26 Thursday
June 2025
2025 June 26
1447 Mouharrem 0

ആശയഭിന്നതകള്‍ വ്യക്തിബന്ധങ്ങളെ ബാധിച്ചിട്ടില്ല

കെ പി സകരിയ്യ / വി കെ ജാബിര്‍

വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരുക്കുമ്പോള്‍ സംഘടന ആവിഷ്‌കരിച്ച പ്രധാന പദ്ധതികള്‍ എന്തൊക്കെയാണ്?

കുട്ടികളുടെ മാസികയായി ബാലകൗതുകം ആരംഭിക്കുന്നത് 1990 കാലത്താണ്. യുറീക്ക പോലുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ കുട്ടികളില്‍ തീര്‍ക്കുന്ന മതവിരുദ്ധതയ്ക്കു ബദല്‍ ഒരുക്കുകയായിരുന്നു ലക്ഷ്യം. സംഘടനയുടെ വിവിധ തലങ്ങളില്‍ നിന്നും ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകളില്‍ നിന്നും വലിയ പിന്തുണയാണ് ബാല പ്രസിദ്ധീകരണത്തിന് തുടക്കത്തില്‍ ലഭിച്ചത്. ഈ സന്ദര്‍ഭത്തില്‍ വൈക്കം മുഹമ്മദ് ബഷീറുമായി നിരന്തരം ബന്ധപ്പെടാന്‍ അവസരമുണ്ടായി. ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബാലകൗതുകം എന്ന പേര് അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു, അഭിനന്ദിച്ചു. നല്ല മലയാളത്തില്‍ പേരിടണമെന്നും അറബിയിലും ഇംഗ്ലീഷിലും പേരിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് മനസ്സിലാകില്ലെന്നും ബഷീര്‍ പറയുകയുണ്ടായി. തന്റെ ഏതു എഴുത്തും യാതൊരു പ്രതിഫലവും നല്‍കാതെ പുനപ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്. എഡിറ്റര്‍ ആയിരുന്ന ഇസ്ഹാഖലി കല്ലിക്കണ്ടി, ഇബ്‌റാഹിം പാലത്ത് എന്നിവരായിരുന്നു എനിക്കൊപ്പം കൂടുതലും ചര്‍ച്ചകള്‍ക്കുണ്ടായിരുന്നത്. പലതവണ അദ്ദേഹത്തെ കണ്ട ഞങ്ങളോട്, എഴുതി വളരണമെന്ന ഉപദേശവും കട്ടന്‍ ചായയും നല്‍കുമ്പോഴും നന്നായി വിമര്‍ശിക്കാനും അദ്ദേഹം മറക്കാറില്ലായിരുന്നു.

എം എസ് എമ്മിന്റെ ശ്രദ്ധേയമായ സംരംഭമായ രചന കലാസാഹിതിയുടെ രൂപീകരണവും അക്കാലത്തായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ രചനയുടെ ഉദ്ഘാടനത്തിന് അവശതയിലും വൈക്കം മുഹമ്മദ് ബഷീര്‍ എത്തുകയും പ്രസംഗിക്കുകയും ചെയ്തതും പ്രസ്ഥാനത്തോട് കാണിച്ച താല്പര്യത്തിന്റെ പുറത്തായിരുന്നു. സര്‍ഗാത്മക മേഖലയില്‍ ശ്രദ്ധേയ സാനിധ്യങ്ങളായി മാറിയ നന്മണ്ട പി ടി അഹമ്മദ് കോയ, റസാഖ് ഒതായി, ഗഫൂര്‍ എടവണ്ണ  തുടങ്ങി ഗായകരും ഗാനരചയിതാക്കളുമായി നിരവധി പേര്‍ രചന കലാസാഹിതിയുടെ അരങ്ങില്‍ രൂപപ്പെടുകയുണ്ടായി. കെ എന്‍ എം ജന. സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെ അനുവാദവും അംഗീകാരവും പരിപാടികള്‍ക്കുണ്ടായിരുന്നു. അഭിനന്ദിച്ചും ഗുണദോഷിച്ചും തെറ്റുകള്‍ തിരുത്തിയും നന്മയുടെ വെളിച്ചമായി കെ പിയുടെ സാന്നിധ്യം ആ മുന്നേറ്റങ്ങളിലൊക്കെ തെളിഞ്ഞു നിന്നു.
എം എസ് എമ്മിന് ആത്മീയ മുഖം നല്‍കാനും പ്രവര്‍ത്തകര്‍ക്ക് സംസ്‌കരണം നല്‍കാനുമായി രൂപംകൊടുത്ത തസ്‌കിയത്ത് ക്യാമ്പുകള്‍ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഈ ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ കെ പി തന്നെയാണ് തര്‍ബിയത്ത് ക്യാമ്പുകള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടതും. നിങ്ങള്‍, കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പള്ളികളില്‍ ഒതുങ്ങിക്കൂടേണ്ട എന്നും ക്യാമ്പസുകളിലേക്ക് ഇറങ്ങണമെന്നും സ്വകാര്യമായി ഉപദേശിച്ചതും കെ പി മുഹമ്മദ് മൗലവി തന്നെയാണ്. കൗമാരക്കാരില്‍ ഏറെ സ്വാധീനം ചെലുത്തിയ ക്യാമ്പുകള്‍ വഴിതിരിച്ചുവിട്ടത് അതേ തുടര്‍ന്നാണ്.
പ്രസംഗകരെ പ്രോത്സാഹിപ്പിക്കാനും സൃഷ്ടിക്കാനും വഴിയൊരുക്കിയ പരിപാടിയാണ് ‘ഭാഷണ’ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രഭാഷണ പരിശീലന പദ്ധതി. പില്‍ക്കാലത്ത് സംഘടനയുടെ നാവുകളായി തിളങ്ങിയ പല പ്രഭാഷകരും ഉദയം ചെയ്തതും രൂപപ്പെട്ടതും ആ പരിശീലന പരിപാടികളിലൂടെയായിരുന്നു. തളിപ്പറമ്പ് അബ്ദുല്ല ഹാജി സൗകര്യമൊരുക്കിയ ‘ഭാഷണ’യുടെ സംഘാടനവുമായി ബന്ധപ്പെട്ട് രസകരമായ സംഭവം അരങ്ങേറുകയുണ്ടായി. പരിശീലനത്തിനേറ്റ പ്രമുഖ അതിഥികള്‍ പരിപാടിക്കെത്താന്‍ കഴിയില്ലെന്ന് അവസാന നിമിഷമാണ് അറിയിച്ചത്. അതോടെ പെട്ടെന്ന് പ്രോഗ്രാമിന്റെ രൂപം പുനക്രമീകരിച്ച് എല്ലാം പ്രായോഗിക സെഷനുകളും മത്സരങ്ങളുമാക്കി മാറ്റി. ഇതേക്കുറിച്ചറിയാത്ത പങ്കാളികള്‍ക്ക് ഗംഭീര പരിപാടി ആയാണ് അനുഭവപ്പെട്ടത്. എഴുത്തിന്റെയും പ്രസംഗത്തിന്റെയും സര്‍ഗാത്മകയുടെയും മേഖലകളില്‍ ഒരേസമയം സംഘടന സക്രിയമായ ഇടപെടലുകള്‍ നടത്തിയ വേളയായിരുന്നു അത്.
അന്ന് കീഴ്ഘടകങ്ങളിലേക്ക് നല്‍കിയ സര്‍ക്കുലറുകളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തകരുടെ വൈജ്ഞാനിക സര്‍ഗശേഷികള്‍ വളര്‍ത്താനുള്ള നിര്‍ദേശങ്ങളും ഇടംപിടിച്ചു. ചില പുസ്തകങ്ങള്‍ വായിക്കാനുള്ള നിര്‍ദേശങ്ങളുണ്ടായി.

