വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന് ജമാഅത്തിന്റെ രാഷ്ട്രീയ തീരുമാനം അറിയില്ലെന്ന്!
കെ പി എം ഹാരിസ്
കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇടത് വലത് മുന്നണികള്‍ തങ്ങളുടെ മികച്ച വിജയങ്ങള്‍ക്കായുള്ള ആസൂത്രണത്തിലും പ്രവര്‍ത്തനത്തിലുമാണ്. പരമ്പരാഗത ഇടത് വലത് മുന്നണികളോടുള്ള വിയോജിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ പിറന്നുവീണ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിലെ നിലപാടുകളും തീരുമാനങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി നീക്കുപോക്കുകള്‍ ഉണ്ടാകും എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം. ഈ തീരുമാനത്തെ മുന്‍നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുക്കുകയുണ്ടായി. ആ ചര്‍ച്ചയില്‍ ഹമീദ് വാണിയമ്പലം ഉയര്‍ത്തിയ വാദങ്ങളോട് ചില ചോദ്യങ്ങളും ഉയരുക സ്വാഭാവികമാണ്.
ജമാഅത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമല്ലേ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന ചോദ്യത്തിന് ജമാഅത്തിന്റെ തീരുമാനം ഞങ്ങള്‍ക്കറിയില്ല എന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. എന്തുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവിനോട് ചാനല്‍ അവതാരകന്‍ ജമാഅത്തിനെക്കുറിച്ച് ചോദിച്ചത് എന്ന് പ്രേക്ഷകരും അന്വേഷിക്കുക സ്വാഭാവികമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം എന്നു പറയുന്ന ഒരു മതത്തെ സമ്പൂര്‍ണ ജീവിത പദ്ധതിയായി അവതരിപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. മതവും രാഷ്ട്രവും രണ്ടല്ലായെന്നും, മതമെന്ന് പറയുന്നത് ആചാരാനുഷ്ഠാനങ്ങളുടെ പേരല്ലായെന്നും അതിന് സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുണ്ട് എന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.
ഈ കാഴ്ചപ്പാട് നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ജമാഅത്തെ ഇസ്‌ലാമി എടുത്തിട്ടുണ്ട്. 2011 ഏപ്രില്‍ 18-ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ തീരുമാനമായിട്ടു തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകൃതമായത്. ക്ലോസ് എന്‍കൗണ്ടറില്‍ ‘നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ മതപണ്ഡിതന്‍മാരും മതസംഘടനാ പ്രവര്‍ത്തകരുമുണ്ട്. അവര്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു വരുമ്പോള്‍ അവരുടെ മതസംഘടനയെക്കുറിച്ചോ അവരുടെ മതസംഘടനാ കാഴ്ചപ്പാടുകളെക്കുറിച്ചോ അവരോട് ആരും ചോദിക്കാറില്ലല്ലോ’ എന്ന ലളിത യുക്തിയാണ് ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ ന്യായം.
ഇതേ വാദം തന്നെയാണോ ജമാഅത്തെ ഇസ്‌ലാമിക്കുമുള്ളത് എന്നതാണ് ഈ വാദത്തിന് മുന്നിലുയരുന്ന പ്രസക്തമായ ചോദ്യം. നിലവിലുള്ള കേരളത്തിലെ മതസംഘടനകള്‍ ഇസ്‌ലാമിനെ ദീനും ദുനിയാവുമായി വേര്‍തിരിച്ചുവെന്നും അല്ലാഹുവിന്റെ പരമാധികാരത്തിലുള്ള പങ്ക് ചേര്‍ക്കലാണിത് എന്നും, ആയതുകൊണ്ട് ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി മനസ്സിലാക്കി രാഷ്ട്രീയത്തിലും ജീവിതത്തിലെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ ശാസനാധികാരത്തെ അംഗീകരിക്കണമെന്നും ഉറക്കെ പ്രബോധനം ചെയ്ത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ സംസ്ഥാന ശൂറാ അംഗവും അഖിലേന്ത്യാ പ്രതിനിധി സഭാംഗവുമായ ഹമീദ് വാണിയമ്പലം ഒരേസമയം ജമാഅത്തിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതാവാണ്.
