ജമാഅത്തെ ഇസ്‌ലാമിക്ക് ഇരട്ട മുഖമെന്തിന്?
കെ പി എസ് ഫാറൂഖി
ജമാഅത്തെ ഇസ്‌ലാമിക്ക് മതസമൂഹത്തിലും പൊതു സമൂഹത്തിലും ഇരട്ട മുഖമാണെന്ന് അതിന്റെ ആചാര്യന്മാരുടെയും നേതാക്കളുടെയും വാക്കുകള്‍ തന്നെ സാക്ഷീകരിക്കുന്നു. നിരവധി ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ ഉദ്ധരിക്കാന്‍ സാധിക്കും. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം, മതേതരത്വം എന്നിവയില്‍ ഇരട്ട മുഖമാണെന്ന് പൊതു സമൂഹത്തിന്റെ മുമ്പില്‍ വ്യക്തമായി പറഞ്ഞത് കേരളത്തിലെ പ്രമുഖമായ രണ്ട് മതേതര പാര്‍ട്ടികളുടെ പ്രഗത്ഭരായ രണ്ട് നേതാക്കളാണ്. മുസ്‌ലിംലീഗിന്റെ ഡോ. എം കെ മുനീറും സി പി എമ്മിന്റെ കോടിയേരി ബാലകൃഷ്ണനും. താഴെ കൊടുക്കുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കാം:
”കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്ക് ഇരട്ട മുഖമാണുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ എം കെ മുനീര്‍ പറഞ്ഞു. തങ്ങള്‍ മതേതരത്വവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുമ്പോഴും മതരാഷ്ട്രവാദത്തിന്റെ അടിത്തറയെ ജമാഅത്തെ ഇസ്‌ലാമി നിഷേധിക്കുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത മൗദൂദിയെ മുറുകെ പിടിക്കുകയും ജനാധിപത്യവാദികളാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീര്‍.
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ തന്നെ വൈരുധ്യമുണ്ട്. എല്ലാ മതസ്ഥര്‍ക്കും അംഗമാകാം എന്ന് പറയുമ്പോഴും അതിന്റെ തുടര്‍ച്ചയായി പറയുന്നത് ഇസ്‌ലാം മതത്തെക്കുറിച്ച് മാത്രമാണ്. ഭരണഘടന എവിടെ നില്‍ക്കുന്നു, മൗദൂദി എവിടെ നില്‍ക്കുന്നു, ജമാഅത്തെ ഇസ്‌ലാമി എവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കുമ്പോഴാണ് ഈ വൈരുധ്യം ബോധ്യമാകുന്നത്. തിരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ട മുഖത്തെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് പല നഷ്ടവും വന്നേക്കാം. എന്നാല്‍ അതിന്റെ പേരില്‍ വരുന്ന നഷ്ടം കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെ പറ്റിയുള്ള ആധികാരിക പുസ്തകമാണ് ‘ദൈവത്തിന്റെ രാഷ്ട്രീയം’ -മുനീര്‍ പറഞ്ഞു.” (മാതൃഭൂമി 15/3/2011)
ജമാഅത്തെ ഇസ്‌ലാമിക്ക് പല മുഖം: മന്ത്രി കോടിയേരി എന്ന പേരില്‍ കണ്ണൂരില്‍ നിന്നുള്ള സുദിനം പത്രത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരം:
”ജമാഅത്തെ ഇസ്‌ലാമി മതമൗലിക വാദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇവര്‍ക്ക് വ്യത്യസ്ത മുഖങ്ങളാണുള്ളത്.” (സുദിനം ദിനപത്രം 24/5/2010)
ജമാഅത്തെ ഇസ്‌ലാമിയുടെ ഇത്തരം ഇരട്ടത്താപ്പ് സമീപനത്തെ പറ്റി സൂചിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ സി പി എം നേതാക്കളും മുസ്‌ലിംലീഗ് നേതാക്കളും മാത്രമല്ല. മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്തുള്ള ധാരാളം പ്രമുഖ വ്യക്തികള്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് ജമാഅത്ത് സഹയാത്രികരായ പലരും ജമാഅത്ത് പ്രവര്‍ത്തന രംഗത്ത് നിന്ന് വിട്ടു പോരുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തതിന്റെ കാരണമായി സൂചിപ്പിക്കപ്പെട്ടതും ആദര്‍ശ രംഗത്തുള്ള ഈ സുതാര്യതയില്ലായ്മ തന്നെയാണ്.