വാസ്തവത്തില്‍  കെ പി സകരിയ്യയുടെ സംഘടനയിലെ ദൗത്യം എന്തായിരുന്നു?

ഏതു കാര്യം ഏറ്റെടുക്കുമ്പോഴും ആ കാര്യം മികവുറ്റ രീതിയില്‍ ചെയ്ത അനുഭവങ്ങള്‍ പരിശോധിക്കുകയാണ് സ്വീകരിച്ച ഒരു രീതി. അതുസംബന്ധിയായ ഗ്രന്ഥങ്ങള്‍ പരതും. സംഘടനാ ശാസ്ത്രം, ഫലപ്രദമായ യോഗങ്ങള്‍, നേതൃഗുണം എന്നിവ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും വിദഗ്ധരുമായി നേരിട്ടു ബന്ധപ്പെടുകയും അഭിപ്രായം തേടുകയും ചെയ്യുമായിരുന്നു. ജനകീയ നേതാവ് എന്ന നിലയില്‍ ഒരുപാട് മാതൃകകള്‍ പകര്‍ന്നു നല്‍കിയ വ്യക്തിയാണ് കെ കെ മുഹമ്മദ് സുല്ലമി. പ്രവര്‍ത്തകരുമായി ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ കെ കെയുടേത് അനന്യമായ മാതൃകയായിരുന്നു. കെ കെ ആരെയും കുറ്റം പറയില്ല. കുറ്റം കണ്ടെത്തുന്നതും പറയുന്നതും പരമാവധി കുറയ്ക്കുകയും നന്നായി വര്‍ക്കുചെയ്യുകയും ചെയ്യുക എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ നേതാവായിരുന്നു അദ്ദേഹം.
നാം ചെയ്യേണ്ട സംഗതികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുക, സഹപ്രവര്‍ത്തകരെ കൊണ്ട് ചെയ്യിക്കണ്ടവ പരമാവധി ചെയ്യിക്കുക, പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുക, കിട്ടേണ്ടത് വാങ്ങുകയും കൊടുക്കേണ്ടത് നല്‍കുകയും ചെയ്യുക എന്നിവ സംഘടനാ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ സഹായിക്കുന്ന ഘടകങ്ങളാണ്. മറ്റുള്ളവരെ സഹായിച്ചെങ്കില്‍ അതിന്റെ മേല്‍ മേധാവിത്വമോ അവകാശവാദമോ ഇല്ലാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് മുഹമ്മദ് സുല്ലമി എം എസ് എമ്മുകാരെ പഠിപ്പിച്ചു. ഈ മാര്‍ഗനിര്‍ദേശം ഞങ്ങള്‍ക്ക് വളരെ സഹായകരമായിട്ടുണ്ട്. ഏതൊരു പരിപാടിയും തുടങ്ങും മുമ്പേ അതിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കുമായിരുന്നു. ഓരോന്നിനും വേണ്ടിവരുന്ന സാമ്പത്തിക ചെലവും സമയവും അധ്വാനവും ഉള്‍പ്പെടെ ഇങ്ങനെ ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. വരാവുന്ന തടസ്സങ്ങളും ബദല്‍ പ്ലാനുകളും നേരത്തെ തന്നെ ആസൂത്രണം ചെയ്യും.

ഓര്‍ഗനൈസിംഗ് താല്പര്യമുള്ള മേഖലയാണെങ്കിലും അതാണ് ഏറ്റവും ഇഷ്ടമെന്നു പറയാന്‍ കഴിയില്ല. പക്ഷെ ഏറ്റെടുത്ത കാര്യം അതിന്റെ പരിപൂര്‍ണതയില്‍ നിര്‍വഹിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും മുന്നൊരുക്കങ്ങളും നിര്‍വഹിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. രാത്രികളായിരുന്നു ആസൂത്രണം ചെയ്യാനുള്ള സമയം. പിറ്റേന്ന് നേരം പുലരുമ്പോള്‍ വലിയ ആശ്വാസമാകും. ഉറക്കം നഷ്ടപ്പെട്ട, ഭക്ഷത്തില്‍ ശ്രദ്ധിക്കാത്ത ദിനങ്ങള്‍ ഏറെ സമ്മാനിച്ചത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള കാലമാണ്. ആ ശീലം പില്‍ക്കാലത്ത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്തിരിക്കാം. ആസൂത്രണം, സമര്‍പ്പണം എന്നിവ തന്നെയാണ് പ്രധാനം. കെ പി, കെ കെ പോലുള്ള നേതാക്കളാണ് മുന്നില്‍ മാതൃകകളായുണ്ടായിരുന്നത്.

ജാമിഅ സലഫിയ്യ മാതൃകയിലുള്ള ഒരു ഗവേഷണ സ്ഥാപനത്തെ പറ്റി പറഞ്ഞല്ലോ. അതില്‍ താങ്കളുടെ റോള്‍ എന്താണ്?

രാമനാട്ടുകരയ്ക്കടുത്ത അഴിഞ്ഞിലത്ത് കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഐ എച്ച് ഐ ആറിന്റെ ഉത്തരവാദിത്വത്തില്‍ എത്തിപ്പെടുന്നത് യാദൃച്ഛികമായാണ്. ചുമതലയേറ്റിരുന്നയാള്‍ക്ക് അവിചാരിതമായി വിദേശത്തു പോകേണ്ടിവന്നതിനാല്‍ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരം സഹായിക്കാന്‍ എത്തിയതായിരുന്നു. സഹായിക്കാന്‍ പോയ ആള്‍ ചുമതലക്കാരനാവുകയായിരുന്നു. സിലബസും കരിക്കുലവും രൂപപ്പെടുത്തുന്ന ചുമതല എന്റെ മേല്‍ വന്നു ചേര്‍ന്നു. പ്രമുഖരുടെ നിര്‍ദേശാനുസരണമാണ് കരിക്കുലവും മറ്റും രൂപപ്പെടുത്തിയത്. അറുനൂറ് ദിവസ കോഴ്‌സായാണ് ഐ എച്ച് ഐ ആര്‍ വിഭാവനം ചെയ്യപ്പെട്ടത്. 150 ദിവസം വീതമുള്ള നാലു സെമസ്റ്ററുകളായാണ് കോഴ്‌സ് നടന്നുവരുന്നത്. പ്രമുഖരും പ്രഗത്ഭരുമായ ആര്‍ പിമാരെ ഉപയോഗപ്പെടുത്തിവരുന്നു.

