1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഇഖാമത്തുദ്ദീനും ഇഖാമത്തെ ഡമോക്രസിയും

കെ പി എസ് ഫാറൂഖി

ജമാഅത്തെ ഇസ്‌ലാമി ഇഖാമത്തുദ്ദീനിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്ന് അതിന്റെ നേതാക്കള്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുദ്ദേശിക്കുന്ന ഇഖാമത്തുദ്ദീന്‍ പാര്‍ലമെന്ററി ജനാധിപത്യമല്ലെന്നും ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ സംസ്ഥാപനമാണെന്നും സ്ഥാപക നേതാവായ സയ്യിദ് മൗദൂദി മുതല്‍ ഇങ്ങ് കേരള ഘടകത്തിന്റെ അസിസ്റ്റന്റ് അമീറായ ശൈഖ് മുഹമ്മദ് കാരക്കുന്ന് വരെയുള്ളവര്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. അവരുടെ വാക്കുകള്‍ വായിക്കാം:
”കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ എം എല്‍ എയോ എന്ന് വേണ്ട പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ല. ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്ടീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടു പോകാന്‍ നിര്‍ബന്ധിച്ച് ഏല്‍പിച്ചാല്‍ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നല്‍കാം എന്ന് പറഞ്ഞ ഖുറൈശീ പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്.””(തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ 1979-ല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയതും പല തവണകളായി പുനപ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിന്റെ 1998-ലെ എഡിഷന്‍, പേജ് 44)
ഇഖാമത്തുദ്ദീന്‍ എന്നത് നിരുപദ്രവമായ അഥവാ തെറ്റിദ്ധാരണയുണ്ടാക്കാത്ത ഒരു പദമായതിനാലാണ് അതുപയോഗിക്കുന്നതെന്നും ഹുകൂമത്തെ ഇലാഹി’എന്ന ദൈവികഭരണകൂടം തന്നെയാണത് കൊണ്ടുദ്ദേശിക്കുന്നതെന്നും ജമാഅത്ത് നേതൃത്വം മറ്റൊരിടത്ത് വിശദീകരിച്ചിട്ടുമുണ്ട്. (അത് മറ്റൊരിടത്ത് വിശദീകരിക്കാം)
സ്ഥാപക നേതാവായ മൗദൂദിയുടെ നിലപാട് നോക്കൂ: ”മുസ്‌ലിംകള്‍ അവരുടെ പ്രവര്‍ത്തന രീതി അടിമുടി അഴിച്ചു പണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യ പ്രശ്‌നം, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്‍ക്ക് വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളïമുറവിളി എല്ലാം വരുംകാലത്ത് നിഷ്ഫലവും ദോഷകരവുമായി ഭവിക്കും.””(ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നാലിന പരിപാടി എന്ന പേരില്‍ 30-01-2010ന് പ്രബോധനത്തില്‍ വന്ന ലേഖനത്തില്‍ നിന്ന്)
ജമാഅത്തെ ഇസ്‌ലാമി ഒരു മതരാഷ്ട്ര വാദപ്രസ്ഥാനമാണ് എന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്വന്തം കൃതികളില്‍ നിന്ന് തന്നെ എത്ര വേണമെങ്കിലും ഉദ്ധരിക്കാനുണ്ട്. വിസ്താരഭയത്താല്‍ ചില സൂചനകള്‍ മാത്രമേ ഈ ലേഖനത്തില്‍ നല്‍കുന്നുള്ളൂ.

കൈകോര്‍ക്കാം, പക്ഷെ
ഇഖാമത്തുദ്ദീന്‍ എന്ന ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണകൂടം എന്ന ആദര്‍ശവും സ്വപ്‌നവും അടിസ്ഥാനമായുള്ള തികച്ചും മതരാഷ്ട്ര ഭൂമികയില്‍ ചവിട്ടി നില്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും മതേതരത്വ-ജനാധിപത്യ ഭൂമികയിലൂടെ മാത്രം സഞ്ചരിക്കുന്ന മുസ്‌ലിംലീഗും തമ്മില്‍ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുവാനുള്ള ചരടുവലികള്‍ നടക്കുമ്പോള്‍ അടിസ്ഥാനപരമായ കുറെ അസ്തിത്വ പ്രശ്‌നങ്ങള്‍ ഇരു സംഘടനകളും നേരിടുന്നു. സുപ്രധാനമായ കുറെ ചോദ്യങ്ങള്‍ക്ക് ഇരു സംഘടനകളും പൊതു സമൂഹത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
ഹിന്ദുരാഷ്ട്രം മുഖ്യലക്ഷ്യമാക്കി നടക്കുന്ന സംഘപരിവാര്‍ സംഘത്തിന്റെ രാഷ്ട്രീയരൂപമാണ് ബി ജെ പി എന്ന് സാമൂഹ്യ അവബോധമുള്ള എല്ലാവര്‍ക്കുമറിയാം. ആ അറിവ് കൂടുതല്‍ സുതാര്യമായി വരികയുമാണ്. അതേപോലെ ഹുകൂമത്തെ ഇലാഹി എന്ന ദൈവിക ഭരണകൂടം ആദര്‍ശലക്ഷ്യമാക്കി നിലവില്‍ വന്നതും ഇന്നും നിലനില്‍ക്കുന്നതുമായ ഒരു മതരാഷ്ട്ര പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ 2011-ല്‍ രൂപീകൃതമായ രാഷ്ട്രീയരൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധാരണ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അതിന്റെ ഘടനയിലോ പ്രവര്‍ത്തന രൂപത്തിലോ സമീപനങ്ങളിലോ പ്രത്യേകിച്ചൊരു വ്യത്യാസവും കാണാനും സാധ്യമല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ ലക്ഷ്യങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനാട്യങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര ആദര്‍ശത്തെ വെല്‍ഫയര്‍ പാര്‍ട്ടി ഇന്ന് വരെ തള്ളിപ്പറഞ്ഞിട്ടുമില്ല. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദത്തെ ബി ജെ പി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലാത്തത് പോലെ!

വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ജമാഅത്തുകാര്‍ യഥാര്‍ഥത്തില്‍ അവര്‍ പോലുമറിയാതെ ജമാഅത്തുകാരല്ലാതാവുകയാണ്. ഈ അസ്തിത്വ പ്രതിസന്ധി തിരിച്ചറിഞ്ഞത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിനു പോലും മതരാഷ്ട്ര പ്രസ്ഥാനം വിട്ടു പോരേണ്ടി വന്നത്. ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി ഹമീദ് വാണിമേലുമായി നടത്തിയ അഭിമുഖത്തില്‍ അക്കാര്യം അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. അത് താഴെ വായിക്കാം:
”ചോദ്യം: ഇഖാമത്തുദ്ദീനില്‍ നിന്ന് സോഷ്യലിസത്തിലേക്ക് വഴിമാറിയതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനം എന്ന നിലയില്‍ ഇനി ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ റോള്‍ എന്തായിരിക്കും?’
ഉത്തരം: അത്തരമൊരു പദവിയിലേക്ക് ജമാഅത്തിന് ഇനി തിരിച്ചുവരാന്‍ കഴിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അത് രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം നിറവേറ്റാന്‍ മറ്റൊരു ഇസ്‌ലാമിക പ്രസ്ഥാനം രൂപപ്പെടുകയേ ഇനി നിര്‍വാഹമുള്ളൂ.” (6-5-2011 ന് ചന്ദ്രികയില്‍ വന്ന അഭിമുഖ ലേഖനത്തില്‍ നിന്ന്)
ജമാഅത്തിന് മുന്നില്‍ രണ്ട് വഴി മാത്രമേയുള്ളൂ. ഒന്ന്, മൗദൂദിയും മറ്റു പലരും ആവര്‍ത്തിച്ചു പറഞ്ഞ ഹുകൂമത്തെ ഇലാഹി സ്വപ്‌നംകണ്ട് മൗദൂദി സാഹിത്യം വായിച്ച് മതേതര രാഷ്ട്രീയത്തില്‍ നിന്ന് തീരെ വിട്ടുനിന്ന് ഒരു മതരാഷ്ട്രവാദ പ്രസ്ഥാനമായി നിലകൊള്ളുക. രണ്ട്, അല്ലെങ്കില്‍ പത്ത് വര്‍ഷം മുമ്പേ പൊളിറ്റിക്കല്‍ സെക്രട്ടറി ചെയ്തത് പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ മത രാഷ്ട്ര വാദത്തെയും മൗദൂദിയുടെ പ്രതിലോമ ചിന്തകളെയും വലിച്ചെറിഞ്ഞ് മുസ്‌ലിംലീഗിനെപ്പോലെയോ മുസ്‌ലിംലീഗിനോടൊപ്പമോ മതേതര, ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയായി രാഷ്ട്രസേവനത്തില്‍ സക്രിയരാവുക. മൂന്നാമതൊരു മാര്‍ഗം ജമാഅത്തിന്റെ മുമ്പിലില്ല.
ജമാഅത്തും ശരി, വെല്‍ഫയര്‍ പാര്‍ട്ടിയും ശരി എന്ന ഇരട്ടത്താപ്പ് എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും വെളുക്കുകയേ ഇല്ല. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം ദീര്‍ഘമായ ആലോചനക്കും ചര്‍ച്ചകള്‍ക്കും ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ കാര്‍മികത്വത്തില്‍ തന്നെയാണ് നടന്നിട്ടുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. ഇടക്കൊക്കെ അപരിചിതത്വം നടിച്ചും പലപ്പോഴും ചേര്‍ത്തു പിടിച്ചും ജമാഅത്ത് അണിയറയില്‍ നിന്ന് ഈ‘താഗൂത്തി പാര്‍ട്ടിയെ തലോടിക്കൊണ്ടിരുന്നു.