ജമാഅത്തെ ഇസ്‌ലാമി 1986-ന് ശേഷം മതേതര രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാനും 2011-ല്‍ വെല്‍ഫയര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കാനും ഇപ്പോള്‍ 2020-ല്‍ യു ഡി എഫിലെ പ്രമുഖ മതേതര കക്ഷിയായ മുസ്‌ലിംലീഗുമായി പ്രാദേശികതലത്തിലെങ്കിലും തെരഞ്ഞെടുപ്പ് സഹകരണ ധാരണക്ക് ശ്രമിക്കുകയും ചെയ്യുമ്പോഴെല്ലാം അകമെ പൊതിഞ്ഞുവെച്ച ഈ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ ജമാഅത്തിന് അസ്തിത്വ പ്രതിസന്ധിയായി നിലനില്‍ക്കുകയും ചെയ്യുന്നു.
ജമാഅത്തെ ഇസ്‌ലാമി 1941 മുതല്‍ പതിറ്റാണ്ടുകളോളം മതേതരത്വ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയും മതരാഷ്ട്ര സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്രമല്ല ഈ അസ്തിത്വ പ്രതിസന്ധി ഉള്ളത്. ജമാഅത്ത് കൃതികളില്‍ ഇപ്പോഴും അവ സുലഭമായി തിരുത്തപ്പെടാതെ നിലനില്‍ക്കുന്നു എന്നതും തരം കിട്ടുമ്പോഴൊക്കെ മതേതര സമര മുഖത്ത് വരെ ജമാഅത്തിന് മേല്‍കൈ കിട്ടുമ്പോള്‍ ‘അല്ലാഹു അക്ബര്‍’ രാഷ്ട്രീയ മുദ്രാവാക്യമായി വരുന്നു എന്നതും പൊതു സമൂഹത്തിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൗദൂദിയുടെ സുലഭമായ മതരാഷ്ട്രവാദ വാചാടോപങ്ങളെ നിരാകരിക്കാനോ തള്ളിപ്പറയാനോ ജമാഅത്ത് നേതൃത്വം തയ്യാറാകുന്നുമില്ല എന്നതാണ് ജമാഅത്ത് നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ മുഖ്യ കാരണം.
ബി ജെ പിക്ക് അതിന്റെ ഹിന്ദുത്വ അജണ്ടയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ കേവല ഭൗതികവാദവും മാറ്റിനിര്‍ത്തിയാല്‍ ആദര്‍ശപരമായ അസ്തിത്വമില്ല എന്നത് പോലെ ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം (ഇഖാമത്തുദ്ദീന്‍ എന്ന ഹുകൂമത്തെ ഇലാഹി) മാറ്റി വെച്ചാല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിലുള്ള അസ്തിത്വത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. അത് കൊണ്ടാണ് അകമെ മതരാഷ്ട്രസിദ്ധാന്തവും പുറമെ മതേതര നാട്യവും എന്ന ഇരുമുഖ സമീപനം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.
മൗദൂദിയുടെ മതരാഷ്ട്രവാദത്തെ സംഘടനാ തലത്തില്‍ തന്നെ തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറാവുക, അല്ലെങ്കില്‍ ഇത് വരെ ഇടത്തോട്ടും അവിടെ ഇനി സാധ്യതയില്ല എന്ന് കാണുമ്പോള്‍ വലത്തോട്ടും ചാഞ്ഞും ചെരിഞ്ഞുമുള്ള ഈ മതേതര പൊയ്മുഖം സത്യസന്ധമായി ഒഴിവാക്കി 1986-ന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു പോവുക. ഇതാണ് സുതാര്യത, ഇതാണ് സത്യസന്ധത.