താങ്കള്‍ യുവജന സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള സന്ദര്‍ഭത്തിലാണ് സംഘടനാ പിളര്‍പ്പ് സംഭവിക്കുന്നത്. പിളര്‍പ്പിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങള്‍ക്ക് സ്വാഭാവികമായും നേരിട്ടു സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. പ്രശ്‌നങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു?

1996 മുതല്‍ ഐ എസ് എം സംസ്ഥാന എക്‌സിക്യൂട്ടിവില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 1998-ലും 2003-ലും സംസ്ഥാന സെക്രട്ടറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2006 വരെ ജന. സെക്രട്ടറിയായിരുന്നു. എം എസ് എമ്മിലും ഐ എസ് എമ്മിലും മുസ്തഫ ഫാറൂഖിയുടെ പിന്‍ഗാമിയായാണ് ജന. സെക്രട്ടറി സ്ഥാനത്തെത്തുന്നത്. അബൂബക്കര്‍ കാരക്കുന്നായിരുന്നു ഐ എസ് എം  പ്രസിഡന്റ്. 1986-ല്‍ എം എസ് എമ്മില്‍ മുസ്തഫ ഫാറൂഖിയുടെ നേതൃത്വത്തിലും ഐ എസ് എമ്മില്‍ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലും കാര്യശേഷിയുള്ള ഒരു നിര രംഗത്തുവന്നു. സംഘടനയുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമായ ചുവടുവെപ്പുകള്‍ നടത്തിയ കാലഘട്ടമാണത്. വളരെ സജീവമായ ടീമായിരുന്നു അത്.
കെ എന്‍ എം ജന. സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെ പിന്തുണയും പ്രോത്സാഹനവും ഈ ടീമിന് ലഭിച്ചിരുന്നു. (1970 മുതല്‍ കെ പിയാണ് ജന. സെക്രട്ടറി.) കെ പിയോട് കൂടുതല്‍ അടുപ്പം കാണിച്ചതും ഉപയോഗപ്പെടുത്തിയതും സ്വാഭാവികമായും എം എസ് എമ്മുകാരായിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും അവര്‍ കെ പിയെ കാണും. അദ്ദേഹം നിര്‍ദേശം നല്‍കും. കെ പിയുടെ ഇടപെടല്‍ സംഘടനയിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിവച്ചു. കെ എന്‍ എമ്മിന് കരുത്തേകും വിധം ഐ എസ് എമ്മും എം എസ് എമ്മും ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. ഹുസൈന്‍ മടവൂര്‍ സംഘടനാ തലത്തില്‍ കൂടുതല്‍ ഉയര്‍ന്നുവരികയും പൊതുവെ അറിയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സമകാലികരും സമപ്രായക്കാരുമായ ചില ആളുകള്‍ക്ക് മാനുഷികമായ അസഹിഷ്ണുതയും അസൂയയും അസംതൃപ്തിയും വളര്‍ന്നുവരികയുണ്ടായി. അതാണ് പില്‍ക്കാലത്തുണ്ടായ ചേരിതിരിവിന്റെ അടിസ്ഥാനമായി വരുന്നത്. മാനുഷികമായി ഉയര്‍ന്നുവരാവുന്ന ഇത്തരം അസ്വസ്ഥതകള്‍ സംഘടനാ നേതൃത്വം സ്വാഭാവികമായും ഇടപെട്ട് ഇല്ലാതാക്കുമായിരുന്നു. കെ പിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സ്വസ്ഥതയോടെ മുന്നോട്ടുപോകും. 1995-ല്‍ കെ പി മരണപ്പെടുന്നു.
1996-ല്‍ തൃശൂരില്‍ എം എസ് എം സമ്മേളനത്തിന്റെ ഒരുക്കം നടക്കുമ്പോള്‍, (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്ന ഉത്തരവാദിത്തം എന്നിലായിരുന്നു) മുതല്‍ അസ്വസ്ഥതകളുടെ സൂചനകള്‍ കണ്ടിരുന്നു. ഹുസൈന്‍ മടവൂരിനെ ചൊല്ലിയായിരുന്നു അസ്വാരസ്യങ്ങള്‍. 1998-ലാണ് മുജാഹിദ് സംസ്ഥാന സമ്മേളനം കണ്ണൂര്‍ പിലാത്തറ വച്ചു നടക്കുന്നത്. അപ്പോഴേക്കും ഉള്‍പ്പുകച്ചിലുകള്‍ രൂക്ഷമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവയെ ചേര്‍ത്തുകൊണ്ടുപോകുന്ന സംഘടനാ മെഷിനറി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ ഇതു സംഭവിച്ചില്ല. 2000 ആയപ്പോള്‍ ഈ അസ്വസ്ഥതകള്‍ പരസ്യമായി ഉയര്‍ന്നുവരാന്‍ തുടങ്ങി. ഇതോടെ വ്യക്തിപരമായി ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ക്ക് ആദര്‍ശപരമായ മുഖം നല്‍കപ്പെട്ടു. ഹുസൈന്‍ മടവൂരിനു മേലാണ് പ്രധാനമായും ആദര്‍ശവ്യതിയാനം (ഇന്‍ഹിറാഫ്) ആരോപിക്കപ്പെടുന്നത്. പലേടത്തു നിന്നായി ചില അഭിപ്രായവ്യത്യാസങ്ങള്‍ കൂട്ടിച്ചേര്‍ത്തുവച്ചാണ് ആദര്‍ശ വ്യതിയാനത്തിന് ബലം നല്‍കിയത്. അതോടെ  വിഭാഗീയമായ പരിപാടികള്‍ എറണാകുളത്തു നിന്നാരംഭിച്ച് കണ്ണൂരില്‍ പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്.
ഈ ഘട്ടത്തില്‍ ഹുസൈന്‍ മടവൂര്‍ ഐ എസ് എം ഭാരവാഹിയല്ല. അദ്ദേഹത്തിന് വല്ല ആദര്‍ശ മാറ്റവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്തിക്കണം, അതല്ല ആരോപണങ്ങള്‍ ശരിയല്ലെന്നു തെളിഞ്ഞാല്‍ അതു പറയുന്നവര്‍ അത് അവസാനിപ്പിക്കണം എന്ന നിലപാടാണ് ഐ എസ് എമ്മിന്റെ ഉത്തരവാദിത്വത്തിലുള്ള ഞങ്ങള്‍ അന്ന് കെ എന്‍ എം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പക്ഷെ ഈ നിര്‍ദേശത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല, ഫലപ്രാപ്തി കണ്ടില്ല. വിഷയത്തില്‍ സത്യസന്ധമായും ഗൗരവത്തോടെയും ഇടപെട്ട് നീതിയുക്തമായ നടപടി സ്വീകരിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടതോടെയാണ് ഹുസൈന്‍ മടവൂരിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഐ എസ് എം എന്ന മുജാഹിദ് യുവജന വിഭാഗത്തിനു നേരെ കൂടി ഉന്നയിക്കപ്പെടുന്നത്. സംഘടനാ പരമായി, വിഷയത്തില്‍ ഒരു പക്ഷത്തു നിലയുറപ്പിക്കാതെ തന്നെ ഐ എസ് എം പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ ചില ഗ്രന്ഥങ്ങളിലെയും പുസ്തകങ്ങളിലെയും പരാമര്‍ശങ്ങളോ ഉദ്ധരണികളോ ആണ് ഇതിനും കാരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്. ഈ സമീപനത്തിലെ ശരികേട് ചോദ്യം ചെയ്ത പ്രമുഖ പണ്ഡിതരായ കെ കെ മുഹമ്മദ് സുല്ലമി, സി പി ഉമര്‍ സുല്ലമി, പിന്നീട് എ അബ്ദുസ്സലാം സുല്ലമി തുടങ്ങി ഓരോരുത്തരെയായി ആദര്‍ശ വ്യതിയാനം വന്നവരുടെ പട്ടികയിലേക്ക് ചേര്‍ക്കുകയായിരുന്നു. സംഘടനാ മെഷിനറി ആ ഘട്ടത്തില്‍ ഫലപ്രദമായി ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നതാണ് സംഘടനയെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിലേക്ക് എത്തിച്ചത്.

