കൂട്ടായ ആഘോഷമായിരുന്നു ഞങ്ങളുടെ പെരുന്നാള്‍
നിലമ്പൂര്‍ ആയിശ / നദീര്‍ കടവത്തൂര്‍
സാമുദായികമായ എതിര്‍പ്പുകളെയും വിലക്കുകളെയും മറികടന്ന് നാടകരംഗത്തേക്ക് കാലെടുത്തുവെച്ച് ജനഹൃദയം കീഴടക്കിയ കലാകാരിയാണ് നിലമ്പൂര്‍ ആയിഷ. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന, പൊതുഇടങ്ങളും സാമൂഹികമായ ഇടപെടലുകളും സമൂഹം സ്ത്രീകള്‍ക്ക് അനുവദിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് വിപ്ലവകരമായ തീരുമാനവുമായി നിലമ്പൂര്‍ ആയിഷ ‘ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്’ എന്ന നാടകത്തില്‍ അഭിനയിക്കുന്നത്. നാടകം ജനഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ടു പോയെങ്കിലും നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് ദുരനുഭവങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളടക്കം കരസ്ഥമാക്കിയ നിലമ്പൂര്‍ ആയിഷ തന്റെ കുട്ടിക്കാലവും പെരുന്നാള്‍ ഓര്‍മകളും നാടകജീവിതവും ഓര്‍ത്തെടുക്കുകയാണ്.
? കുടുംബവിവരങ്ങളും വിശേഷങ്ങളും പറഞ്ഞു തുടങ്ങാം.
നിലമ്പൂരിലെ വലിയൊരു സമ്പന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഉപ്പയ്ക്ക് ഒരുപാട് ബിസിനസുണ്ടായിരുന്നു. വീട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും ജോലിക്കാരൊക്കെ ഉണ്ടായിരുന്ന കുട്ടിക്കാലം ഇപ്പോഴും മനസ്സില്‍ നിന്ന് മായാതെ ബാക്കിയുണ്ട്. വീട്ടിലന്ന് രണ്ട് ആനകള്‍ ഉണ്ട്. ഉമ്മാക്ക് തട്ടാന്‍ പണിക്കു വേണ്ടി രണ്ടു പണിക്കാര്‍, വീട്ടിലെ അകം പണിക്കും പുറം പണിക്കുമായി ആറു പേര്‍, പാടത്തെ ജോലികള്‍ക്കായി അറുപതിലധികം ആളുകള്‍… ഇങ്ങനെയൊക്കെ ഒരു കാലം.
എന്നാല്‍ സമ്പത്തിന്റെയും തറവാട്ടു മഹിമയുടെയും ഔന്നിത്യത്തിലുള്ള ജീവിതം അധിക നാള്‍ നീണ്ടു നിന്നില്ല. ഉപ്പയുടെ ബിസിനസുകളൊക്കെ പെട്ടെന്ന് തകര്‍ന്നു. സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട് ജീവിതം വളരെ പ്രയാസം നിറഞ്ഞതായി മാറി. അതിനിടെ പെട്ടെന്ന് ഉപ്പ മരണപ്പെടുകയും ചെയ്തതോടെ തീര്‍ത്തും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു.
ഞങ്ങള്‍ ഏഴു മക്കളായിരുന്നു. വിശപ്പു കൊണ്ട് സഹോദരന്‍ കരഞ്ഞിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. പട്ടിണി മാറ്റാന്‍ വേണ്ടി പണിക്ക് പോവാന്‍ തുടങ്ങി. അതോടെ പഠനം അഞ്ചാം ക്ലാസില്‍ വെച്ചവസാനിച്ചു. അന്നത്തെ സാഹചര്യത്തില്‍ 13-ാം വയസ്സില്‍ വിവാഹത്തിനു നിര്‍ബന്ധിതയായി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ആ ബന്ധം മുന്നോട്ടു പോയത്. പെട്ടെന്ന് ഗര്‍ഭിണിയാവുക കൂടി ചെയ്തതോടെ ജീവിതം അവസാനിപ്പിക്കണമെന്ന് പോലും ചിന്തിക്കുകയുണ്ടായി.