ഈ ഉദ്ധരണി ശ്രദ്ധിക്കുക:“’ദേശീയതലത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാന്‍ ജമാഅത്ത് കേന്ദ്ര ഉപദേശക സമിതി തീരുമാനിക്കുകയും തുടര്‍ നടപടികള്‍ മുന്നോട്ടു പോവുകയും ചെയ്തതായി സെക്രട്ടറി ജനറല്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കി.””(മാധ്യമം 5-11-2010)
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും നയപരിപാടികളും തീര്‍ത്തും സ്വതന്ത്രമായിരിക്കുമെന്നും സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കി എന്നും ഈ റിപ്പോര്‍ട്ടിലുണ്ട് എന്നതാണ് ശ്രദ്ധേയം. അഥവാ പിതാവ് ജമാഅത്തെ ഇസ്‌ലാമി തന്നെ, ഹുകൂമത്തെ ഇലാഹിക്ക് വേണ്ടി നിലകൊള്ളുന്ന സാക്ഷാല്‍ ജമാഅത്തെ ഇസ്‌ലാമി. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടി എന്ന മകന്‍ അനിസ്‌ലാമിക, ജാഹിലിയ്യാ, താഗൂത്തീ വ്യവസ്ഥയുമായി പ്രണയത്തിലാവുകയോ സ്വയം അനിസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതവന്റെ ഇഷ്ടം! പിതാവ് ഇടപെടുകയില്ല എന്നര്‍ഥം.
ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനല്ലാത്ത ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും താഗൂത്തി സേവയാണെന്ന രൂപത്തിലാണ് ഇതപര്യന്തം ജമാഅത്തെ ഇസ്‌ലാമി വിശദീകരിച്ചിട്ടുള്ളത്. നിരവധി ഉദാഹരണങ്ങള്‍ ജമാഅത്ത് കൃതികളില്‍ നിന്നുദ്ധരിക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനില്‍ ഒമ്പത് സ്ഥലത്ത് താഗൂത്ത് എന്ന പ്രയോഗമുണ്ട്. ബഹുദൈവത്വത്തിന്റെയും സത്യനിഷേധത്തിന്റെയും ദൈവത്തോടുള്ള ധിക്കാരത്തിന്റെയും പ്രതീകാത്മക പദം എന്ന നിലയിലാണ് താഗൂത്ത് ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ താഗൂത്തിനെ വര്‍ജിക്കുക എന്ന കര്‍ശന നിര്‍ദേശവും ഖുര്‍ആനിലുണ്ട്. ദൈവിക വ്യവസ്ഥയിലധിഷ്ടിതമല്ലാത്ത ഭരണവ്യവസ്ഥയെല്ലാം ജമാഅത്തിന്റെ താത്വിക വിശകലനത്തില്‍ വര്‍ജ്യമാകുന്നത് ഇതുകൊണ്ടാണെന്ന് മനസ്സിലാക്കാം. അതിനാല്‍ തന്നെ ജനാധിപത്യ, മതേതര ഭരണ വ്യവസ്ഥയെയും അത്തരം താഗൂത്തി ഭരണം സ്ഥാപിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെയും എത്രയാണ് ജമാഅത്ത് വിമര്‍ശിച്ചതും പരിഹസിച്ചതും എന്നതിന് കൈയും കണക്കുമില്ല. തൗഹീദിന് വിരുദ്ധം, അനനുവദനീയം, ജാഹിലിയ്യത്ത് തുടങ്ങിയ കടുത്ത പദാവലികളും ഈ വിമര്‍ശനത്തിനായി ജമാഅത്ത് മാറിമാറി ഉപയോഗിച്ചിട്ടുമുണ്ട്.
ഒരുദാഹരണം സൂചിപ്പിക്കാം: ”നമ്മുടെ നാട് അംഗീകരിച്ച രാഷ്ടീയ വ്യവസ്ഥയില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്. അതിനാലിവിടെ നിലനില്‍ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്. അഥവാ ജാഹിലിയ്യത്താണ്””(2006 മെയ് 20-ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രബോധനത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്).