തോളോടു തോള്‍ ചേര്‍ന്ന് സംഘടനാ പ്രവര്‍ത്തനം നടത്തിയവര്‍ ചേരി തിരിഞ്ഞ് പ്രവര്‍ത്തിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത സംഘര്‍ഷമയമായ സാഹചര്യത്തെ എങ്ങനെയാണ് തരണം ചെയ്തത്?

കെ എന്‍ എം ജന. സെക്രട്ടറി എ പി അബ്ദുല്‍ഖാദര്‍ മൗലവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അക്കാലത്ത് ഐ എസ് എമ്മിനെക്കാള്‍ അടുത്ത ബന്ധം കെ എന്‍ എമ്മിനോടായിരുന്നു താനും. ഈ വിഷയം രൂക്ഷമായ വേളയില്‍ കെ എന്‍ എമ്മിന്റെയും ഐ എസ് എമ്മിന്റെയും ഇടയില്‍ നിന്ന് പാലം തീര്‍ത്താണ് മുന്നോട്ടുപോയത്. പക്ഷെ ഈ ആരോപണം തെറ്റാണെന്നു ബോധ്യമായപ്പോള്‍, ആദര്‍ശ വ്യതിയാനം എന്ന ശരികേട് സ്ഥാപിക്കപ്പെടാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

സംഘടനാ രംഗത്തുണ്ടായ പിളര്‍പ്പിനെ വര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങനെ നോക്കിക്കാണുന്നു?

 

 

 

 

ചരിത്രത്തിന്റെ സഞ്ചാര പഥത്തില്‍ ഓരോ ഘട്ടത്തിലും പ്രസ്ഥാനങ്ങളും സമൂഹങ്ങളും പരിവര്‍ത്തനത്തിനും മാറ്റങ്ങള്‍ക്കും വിധേയമാകും. അതിനു ചില നിമിത്തങ്ങളുണ്ടാകും. അപ്പോള്‍ മൂല്യം, ന്യായം, സത്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവുക എന്നതാണ് പ്രസക്തം. അങ്ങനെയെങ്കില്‍ മുന്നില്‍ പുതിയ വഴികള്‍ തുറക്കുകയും ഈ അസ്വസ്ഥതകള്‍ അവസരങ്ങളാവുകയും ചെയ്യുമെന്നാണ് ചരിത്രത്തില്‍ നിന്നു നമുക്ക് മനസ്സിലാകുന്നത്. താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാവാം. ശ്രദ്ധിക്കേണ്ട പ്രസക്തമായ സംഗതി, നമ്മുടെ വഴി സത്യസന്ധമാണോ, മൂല്യം ഉയര്‍ത്തിപ്പിടിച്ചാണോ മുന്നോട്ടുപോകുന്നത് എന്നതാണ്.

കുടുംബത്തെയും ഔദ്യോഗിക ജീവിതത്തെയും കുറിച്ച്?

കുറ്റിപ്പുറത്തു നിന്ന് കച്ചവടാര്‍ഥം കോഴിക്കോട് കുണ്ടുങ്ങലിലെത്തിയ ഉമര്‍ ആണ് പിതാവ്. പുരോഗമന കാഴ്ചപ്പാടുള്ള അദ്ദേഹം നല്ല വായനക്കാരനായിരുന്നു. ഉമ്മ ആയിശ 1977-ല്‍ മരണപ്പെടുമ്പോള്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. 1995-ല്‍ ഉപ്പയും മരണപ്പെട്ടു.
കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ 1993-ല്‍ ബിസ്മിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തിലായിരുന്നു കല്യാണം. ഭാര്യ നസീറ. ചുങ്കത്തറ മുഹമ്മദലി മൗലവിയുടെ മകളാണ്. ഒളവണ്ണ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. വിവാഹിതയായ മൂത്ത മകള്‍ വാഫിറ ഹനാന്‍ റൗദത്തുല്‍ ഉലൂമില്‍ ഗസ്റ്റ് ലക്ചററാണ്. രണ്ടാമത്തെ മകള്‍ റൗദത്തുല്‍ ഉലൂമില്‍ നിന്ന് ഡിഗ്രി കഴിഞ്ഞിരിക്കുന്നു. മകന്‍ ഹാഫിദ് അലിന്‍ ഇര്‍ഫാന്‍ റൗദത്തുല്‍ ഉലൂം അറബിക് കോളെജില്‍ തന്നെ പ്രിലിമിനറിക്കു പഠിക്കുന്നു.
പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ ദഅ്‌വ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ കെ പിയുടെ നിര്‍ദേശാനുസരണം 1991-ല്‍ അവിടെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1997 ഡിസംബര്‍ വരെ കോളെജ് അധ്യാപകനായി സേവനം. 1997 ഡിസംബര്‍ 9-നാണ് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ ലക്ചററായി ചേരുന്നത്. 2020 മാര്‍ച്ച് 31-ന് 23 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രഫസറായി വിരമിച്ചു.

സംഘടനാ പ്രശ്‌നങ്ങളും ബഹളങ്ങളും കുടുംബജീവിതത്തെ ബാധിച്ചുവോ?

