28 Thursday
March 2024
2024 March 28
1445 Ramadân 18

കൊച്ചനൂര്‍ അലി മൗലവി കാലം മറയ്ക്കാത്ത കാവ്യശോഭ

ഹാറൂന്‍ കക്കാട്‌


ഇന്ത്യയിലും അറബ് ലോകത്തും ഒരുപോലെ വിശ്രുതനായ മലയാളി പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന കൊച്ചനൂര്‍ അലി മൗലവിയുടെ വിയോഗത്തിന് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന മൗലവി കഠിന പ്രയത്‌നങ്ങളിലൂടെ മികച്ച അറബി പണ്ഡിതനായി പ്രശസ്തിയിലേക്കുയര്‍ന്ന ധിഷണാശാലിയാണ്. നിരന്തരമായ വായനാ സപര്യയും ആഴങ്ങളിലേക്കിറങ്ങിയ എഴുത്തിന്റെ മാന്ത്രികതയും സ്വായത്തമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
തൃശൂര്‍ ജില്ലയിലെ കൊച്ചനൂരില്‍ 1901 ലാണ് അലി മൗലവിയുടെ ജനനം. പരിസര പ്രദേശങ്ങളിലെ പള്ളി ദര്‍സുകളില്‍ നിന്ന് പ്രാഥമിക പഠനത്തിന് ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് അദ്ദേഹം വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം അഫ്ദലുല്‍ ഉലമ ബിരുദം നേടി.
1937 മുതല്‍ തിരൂര്‍, കൊയിലാണ്ടി, കുമരനെല്ലൂര്‍, ചെറുകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ അറബി അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം 1966ല്‍ ചാവക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വര്‍ഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അന്‍സാറില്‍ നിന്ന് പിരിഞ്ഞതിന് ശേഷം വായനയും എഴുത്തുമായി വിശ്രമ ജീവിതം നയിച്ചു.
ശക്തനായ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു കൊച്ചനൂര്‍ അലി മൗലവി, തന്റെ ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്‌ലിംകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പര്യാപ്തമായ നിരവധി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
മലയാള പദസമ്പത്തു ധന്യമാക്കുന്നതില്‍ അറബി ഭാഷ നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. ആയിരത്തിലധികം അറബിപദങ്ങള്‍ മലയാള ഭാഷയില്‍ പ്രയോഗത്തിലുണ്ട്. എന്നാല്‍ അറബിയില്‍ കവിതയെഴുതി അറബി സാഹിത്യത്തെ ധന്യമാക്കിയ അപൂര്‍വം മലയാളികളില്‍ ഒരാളാണ് കൊച്ചനൂര്‍ അലി മൗലവി. പ്രവാചക ജീവിതം പൂര്‍ണമായി പ്രതിപാദിക്കുന്ന കേരളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ അറബി കാവ്യത്തിന്റെ രചയിതാവ് എന്ന ബഹുമതി നേടിയ കവിയാണ് മൗലവി.
അദ്ദേഹത്തിന്റെ രചനയായ ഖുലാസത്തുല്‍ അഖ്ബാര്‍ ഫീ സീറത്തില്‍ മുഖ്താര്‍ എന്ന ആയിരം വരികളുള്ള കവിത എല്ലാവരാലും പ്രശംസ നേടിയ കൃതിയാണ്. മുഹമ്മദ് നബി(സ)യുടെ സമ്പൂര്‍ണ ജീവചരിത്രം സംക്ഷിപ്തമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അല്‍ഫിയ എന്ന പേരില്‍ പ്രശസ്തമായ ഈ കൃതിയില്‍ ഗ്രന്ഥകാരനെ അനുമോദിച്ചുകൊണ്ട് ഫലഖി മുഹമ്മദ് മൗലവി രചിച്ച കവിത ആദ്യ ഭാഗത്തും കെ കെ എം ജമാലുദ്ദീന്‍ മൗലവി രചിച്ച കവിത അവസാന ഭാഗത്തും ചേര്‍ത്തിട്ടുണ്ട്. 1961 ല്‍ തിരൂരങ്ങാടിയില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ബഹുമതിയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചനൂര്‍ അലവി മൗലവി ഫൗണ്ടേഷന്‍ ഈ സമ്പൂര്‍ണ നബിചരിത്ര കാവ്യം കാരുണ്യദീപ്തി എന്ന പേരില്‍ ഓഡിയോ പതിപ്പായി പുറത്തിറക്കിയിട്ടുണ്ട്. അറബി കാവ്യത്തിന്റെയും അതിന്റെ മലയാള വിവര്‍ത്തനത്തിന്റെയും ഓഡിയോ പതിപ്പുകളാണ് വെളിച്ചം കണ്ടത്. അലി മൗലവി രചിച്ച അറബികാവ്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അദ്ദേഹത്തിന്റെ മകന്‍ പ്രൊഫ. എം എ ഫരീദാണ്. ഇതിന് കാവ്യാവിഷ്‌കാരം നിര്‍വഹിച്ചത് പ്രശസ്ത സാഹിത്യകാരന്‍ കാനേഷ് പുനൂര്‍ ആണ്. അറബിയിലും മലയാളത്തിലുമായി രണ്ടായിരം വരികളുള്ള 114 ഗാനങ്ങള്‍ പത്ത് പ്രമുഖ ഗായകരാണ് പാടിയത്.