ഒരു ജമാഅത്തിന്റെ നേതാവ്, അല്ലെങ്കില്‍ ഒരു പ്രവര്‍ത്തകന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവാകുന്നതിനോ പ്രവര്‍ത്തകനാകുന്നതിനോ കേരളീയ സമൂഹത്തിന് ഒരു വിയോജിപ്പുമില്ല. കേരളത്തിലെ ഏതൊരാള്‍ക്കും അയാള്‍ക്കിഷ്ടപ്പെട്ട മതസംഘടനയിലോ രാഷ്ട്രീയ സംഘടനയിലോ സാംസ്‌കാരിക സംഘടനയിലോ പ്രവര്‍ത്തിക്കാം. പക്ഷെ, സംസ്ഥാന ശൂറാ അംഗമായ ഹമീദ് വാണിയമ്പലം ഞങ്ങള്‍ക്ക് ജമാഅത്തിന്റെ രാഷ്ട്രീയ തീരുമാനത്തെക്കുറിച്ച് അറിയില്ല എന്ന് പറയുമ്പോള്‍ എത്ര വലിയ വഞ്ചനാത്മകമായ നിലപാടാണ് എടുക്കുന്നത്. മറ്റു മുസ്‌ലിം സംഘടനകളിലെ പ്രവര്‍ത്തകരെപ്പോലെ അല്ലെങ്കില്‍ പണ്ഡിതന്‍മാരെപ്പോലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളവരാണോ ജമാഅത്തെ ഇസ്‌ലാമിക്കാര്‍.
ജമാഅത്തെ ഇസ്‌ലാമിയുടെ റുക്‌നുകള്‍ (പാര്‍ട്ടി മെമ്പര്‍മാര്‍), കാര്‍ക്കൂനുകള്‍ (പാര്‍ട്ടി പ്രവര്‍ത്തകര്‍), ഔദ്യോഗിക മുത്തഫിഖുകള്‍ (അനുഭാവികള്‍) തുടങ്ങിയവരെ നമുക്ക് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ കാണുവാന്‍ സാധിക്കുമോ? ഇനി അങ്ങനെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ ഒരാള്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരെ ജമാഅത്തെ ഇസ്‌ലാമി അവരുടെ സംഘടനയില്‍ നിലനിര്‍ത്തുമോ? ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ മറുവശത്തുണ്ട്. ഇല്ല എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരം.
മറ്റ് മതസംഘടനയിലെ പണ്ഡിതന്‍മാര്‍ക്ക്, മതസംഘടനാ പ്രവര്‍ത്തകര്‍ക്ക് ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം അവരുടെ മതസംഘടനക്കകത്തുണ്ട്. പലപ്പോഴും ആ വിഷയങ്ങളില്‍ മതസംഘടന കൃത്യമായ നിലപാട് പ്രഖ്യാപിക്കാറുമില്ല. മതസംഘടനാ നേതൃത്വം തീരുമാനിക്കുന്ന മതപരമായ മേഖലയില്‍ അവര്‍ പ്രവര്‍ത്തിക്കുകയും എന്നാല്‍ രാഷ്ട്രീയ മേഖലയില്‍ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലെ മതസംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുവില്‍ ഉള്ളത്.
അതേസമയം ജമാഅത്തെ ഇസ്‌ലാമി രംഗപ്രവേശം ചെയ്തിരിക്കുന്നത് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കരുത് എന്ന അടിസ്ഥാന സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടാണ്. അങ്ങനെ അവതരിപ്പിച്ചുകൊണ്ട് ഏഴ് പതിറ്റാണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ഒരു മതസംഘടനയുടെ നേതാവ്, അദ്ദേഹത്തിന് ആ സംഘടനയുടെ അനുവാദമില്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. ഈ യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ട് ഹമീദ് വാണിയമ്പലം നല്‍കിയ മറുപടി കേരളീയ സമൂഹത്തെ വഞ്ചിക്കുന്നതും, അതോടൊപ്പം സ്വന്തത്തിന്റെയും തന്റെ സംഘടനാ കാഴ്ചപ്പാടിന്റെയും ഇതുവരെയുള്ള വാദങ്ങളെ നിരാകരിക്കുന്നതും സ്വയം വഞ്ചിക്കുന്നതുമാണ്.