? നാടകത്തിലേക്ക് കടന്നു വരുന്നത് എങ്ങനെയാണ്.
1953 ലാണ് ഇ കെ അയമു, ഡോ. ഉസ്മാന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ‘ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്’ എന്ന നാടകം അരങ്ങിലെത്തുന്നത്. ധാരാളം വേദികളില്‍ മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കി അത് മുന്നേറിക്കൊണ്ടിരുന്നു. അക്കാലഘട്ടത്തില്‍ നാടകങ്ങളിലൊന്നും സ്ത്രീ സാന്നിധ്യം ഇല്ലായിരുന്നു. പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി അഭിനയിക്കുകയായിരുന്നു പതിവ്. ‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്കി’ലെ സ്ത്രീ കഥാപാത്രങ്ങളും പുരുഷന്മാര്‍ തന്നെയായിരുന്നു അവതരിപ്പിച്ചിരുന്നത്. തൃശൂരില്‍ നാടകം കളിച്ച സമയത്ത് ഇ എം എസ് നാടകം കാണുകയുണ്ടായി. അദ്ദേഹത്തിന് നാടകം ഒരുപാട് ഇഷ്ടപ്പെട്ടു. നാടകത്തിലെ സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകള്‍ തന്നെ അവതരിപ്പിച്ചാല്‍ നന്നാകുമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നത് അദ്ദേഹമാണ്. അങ്ങനെ അണിയറ പ്രവര്‍ത്തകര്‍ നാടകത്തിലഭിനയിക്കാന്‍ സ്ത്രീകളെ അന്വേഷിച്ചു തുടങ്ങി.
ഒരിക്കല്‍ എന്റെ ഇക്കാക്ക മാനു മുഹമ്മദിന്റെ കൂടെ ഇ കെ അയമുവും വീട്ടില്‍ വന്നിരുന്നു. ഞാനാ സമയത്ത് പാട്ടുപാടിക്കൊണ്ടിരിക്കുകയാണ്. എന്നെ കണ്ട ഇ കെ അയമു ഇക്കാക്കയോട് നാടകത്തിലേക്ക് അഭിനയിക്കാന്‍ ആയിഷ പറ്റുമല്ലോ എന്നു പറഞ്ഞു. അതായിരുന്നു തുടക്കം. സാമുദായിക ഭീഷണി പേടിച്ച് ഉമ്മ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം മൂളി. നാടകത്തോട് എനിക്ക് ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധി അങ്ങനെയൊരു അവസരം ഉപയോഗപ്പെടുത്തുവാന്‍ എന്നെ നിര്‍ബന്ധിതയാക്കുകയും ചെയ്തു. അതിലുപരിയായി നാടകത്തിന്റെ സാമൂഹിക പ്രസക്തി എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.
? എന്തായിരുന്നു ആ നാടകം ഉയര്‍ത്തിപ്പിടിച്ചിരുന്ന വിഷയങ്ങള്‍.
ആ കാലഘട്ടങ്ങളില്‍ മുസ്ലിം സമുദായത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സമയമാണ്. ജന്മി-കുടിയാന്‍ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ബാക്കിയുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ എതിരെ പ്രതികരിക്കാന്‍ നാട്ടിലെ അഭ്യസ്ത വിദ്യരായ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു നാടക സമിതി രൂപീകരിച്ചു. അവരുടെ ചര്‍ച്ചകളില്‍ നിന്നാണ് ‘ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്’ പിറക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കര്‍ഷകരുടെ പ്രശ്‌നങ്ങളും ഭംഗിയായി കൈകാര്യം ചെയ്യാന്‍ ആ നാടകത്തിന് കഴിഞ്ഞു. അന്നത്തെ സാമൂഹിക പ്രശ്നങ്ങളില്‍ അങ്ങനെയൊരു പ്രതികരണം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് നാടകത്തിനു കിട്ടിയ സ്വീകരണത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.