ഇഖാമത്തുദ്ദീന്‍ അഥവാ ഹുകൂമത്തെ ഇലാഹി
ഇഖാമത്തുദ്ദീന്‍ കൊണ്ട് ജമാഅത്ത് അര്‍ഥമാക്കുന്നത് ഹുകൂമത്തെ ഇലാഹി തന്നെയാണ് എന്ന് പകല്‍ വെളിച്ചം പോലെ ജമാഅത്ത് ലേഖകന്‍ വ്യക്തമാക്കുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം: ”ജമാഅത്തിന്റെ ഉദ്ദേശ്യം ഏതെങ്കിലുമൊരു പദമല്ല. പദത്തിന്റെ അര്‍ഥമാണ്. ഹുകൂമത്തെ ഇലാഹി’എന്ന പദം മൂലം ചില സല്‍ബുദ്ധികള്‍ സ്വയം തെറ്റിദ്ധരിച്ചു പോകുന്നുണ്ട്. മറ്റു ചിലര്‍ തങ്ങളുടെ എതിര്‍പ്പിന് അതിനെ ഒരായുധമായെടുത്തുപയോഗിക്കുന്നുമുണ്ട്. അതിനാല്‍ ജമാഅത്ത് ആ പദത്തിന് പകരം ഇഖാമത്തുദ്ദീന്‍, ശഹാദത്തുല്‍ ഹഖ് തുടങ്ങി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച, ഖുര്‍ആനില്‍ വിശ്വസിക്കുന്ന യാതൊരാള്‍ക്കും നിഷേധിക്കാനാകാത്ത പദങ്ങള്‍ മാത്രം സൂക്ഷ്മതക്ക് വേണ്ടി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്.””(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം എന്ന പുസ്തകം പേജ് 19)
ജമാഅത്തിന്റെ താത്വികാചാര്യന്മാരില്‍ പ്രമുഖനായ അബുല്ലൈസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയ സ്ഥിതിക്ക് ഇഖാമത്തുദ്ദീനിലെ അവ്യക്തതയും നീങ്ങി. ലേഖന ദൈര്‍ഘ്യം ഒഴിവാക്കുന്നതിനാല്‍ വസ്തുതകള്‍ ഗ്രഹിക്കാര്‍ ഈ ഉദ്ധരണികള്‍ മതിയാകുന്നതുമാണ്.
ആദ്യകാലത്ത് (1950-കളില്‍) ഇസ്‌ലാമിക ഭരണം എന്ന് നേര്‍ക്ക് നേരെയും പിന്നീട് ഹുകൂമത്തെ ഇലാഹി എന്നും അതിനെ തുടര്‍ന്ന് ഇഖാമത്തുദ്ദീന്‍ എന്നും ഏറ്റവുമൊടുവില്‍ ഒരു ഉത്തമ സാമൂഹ്യ വ്യവസ്ഥ എന്നുമാണ് തങ്ങളുടെ ആദര്‍ശലക്ഷ്യമായി ജമാഅത്തുകാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പുറമേക്ക് പറയുമ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്ന നിലയിലാണ് ഈ പദാവലികളുടെ പരിണാമം എന്നതും ജമാഅത്തെ ഇസ്‌ലാമി അഭിമുഖീകരിക്കുന്ന അസ്തിത്വ പ്രതിസന്ധി തന്നെയാണ് സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചതിന്റെയും നിലനില്‍ക്കുന്നതിന്റെയും ആത്യന്തിക ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാല്‍ ‘ബ ബ്ബ ബ്ബ’ ആകുന്ന അവസ്ഥ ഇന്ന് ഏതൊരു ജമാഅത്തുകാരനും അഭിമുഖീകരിക്കുന്നതായി കാണാം. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ പുതിയ വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്ത് സന്തതിയായാണ് അറിയപ്പെടുന്നതെങ്കിലും പിതാവായ ജമാഅത്തിനെ പറ്റിയോ പ്രപിതാവായ മൗദൂദിയെ പറ്റിയോ ഇഖാമത്തുദ്ദീനിനെ പറ്റിയോ അധികമൊന്നും അവര്‍ക്കറിയില്ല. പുതിയ ഡി വൈ എഫ് ഐ കുട്ടികളില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ കാറല്‍ മാര്‍ക്‌സിന്റെ മൂലധനമോ എന്താണെന്ന് കാണുകയോ അറിയുകയോ ചെയ്യാത്തവരുണ്ട് എന്ന് പറയുന്നതിന് സമാനമായ ദുരവസ്ഥ തന്നെയാണിത്.
പിന്നെയുള്ളത് ദീനിന് സ്ഥാപക നേതാവ് സ്റ്റേറ്റ് എന്ന അര്‍ഥം പറഞ്ഞിട്ടുണ്ട് എന്നതാണ്. (ഖുതുബാത്ത് കാണുക). അങ്ങനെയാകുമ്പോള്‍ ഇഖാമത്തുദ്ദീനിന്റെ അര്‍ഥം ഇന്ന് ജമാഅത്തുകാര്‍ പറയാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഉത്തമ സാമൂഹ്യവ്യവസ്ഥയുടെ സംസ്ഥാപനം’എന്നല്ല വരുക.‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സംസ്ഥാപനം എന്ന് തന്നെയാണ്. അഥവാ എങ്ങനെ പൊതിഞ്ഞു വെച്ചാലും ലക്ഷ്യം ഈ വിധം ഇടക്കിടെ പുറത്ത് ചാടുന്നുണ്ട് എന്നര്‍ഥം!
പറഞ്ഞു വന്നതിതാണ്: ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിതാവും പുത്രനുമാണെങ്കിലും പിതാവ് മത-രാഷ്ട്ര സംസ്ഥാപനത്തിനും (ഇഖാമത്തുദ്ദീന്‍) പുത്രന്‍ മതേതരത്വ സംസ്ഥാപനത്തിനുമാണ് (ഇഖാമത്തെ ഡമോക്രസി) നിലകൊള്ളുന്നതെന്നര്‍ഥം. അതിനാല്‍ തന്നെ ആദര്‍ശപരമായി പിതാവും പുത്രനും തീരെ സ്വരച്ചേര്‍ച്ചയില്ല എന്നും മാലോകരറിയുന്നു. ഇനിയുള്ള ഏക മാര്‍ഗം പിതാവിന് പുത്രന്റെ ആദര്‍ശത്തില്‍ ലയിക്കുക എന്നത് മാത്രമാണ്. അത് തന്നെയാണല്ലോ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ച ഉടനെ ഈ പൊരുത്തക്കേട് ആദ്യമായി ശ്രദ്ധയില്‍ പെട്ട ജമാഅത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പറഞ്ഞതിന്റെയും പൊരുള്‍!

