കോട്ട മൈതാനം കീഴടക്കി പെണ്‍കരുത്ത്
ആയിശാ ഹുദ എ വൈ
‘നവലോകത്തിന് നന്മയുടെ സ്ത്രീത്വം’ എന്ന പ്രമേയത്തില്‍ എം ജി എം സംഘടിപ്പിച്ച കേരള വിമന്‍സ് സമ്മിറ്റിന് പ്രൗഢോജ്വല സമാപനം. പര്‍ദയ്ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന കാഴ്ചപ്പാടിന് കേരളം നല്‍കിയ മറുപടിയായിരുന്നു പാലക്കാട് കോട്ട മൈതാനത്ത് നടന്ന മഹാ സംഗമം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ വ്യത്യസ്ത സെഷനുകള്‍ സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വനിതകള്‍ക്കു വേണ്ടി വനിതകളാല്‍ നടത്തിയ മഹാ സംഗമത്തില്‍ എല്ലാ മേഖലകളും കൈകാര്യം ചെയ്തത് പ്രത്യേകം പരിശീലനം ലഭിച്ച എം ജി എം, ഐ ജി എം പ്രതിനിധികളായിരുന്നു. ധാര്‍മിക വിശ്വാസം ഉള്‍ക്കൊണ്ട് സമൂഹത്തെ നന്മയുടെ ദിശയിലേക്ക് നയിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ആദര്‍ശ പ്രബോധനരംഗത്തും സാമൂഹിക മേഖലയിലും സ്ത്രീകള്‍ക്ക് അടയാളപ്പെടുത്തലുകള്‍ നടത്താന്‍ കഴിയണമെന്നും ആത്മീയചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
മുഹമ്മദ് ബേഗ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ഡെലിഗേറ്റ് മീറ്റ്’ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. അചഞ്ചലമായ വിശ്വാസമാണ് ജീവിതവിജയത്തിനുള്ള മാര്‍ഗമെന്ന് എം ജി എം സെക്രട്ടേറിയറ്റ് അംഗം നജീബ എം ടി അഭിപ്രായപ്പെട്ടു. ‘സ്ത്രീയുടെ ഇസ്ലാമും ലിബറലിസത്തിലെ സ്ത്രീയും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ആധുനിക ലോകത്ത് പുതിയ ഇസങ്ങളുടെ കടന്നുവരവ് എത്രത്തോളം സമൂഹത്തെ സ്വാധീനിച്ചിരിക്കുന്നുവെന്നതിനെ വിശകലനം ചെയ്തു. ചര്‍ച്ചയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയ, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സനിയ്യ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍മരംഗത്ത് കൃത്യമായ നിലപാട് ഉണ്ടാകണമെന്നും നിഷ്ഠയോടെയുള്ള ജീവിതക്രമം കാഴ്ചവെക്കാന്‍ സാധിക്കണമെന്നും എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു. പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ച സംഗമം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഡോ. അസ്മാ സഹ്‌റ ത്വയ്യിബ ഉദ്ഘാടനം ചെയ്തു. സര്‍വശക്തന്‍ ഏറ്റവും മികച്ച ഒരു മതത്തിന്റെ വക്താക്കളാക്കി നമ്മെ അനുഗ്രഹിച്ചിരിക്കുന്നുവെന്നും നമ്മള്‍ അതില്‍ അഭിമാനിക്കണമെന്നും അവര്‍ പറഞ്ഞു. നമുക്കാണ് യഥാര്‍ഥ ധാര്‍മികതയും നൈതികതയും ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ മേഖലകളിലും സ്ത്രീകളെന്ന നിലയില്‍ കയ്യൊപ്പ് ചാര്‍ത്തണമെന്നും രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം മുറുകെപ്പിടിക്കണമെന്നും മുഖ്യാതിഥിയായി എത്തിയ രമ്യ ഹരിദാസ് എം പി അഭിപ്രായപ്പെട്ടു. ലോകത്തിനു മാതാക്കള്‍ നല്‍കേണ്ടത് മനുഷ്യത്വമുള്ള മനുഷ്യരെയാണെന്ന് സി ടി ആയിഷ ടീച്ചര്‍ പറഞ്ഞു. പാലക്കാട് എം എല്‍ എ അഡ്വ. കെ ശാന്തകുമാരിയും സദസ്സിനെ അഭിമുഖീകരിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖമറുന്നിസ അന്‍വര്‍, ഡോ. അന്‍വര്‍ സാദത്ത് (ഐ എസ് എം), ആദില്‍ നസീഫ് ഫാറൂഖി (എം എസ് എം), സുഹാന ഉമര്‍ (ഐ ജി എം), സൈനബ ഷറഫിയ്യ, അഹമ്മദ്കുട്ടി മദനി, മുഹ്‌സിന പത്തനാപുരം, എം ജി എം കേരള ട്രഷറര്‍ റുക്‌സാന വാഴക്കാട്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം ജി എം കേരള സെക്രട്ടറി ആയിഷ ഹഫീസ് എന്നിവര്‍ സദസ്സുമായി സംവദിച്ചു.
മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രാതിനിധ്യം
ചര്‍ച്ച ചെയ്ത് അക്കാദമിക് കോണ്‍ക്ലേവ്
എം ജി എം വിമന്‍സ് സമ്മിറ്റിന്റെ ഭാഗമായി ഐ ജി എം സാരഥികള്‍ക്കു വേണ്ടി ‘അക്കാദമിക് കോണ്‍ക്ലേവ്’ സംഘടിപ്പിച്ചു. സമകാലിക ലോകത്ത് മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ‘കോണ്‍ക്ലേവി’ല്‍ ഡോ. ആബിദ ഫാറൂഖി, അഡ്വ. ഫാത്തിമ തഹ്‌ലിയ, എം ജി എം പ്രതിനിധി റാഫിദ, ഐ ജി എം സംസ്ഥാന സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഫാത്തിമ സുഹാന, ഐ ജി എം സംസ്ഥാന പ്രസിഡന്റ് തഹ്‌ലിയ ടി കെ, ഷാദിയ സി പി എന്നിവര്‍ പങ്കെടുത്തു.
ജാഹിലിയ്യാ കാലഘട്ടത്തിന്റെ അന്ധകാരത്തില്‍ നിന്നു സ്ത്രീകളെ വിമോചിപ്പിച്ച മതമാണ് ഇസ്‌ലാം എന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് പലരും മുസ്‌ലിം ലോകത്തെ വീക്ഷിക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ലിബറലിസത്തിന്റെ രാഷ്ട്രീയം
ഓപണ്‍ ഡിസ്‌കഷന്‍
ആധുനിക ലോകത്ത് ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്ന ഇസങ്ങളെക്കുറിച്ച് വിദ്യാര്‍ഥിനികളെ ബോധവതികളാക്കുന്നതിനും, ജെന്‍ഡര്‍ പൊളിറ്റിക്‌സിനു പിന്നിലുള്ള ഒളിയജണ്ടകളെയും ലിബറലിസം പോലുള്ള വാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വത്തെക്കുറിച്ച് അറിവു നല്‍കുന്നതിനുമായി Politics of Liberalism എന്ന വിഷയത്തില്‍ ഓപണ്‍ ഡിസ്‌കഷന്‍ നടത്തി.
ഐ ജി എം പ്രസിഡന്റ് തഹ്‌ലിയ ടി കെ, ദാനിയ പി, ആയിശ ഹുദ, ഡോ. ജാബിര്‍ അമാനി, സി പി അബ്ദുസ്സമദ് ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യക്തമായ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെപ്പറ്റി അറിവു നല്‍കിയ സെഷനില്‍ വിദ്യാര്‍ഥികള്‍ സംശയനിവാരണം നടത്തി.
എം എസ് എമ്മിന്റെ ടീസ്റ്റാള്‍
സമ്മിറ്റിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോട്ട മൈതാനിയില്‍ എത്തിയ പ്രതിനിധികള്‍ക്ക് എം എസ് എം പാലക്കാട് ടീം നടത്തിയ ടീ സ്റ്റാള്‍ ആശ്വാസമായി.
