കൂടുമാറ്റം തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് ബി ജെ പിയാണ്. ദേശീയ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നു പലരും ബി ജെ പിയിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇതിനിടയില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരം ലഭിക്കുന്നതിനായി ബി ജെ പിയുടെ സഖ്യകക്ഷിയായി മാറുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി ജെ പിയിലേക്ക് മാറിയിട്ടുള്ളത്. അതിന് കാരണം, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമായി നിരവധി വര്‍ഷങ്ങള്‍ അധികാരം അനുഭവിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് വര്‍ഷങ്ങളോളം പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രതിപക്ഷമായിരിക്കുമ്പോള്‍ സ്ഥാനമോഹികള്‍ കൂടുമാറുകയാണ് പതിവ്. കേരളത്തിലും ഇങ്ങനെ നിരവധി കൂടുമാറ്റം നാം കണ്ടിട്ടുണ്ട്.
പ്രത്യയശാസ്ത്ര ബോധവും നിലപാടുതറയെക്കുറിച്ചുള്ള അജ്ഞതയും സ്ഥാനമോഹവും കൂടിച്ചേരുമ്പോഴാണ് ‘ആയാറാം ഗയാറാം’ പൊളിറ്റിക്‌സ് രൂപപ്പെടുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി മാറുന്നതും പല പാര്‍ട്ടികളിലൂടെ ഭാവി പരീക്ഷിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമായി മാറിയിട്ടുണ്ട്. അതിനിടയിലാണ് മറ്റൊരു വാര്‍ത്ത ഗുജറാത്തില്‍ നിന്നു വരുന്നത്. സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബി ജെ പിയുടെ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നു. ബി ജെ പി സ്ഥാനാര്‍ഥി മുകേഷ് ദലാലാണ് ഇലക്ഷനെ നേരിടാതെ ലോക്‌സഭയിലെത്തിയത്. ബി ജെ പിയുടെ ആദ്യ വിജയമാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേശ് കുംഭാണിയുടെ അപേക്ഷയില്‍ പിന്താങ്ങി ഒപ്പിട്ട മൂന്നു പേരും പിന്മാറുകയും ഒപ്പ് തങ്ങളുടേതല്ല എന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. പിന്നാലെ ബി ജെ പിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കോണ്‍ഗ്രസ് നിലേശിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇത് ആസൂത്രിതമായ കൂടുമാറ്റമാണ് സംഭവിച്ചതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. തള്ളപ്പെടാന്‍ തക്ക സാഹചര്യത്തില്‍ നോമിനേഷന്‍ നല്‍കി കോണ്‍ഗ്രസിനെ വഞ്ചിക്കുകയാണ് നിലേശ് ചെയ്തത്. ഇന്ത്യയോളം പഴക്കമുള്ള പാര്‍ട്ടി എന്ന നിലയില്‍ നോമിനേഷന്‍ പൂരിപ്പിക്കാനോ തള്ളിയാല്‍ തന്നെ മറ്റ് പരിക്കുകളൊന്നുമില്ലാത്ത ഡെമ്മിയെ നിലനിര്‍ത്താനോ അറിയാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മത്സരിക്കാന്‍ പോലും ഇടം നല്‍കാതെ പാര്‍ട്ടി മാറുന്ന ഈ കാഴ്ച കൂടുമാറ്റത്തിന്റെ പുതിയരൂപമാണ്. നേരത്തെ പാര്‍ട്ടി മാറിയാല്‍ അവിടെ മറ്റാരെങ്കിലും സ്ഥാനാര്‍ഥിയായി വന്നേക്കാം. അതുകൂടി തടയാന്‍ മാത്രം എതിരാളികളോട് കൂറു പുലര്‍ത്തുന്ന സ്ഥാനമോഹികളായി രാഷ്ട്രീയ നേതാക്കള്‍ മാറുന്നു എന്നത് വേദനാജനകമാണ്. അതേസമയം, കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നുണ്ട്. ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനര്‍ ബി ജെ പിയിലെ പവര്‍ ഡീലറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശ് ജാവേദ്കറിനെ കണ്ടിരുന്നു എന്ന് ഇ പി ജയരാജന്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പാര്‍ട്ടി വിടുന്നത് സംബന്ധിച്ചും സ്ഥാനലബ്ധിയെ സംബന്ധിച്ചും ഇ പിയുടെ മകന്‍ ചര്‍ച്ച നടത്തിയെന്നാണ് മറ്റൊരു ബി ജെ പി നേതാവിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് ഈ വെളിപ്പെടുത്തലുകളൊക്കെ ഉണ്ടായത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ ബി ജെ പി അഭിമാന പോരാട്ടമായി കാണുന്ന തൃശൂര്‍ സീറ്റില്‍ തങ്ങളെ പിന്തുണക്കണമെന്നാണ് മറ്റൊരു ഡീലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ, ബി ജെ പിയില്‍ ചേരുന്നു, വോട്ട് മറിക്കുന്നു എന്നതെല്ലാം കേവലം ആരോപണം മാത്രമാകാം. വോട്ടെടുപ്പ് പടിവാതിലില്‍ നില്‍ക്കെ അത്തരം ആരോപണങ്ങള്‍ പതിവുള്ളതാണ്.
അധികാരമുള്ളിടത്തേക്ക് ചായാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തുനിയുന്നു എന്നത് ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ദുരവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രത്യയശാസ്ത്രമാണ് തങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നത് എന്നാണ് ‘ഇന്‍ഡ്യ’ മുന്നണിയുടെ അവകാശവാദം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലുള്ള സീനിയര്‍ നേതാക്കള്‍ ഈ പ്രത്യയശാസ്ത്ര ബോധത്തെക്കുറിച്ച് വളരെ ഗൗരവത്തോടെ തന്നെ സംസാരിക്കാറുണ്ട്. ഈ ബോധം സാര്‍ഥകമാകണമെങ്കില്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയപ്പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തുന്നതിനുള്ള പ്രത്യയശാസ്ത്ര സ്ഥൈര്യം ഒരു വിദ്യാഭ്യാസമായി തന്നെ മാറേണ്ടതുണ്ട്. രാജ്യം കടുത്ത ഭീഷണി നേരിടുന്നുവെന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ തന്നെ സുപ്രഭാതത്തില്‍ അതേ ഭീഷണിക്കു മുമ്പില്‍ വിനീതവിധേയരായി നില്‍ക്കുന്ന കാഴ്ച സാധാരണമായി മാറുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏതാനും ഘട്ടങ്ങള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ജൂണ്‍ 4-ന് ഫലമറിയുമ്പോള്‍ കേന്ദ്രഭരണം തല്‍സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്ത് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ ഇനിയും സംഭവിച്ചേക്കാം. ഇതിനെ പ്രതിരോധിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്.