അല്ലാതെ അതും ശശി ഇതും ശരി (മുസ്‌ലിംകള്‍ ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നും മതേതരത്വ രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നുമുള്ള വിരുദ്ധ നിലപാട്) എന്ന സമീപനത്തിലൂടെ ജമാഅത്ത് അമീറിന് സ്വന്തം പ്രവര്‍ത്തകരെ സമാധാനിപ്പിച്ച് നിര്‍ത്താനും പൊതു സമൂഹത്തില്‍ ഒരു പുകമറ സൃഷ്ടിക്കാനും തല്‍ക്കാലം കഴിഞ്ഞേക്കാം. എന്നാലും ജമാഅത്തെ ഇസ്‌ലാമി എന്തിന് നിലവില്‍ വന്നു? ഇപ്പോള്‍ എന്തിന് നിലകൊള്ളുന്നു? എന്നുള്ള അടിസ്ഥാന ചോദ്യത്തിനും അതിന് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന കുറെ ഉപചോദ്യങ്ങള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയും അവരെ ചേര്‍ത്തു നിര്‍ത്തി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കുന്ന മതേതര കക്ഷികളും മറുപടി പറയാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വരും, തീര്‍ച്ച.
ജമാഅത്തെ ഇസ്‌ലാമി ഒരു മതരാഷ്ട്രവാദ പ്രസ്ഥാനമാണ് എന്ന ആരോപണം ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒറ്റപ്പെട്ട സംഘടനയുടെയോ മാത്രമല്ല. എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ്.
ഇസ്‌ലാമിന്റെ ലക്ഷ്യം ഒരു ഭരണകൂടം സ്ഥാപിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ അനേകം സാങ്കേതിക പദങ്ങളെ മൗദൂദി ദുര്‍വ്യാഖ്യാനിച്ചു എന്ന് സുന്നീ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ‘മൗദൂദിയുടെ വൈജ്ഞാനിക പശ്ചാത്തലം’ എന്ന ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൗദൂദിയുടെ വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാല്‍ അധികാര രാഷ്ട്രീയത്തിന് വേണ്ടി മതനിയമങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ചതാണെന്ന് കാണാമെന്നും അബ്ദുല്‍ഹമീദ് ഫൈസി ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2010-ല്‍ കിനാലൂര്‍ സംഭവത്തില്‍ ജമാഅത്തെ ഇസ്‌ലാമി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിശിതമായി വിമര്‍ച്ചത് മുതലാണ് 1986 മുതല്‍ രഹസ്യമായും പരസ്യമായും കൈകോര്‍ത്തു നിന്നിരുന്ന ജമാഅത്ത് – മാര്‍ക്‌സിസ്റ്റ് ബാന്ധവത്തിന് ഉലച്ചില്‍ തട്ടാന്‍ തുടങ്ങിയത്. അതിന് ശേഷവും ജമാഅത്ത് സി പി എമ്മിനുള്ള പിന്തുണയുമായി ഇടത് വഴിയില്‍ തന്നെയായിരുന്നു എന്നതും വിരോധാഭാസം. 