കുടുംബ ബന്ധങ്ങളിലേക്ക് സംഘടനാ വിഷയങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. ഭാര്യാ കുടുംബത്തിലെ പലരും സംഘടനാപരമായി മറുവശത്തായിരുന്നെങ്കിലും കുടുംബ ബന്ധങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം കൊടുത്തില്ല.
ഭാര്യ നസീറ സുഹൈര്‍ ചുങ്കത്തറ മൗലവിയുടെ ഇളയ സഹോദരിയാണ്. മുഹമ്മദ് കുട്ടശ്ശേരി ഭാര്യയുടെ അമ്മാവനാണ്. ശഫീഖ് അസ്‌ലം, ജൗഹര്‍ അയനിക്കോട്, പ്രഫ. ഹബീബ, സനിയ്യ അന്‍വാരിയ്യ, ബുഷ്‌റ നജാത്തിയ്യ തുടങ്ങി മുജാഹിദ് സംഘടനകളില്‍ സജീവരായ പ്രഭാഷകരും നേതാക്കളും ഭാര്യയുടെ ഉറ്റ ബന്ധുക്കളായുണ്ട്.
വിവാദങ്ങള്‍ക്കു പിന്നാലെ പോയില്ല. ആരെങ്കിലും വിവാദ പരാമര്‍ശങ്ങളുയര്‍ത്തിയാല്‍ ഏറ്റുപിടിച്ചില്ല. ആരോപണങ്ങള്‍ക്കു ചെവി കൊടുത്തില്ല. കാര്യമായ വിമര്‍ശനങ്ങളുണ്ടെങ്കില്‍ വസ്തുതകള്‍ സൗമ്യമായും മാന്യമായും പങ്കുവെക്കും. ബന്ധുക്കള്‍ സംഘടനാപരമായി പല വഴിക്കായിരുന്നെങ്കിലും എല്ലാവരുമായും നല്ല സൗഹൃദ, സ്‌നേഹബന്ധം നിലനിര്‍ത്തുകയും പോക്കുവരവുകള്‍ പഴയ പോലെ തുടരുകയും ചെയ്തു. പിന്നീടുണ്ടായ പിളര്‍പ്പിലും വീണ്ടും യോജിപ്പും വഴിപിരിയലും ഉണ്ടായപ്പോഴും ബന്ധങ്ങള്‍ മാന്യമായും പവിത്രമായും കാണുന്ന സമീപനമാണ് സ്വീകരിച്ചുപോന്നത്.

മുജാഹിദ് സംഘത്തിനു കീഴിലുള്ള അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജിലെ ഔദ്യോഗിക ജീവിതം ഈ ഘട്ടത്തില്‍ എങ്ങനെയായിരുന്നു?

2002-ലെ പിളര്‍പ്പില്‍ ശക്തരായ ആളുകളെല്ലാം മറുഭാഗത്തുള്ളവരായിരുന്നു. ആദ്യ ഘട്ടത്തില്‍ അതിരൂക്ഷമായ എതിര്‍പ്പുകള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. മാനസിക വിഷമമുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായെങ്കിലും ശാന്തമായും ക്ഷമാപൂര്‍വവും തരണം ചെയ്തതിനാല്‍ പിന്നീടതൊരു വിഷയമല്ലാതാവുകയായിരുന്നു. കാലക്രമേണ സൗഹാര്‍ദ സാഹചര്യം തിരിച്ചുവരികയും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാവുന്ന അന്തരീക്ഷം രൂപപ്പെടുകയുമുണ്ടായി. സ്റ്റാഫ് റൂം സഹവര്‍ത്തിത്വത്തോടെയാണ് മുന്നോട്ടുനീങ്ങിയത്. വിദ്യാര്‍ഥികളുമായുള്ള ബന്ധത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല.

വളരെ ചിട്ടയോടെയാണ് ജീവിതം. അലാറം വച്ചുള്ള വായന, കണിശമായ കുടുംബ ബജറ്റ്. ഒരേ ട്രാക്കിലൂടെ ഓടുന്ന വണ്ടിയാണോ താങ്കള്‍?

ഓരോ കാര്യവും വ്യവസ്ഥാപിതമായി ചെയ്യുക എന്നതാണ് ശീലിച്ചുപോന്ന രീതി. വ്യത്യസ്ത മേഖലകളില്‍ ഇടപെടുന്നുണ്ട്. പരന്ന വായന വളരെ ഇഷ്ടമുള്ള മേഖലയാണ്. ഗോള സമുദ്ര ശാസ്ത്ര പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഫിഖ്ഹിന്റെ വരണ്ട മേഖലകളെ കുറിച്ചുള്ള ഗ്രന്ഥങ്ങളും വായിക്കാനിഷ്ടമാണ്. അതിനു സമയം നീക്കിവെക്കാറുണ്ട്. ഫുട്ബാള്‍, ബാഡ്മിന്റന്‍, ചെസ്സ് എന്നിവ ഇഷ്ടമുള്ള വിനോദങ്ങളാണ്. ജാമിഅ സലഫിയ്യയിലായിരുന്ന കാലത്ത് വൈകുന്നേരങ്ങളില്‍ ഫുട്ബാള്‍ ഗ്രൗണ്ടില്‍ സജീവമായിരുന്നു. വിവിധ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ക്കും കൃത്യമായ സമയം വിഭജിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ടുപോയത്. ഒരേ രീതിയിലായിരുന്നില്ല ജീവിതം. വ്യത്യസ്ത കാര്യങ്ങള്‍ സമയനിഷ്ടയോടെ ചെയ്യുകയായിരുന്നു.

സജീവ സംഘാടകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ തിരക്കുകള്‍ക്കിടയില്‍ വ്യക്തിജീവിതം ആസ്വദിക്കാതെ പോയി എന്നു തോന്നിയിട്ടുണ്ടോ?

ഇഷ്ടമുള്ള വിവിധ മേഖലകളിലൂടെ ആസ്വദിച്ചു നടന്നിട്ടുണ്ട്. പാട്ടു കേള്‍ക്കുന്നത് ഇഷ്ടമാണ്. നല്ല പാട്ടുകളുടെ വലിയ ശേഖരം കൈയിലുണ്ട്. മുഹമ്മദ് റാഫിയുടെ പഴയ ഓല കാസറ്റ് ശേഖരം പലരും വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്. പി ടി വീരാന്‍കുട്ടി സുല്ലമി ഒരു യാത്രാവേളയില്‍ റഫിയുടെ കാസറ്റ് വാങ്ങിയത് സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. മിതവും ശരിയായ അളവിലും ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം യാത്രകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും ഫോട്ടോയെടുത്ത് ആഘോഷിക്കാറില്ല.

എഴുത്ത്, വായന, പഠനം, ഗവേഷണം എന്നീ മേഖലയെ കുറിച്ച്?