മുസ്‌ലിംലീഗും മറുപടി പറയണം
ഇനി വിഷയത്തിന്റെ മറുവശത്തേക്ക് വരാം. ജമാഅത്തെ ഇസ്‌ലാമി ആദ്യാവസാനം ഒരു മതരാഷ്ട്രവാദ പ്രസ്ഥാനമാണെന്ന് മനസ്സിലാക്കാന്‍ ജമാഅത്ത് ബുക്സ്റ്റാളില്‍ നിന്ന് ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന മൂന്ന് നാല് ബുക്കുകള്‍ മാത്രം വായിച്ചാല്‍ മതിയാകും. മൗദൂദിയുടെ ഖുതുബാതും താത്വികവിശകലനവും അതില്‍ പ്രധാനമാണ്. (പുതിയത് വായിക്കുമ്പോള്‍ ഇതിന്റെ പഴയ എഡിഷന്‍ കൈയിലുണ്ടാകുന്നത് നന്നാകും!) തങ്ങളുടെ ആചാര്യന്റെ പുസ്തകങ്ങളിലെയും ഭരണഘടനയിലെതന്നെയും മത-രാഷ്ട്ര സൂചനാ ആദര്‍ശങ്ങള്‍ തങ്ങള്‍ കൈയൊഴിച്ചു എന്ന് ഇതുവരെ അവര്‍ വ്യക്തമാക്കിയിട്ടുമില്ല. മൗദൂദിയെ തള്ളിപ്പറഞ്ഞ് നേരത്തെ കണ്ണൂരില്‍ ജമാഅത്ത് അമീര്‍ ആരിഫലി നടത്തിയ പത്രസമ്മേളനത്തിലെ ചന്ദ്രികയിലും തേജസിലും വന്ന പത്രക്കുറിപ്പ് മാത്രമാണ് ആകെ ഒരപവാദം. അതല്ലാതെ മൗദൂദിയുടെ മതരാഷ്ട്രവാദത്തോടുള്ള അനുരാഗാത്മക ഭ്രമം അടിസ്ഥാനപരമായി ജമാഅത്തുകാര്‍ ഇനിയും താത്വികതലത്തിലും ആദര്‍ശതലത്തിലും കൈയൊഴിച്ചിട്ടില്ല എന്നതാണ് വസ്തുത.
എന്നാല്‍ മുസ്‌ലിംലീഗ് അതിന്റെ ഒന്നാം തിയതി മുതല്‍ മതേതര- ജനാധിപത്യ പാര്‍ട്ടി എന്ന വ്യക്തതയുള്ള പ്രതിഛായയില്‍ നിലകൊള്ളുന്ന ഇന്ത്യയിലെ മൊത്തത്തിലും കേരളത്തിലെ പ്രത്യേകിച്ചും തലയെടുപ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കേരള രാഷ്ട്രീയത്തിന്റെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദവി വരെ വഹിക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടി എന്ന നിലക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. (എന്നാല്‍ 1920 മുതല്‍ കര്‍മരംഗത്തുള്ള മൗദൂദിയെയോ 1941-ല്‍ രൂപീകൃതമായ ജമാഅത്തെ ഇസ്‌ലാമിയെയോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നാലയലത്ത് പോലും കാണാനും കഴിയുന്നില്ല. ഇസ്‌ലാമിക ഭരണം എങ്ങനെ വേവിച്ചെടുക്കാം എന്ന പരീക്ഷണത്തിലും വിശകലനത്തിലുമായിരുന്നു മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തും എന്നര്‍ഥം).