2010-ല്‍ ജമാഅത്ത്- മാര്‍ക്‌സിസ്റ്റ് ബാന്ധവത്തിന് വലിയ തോതില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ കളം മാറിച്ചവിട്ടാന്‍ ജമാഅത്ത് ശ്രമം നടത്തുകയും മുസ്‌ലിംലീഗുമായി അടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചെറിയ തോതില്‍ അനുകൂലമായ ചില ഇലയനക്കങ്ങളൊക്കെ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞാലിക്കുട്ടി ജമാഅത്ത് ഒരു മതരാഷ്ട്രപ്രസ്ഥാനമാണെന്നും മുസ്‌ലിംലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്നും വ്യക്തമാക്കി ആ ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണുണ്ടായത്. കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ നിലപാട് വിശദീകരിച്ചു പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വന്ന വരികള്‍ ഇപ്രകാരം:
”രാഷ്ടീയമായി ജമാഅത്ത് മുസ്‌ലിംലീഗിനെ എതിര്‍ത്തു കൊണ്ടേയിരിക്കുകയായിരുന്നു. ഐ എസ് എസ്, മഅദനി, പാര്‍ട്ടിയിലെ ഭിന്നിപ്പ്, ജെ ഡി ടി പോലെയുള്ള സമുദായത്തിലെ പ്രശ്‌നങ്ങള്‍, പാര്‍ട്ടിക്കെതിരെ ദുരാരോപണങ്ങള്‍, മുസ്‌ലിംലീഗ് മന്ത്രിമാരുടെ വികസന പദ്ധതികള്‍ എന്നിവയിലെല്ലാം കക്ഷി ചേര്‍ന്ന് മുസ്‌ലിംലീഗിനെ കനത്ത തോതില്‍ എതിര്‍ക്കുന്ന വിരുദ്ധരാഷ്ട്രീയമായിരുന്നു ജമാഅത്ത് പ്രയോഗിച്ചത്. മുസ്‌ലിംലീഗിനെ വിമര്‍ശിക്കാന്‍ കിട്ടിയ സന്ദര്‍ഭങ്ങളെ നിര്‍ദാക്ഷിണ്യം പ്രയോജനപ്പെടുത്തി. ഒരു ദയയും കാണിക്കാതെ കൊന്ന് കൈയില്‍ കൊടുക്കുക എന്ന സമീപനം തന്നെയായിരുന്നു അത്. അങ്ങോട്ടുകാണിച്ച സൗഹാര്‍ദ്ദത്തിന് ഒരു സന്മനോഭാവത്തോടെയുള്ള പ്രതികരണം തിരിച്ച് ജമാഅത്തില്‍ നിന്ന് ഒരിക്കലുമുണ്ടായില്ല.” (2010 മെയ് 22ന് ‘ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം ഇടതിനെ ബാധിക്കുന്നത്’ എന്ന പേരില്‍ പി കെ കുഞ്ഞാലിക്കുട്ടി ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്)
‘ഇല്ലത്ത് നിന്ന് വിട്ടു, അമ്മാത്തെത്തിയുമില്ല’ എന്ന അവസ്ഥയിലായിരുന്നു 2010-ല്‍ ജമാഅത്ത്. ഇടതോ വലതോ ചാരി നില്‍ക്കാതെ രാഷ്ട്രീയത്തില്‍ സ്വന്തമായി നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജമാഅത്ത് വീണ്ടും പിന്തുണ ഇടതിന് പതിച്ചു നല്‍കി.
ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രപ്രസ്ഥാനമെന്ന നിലയില്‍ സി പി എം അകറ്റിനിര്‍ത്തുകയും മുസ്‌ലിംലീഗും അതേ കാരണം പറഞ്ഞ് ജമാഅത്തുമായി കൈകോര്‍ക്കാന്‍ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തെ സമസ്തയുടെ നേതാവായ നാസര്‍ ഫൈസി കൂടത്തായി വിലയിരുത്തിയ ഭാഗവും ശ്രദ്ധേയം. അതിപ്രകാരം:
”സി പി എമ്മിനെ ജമാഅത്ത് കണ്ടെത്തിയതും ജമാഅത്തിനെ സി പി എം കണ്ടെത്തിയതും നേരത്തെ ജനാധിപത്യ കേരളം കണ്ടെത്തിയിരുന്നു. വിവേകം വൈകി ഉദിച്ചതില്‍ അല്ലെങ്കില്‍ വൈകി സത്യം പറഞ്ഞതില്‍ സി പി എമ്മിനും ജമാഅത്തിനും അഭിനന്ദനം.” (നാസര്‍ ഫൈസി കൂടത്തായി ചന്ദ്രികയിലെഴുതിയ ‘മാര്‍ക്‌സിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയും തിരിച്ചറിവില്‍’ എന്ന ലേഖനത്തിന്റെ അവസാന വാചകം 8/7/2010)
ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി മൗദൂദി പഞ്ചാബിലെ പട്ടാന്‍കോഠില്‍ 1938-ല്‍ ‘ദാറുല്‍ഇസ്‌ലാം സഭ’ രൂപീകരിച്ചിരുന്നു. അതില്‍ ആദ്യ സമയത്ത് മൗദൂദിയോടൊപ്പം ചേര്‍ന്നുനിന്ന അബുല്‍ ഹസന്‍ അലി നദ്‌വി മൗദൂദിയുടെ പോക്ക് ശുദ്ധമായ മതരാഷ്ട്ര വാദത്തിലേക്കാണെന്നും മതപദാവലികളെ അദ്ദേഹം ദുരുപയോഗം ചെയ്യുകയും മതത്തെ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുകയാണെന്നും ബോധ്യപ്പെട്ടതിനാല്‍ മൗദൂദിയോട് അകലം സ്വീകരിച്ചു. മൗദൂദിയുമായുള്ള ബന്ധത്തെയും ബന്ധവിഛേദത്തെയും പറ്റി അബുല്‍ഹസന്‍ നദ്‌വി പറഞ്ഞ വാക്ക് പ്രസിദ്ധവും ചിന്താര്‍ഹവുമാണ്: ‘അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ബന്ധമുണ്ടാക്കി. അല്ലാഹുവിന്റെ പേരില്‍ തന്നെ ഞാന്‍ ആ ബന്ധമൊഴിഞ്ഞു’ (അഖദ്ത്തു ഫില്ലാഹ്, വതറക്തു ഫില്ലാഹ്) എന്നായിരുന്നു പ്രസിദ്ധമായ ആ വാചകം. തുടര്‍ന്ന് ഇസ്‌ലാമിന് മതരാഷ്ട്രവാദം ചമയ്ക്കുന്ന മൗദൂദിയെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ തന്നെ ഖണ്ഡിച്ചു കൊണ്ട് ‘ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം’ എന്ന പേരില്‍ അദ്ദേഹം പുസ്തകം തന്നെ രചിക്കുകയുണ്ടായി. മലയാളത്തില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയം. അതിലെ ഒരു ഭാഗം നമുക്കിങ്ങനെ വായിക്കാം:
”മൗലാനാ മൗദൂദിയുടെ ഗ്രന്ഥങ്ങളിലൂടെ മാത്രം ഇസ്‌ലാമിക പ്രബോധനവും അധ്യാപനങ്ങളും മനസ്സിലാക്കിയവര്‍ മൂന്നാം നൂറ്റാണ്ടിന് ശേഷമുള്ള ഇസ്‌ലാമിക ചരിത്രത്തെയും മുസ്‌ലിംകളുടെ ഭൂതകാലത്തെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ച് നിരാശരാകുന്നു. അങ്ങനെ ഉന്നതരായ ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ അവരുടെ മുമ്പില്‍ നിസ്സാരരാകുന്നു. കഴിഞ്ഞ കാലങ്ങളിലെ ജാഹിലിയ്യത്ത് നീക്കി ഇസ്‌ലാം പ്രചരിപ്പിക്കാനും പുരോഗതിയിലേക്കാനയിക്കാനുമായി അവര്‍ നടത്തിയ ശ്രമങ്ങള്‍ എളുതാകുന്നു. ആഗോള ഗ്രന്ഥശാലകള്‍ക്കലങ്കാരമായി ഇസ്‌ലാമിന്റെ ചിന്താപരവും വൈജ്ഞാനികവുമായ ചരിത്രത്തിന് തിലകം ചാര്‍ത്തുന്ന വൈജ്ഞാനിക സംഭാവനയുടെ മൂല്യവും കുറഞ്ഞു പോകുന്നു. സുദൃഢമായ ഇസ്‌ലാമിക ചിന്ത അഥവാ ഇസ്‌ലാമിക വീക്ഷണം ഈ ഇരുപതാം നൂറ്റാണ്ടില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനത്തിലൂടെയും അതിന്റെ സ്ഥാപകനായ മൗദൂദി മുപ്പതുകളിലെഴുതിയ ലേഖനങ്ങളിലൂടെയും മാത്രമാണ് പൂര്‍ണമായും അവതരിപ്പിക്കപ്പെട്ടതെന്ന് വളരെപ്പേര്‍ വിശ്വസിച്ചു പോരുന്നു. പലരും അത് തുറന്നു പറയുകയും ചെയ്തു. മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ വരുത്തി വെച്ച അപകടമാണിത്.” (അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം എന്ന പുസ്തകത്തില്‍ നിന്ന്)
ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം എന്ന ഈ ദീര്‍ഘ പ്രബന്ധം രചിക്കാനിടയായ സാഹചര്യത്തെപറ്റി നദ്‌വി പറയുന്ന വാക്കുകളും ഏറെ ചിന്താര്‍ഹമാണ്. ”മൗലാനാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ മാത്രം വായിച്ച്, ആ ദീന്‍ മനസ്സിലാക്കി, ആ വ്യാഖ്യാനം ഉള്‍ക്കൊണ്ട്, അതിന്റെ മുലപ്പാല്‍ കുടിച്ച്, അതിന്റെ തൊട്ടിലില്‍ ജനിച്ചു വളര്‍ന്ന ഏറെപ്പേരെ പരിചയപ്പെട്ട് ഇടപഴകിയ ശേഷം മാത്രമാണ് ഞാന്‍ ഇത്തരമൊരു ചര്‍ച്ചക്ക് തുനിഞ്ഞത്. അവരാരും മൗദൂദി ചിന്തയല്ലാത്ത മറ്റൊന്നും പഠിക്കാനും ആ സാഹിത്യ ശൈലിയല്ലാത്ത മറ്റൊന്നും ഉള്‍ക്കൊള്ളാനും തയ്യാറില്ലാത്തവരുമാണ്.” (അതേ പുസ്തകത്തില്‍ നിന്ന്).
ജമാഅത്തുമായി ഹ്രസ്വകാലമോ ദീര്‍ഘകാലമോ സഹയാത്ര നടത്തുകയും ആദര്‍ശപരമായി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഒരു നിലക്കും സാധിക്കാത്ത വിധം രണ്ട് ചിന്താധാരയില്‍ മതേതരത്വത്തിനെതിരെ മതരാഷ്ട്രവാദ ഭൂമികയിലാണ് ജമാഅത്ത് കാലുറപ്പിച്ചിരിക്കുന്നത് എന്ന് ബോധ്യപ്പെട്ട പലരും ആ ഭൂമികയില്‍ നിന്ന് തിരിഞ്ഞു നടന്നിട്ടുണ്ട്. ജമാഅത്തുമായുള്ള തന്റെ ദീര്‍ഘകാല ബന്ധത്തെ പറ്റി ഒ അബ്ദുല്ല ഒരു ലേഖനത്തില്‍ എഴുതിയത് ‘വള്ളി ട്രൗസര്‍ പ്രായം തൊട്ട് ജമാഅത്തുമായി ബന്ധപ്പെട്ടവനാണ്’ അദ്ദേഹം എന്നാണ്. എന്നാല്‍ ജമാഅത്ത് നേരിടുന്ന ആദര്‍ശ പ്രതിസന്ധിയെ പറ്റി അതൊരു നിസ്സഹമായ ‘ബ്രൈക്ക് ത്രൂ’ പ്രതിസന്ധി തന്നെയാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയം!
‘മതേതര കക്ഷികള്‍ക്ക് ഞങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ അത് തൗഹീദിന്റെ വോട്ടും ജമാഅത്തുകാരല്ലാത്ത മറ്റു മുസ്‌ലിംകള്‍ വോട്ട് ചെയ്യുമ്പോള്‍ അത് ശിര്‍ക്കിന്റെ വോട്ടുമാണെന്ന്’ വ്യംഗ്യമായും ചിലപ്പോള്‍ വ്യക്തമായും ജമാഅത്ത് സൈദ്ധാന്തികന്മാരും മൗദൂദി സാഹിത്യം മാത്രം വായിച്ച് ഇസ്‌ലാം പഠിച്ച സാധാരണ ജമാഅത്തുകാരും സ്വകാര്യ സംസാരത്തില്‍ ഇപ്പോഴും പറയുന്നുവെന്നത് ഒ അബ്ദുല്ല പറഞ്ഞ ബ്രൈക്ക് ത്രൂ പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. ജമാഅത്തിന്റെ ഇത്തരം അസ്തിത്വ പ്രതിസന്ധിയുടെയും ആശയ വൈരുധ്യങ്ങളുടെയും ധാരാളം ഉദാഹരണങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ദീര്‍ഘകാലം ജമാഅത്ത് സഹയാത്രികനായ ഒ അബ്ദുല്ല എഴുതിയ അനുഭവസാന്ദ്രമായ ശ്രദ്ധേയമായ പുസ്തകമാണ് ‘ശത്രുക്കളല്ല; സ്‌നേഹിതന്മാര്‍’ എന്ന പുസ്തകം.