എ അബ്ദുസ്സലാം സുല്ലമിയുമായി ചേര്‍ന്നെഴുതിയ വിശുദ്ധ ഖുര്‍ആന്‍ സൂചികയാണ് ആദ്യ പുസ്തകം. അബ്ദുല്ല മൗലവിയുമായി ചേര്‍ന്നെഴുതിയ പ്രസംഗ കല എന്ന പുസ്തകം അയ്യൂബി ബുക്ഹൗസാണ് പ്രസിദ്ധീകരിച്ചത്. ഖുര്‍ആനിലെ ശാസ്ത്രീയ വിജ്ഞാനങ്ങളെ കാലിക വസ്തുതകളുമായി താരതമ്യം  ചെയ്യുന്ന പുസ്തകമാണ് ‘ഖുര്‍ആനിലെ വിജ്ഞാന വിസ്മയങ്ങള്‍’. യുവത ബുക് ഹൗസാണ് പുറത്തിറക്കിയത്. ഖുര്‍ആനിനെ കുറിച്ചുള്ള വിവിധ അറിവുകള്‍, അച്ചടി ചരിത്രം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 25 അധ്യായങ്ങളുള്ള കൊച്ചു പുസ്തകമാണ് ഖുര്‍ആന്‍ പഠന സഹായി.
അമ്മ ജുസ്ഇന്റെ പരിഭാഷയും ആസ്വാദനവും ഉള്‍പ്പെടുന്നതാണ് ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍ എന്ന ഗ്രന്ഥം. ശബാബില്‍ ലേഖനമായി പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കുകയായിരുന്നു. ഈ ഗ്രന്ഥത്തില്‍ ശ്രദ്ധിച്ചൊരു കാര്യം, ബ്രാക്കറ്റ് ഇല്ലാതെ പരിഭാഷപ്പെടുത്തി എന്നതാണ്. മലയാളത്തില്‍ ഇറങ്ങിയ പരിഭാഷകളിലേറെയും വളയങ്ങളോടു കൂടിയുള്ളതാണല്ലോ. പദങ്ങളുടെ വിശകലനവും മുന്നൂറു പേജുള്ള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘമായ പഠനങ്ങള്‍ക്കു ശേഷം അര്‍ഥ ആശയ വ്യത്യാസം വരാതെയാണ് ബ്രാക്കറ്റുകള്‍ ഒഴിവാക്കി പരിഭാഷ നിര്‍വഹിച്ചത്.
സാധാരണക്കാര്‍ക്കും ഗവേഷണ തല്പരര്‍ക്കും ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. ഓരോ ജുസ്ഉം ഇങ്ങനെ എഴുതി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഹോംവര്‍ക്കുകളിലാണ്.
നോമ്പ് തത്വവും പ്രയോഗവും എന്നതാണ് മറ്റൊരു പുസ്തകം. ഇസ്‌ലാം ഒന്ന്, രണ്ട് വാള്യങ്ങളില്‍ ലേഖകനായും പിന്നണിയിലുമുണ്ടായിരുന്നു. ഹദീസ് സമാഹാരം എന്ന ബൃഹത്തായ ആശയം മുന്നോട്ടുവയ്ക്കുന്നതിലും അത് യാഥാര്‍ഥ്യമാക്കുന്നതിലും അബ്ദുല്‍ജബ്ബാര്‍ സുല്ലമിക്കൊപ്പം റോള്‍ നിര്‍വഹിച്ചു. ഹദീസ് സമാഹാരത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു. എ അബ്ദുസ്സലാം സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി എന്നിവര്‍ ചീഫ് എഡിറ്ററും അസോസിയേറ്റ് എഡിറ്ററുമായിരുന്നു. വിശ്വാസം, നമസ്‌കാരം, സകാത്ത് നോമ്പ് ഹജ്ജ് പ്രാര്‍ഥനകള്‍ എന്നിങ്ങനെ വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളില്‍ വന്ന ഹദീസുകള്‍ ഉദ്ധരിച്ച ശേഷം സ്വഹീഹും ള്വഈഫും വേര്‍തിരിച്ച് സ്വഹീഹ് ആയ ഹദീസുകളെ ക്രോഡീകരിക്കുന്ന മലയാളത്തിലെ ആദ്യ സമഗ്ര സമാഹാരമാണ് ഇത്.
ഒന്നാം വാള്യത്തില്‍ കൊടുത്ത ഒരു ഹദീസിനെ കുറിച്ചു മാത്രമമാണ് പിന്നീട് ആരോപണം വന്നിട്ടുള്ളത്. രണ്ടു വാള്യം കൂടി പുറത്തിറങ്ങേണ്ടതായുണ്ട്. ‘യുവത’ ബുക്ക് ഹൗസിന്റെ ഡയരക്ടറായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. അതോടൊപ്പം  ഐ എച്ച് ഐ ആറിന്റെ അക്കാദമിക കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്നു.

മുസ്‌ലിം സംഘനടകളിലെ സങ്കുചിതത്വം, വിയോജിപ്പുകളോട് പൊരുത്തപ്പെടാന്‍ പറ്റാത്ത സാഹചര്യം എന്നിവ വൈജ്ഞാനിക സാമൂഹിക രംഗത്തെ ബാധിച്ചു എന്നു കരുതുന്നുണ്ടോ?

എല്ലാ സംഘടനകളിലും ഇടുങ്ങിയ ചിന്താഗതിക്കാരും വിശാലമായി കാര്യങ്ങളെ വീക്ഷിക്കുന്നവരുമുണ്ട്. സഹകരിക്കാവുന്ന മേഖലകളില്‍ യോജിക്കണം എന്നു കരുതുന്നവരും ഏറെയാണ്. സഹകരിച്ചുപോകാവുന്ന തലങ്ങളില്‍ സഹകരിക്കുന്നതിന് ചിലപ്പോള്‍ സംഘടനാ സങ്കുചിതത്വം തടസ്സമാകാറുണ്ട്. സംഘടനകള്‍ ശക്തിപ്പെടുക എന്നത് അവരുടെ ആവശ്യമായി വരുമ്പോള്‍ മറ്റുള്ള സംഘങ്ങളുമായി അകലുകയും വിയോജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കൂടുതല്‍ കാണാറുള്ളത്. എന്നാല്‍ പൊതുവായ വിഷയങ്ങളിലും ഭീഷണികളിലും യോജിക്കുന്നുണ്ട് എന്നതും കേരളത്തില്‍ കാണുന്നു.
സംഘടനയുടെ ഭാഗമാകാതെ മാറി നിന്ന് വ്യക്തിപരമായി പ്രവര്‍ത്തിക്കുമ്പോള്‍ പരിമിതിമായ സൗകര്യങ്ങളാണു ലഭിക്കുക. വ്യക്തി എത്ര വളര്‍ന്നു മുന്നോട്ടുപോയാലും അതിന് വലിയ പരിമിതികളുണ്ടാകും. എന്നാല്‍ പോസിറ്റീവ് ആയി ചിന്തിക്കുന്ന കൂട്ടായ്മയുടെ ഭാഗായി നില്‍ക്കാന്‍ കഴിഞ്ഞാല്‍ വ്യക്തിക്കും സംഘത്തിനും വളരാന്‍ സാധിക്കും (വ്യക്തി ചില സാമൂഹിക മര്യാദകള്‍ പാലിക്കേണ്ടിവരും). സംഘടനയ്ക്കും സമൂഹത്തിനും വളര്‍ച്ചയുണ്ടാക്കാനും ബന്ധപ്പെട്ട ഒരു സമൂഹത്തെ സ്വാധീനിക്കാനും അപ്പോഴാണ് കഴിയുക. കൂടുതല്‍ സാമൂഹിക ഇടപെടലിനും പുരോഗമനാത്മകമായ ചലനങ്ങള്‍ക്കും സാധിക്കുക സംഘടനയോടപ്പം നില്‍ക്കുമ്പോഴായിരിക്കും.