മുസ്‌ലിംലീഗിലെ മുസ്‌ലിം പ്രയോഗത്തില്‍ അസഹിഷ്ണുത പൂണ്ട ചില ചെറിയ മനുഷ്യരും വലിയ സംഘങ്ങളും മുസ്‌ലിംലീഗിനെ വര്‍ഗീയചാപ്പ കുത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അതൊന്നും ഉല്‍ബുദ്ധതയുള്ള മതേതര-ജനാധിപത്യ സമൂഹത്തില്‍ തീരെ ഏശിയിട്ടുമില്ല. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും പൊതു സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം സഹായകമായ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയ സമീപനത്തെ ശക്തമായ നിലയില്‍ രാഷ്ട്രീയമായി എതിര്‍ത്ത പ്രസ്ഥാനം എന്ന പ്രതിഛായയും മുസ്‌ലിംലീഗിനുണ്ട്. (അതുകൊണ്ട് തന്നെയായിരിക്കാം രാഷ്ട്രീയ രംഗത്ത് ജമാഅത്ത് അതിന്റെ എതിര്‍പ്പിന്റെ കുന്തമുനകള്‍ ഏറ്റവുമധികം തിരിച്ചുവിട്ടത് മുസ്‌ലിംലീഗിന്റെ നേരെയായത്. സേട്ടു സാഹിബ് പ്രശ്‌നം, മുസ്‌ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയെ സി ഐ എ ഏജന്റാക്കി അവതരിപ്പിക്കാന്‍ മുസ്‌ലിംലീഗ് വിരുദ്ധ ലേഖകന്റെ ശ്രമം അങ്ങനെ ഉദാഹരണങ്ങള്‍ ധാരാളം.
ഇങ്ങനെയൊക്കെയായിട്ടും 2010-ല്‍ ജമാഅത്ത് മുസ്‌ലിംലീഗുമായി ചില തെരഞ്ഞെടുപ്പു ധാരണാചര്‍ച്ചകള്‍ നടന്നതായി പരക്കെ ഒരു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ അന്നത്തെ നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടെടുത്ത് പറഞ്ഞത് ഒരു മതരാഷ്ട്ര പാര്‍ട്ടിയുമായി മതേതര പാര്‍ട്ടിയായ മുസ്‌ലിംലീഗിന് ഒരിക്കലും യോജിക്കാന്‍ കഴിയില്ല എന്നാണ്. കുഞ്ഞാലിക്കുട്ടിയുടെ ആ പ്രസ്താവന അന്നത്തെ പ്രമുഖ പത്രങ്ങളെല്ലാം വളരെ പ്രാധാന്യപൂര്‍വമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നതും ശ്രദ്ധേയം.
മാതൃഭൂമി ഒന്നാം പേജില്‍ അഞ്ചു കോളം വലുപ്പത്തില്‍ ‘ജമാഅത്തെയുമായി ഇനി ചര്‍ച്ചയില്ല -കുഞ്ഞാലിക്കുട്ടി’എന്ന പേരില്‍ വന്ന വാര്‍ത്തയിലെ പ്രസക്തഭാഗം ഇതാ ഇങ്ങനെ: ”കോഴിക്കോട്: മതരാഷ്ട്ര വാദത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി മതേതര പാര്‍ട്ടിയായ മുസ്‌ലിം ലീഗിന് യോജിക്കാനാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവരുമായി നടന്ന ചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം ജനവിഭാഗങ്ങളുടെ പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംഘടനകളെപ്പോലെ ജമാഅത്തെ ഇസ്‌ലാമിയെയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അവര്‍ രാഷ്ടീയത്തിലിറങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി യാതൊരു ചര്‍ച്ചക്കും ലീഗില്ല -കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സംസ്ഥാന യോഗ തീരുമാനം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.””(മാതൃഭൂമി 21-5-2010)
‘മൗദൂദി വിതച്ചത് മക്കള്‍ കൊയ്യും’ എന്ന ജമാഅത്തിനുള്ള‘ചുട്ട മറുപടിയില്‍ മുസ്‌ലിംലീഗ് നേതാവായ സി പി സെതലവി ചന്ദ്രികയില്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നാണ് പറയുന്നത്. രൂക്ഷമായ ആ വിമര്‍ശന ഭാഗം നമുക്കിങ്ങനെ വായിക്കാം: ”പുകഞ്ഞു തീരുന്ന ഒരു കൊള്ളിക്കപ്പുറം എന്ത് പ്രസക്തിയാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിലും മലയാളി സാമൂഹിക ജീവിതത്തിലും ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്?
ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നിയത് പോലെയാണ് ഫെബ്രവരി 22-ന് ജമാഅത്ത് പത്രം വഴിയെ പോകുന്ന മുസ്‌ലിംലീഗിന് നേരെ ചാടി വീണത്. ജമാഅത്തുകാരെ പ്രകോപിപ്പിക്കത്തക്ക ഒരു സംഭവവും അതിന്റെ തൊട്ടടുത്ത വാരങ്ങളില്‍ പോലുമുണ്ടായിട്ടില്ല. ഭീകരവാദവും തീവ്രവാദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലും പ്രസ്തുത ‘പ്രകോപന ദിനത്തിന്റെ സമീപ ദിവസങ്ങളിലൊന്നുമില്ല താനും. എന്നിട്ടുമതാ ജമാഅത്ത് പത്രം ഭ്രാന്ത് പിടിച്ച് വിളിച്ചു പറയുന്നു, മുസ്‌ലിംലീഗ് നേതാക്കന്മാര്‍ മഹാമോശം. ജമാഅത്തെ ഇസ്‌ലാമി മാത്രമാണ് മുന്തിയ ചരക്ക്. എല്ലാ സംസ്ഥാനത്തും ആളുള്ള പാര്‍ട്ടിയാണ് മൗദൂദിസം തുടങ്ങിയ ബേജാറുകള്‍. സ്വന്തം ശക്തിയെയും യോഗ്യതയെയും കുറിച്ച് പെട്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കണമെന്ന് തോന്നാന്‍ എന്താവും കാരണം?” (ചന്ദ്രിക. 26/2/2010)
1941-ല്‍ രൂപീകൃതമായ ജമാഅത്തെ ഇസ്‌ലാമി നീണ്ടïനാലു പതിറ്റാണ്ടുകാലം ഇന്ത്യയിലെ മതേതര-ജനാധിപത്യ പാര്‍ട്ടികളെയെല്ലാം നിരാകരിക്കുകയും ഇവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളെ നിശിതമായി വിമര്‍ശിക്കുകയും അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കുന്ന തൗഹീദിന് വിരുദ്ധമായ തെറ്റാണ് ചെയ്യുന്നതെന്നും എഴുതിയും പ്രസംഗിച്ചും കാലം കഴിക്കുകയായിരുന്നു. പിന്നീടെപ്പഴോ അവര്‍ക്ക് ഉള്‍വിളിയുണ്ടാവുകയും ഡമോക്രസിക്ക് വോട്ട് ചെയ്യാം എന്ന അവസ്ഥയിലേക്ക് മെല്ലെ മെല്ലെ പതം വരുകയും ചെയ്തു.
1986 മുതല്‍ക്കാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചു തുടങ്ങിയത്”എന്ന വരികളിലൂടെ ജമാഅത്ത് നേതാവ് ഒ അബ്ദുറഹിമാന്‍ തന്നെ ഇക്കാര്യം തങ്ങളുടെ പത്രത്തിലൂടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. (മാധ്യമം 10-11-2008)
1941-ല്‍ രൂപീകരിക്കപ്പെട്ട ജമാഅത്ത് പാര്‍ട്ടി ഇന്ത്യന്‍ മതേതരത്വവുമായി വോട്ടു ചെയ്തു സഹകരിക്കാം എന്ന തീരുമാനത്തിലെത്താന്‍ 1986 വരെ കാത്തിരിക്കേണ്ടി വന്ന ഗതികേടിനെ മുസ്‌ലിംലീഗ് നേതാവും ഗ്രന്ഥകാരനും മുന്‍ മന്ത്രിയുമായ ഡോ. എം കെ മുനീര്‍‘’മതരാഷ്ട്ര വാദികളുടെ പുരോഗമന നാട്യങ്ങള്‍’ എന്ന പേരില്‍ ചന്ദ്രികയിലെഴുതിയ ലേഖന പരമ്പയില്‍ ഒരിടത്ത് പരിഹസിക്കുന്നത് ഇങ്ങനെയാണ്:
1956-ല്‍ രൂപം നല്‍കിയ ജമാഅത്ത് ഭരണഘടന കമ്പോട് കമ്പ് വായിച്ചിട്ടും 1986-ന് ശേഷമേ വോട്ട് ചെയ്യാവൂ എന്ന കട്ട്ഓഫ് ഡേറ്റ് കാണുന്നില്ല. 1956-ല്‍ ഉണ്ടാക്കിയ ഭരണഘടനയിലെ ‘തത്വാധിഷ്ഠിത’ നിര്‍ദേശങ്ങള്‍ ജമാഅത്ത് പ്രവര്‍ത്തകരിലേക്ക് കിനിഞ്ഞിറങ്ങാന്‍ 30 വര്‍ഷമെടുത്തു. അത്ഭുതം തന്നെ.
1986-ന് മുമ്പ് തത്വങ്ങളെ അഗണ്യ കോടിയില്‍ തള്ളിയാണോ ജമാഅത്തെ ഇസ്‌ലാമി വോട്ടവകാശം വിനിയോഗിച്ചിരുന്നത്?””(ഡോ. എം കെ മുനീര്‍ 4-7-2009 ലെ ചന്ദ്രിക)