ദീര്‍ഘകാലം ജമാഅത്ത് സഹയാത്രികനും ജമാഅത്തിന് വലിയ തോതില്‍ സഹായം ചെയ്യുകയും ചെയ്ത എറണാകുളത്തെ മദീനാ മസ്ജിദ് മുതവല്ലി ഹാശിം ഹാജി ജമാഅത്തിന്റെ ഇരട്ട മുഖത്തെ പറ്റി സൂചിപ്പിച്ച് പറഞ്ഞ ഒരു വാചകവും ഇതിനോട് ചേര്‍ത്ത് വായിക്കണം. ”ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം എന്താണ്? എന്തൊക്കെയോ ഗൂഢലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ട്.” (2008 മെയ് 11ന് കേരളശബ്ദത്തില്‍ വന്ന അഭിമുഖത്തില്‍)
പുറമേക്ക് കാണുന്ന ജമാഅത്തെ ഇസ്‌ലാമിയല്ല യഥാര്‍ഥ ജമാഅത്തെ ഇസ്‌ലാമി എന്ന് നാല് പതിറ്റാണ്ടു കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഹാശിംഹാജിയുടെ പുസ്തകമാണ് ‘ജമാഅത്തെ ഇസ്‌ലാമി ആരുടെ സൃഷ്ടി?’ എന്നത്.
ജമാഅത്ത് സഹയാത്രികര്‍ മാത്രമല്ല സാംസ്‌കാരിക രംഗത്തെ പ്രമുഖരും- അവരില്‍ പലരും ജമാഅത്തിന്റെ പൊതുകാര്യ പ്രസക്തമായ കാര്യങ്ങളില്‍ സഹകരിക്കുന്നവരാണ്, എന്നിട്ട് പോലും -ജമാഅത്ത് അകമെ കൊണ്ടു നടക്കുന്ന മതരാഷ്ട്രവാദത്തെയും ആദര്‍ശരംഗത്തുള്ള അവരുടെ ഇരട്ട നിലപാടുകളെയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഹിംസയുടെ ജനാധിപത്യ നാട്യങ്ങളും മതേതര നാട്യങ്ങളും എന്ന ലേഖനത്തില്‍ എഴുതിയത് ഇപ്രകാരം: ”ഇസ്‌ലാമിക ശരീഅത്തില്‍ അധിഷ്ടിതമല്ലാത്ത ഭരണക്രമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ മുസല്‍മാന്മാരാരെങ്കിലും ഇസ്‌ലാമിക വ്യവസ്ഥക്ക് വേണ്ടി ജിഹാദ് നടത്താന്‍ ബാധ്യസ്ഥരാണ് എന്ന ചിന്തകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മൗദൂദിസം അത്തരത്തിലുള്ള ഇസ്‌ലാമിക വ്യാഖ്യാനമാണ്. ഇത്തരം തീവ്രചിന്തകളില്‍ നിന്നാണ് ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യമൊക്കെ രൂപപ്പെടുന്നത്. അത് ഇതര സമുദായങ്ങളെ പ്രകോപിതരാക്കുന്നു എന്നതും സ്വാഭാവികം.” (പി സുരേന്ദ്രന്‍ ‘അകം’ മാസികയിലെഴുതിയ ലേഖനം, 2010 ജനുവരി, പേ 21 )
കെ വേണുവും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ട മുഖത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അതിപ്രകാരം: ”മൗദൂദിയെയും മൗദൂദിസത്തെയും ആരൊക്കെ എത്ര ഭംഗിയായി വെള്ളപൂശിയാലും ഒരു കാര്യം അനിഷേധ്യമാണ്. മൗദൂദിയും മൗദൂദിസത്തെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ജനാധിപത്യത്തെയല്ല ദൈവാധിപത്യത്തെയാണ് മുന്നോട്ട് വെക്കുന്നത്.” (മതരാഷ്ട്രവാദം: ജമാഅത്തെ ഇസ്‌ലാമി ചോദ്യം ചെയ്യപ്പെടുന്നു എന്ന പേരില്‍ പ്രോഗ്രസ് പബ്ലിക്കേഷന്‍സ് കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്ന്)