മൗലികമായ ചിന്തകള്‍ക്ക് സംഘടനാ ചട്ടക്കൂട് തടസ്സമാകുമെന്ന് കരുതുന്നുണ്ടോ?

ചിന്തകള്‍ പല വിധമുണ്ട്. സര്‍വതന്ത്ര സ്വതന്ത്രമായ ചിന്തയുള്ള ഒരാളെ സംബന്ധിച്ച് സംഘടനാ വൃത്തത്തില്‍ നില്‍ക്കുക ബുദ്ധിമുട്ടായിരിക്കും. അത്തരക്കാരുടെ ചിന്തകള്‍ക്ക് തടസ്സം വരും. എന്നാല്‍ കാര്യങ്ങളില്‍ കുറെക്കൂടി പക്വവും സാമൂഹിക വികാസവും മുന്‍നിര്‍ത്തി സമൂഹവുമായി ചില അഡ്ജസ്റ്റുമെന്റുകള്‍ക്ക് വിധേയമായി മുന്നോട്ടുപോകുമ്പോള്‍, വ്യക്തിപരമായ ചിന്തകള്‍ക്ക് സാധ്യമാകുന്നത്ര വികാസമുണ്ടാക്കാനും മറ്റുള്ള ആളുകളെ സ്വാധീനിക്കാനും കഴിയും. പുറത്തുനില്‍ക്കുന്ന ഒരാള്‍ സ്വാഭാവികമായും സവിശേഷമായി ബ്രാന്റു ചെയ്യപ്പെടുകയും സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള സാധ്യത ഇല്ലാതാവുകയുമാണ് ചെയ്യുക എന്നു തോന്നുന്നു.

സംഘടനകള്‍ വ്യക്തികള്‍ക്ക് പക്വമായ സാമൂഹിക ജീവിതം ഒരുക്കുമ്പോള്‍ മറുവശത്ത് അതൊരു അരസിക ജീവിതമാണ് സമ്മാനിക്കുന്നതെന്നു പറയാമോ?

അത് ഓരോരുത്തരുടെയും മാനസിക ഘടനയനുസരിച്ചിരിക്കും. ഇസ്‌ലാമികമായ കാര്യങ്ങള്‍ ചെയ്യുന്നതിലും അതിന്റെ ചട്ടക്കൂടിനകത്ത് ഒരു വ്യക്തി മുന്നോട്ടുപോകുന്നതിലും നിയന്ത്രിക്കുന്നതിലും സംഘടനാ ചട്ടക്കൂട് സഹായകമാകും. സംഘടനാ വൃത്തം ഇല്ലാതിരിക്കുമ്പോള്‍ വ്യക്തി സ്വഭാവികമായും സര്‍വതന്ത്ര സ്വതന്ത്രനായിരിക്കും. ആ സ്വാതന്ത്ര്യം ഒരുപക്ഷെ അതിരുകള്‍ ലംഘിക്കുന്നതിലേക്ക് പോകാനും സാധ്യത സൃഷ്ടിക്കാം. ഈ രണ്ടിനുമിടയില്‍ ഒരു വൃത്തം സൃഷ്ടിക്കുകയാണ് കൂടുതല്‍ സുരക്ഷിതവും അഭികാമ്യവുമെന്ന് കരുതുന്നു.

പരസ്പരം വളര്‍ത്താനും സൗഹാര്‍ദപൂര്‍ണമായി ഇടപഴകാനും സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് സാധ്യമാണോ?

സംഘടനാ പ്രവര്‍ത്തകനായി നിന്നുകൊണ്ട് വ്യത്യസ്തമായ പല വിഭാഗങ്ങളുടെ നേതൃത്വങ്ങളിലുള്ളവരുമായി നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. അവസാനം വേര്‍പിരിഞ്ഞവരുമായി വരെ വളരെ മാന്യവും സൗഹാര്‍ദപരവുമായ ഇടപെടലാണ് ഉള്ളത്. ചിലരുമായി വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ചിലരുമായി വ്യക്തിസൗഹൃദം നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. സംഘടനയില്‍ സജീവമാകുന്നതുകൊണ്ട് ഇതിനൊന്നും തടസ്സമാകുന്നില്ല.

ഇസ്‌ലാഹി പ്രസ്ഥാനം കേരളീയ സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്ന ഒരു മൂവ്‌മെന്റാണ്. ഇപ്പോള്‍ മുജാഹിദുകള്‍ക്ക് സാമൂഹിക പരിസരത്ത് എന്തെങ്കിലും റോള്‍ ഉണ്ടോ?