ജമാഅത്തെ ഇസ്‌ലാമിയോട് മൂന്ന് ചോദ്യങ്ങള്‍

2006 വരെയും ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ ഒരു എം പി സ്ഥാനത്തിനോ എം എല്‍ എ സ്ഥാനത്തിനോ എന്തിന് ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിനോ പോലും ശ്രമിക്കാതിരുന്നത് അത് അനിസ്‌ലാമിക ഭരണവ്യവസ്ഥയും ജാഹിലിയ്യത്തുമായത് കൊണ്ടാണ് എന്ന ജമാഅത്ത് അസിസ്റ്റന്റ് അമീറിന്റെ വാക്കുകള്‍ ഓര്‍മയില്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമിക്കാരോട് മൂന്ന് ചോദ്യങ്ങള്‍:

(1) 2011-ല്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചത് ഇന്ത്യന്‍ ഭരണവ്യവസ്ഥയിലെ ജാഹിലിയ്യത്തും അനിസ്‌ലാമികതയും നീങ്ങിയത് കൊണ്ടാണോ?
(2) വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചത് ഈ ജാഹിലിയ്യത്തിനെ ശോഷിപ്പിക്കാനോ പോഷിപ്പിക്കാനോ?
(3) മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെ സീറ്റുകള്‍ക്ക് വേണ്ടി വെല്‍ഫയര്‍ പാര്‍ട്ടി മത്സരിക്കുന്നത് ജാഹിലിയ്യാ വ്യവസ്ഥയെ ശക്തിപ്പെടുത്താനോ ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനോ?
വിവേകമതികള്‍ ശാന്തമായി ചോദിക്കുന്ന സുപ്രധാനമായ ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയോ അതിന്റെ പിതാവായ ജമാഅത്തെ ഇസ്‌ലാമിയോ പത്ത് കൊല്ലമായിട്ടും മറുപടി പറഞ്ഞിട്ടില്ല എന്ന വസ്തുതയും ഇതിനോട് ചേര്‍ത്ത് വായിക്കുക.

മൂന്ന് ചോദ്യങ്ങള്‍ മുസ്‌ലിംലീഗിനോടും

ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഇടത് പക്ഷത്തോടൊപ്പം ഇനി നീക്കുപോക്ക് നടക്കില്ല എന്നുറപ്പായ പശ്ചാത്തലത്തില്‍ ‘ശൂറ’ കൂടിയെടുത്ത തീരുമാനമായിരിക്കുമല്ലോ ലീഗുമായി കൈകോര്‍ക്കുക എന്നത്. ലീഗ് ഇതിന് പച്ചക്കൊടി കാണിക്കുമ്പോള്‍ മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ലീഗ് നേതൃത്വം മറുപടി പറയാന്‍ ബാധ്യസ്ഥമാണ്:

1) 2009-2010 കാലത്തും അതിനു മുമ്പും ശേഷവും ലീഗ്- ജമാഅത്ത് കൊമ്പുകോര്‍ക്കലില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ ആരോപിച്ച ഗുരുതരമായ ആരോപണങ്ങള്‍ മുസ്‌ലിംലീഗ് നേതൃത്വം പിന്‍വലിച്ചോ?
2) ജമാഅത്തെ ഇസ്‌ലാമി അതിന്റെ അടിസ്ഥാന ആദര്‍ശമായ മതരാഷ്ട്രവാദം (ഒ അബ്ദുറഹിമാന്റെ ഭാഷയില്‍ ‘തിയോ ഡമോക്രസി’) പ്രയോഗതലത്തിലെന്ന പോലെ ആദര്‍ശതലത്തിലും താത്വിക രംഗത്തും പൂര്‍ണമായും ഉപേക്ഷിച്ചു എന്ന് മുസ്‌ലിംലീഗ് വിശ്വസിക്കുന്നുണ്ടോ?
3) യു ഡി എഫിലെ ഘടകക്ഷികളാണല്ലോ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും. സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയുമായി കോണ്‍ഗ്രസ്സു തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ മുസ്‌ലിംലീഗ് യു ഡി എഫില്‍ തുടരുമോ, പിരിഞ്ഞു പോരുമോ? എന്തുകൊണ്ട്?

ജമാഅത്തുമായി ആശയപരമായി തന്നെ പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്- ഫിറോസ്

വെല്‍ഫയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന് യൂത്ത്‌ലീഗ്
വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു രാഷ്ട്രീയ സഖ്യവും വേണ്ടെന്ന് യൂത്ത്‌ലീഗ്. ജമാഅത്തെ ഇസ്‌ലാമി യുമായി ഒരു സഖ്യവും പാടില്ലെന്ന് മുസ്‌ലിംലീഗ് നേരത്തെ എടുത്ത നിലപാടാണ്. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം തിരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണക്കുകയോ വോട്ട് ചെയ്യുകയോ ചെയ്യുന്നത് തടയാനാകില്ലെന്നും സഖ്യം അതുപോലെ അല്ലെന്നും സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായി തന്നെ പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയസഖ്യം പാടില്ലെന്ന് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ പാര്‍ട്ടി നിലപാടെടുത്തത്. അതില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് യൂത്ത്‌ലീഗിന്റെ അഭിപ്രായം. അവരുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (മനോരമ, 21/06/2020)`

Back to Top