ബട്ടര്‍ഫ്‌ളൈസ് ചില്‍ഡ്രന്‍സ് ഗാതറിങ്
മുഹമ്മദ് ബേഗ് ഓഡിറ്റോറിയത്തില്‍ നടത്തിയ ബട്ടര്‍ഫ്‌ളൈസ് ചില്‍ഡ്രന്‍സ് ഗാതറിങ് സംഗമത്തിനെത്തിയ കുരുന്നുകള്‍ക്ക് കൗതുകമായി. ഷാനവാസ് പറവന്നൂരിന്റെ നേതൃത്വത്തില്‍ നടത്തിയ സെഷനില്‍ കുട്ടികളോടൊപ്പം പാടിയും പറഞ്ഞും ഷഫീഖ് അസ്ഹരി, അനസ് കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.
വന്‍ ഓഫറുകളുമായി യുവത ബുക് സ്റ്റാള്‍
സമ്മേളനത്തോടനുബന്ധിച്ച് ഒരുപാട് ഓഫറുകളുമായി യുവത ബുക് സ്റ്റാള്‍. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് സ്റ്റാള്‍ സന്ദര്‍ശിച്ചത്. കേരള നവോത്ഥാനത്തിലെ ശക്തമായ സ്ത്രീസാന്നിധ്യവും മലയാളത്തിലെ ആദ്യ മുസ്‌ലിം പത്രാധിപയും സംഭവബഹുലമായ ജീവിതത്തിലൂടെ മഹിളാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മഹതിയുമായ ഹലീമാബീവിയുടെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരത്തിന്റെ പ്രകാശനം ഏറെ ശ്രദ്ധേയമായി. ‘യുവത’യുടെ നാലു പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
ശ്രദ്ധേയമായി ‘റേഡിയോ ഇസ്‌ലാം’
മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇസ്‌ലാമിക് റേഡിയോ ആയ ‘റേഡിയോ ഇസ്ലാം’ പ്രചാരണാര്‍ഥം നടത്തിയ സ്റ്റാള്‍ സമ്മേളനത്തിന് എത്തിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റേഡിയോ ഇസ്‌ലാം ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
പ്രവര്‍ത്തന മികവു കൊണ്ട് ശ്രദ്ധേയരായി
യൂണിറ്റി വിങ്
സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് സമ്മേളന നഗരിയിലെത്തിയ പ്രതിനിധികള്‍ക്ക് യാതൊരു തടസ്സവും കൂടാതെ സംഗമം വീക്ഷിക്കാന്‍ യൂണിറ്റി വോളന്റിയര്‍ വിങ് സഹായമൊരുക്കി. കോട്ട മൈതാനിയെ വീര്‍പ്പുമുട്ടിച്ച സ്ത്രീസാഗരത്തെ സ്വാഗതം ചെയ്ത് ആയിരങ്ങള്‍ പങ്കെടുത്ത നമസ്‌കാരം മുതല്‍ മറ്റെല്ലാ കാര്യങ്ങളും യാതൊരു പരാതിക്കും ഇടനല്‍കാത്ത വിധം കൃത്യമായ വിധത്തില്‍ ഏകോപിപ്പിച്ച് യൂണിറ്റി പ്രവര്‍ത്തന മികവ് കൊണ്ട് ശ്രദ്ധേയരായി.
സ്ത്രീപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി
റീകാസ്റ്റ് മീഡിയ
സമ്മേളന നഗരിയിലെ മുഴുവന്‍ സെഷനുകളും കൈകാര്യം ചെയ്തത് സ്ത്രീകളായിരുന്നെങ്കിലും വ്യത്യസ്തതയാല്‍ ശ്രദ്ധിക്കപ്പെട്ടത് റീകാസ്റ്റ് മീഡിയയിലെ പെണ്‍സാന്നിധ്യമായിരുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച ഐജിഎം പ്രതിനിധികള്‍ എല്ലാ സെഷനുകളും മികവോടെ കാമറയില്‍ പകര്‍ത്തിയത് കൗതുകക്കാഴ്ചയായി.
‘കള്‍ചറല്‍ ഈവ്’
ഇമ്പമുള്ള ഗാനങ്ങളും വിദ്യാര്‍ഥിനികളുടെ നൃത്താവിഷ്‌കാരവും ‘കള്‍ചറല്‍ ഈവ്’ പരിപാടിക്ക് പുതുമ പകര്‍ന്നു. കുരുന്നു പ്രതിഭകളുടെ കലാവിരുന്ന് കോട്ട മൈതാനിക്ക് നവ്യാനുഭവം പകര്‍ന്നു.