മുജാഹിദ് പ്രസ്ഥാനത്തിന് അന്നും ഇന്നുമുള്ള റോള്‍ വിശ്വാസപരമായി നേര്‍വഴിയിലേക്കുള്ള പ്രബോധനമാണ്. ഏകദൈവ വിശ്വാസം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാമൂഹിക ഘടന നിലനിര്‍ത്തുന്നതിന് ഈ പ്രസ്ഥാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. മുന്‍കാലത്ത് ചെയ്തതില്‍ നിന്ന് മാറി, സാമൂഹിക മാറ്റത്തിനുള്ള പരിശ്രമങ്ങളിലും ഇടപെടലുകളിലും സംഘടന ഏറെ പിന്നോട്ടുപോയിട്ടുണ്ട്. ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചു പഠിക്കുകയും ചിന്തിക്കുകയും പുതു തലമുറയെ ആ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്. സാമൂഹിക മാറ്റത്തിനുള്ള ഏറ്റവും പ്രധാന നിദാനം വിശ്വാസപരമായ പരിവര്‍ത്തനമാണ്. അതിന്റെ അടിസ്ഥാനം ഏകദൈവ വിശ്വാസവും പരലോക വിശ്വാസവുമാണ്.
അതിനൊപ്പം വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ പുരോഗതികളുണ്ടാക്കുന്നതിനാവശ്യമായ കരുത്തും ശേഷിയും ആര്‍ജിക്കാന്‍ ആളുകളെ സജ്ജമാക്കുക എന്നത് പ്രസക്തമാണ്. ശാസ്ത്രീയമായ സംഘടനാ സമീപനവും പ്രബുദ്ധമായ ആദര്‍ശ സമീപനവും സഹിഷ്ണുതാപൂര്‍വമായ നീക്കങ്ങളും ആവശ്യമാണ്. അതിനുള്ള സ്‌പേസ് നിലനില്‍ക്കുന്നുണ്ട്. ആരൊക്കെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനം.
യുദ്ധക്കളത്തില്‍ സൈന്യം പരാജയപ്പെട്ടു എന്നതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കണമെന്നല്ല. എവിടെയാണ് പരാജയം എന്ന് പഠിച്ച് സൈന്യത്തെ പരിഷ്‌കരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ സമൂഹത്തിന് വിജയമുണ്ടാവുക. അതിനുള്ള ശ്രമത്തിലാണ് നാം വീണ്ടും കൂട്ടായ്മ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പരിപൂര്‍ത്തീകരണത്തിലേക്ക് സാധ്യമാകുന്നത്ര പരിശ്രമിക്കുകയാണ് ചെയ്യുന്നത്.

ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. കോവിഡ് കാലത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ സാഹചര്യത്തിലായതിനാല്‍ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ഥികളോടും യാത്ര പറയാനുള്ള സാഹചര്യം കിട്ടാതെ പോയതില്‍ സങ്കടമുണ്ടോ?

അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ സന്ദര്‍ഭാനുസരണം എന്തെങ്കിലും പറയാം എന്ന ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നും കൂടുതല്‍ ആഗ്രഹങ്ങളോ താല്പര്യങ്ങളോ ഉള്ള മാനസികാവസ്ഥയില്ല. ഓരോ കാര്യങ്ങളും പരമാവധി സൂക്ഷ്മതയോടെ ചെയ്തു മുന്നോട്ടുപോകുന്നതിനാല്‍ പറയാന്‍ അവസരമില്ലെങ്കിലും നഷ്ടബോധമില്ല. കോളെജില്‍ കുട്ടികളോട് നേരത്തെ തന്നെ പല ഉപദേശങ്ങളും കൈമാറിയിരുന്നു. പി ജി ക്ലാസിന്റെ ചുമതലയായിരുന്നു. അവരെ റമദാനില്‍ സൂം പ്ലാറ്റ്‌ഫോമില്‍ വിളിച്ചുകൂട്ടി യാത്ര ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. അധ്യാപകരോട് നേരത്തെ തന്നെ പിരിഞ്ഞുപോകാനിരിക്കുന്ന നിലയില്‍ ഇടപെട്ടിരുന്നു. യാത്രയയപ്പു യോഗം ഉണ്ടാവുമായിരുന്നെങ്കില്‍ സന്ദര്‍ഭം ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ പ്രതികരിക്കുക എന്നു മാത്രമേ ഉള്ളൂ.

വിശ്രമകാലത്തുള്ള പരിപാടികളെന്തൊക്കെ?

ഖുര്‍ആന്‍ ഉള്‍പ്പെടെ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ സമഗ്ര തലത്തിലുള്ള ഗവേഷണം, അനുബന്ധ വിജ്ഞാനീയങ്ങള്‍, പുതുതായി വന്ന തത്വചിന്ത, ദര്‍ശനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം തുടങ്ങിയവ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ചില പുസ്തകങ്ങളും എഴുത്തുകളും ഉദ്ദേശിക്കുന്നുണ്ട്. ഒപ്പം, ഐ എച്ച് ഐ ആര്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്റെ മേഖലയില്‍ കൂടുതല്‍ ആഴത്തില്‍ പിന്തുണ കൊടുക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

അധ്യാപകന്‍, സംഘാടകന്‍, എഴുത്തുകാരന്‍. ആരെയാണ് താങ്കള്‍ക്ക് കൂടുതല്‍ സ്വയം ഇഷ്ടം?

അധ്യാപകനെയും എഴുത്തുകാരനെയുമാണ് വ്യക്തിപരമായി കൂടുതല്‍ താല്പര്യം. സംഘാടകന്‍ എന്നത് പിന്നാലെ വരുന്ന സംഗതിയാണ്.

സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് പൊതുസമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യം?

ജീവിത ഇടപാടുകളില്‍ പരമാവധി സ്‌നേഹത്തോടും സൗഹാര്‍ദത്തോടും ഇടപഴകാനും കൂടെയുള്ളവരെ വളര്‍ത്താനും ശ്രമിക്കുക. മറ്റുള്ളവര്‍ക്കു തടസ്സമാകാതെ അപരനു വേണ്ടി കൂടിയുള്ള ജീവിതം എല്ലാവരും നയിക്കുകയാണെങ്കില്‍ നല്ലൊരു സാമൂഹിക കാലാവസ്ഥയുണ്ടാകും എന്ന് സമൂഹത്തോടു പറയാന്‍ ആഗ്രഹിക്കുന്നു.
സോഷ്യല്‍ മീഡിയ സ്വതന്ത്ര അഭിപ്രായ പ്രകടനം സാധ്യമാക്കുന്ന പൊതു വേദിയാണ്. പക്വമതിയോ അപക്വമതിയോ ആയ ഏതൊരാള്‍ക്കും തന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ തത്സമയം പുറത്തുവിടാന്‍ സാധിക്കും. അപക്വയമായ അഭിപ്രായപ്രകടനങ്ങള്‍ സൂഹത്തില്‍ അസ്വസ്ഥകളും പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതേസമയം വേദികളില്ലാതിരുന്ന ഒരുപാട് പേര്‍ക്ക് അവരുടെ സ്വതന്ത്രമായ ആശയപ്രകാശനത്തിനുള്ള തുറസ്സായ ഇടം കൂടി സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്. അഥവാ ചില പ്രശ്‌നങ്ങളും ഒപ്പം ഗുണവശങ്ങളുമുണ്ട്. ജനം പലവിധമാണ്.
എല്ലാറ്റിനും കയറി പ്രതികരിക്കുന്നവരും വളരെ ആലോചിച്ചു മാത്രം പ്രതികരിക്കുന്നവരുമുണ്ടാകും. ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായി പ്രതികരിക്കുന്നില്ല എന്നതിനര്‍ഥം നിലപാട് ഇല്ലാത്തവരാണ് എന്നല്ല. ആലോചനയ്ക്കു വേണ്ടി മാറ്റിവച്ചതാകാം. സംഘടനകള്‍ക്കും ഇത് ബാധകമാണ്. സ്വയം നിയന്ത്രണവും പക്വതയും പാലിക്കുകയാണ് പ്രധാനം.`

Back to Top