ഒരു അഭിമുഖ ലേഖനത്തില്‍ എം ഗംഗാധരന്‍ ജമാഅത്തിന്റെ ഇരട്ട മുഖത്തെ അനാവരണം ചെയ്തു കൊണ്ട് പറയുന്നു: ”ജമാഅത്തെ ഇസ്‌ലാമി ഏറെക്കുറെ കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്. സെക്യുലറല്ല അവര്‍. ശരിക്കും മൗദൂദിയുടെ ആശയം മുസ്‌ലിംകള്‍ മുസ്‌ലിംകളാല്‍ ഭരിക്കപ്പെടണം എന്നതാണ്. ഈ ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. മറ്റെല്ലാം ഒരു മറയാണ്.” (ഒരൊറ്റ ഇസ്‌ലാം, വേറെ വേറെ മുസ്‌ലിംകള്‍ എന്ന സംഭാഷണ ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 മെയ് 23 പേജ്: 9-17)
ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ എസ് എസിനോട് സമീകരിച്ച് കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞ വാക്ക് വിശ്രുതമാണല്ലോ. ജമാഅത്തുമായുള്ള രാഷ്ട്രീയ ബാന്ധവത്തെ പൂര്‍ണമായും നിരാകരിച്ചു കൊണ്ട് 2010-ല്‍ മുസ്‌ലിംലീഗ് തീരുമാനമെടുത്തപ്പോള്‍ അതിനെ പ്രശംസിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് യശശ്ശരീരനായ വയലാര്‍ രവിയും സമാനമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. പത്രവാര്‍ത്തയായി വന്ന ആ പരാമര്‍ശം ഇപ്രകാരം: ”ആലുവ: ജമാഅത്തെ ഇസ്‌ലാമിയും ആര്‍ എസ് എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാടിനോട് കോണ്‍ഗ്രസ്സിന് പൂര്‍ണ യോജിപ്പാണുള്ളതെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. ആലുവയില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് നിലവില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഒരു കാലത്തുമില്ലെന്നും ഇനി ഉണ്ടാകുകയില്ലെന്നും മുസ്‌ലിം ലീഗിന്റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും അദ്ദേഹം പറഞ്ഞു.” (ചന്ദ്രിക 25/5/2010)
ചുരുക്കത്തില്‍ ജമാഅത്തു സഹയാത്രികരായിരുന്ന പ്രമുഖ വ്യക്തികള്‍ മുതല്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മതസംഘടനാ നേതാക്കളും അങ്ങനെ ഒട്ടനവധി പേരുടെ ഉദ്ധരണികള്‍ ഇനിയും ഉദ്ധരിക്കാനുണ്ട്. ലേഖന ദൈര്‍ഘ്യം ഭയന്ന് പരിമിതപ്പെടുത്തുകയാണ്.
ഇഖാമത്തുദ്ദീനിന് സഹായകമായത് കൊണ്ടാണ് എന്നും ഇഖാമത്തുദ്ദീനിന്റെ ഭാഗമായിട്ടാണ് എന്നുമാണ് മതേതരത്വരാഷ്ട്രീയ പ്രവേശനത്തെ ജമാഅത്തുകാര്‍ വിശദീകരിക്കാറുള്ളത്. എന്നാല്‍ ഇതും ഈ ഇരട്ട മുഖത്തിന്റെ മറ്റൊരു തുറന്നു പറച്ചില്‍ തന്നെയാണ്. അത് വിശകലനം ചെയ്യപ്പെടേണ്ട മറ്റൊരു മേഖലയാണ്.