5 Friday
December 2025
2025 December 5
1447 Joumada II 14

കൊള്ളയടിച്ച കലാസൃഷ്ടികളുമായി യു എസ് ഇറാഖിലേക്ക്‌


2003ലെ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖില്‍ നിന്ന് കൊള്ളയടിക്കുകയും കടത്തുകയും ചെയ്ത 17000 ലധികം പുരാതന കലാസൃഷ്ടികള്‍ യു എസ് തിരിച്ചെത്തിക്കുന്നത് ആരംഭിച്ചതായി ഇറാഖ് ഉദ്യോഗസ്ഥര്‍. ഗില്‍ഗാമേഷ് ഇതിഹാസത്തിന്റെ ഭാഗമായ 35000 വര്‍ഷം പഴക്കമുള്ള കളിമണ്‍ഫലകം ഉള്‍പ്പെടെ യു എസിലെ ഇടപാടുകാരില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നും പിടിച്ചെടുത്ത നിധികള്‍ തിരിച്ചെത്തിക്കാന്‍ യു എസ് ഉദ്യോഗസ്ഥരും ഇറാഖ് ഭരണകൂടവും ധാരണയിലെത്തിയതായി ഇറാഖ് സാംസ്‌കാരിക, വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു.
യു എസ് ഭരണകൂടം പിടിച്ചെടുത്ത കരകൗശല വസ്തുക്കള്‍ ഇറാഖിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഗില്‍ഗാമേഷ് ഫലകം അടുത്ത മാസം നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം ഇറാഖിലേക്ക് തിരിച്ചയക്കുന്നതാണെന്ന് സാംസ്‌കാരിക മന്ത്രി ഹസന്‍ നദീം റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ 2003ലെ അധിനിവേശത്തിന് ശേഷം, ഇറാഖില്‍ നിന്ന് പതിനായിരത്തോളം പുരാതന കലാസൃഷ്ടികളാണ് അപ്രത്യക്ഷമായത്. അന്താരാഷ്ട്ര ഇറാഖ് സേനകള്‍ പരാജയപ്പെടുത്തുന്നതിന് മുമ്പ് 2014നും 2017നുമിടയില്‍ ഇറാഖിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയ സായുധ വിഭാഗമായ ഐ എസ് ഐ എസ് ഒരുപാട് പുരാതന കലാസൃഷ്ടികള്‍ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

Back to Top