? കലാരംഗത്തെ സാന്നിധ്യം സമ്മാനിച്ച സന്തോഷങ്ങള്‍ എന്തൊക്കെയായിരുന്നു.
ഇന്ന് ഭൂരിപക്ഷം മലയാളികള്‍ക്കും എന്നെ അറിയാമെന്നത് തന്നെയാണ് വലിയ സന്തോഷം. അതോടൊപ്പം ഒരുപാട് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാടക-സിനിമാ രംഗത്തെ പ്രമുഖരില്‍ പലരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. പ്രതിസന്ധി സമയങ്ങളില്‍ ഇവരില്‍ പലരും കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഡോ. ഉസ്മാന്‍ സാഹിബ് തുടങ്ങിയവരൊക്കെ പ്രാദേശികമായി എന്നെ ഏറെ സഹായിച്ചവരാണ്. നാടകരംഗത്തേക്ക് ഇറങ്ങി എന്നതിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതു പോലെത്തന്നെ നാടകരംഗത്തു നിന്നും പല രൂപത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ കടന്നു വന്ന വഴികള്‍ അറിയുന്നവര്‍ എനിക്ക് തരുന്ന ആദരവും ബഹുമാനവും ചിലര്‍ക്ക് ദഹിച്ചില്ല. അവരെനിക്കെതിരെ കോപ്പു കൂട്ടി. അവഗണനയും കുറ്റപ്പെടുത്തലും താങ്ങാവുന്നതിലുമപ്പുറമായപ്പോഴാണ് നാടക രംഗത്ത് നിന്ന് മാറി നില്ക്കാന്‍ തീരുമാനിച്ചത്.

dr m usman
? ഡോ.ഉസ്മാന്‍ സാഹിബുമായുള്ള ഓര്‍മകള്‍
എന്തൊക്കെയാണ്.
ഞങ്ങളുടെ നാടക സംഘം നിലമ്പൂര്‍ യുവജന കലാസമിതിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഉസ്മാന്‍ സാഹിബ്, ഇ കെ അയമു, നിലമ്പൂര്‍ ബാലന്‍, കെ ജി ഉണ്ണീന്‍, മാനു മുഹമ്മദ് തുടങ്ങിയവരായിരുന്നു സംഘത്തിലെ പ്രധാനികള്‍. ‘ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്’ നാടകത്തിന്റെ രചനയിലും സംഘാടനത്തിലും അഭിനയത്തിലും അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. നല്ലൊരു സംഘാടകനും പ്രാസംഗികനുമായിരുന്നു ഉസ്മാന്‍ സാഹിബ്. ഞങ്ങളുടെ കൂടെ എല്ലായിടത്തും അദ്ദേഹം വരും. ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തരും. അതിലുപരിയായി നാടകം കഴിഞ്ഞാല്‍ കൃത്യമായി അതിനെ വിലയിരുത്തും. പിന്നെ ഞാന്‍ പറഞ്ഞതു പോലെ എന്നെ പ്രതിസന്ധി സമയങ്ങളില്‍ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്.

e k ayamu
? ബലിപെരുന്നാള്‍ ആഘോഷിക്കുന്ന സമയമാണല്ലോ. എന്തൊക്കെയാണ് പണ്ടത്തെ പെരുന്നാള്‍ ഓര്‍മകള്‍.
ഉപ്പ ഉണ്ടായിരുന്ന കാലത്തെ പെരുന്നാളാണ് ഓര്‍മകളിലെ ഏറ്റവും സന്തോഷം നിറഞ്ഞ പെരുന്നാളുകള്‍. വീട്ടില്‍ ധാരാളം ജോലിക്കാര്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. കൂടാതെ ഉപ്പാക്ക് ഒരുപാട് ബന്ധങ്ങളും സ്നേഹിതരും ഉണ്ട്. ഇവരെല്ലാവരും കൂടി ഒന്നിച്ച് വീട്ടില്‍ നിന്ന് പെരുന്നാള്‍ ആഘോഷിക്കും. വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി ഞങ്ങളും ജോലിക്കാരും എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കും. അതിനു ശേഷം പാട്ടും പരിപാടിയുമൊക്കെയായി ബഹളമയമാകും വീട്. ജോലിക്കാരില്‍ പലരും കാളകളി, കെസ്സ് പാട്ട് തുടങ്ങി അവരുടെതായ കലാരൂപങ്ങളും പാട്ടുമൊക്കെ അവതരിപ്പിക്കും.
