26 Thursday
December 2024
2024 December 26
1446 Joumada II 24

കൗതുകങ്ങളിലേക്കൊരു കിളിവാതില്‍

ഡോ. ബാസില ഹസന്‍

കാല്‍മുട്ടില്‍
ഷൂവണിയുന്ന ഒട്ടകം
അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ
പേജ്: 56
പൂമരം ബുക്‌സ്‌


ശാസ്ത്രത്തെ രസകരമായും ആസ്വാദ്യകരമായും അനുവാചകരിലെത്തിക്കുകയെന്നത് ഏറെ ശ്രമകരമാണ്. വിരസതയുളവാക്കുന്ന ശാസ്ത്ര ക്ലാസുകള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴും അധ്യാപനകാലത്തും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. അധ്യാപകനും എഴുത്തുകാരനുമായ അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണയുടെ ‘കാല്‍മുട്ടില്‍ ഷൂവണിയുന്ന ഒട്ടകം’ ശാസ്ത്രാത്ഭുതങ്ങളെ സാധാരണക്കാരിലേക്കെത്തിക്കാനുള്ള നല്ലൊരു ചുവടുവെപ്പാണ്. ഇത്തരത്തിലുള്ള പരിശ്രമങ്ങള്‍ മലയാള സാഹിത്യത്തില്‍ അപൂര്‍വമല്ലെങ്കിലും ഭാഷാ ലാളിത്യം കൊണ്ടും അവതരണ മികവുകൊണ്ടും ആകര്‍ഷകമാണീ കൊച്ചു കഥാസമാഹാരം. ഗഹനമായ ശാസ്ത്ര സത്യങ്ങള്‍ അപ്രാപ്യമായ രീതിയില്‍ എഴുതിയ ശാസ്ത്ര പുസ്തകങ്ങള്‍ മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് മാതൃകയാക്കാവുന്ന കൃതി.
ജീവശാസ്ത്ര അധ്യാപകനായ അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ ജൈവലോകത്തെ അത്ഭുതക്കാഴ്ചകള്‍ കുഞ്ഞു കഥകളിലൂടെ തുറന്നുവെക്കുകയാണിവിടെ. രസകരമായ ഏഴു കഥകളുടെ സമാഹാരം നാനാതരത്തിലുള്ള ജന്തുജീവജാലങ്ങളെ സൃഷ്ടിച്ച പ്രപഞ്ചനാഥന്‍ അവയ്ക്ക് തങ്ങളുടെ ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടു ജീവിക്കാനാവുംവിധം സവിശേഷതകളും നല്‍കിയിട്ടുണ്ട്. ശാസ്ത്ര ഭാഷയില്‍ അനുകൂലനങ്ങള്‍ എന്ന് പേരിട്ട ഇത്തരം സവിശേഷതകളിലേക്കുള്ള ഒരു കിളിവാതിലാണീ കൃതി. കോയ മാഷും അദ്ദേഹത്തിന്റെ അയല്‍പക്കത്തുള്ള കുട്ടികളും തമ്മിലുള്ള കേവല സംഭാഷണങ്ങളിലൂടെയാണ് ഓരോ കഥയും വികസിക്കുന്നത്.
പക്ഷികളുടെയും മൃഗങ്ങളുടെയും വൈവിധ്യമാര്‍ന്ന ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്നതില്‍ കഥാകാരന്‍ വിജയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന തവള, മത്സ്യം, ധ്രുവങ്ങളില്‍ ജീവിക്കുന്ന പെന്‍ഗ്വിന്‍, മണലാരണ്യത്തിലെ കപ്പലായ ഒട്ടകം, തിമിംഗലം എന്നിവയെല്ലാം ഈ കഥകളിലൂടെ ജീവസ്സുറ്റതാകുന്നു. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ശാസ്ത്രാഭിരുചിയും നിരീക്ഷണ പാടവവും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന അവതരണം ഈ പുസ്തകത്തെ കൂടുതല്‍ തെളിമയുള്ളതാക്കുന്നു.
വിവിധ ശാസ്ത്ര ശാഖകള്‍ തമ്മിലുളള പാരസ്പര്യത്തെയും കഥാകാരന്‍ പരിഗണിച്ചിട്ടുണ്ടെന്നത് പുസ്തകത്തെ മികവുറ്റതാക്കുന്നു. ജന്തുശാസ്ത്രത്തിനിടയിലൂടെ അല്‍പം രസതന്ത്രവും ഭൗതികശാസ്ത്രവും കടന്നുവന്നത് ഏറെ ആസ്വാദ്യകരമായി. പ്രപഞ്ചരഹസ്യങ്ങള്‍ ഏറെ ഉള്ളടങ്ങിയിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും സന്ദര്‍ഭോചിതമായി പ്രതിപാദിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പരമ്പരാഗതമായ അധ്യാപനരീതിയില്‍ നിന്ന് മാറി നടന്ന കോയ മാഷ് ശാസ്ത്ര പഠനത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയാണ്. കുട്ടികളിലെ നിരീക്ഷണ പാടവം വളര്‍ത്താനും രസകരമായ ശൈലിയിലൂടെ അവരെ പക്ഷികളുടെയും മൃഗങ്ങളുടെയും ലോകത്തേക്കെത്തിക്കാനും ശ്രമിക്കുന്ന കോയ മാഷ് തന്നെയാണ് അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണയെന്ന് അവതാരികയില്‍ എന്‍ പി ഹാഫിസ് മുഹമ്മദ്.
പൂമരം ബൂക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ചിത്രീകരണം നൗഷാദ് വെള്ളിലശ്ശേരിയാണ് നിര്‍വഹിച്ചിരിക്കുന്നത്. മുഖ്താര്‍ ഉദരംപൊയിലിന്റെ കവര്‍ ഡിസൈനിംഗും ആകര്‍ഷകമാണ്. 56 പേജുകള്‍ ഉള്ള കൊച്ചുകൃതി കൂടുതല്‍ വായിക്കപ്പെടേണ്ടതും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതുമാണെന്ന് നിസ്സംശയം പറയാം.

Back to Top