുക്‌റിന്റെ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ ഒരു നിര്‍വചനം നമുക്ക് ലഭ്യമാകുന്നു.
ശുക്ര്‍ പ്രകടനം താഴെ പറയും വിധമാണ്:
1- ഹൃദയം, വിധേയത്വത്തിന്റെ വികാരങ്ങളാല്‍.
2-നാവ്, വാക്കാലുള്ള നന്ദിപ്രകടനവും ദാതാവിനെ സ്തുതിക്കലും.
3- അനുസരണയുടെയും അചഞ്ചലമായ ഭക്തിയുടെയും പ്രവൃത്തികള്‍.
ഇബ്നുല്‍ഖയ്യിം ബാഹ്യ ഭാവങ്ങളെയും ആന്തരിക അനുഭവങ്ങളെയും ഈ നിര്‍വചനത്തില്‍ സമന്വയിപ്പിക്കുന്നു. ശുക്ര്‍ എന്നത് ഹൃദയത്തില്‍ അനുഭവപ്പെടുകയും നമ്മുടെ ബാഹ്യ സ്വഭാവത്തില്‍ പ്രകടമാവുകയും വേണം.
ശുക്ര്‍ എന്നത് ഒരു ഐച്ഛികമോ അത്യാചാരമോ ആയ സമ്പ്രദായമല്ല. മറിച്ച്, ആരാധനയുടെ സത്തയ്ക്ക് അടിത്തറയിടുന്ന അടിസ്ഥാനപരമായ ബാധ്യതയാണ്(ഖുര്‍ആന്‍, 16:114; 2:172). ശുക്ര്‍ പ്രകടിപ്പിക്കുന്നവരെയും അല്ലാത്തവരെയും അടിസ്ഥാനമാക്കി അല്ലാഹു അവന്റെ സൃഷ്ടികളെ വിഭജിക്കുന്നു.
ഉദാഹരണത്തിന്, അവന്‍ പറയുന്നു: (76:3) തീര്‍ച്ചയായും, നാം അവനെ (അതായത്, മനുഷ്യനെ) ഇവ്വിധം നയിച്ചു, അവന്‍ നന്ദിയുള്ളവനാകട്ടെ (ശാക്കിര്‍) അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാകട്ടെ (കഫൂര്‍).
ഒരു അനുഗ്രഹത്തിന് പരസ്യമായ നന്ദി പ്രകടനമാണ് ശുക്ര്‍ എങ്കില്‍ കുഫ്ര്‍ അതിന്റെ വിപരീതമാണ്. മറച്ചുവെക്കുക എന്നര്‍ഥമുള്ള കഫറ എന്ന മൂലപദത്തില്‍ നിന്ന് ഉരുതിരിഞ്ഞതാണ് കുഫ്ര്‍ എന്ന പദം. ആയതിനാല്‍ ഒരാള്‍ തന്റെ അനുഗ്രഹങ്ങളെ മതിക്കാതെ അവയോടുള്ള നന്ദി പ്രകടനത്തെ മറച്ചു വെക്കുന്നതാണ് കുഫ്ര്‍ അഥവാ അവിശ്വാസം. അല്ലാഹുവിന്റെ കാരുണ്യം നേടുന്നതിന് ശുക്‌റിന്റെ പാതയിലെ അടയാളങ്ങളും അതില്‍ എങ്ങനെ നിലകൊള്ളണമെന്നതും അറിയേണ്ടത് അത്യാവശ്യമാണ്(4:147).
ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടവരാണ് വിശ്വാസികള്‍. അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനെ സ്തുതിക്കുകയും അര്‍ഹതപ്പെട്ടവന് അവന്റെ ആജ്ഞപ്രകാരം അവ പകുത്തു നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശാക്കിര്‍ ആയി ജീവിക്കാന്‍ ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
വിവ.
അഫീഫ ഷെറിന്‍ കെ കെ