അന്ന് വെള്ളി രൂപ ഉള്ള സമയമാണ്. പെരുന്നാള്‍ ദിനങ്ങളില്‍ വലിയൊരു സഞ്ചി നിറയെ വെള്ളിരൂപ ഉപ്പ കരുതിവെക്കും. അന്ന് വീട്ടില്‍ വരുന്നവര്‍ക്കൊക്കെ അതില്‍ നിന്ന് വിതരണം ചെയ്യും. പിന്നെ പാവപ്പെട്ട ആളുകളെ വീട്ടിലേക്ക് ക്ഷണിച്ച് ഉപ്പ അവര്‍ക്ക് ഭക്ഷണം കൊടുക്കും. പക്ഷേ ഇങ്ങനെ ഞങ്ങളുടെ സമ്പത്തനുഭവിച്ച പലരും ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ഞങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനാണ് അവര്‍ താല്പര്യം കാണിച്ചത്.
ഞങ്ങളുടെ നിലമ്പൂര്‍ സ്നേഹമുള്ള ഒരു നാടാണ്. രാഷ്ട്രീയം പറഞ്ഞു മാത്രമേ ഇവിടെ ആളുകള്‍ തല്ലുകൂടാറുള്ളൂ. അതുകൊണ്ട് എല്ലാ മതസ്ഥരുടെ ആഘോഷങ്ങളിലും ഞങ്ങള്‍ പങ്കെടുക്കും. പരസ്പരം ഭക്ഷണവും സമ്മാനങ്ങളും കൈമാറുകയും ചെയ്യും.
? ഇന്ന്, പ്രത്യേകിച്ച് കൊറോണയ്ക്ക് ശേഷം ആഘോഷങ്ങളൊക്കെ മാറിയല്ലോ. ഇപ്പോഴത്തെ ആഘോഷങ്ങളെക്കുറിച്ച് പറയാനുള്ളത്.
കൊറോണ വന്നപ്പോ എല്ലാവരും വീട്ടിലിരിക്കുകയാണ്. അല്ലെങ്കിലും പണ്ടത്തെ ആഘോഷങ്ങളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇന്ന് ഉണ്ട്. ഞാന്‍ പറഞ്ഞല്ലോ അന്നത്തെ ഞങ്ങളുടെ പെരുന്നാളുകളൊക്കെ കൂട്ടായ്മയുടെ ആഘോഷമായിരുന്നു. വീട്ടിലെ ജോലിക്കാരും പാവപ്പെട്ടവരും അങ്ങനെ വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്തുള്ള ആഘോഷം. ഇന്ന് ഓരോരുത്തരും ഒറ്റയ്ക്ക് ആഘോഷിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൂട്ടായ ആഘോഷങ്ങള്‍ ഇല്ലാതായി. അതില്‍ വിഷമം തോന്നാറുണ്ട്.
? എല്ലാവര്‍ക്കുമായി നല്കാനുള്ള പെരുന്നാള്‍ സന്ദേശം എന്താണ്.
കലയും ആഘോഷങ്ങളുമൊക്കെ എല്ലാവരെയും ഒന്നിച്ചിരുത്താനുള്ള അവസരങ്ങളാണ് ഒരുക്കിത്തരുന്നത്. പരസ്പരം സ്നേഹവും ബഹുമാനവും വര്‍ധിപ്പിക്കാന്‍ അതിലൂടെ നമുക്ക് കഴിയണം. ആഘോഷങ്ങളുടെ പേരില്‍ മനസുകള്‍ ഒരിക്കലും അകലാന്‍ പാടില്ല.