കൗമാരക്കാരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം: ചൈനയില്‍ നിയന്ത്രണം

കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനു ചൈന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 16-18 പ്രായത്തിലുള്ള കുട്ടികള്‍ ദിവസം രണ്ടു മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് ചൈനീസ് സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഫോണുകളില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാനും നിര്‍ദേശമുണ്ട്. 8-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂറും 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 40 മിനിറ്റും ഇന്റര്‍നെറ്റ് ലഭ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ സഹായിക്കുന്ന ആപ്പുകള്‍ക്ക് ഇളവു നല്‍കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2019 മുതലാണ് കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ ചൈന നടപടി ആരംഭിച്ചത്.