അദ്ദേഹം പറയുകയുണ്ടായി: ഞാനെന്റെ മതത്തെയോ മതസംഘടനയെയോ സമുദായത്തെയോ പ്രതിനിധീകരിച്ചല്ല ഈ ചര്‍ച്ചയില്‍ വന്നിരിക്കുന്നതെന്ന്. ജമാഅത്തെ ഇസ്‌ലാമി പറയുന്നതാകട്ടെ മതപരമാകട്ടെ, രാഷ്ട്രീയമാകട്ടെ, സാംസ്‌കാരികമാകട്ടെ, സാമൂഹികമാകട്ടെ, സാമ്പത്തികമാകട്ടെ അവിടെ തന്റെ മതകാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള പ്രതിനിധാനമല്ലാത്ത ഒന്നും ഒരു മുസ്‌ലിമിന് സാധ്യമാവുകയില്ലെന്നതാണ്.
അത് വിശ്വസിച്ച്, അതില്‍ അടിയുറച്ച്, ആ സാഹിത്യങ്ങള്‍ വായിച്ച് സംഘടനയുടെ വിദ്യാര്‍ഥി, യുവജന സംഘടനകളിലൂടെ പ്രവര്‍ത്തിച്ച് അതിന്റെ നേതൃത്വത്തിലിരുന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ പാര്‍ട്ടി മെമ്പറായി മാറിയ ഒരു വ്യക്തിയാണ് ഹമീദ് വാണിയമ്പലം. ആ ഹമീദ് വാണിയമ്പലം തനിക്ക് ജമാഅത്തിന്റെ രാഷ്ട്രീയ തീരുമാനം അറിയില്ല എന്ന് പറയുമ്പോള്‍ അത് മറ്റു മുസ്‌ലിം സംഘടനയുടെ നേതാക്കളോ പ്രവര്‍ത്തകരോ അവര്‍ അവരുടെ രാഷ്ട്രീയ സംഘടനയെ പ്രതിനിധീകരിച്ച് പൊതു സമൂഹത്തെ അഭിമുഖീകരിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടാത്തതോ അല്ലെങ്കില്‍ അവര്‍ ഉത്തരം നല്‍കാതിരിക്കുകയോ ചെയ്യുന്നതു പോലെയുള്ള സമീപനമല്ല. ഇത് തികച്ചും ഇരട്ടത്താപ്പ് തന്നെയാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയനയം പറയുവാന്‍ എന്തിനാണ് ഹമീദ് വാണിയമ്പലം ഭയക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള തീവ്രവാദ ഭീകരവാദ ആരോപണങ്ങള്‍ ഹമീദ് വാണിയമ്പലത്തെ ഭയപ്പെടുത്തുന്നുണ്ടോ? അല്ലെങ്കില്‍ യു ഡി എഫ്, എല്‍ ഡി എഫ് എന്നു പറയുന്ന ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി കേവലം പാര്‍ലമെന്ററി മോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണോ വെല്‍ഫെയര്‍ പാര്‍ട്ടി. ബദല്‍ രാഷ്ട്രീയത്തിന്റെ അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെങ്കില്‍ അദ്ദേഹം പറയുന്നതിനെ വിമര്‍ശന ബുദ്ധിയോടെ നമ്മള്‍ കാണേണ്ടതില്ല.
പക്ഷെ, അദ്ദേഹം തന്നെ അവകാശപ്പെടുന്നതാകട്ടെ അതൊരു ബദല്‍ രാഷ്ട്രീയ കാഴ്ചപ്പാടാണ് എന്നാണ്. ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിവരുന്ന ഒരു പാര്‍ട്ടിയുടെ നേതൃത്വം, പ്രത്യേകിച്ച് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്ന മതസംഘടനയുടെ ഉത്തരവനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കുവാനോ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനോ നേതൃത്വം കൊടുക്കുവാനോ സ്വാതന്ത്ര്യമില്ലാത്ത ഒരു വ്യക്തി എന്ന അര്‍ഥത്തില്‍ അദ്ദേഹം നല്‍കിയ ഉത്തരം വിമര്‍ശന വിധേയമാക്കപ്പെടേണ്ടത് തന്നെയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ലായെന്നു പറയാന്‍ എങ്ങനെയാണ് സാധിക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര നേതാക്കളായ മുജ്തബ ഫാറൂഖും എസ് ക്യു ആര്‍ ഇല്യാസും ആണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റുമാരായിട്ടുള്ളത്. കേരളത്തില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റ് കൂട്ടില്‍ മുഹമ്മദലിയാണ്.
അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒ വിന്റെയും യുവജന സംഘടനയായ സോളിഡാരിറ്റിയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. അദ്ദേഹം ഇന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ശൂറാ അംഗവും കേന്ദ്ര പ്രതിനിധി സഭാ അംഗവുമാണ്. അദ്ദേഹത്തിന് ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഹമീദ് വാണിയമ്പലവും കറകളഞ്ഞ ഒരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും നേതാവുമാണ്.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നിരാകരിക്കുന്നതിലൂടെ ഹമീദ് വാണിയമ്പലം നല്‍കുന്ന സന്ദേശം എന്തൊക്കെയാണ്. ഒന്നുകില്‍ ഇതുവരെ ജമാഅത്തെ ഇസ്‌ലാമി പറഞ്ഞ മതവും രാഷ്ട്രീയവും രണ്ടല്ല ഒന്നുതന്നെയാണ് എന്നും ഇസ്‌ലാമിന് ജീവിതത്തെക്കുറിച്ച് സമ്പൂര്‍ണമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും ഒരു മുസ്‌ലിം ആചാര അനുഷ്ഠാന വ്യക്തി കുടുംബ സാമൂഹിക ജീവിതത്തിലെന്നപോലെ രാഷ്ട്രീയ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ആ മതശാസന അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന അവരുടെ വാദത്തെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.
അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരായ തീവ്രവാദ വര്‍ഗീയ ആരോപണങ്ങളില്‍ ഭയന്നിരിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. അതുമല്ലെങ്കില്‍ അതെല്ലാം മറച്ചുവെച്ചുകൊണ്ട് കേവലം പാര്‍ലമെന്ററി വ്യാമോഹം പിടിപെടുകയും അങ്ങനെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി ഏതെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാധാരണ രാഷ്ട്രീയ പാര്‍ട്ടിയായി വെല്‍ഫെയര്‍ പാര്‍ട്ടി അധ:പതിച്ചിരിക്കുന്നു.
ഒരു കാര്യവും കൂടി ഹമീദ് വാണിയമ്പലത്തോട് ചോദിക്കാതെ നിര്‍വാഹമില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ തീരുമാനത്തിലും, ജമാഅത്തെ ഇസ്‌ലാമിയുടെ ഉത്തരവ് പ്രകാരം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുകയും ചെയ്യുന്ന ഒരാളെന്ന അര്‍ഥത്തില്‍ തങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സത്യസന്ധമാണെന്നും ആ രാഷ്ട്രീയത്തിന്റെ സത്യസന്ധതക്ക് ഉദാഹരണമായി ഇന്ത്യയില്‍ ജാതിവിവേചനത്തിന്റെ ഇരകളായ ഒരു സമൂഹത്തിന്റെ പ്രതിനിധിയെ തന്നെയാണ് ബദല്‍ രാഷ്ട്രീയത്തെ മുന്നോട്ട്് വെക്കുന്ന തങ്ങള്‍ തങ്ങളുടെ കേന്ദ്രനേതൃത്വത്തില്‍ വരെ അവരോധിച്ചിട്ടുള്ളതെന്നും ആത്മ വിശ്വാസത്തോടുകൂടി താങ്കള്‍ക്ക് കേരളീയ സമൂഹത്തെ അഭിസംബോധന ചെയ്ത് ഒരു ചാനലില്‍ ഇരുന്ന് പറയുവാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറച്ചുവെക്കുവാന്‍ ഏറെയുണ്ട് എന്നു തന്നെയാണത് വ്യക്തമാക്കുന്നത്.