ദൈവദൂതന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യാധിപന്‍, കുടുംബനാഥന്‍… ഇങ്ങനെ വേറിട്ട വഴികളിലൂടെ കാരുണ്യവും സ്‌നേഹവും കൊണ്ട് ലോകത്തിന് നിരവധി മാതൃകകളുടെ കൂമ്പാരം നല്‍കിയ മുഹമ്മദ് നബി(സ)യുടെ ജീവിതം അടയാളപ്പെടുത്തിയ നിരവധി കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ വളരെ ശ്രദ്ധേയമായ ഒരു കൃതിയാണ് മൗലവി എഴുതിയ ‘ഖുലാസത്തുല്‍ അഖ്ബാര്‍ ഫീ സീറത്തില്‍ മുഖ്താര്‍’. കൊച്ചനൂര്‍ അലി മൗലവിയുടെ മികവുറ്റ രചനകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകൃതമായത് അത്യപൂര്‍വമായ ബഹുമതിയായി ഇന്നും വൈജ്ഞാനിക ലോകത്തെ വിസ്മയിപ്പിക്കുന്നു. അലി ഇബ്‌നു ഫരീദില്‍ കൊച്ചനൂരി അല്‍ ഹിന്ദ് എന്ന പേരിലാണ് മൗലവിയുടെ ഗ്രന്ഥങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇസ്‌ലാമിക കര്‍മശാസ്ത്രം സങ്കീര്‍ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന മുഖ്തസറുല്‍ അഹ്കാമില്‍ ഫിഖ്ഹിയ്യ എന്ന മൗലവിയുടെ കൃതി 1984 ല്‍ ഈജിപ്തിലെ ദാറുല്‍ ഇഅ്തിസാം പ്രസിദ്ധീകരിച്ചു. ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ കര്‍മശാസ്ത്ര വിഷയങ്ങള്‍ വിശദീകരിക്കുന്ന വേറിട്ട പഠനമാണിത്. ഈജിപ്തിലും മറ്റ് അറബ്‌നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം 1992ല്‍ പുറത്തിറങ്ങി. ഈ കൃതിയുടെ പതിനഞ്ചിലേറെ എഡിഷനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തുന്ന ക്രൂരതകള്‍ വിവരിച്ചു കൊണ്ടെഴുതിയ ‘ജറാഇമു ഇസ്‌റാഈല്‍ ഫീ അര്‍ദി ഫലസ്തീന്‍’, അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ ‘മസിയ്യത്തുല്ലുഗത്തില്‍ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാര്‍’, ഫാറൂഖ് കോളേജിനേയും റൗദത്താബാദിനേയും അതിന്റെ സ്ഥാപകന്‍ അബുസ്വബാഹിനേയും അറബികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങള്‍ നേടിയ സവിശേഷ രചനകളാണ്.
കേരളവും അറബി ഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധമാണുള്ളത്. അറബി രാഷ്ട്ര ഭാഷയല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്‌ക്കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയിട്ടുള്ളതും കേരളത്തിലാണ്. അതുകൊണ്ട് തന്നെ അറബി ഭാഷാ സാഹിത്യത്തിന്റെയും തൊഴിലിന്റെയും രംഗങ്ങളില്‍ അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. മലയാള ഭാഷയിലേക്കും മലയാളിയുടെ നിത്യ ജീവിതത്തിലേക്കും ഇത്രയേറെ സംഭാവനകള്‍ ചെയ്ത മറ്റൊരു ഭാഷ വേറെയില്ല. ഭാഷാ സാഹിത്യ വിവര്‍ത്തന മേഖലകളില്‍ ഗണ്യമായ സംഭാവനകളാണ് മലയാളികള്‍ അറബി ഭാഷക്കും അറബിസാഹിത്യം മലയാളത്തിനും നല്‍കിയിട്ടുള്ളത്. മലയാള ഭാഷ പിറവിയെടുക്കും മുമ്പ് എഴുതപ്പെട്ടതും നിരവധി ലോക ഭാഷകളിലേക്ക് വിവിര്‍ത്തനം ചെയ്യപ്പെട്ടതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതത്തുല്‍ മുജാഹിദീന്‍ വിവിധ രാജ്യങ്ങളില്‍ ഇന്നും ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. ഈ ഗണത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച മറ്റു പല പണ്ഡിതന്മാരുമുണ്ട്. കൊച്ചനൂര്‍ അലി മൗലവി ഈ കണ്ണിയിലെ ഒരു പ്രധാനിയാണ്. അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഇപ്പോഴും പാഠപുസ്തകങ്ങളാണ്.
അറബി ഭാഷയുമായി ബന്ധപ്പെട്ട് അറബിയിലും ഇംഗ്ലീഷിലുമായി മലയാളികള്‍ രചിച്ച നിരവധി പുസ്തകങ്ങള്‍ അറബ് ലോകത്തും യൂറോപ്യന്‍ രാജ്യങ്ങളിലും വിറ്റുകൊണ്ടിരിക്കുന്നുണ്ട്. വിദേശ അറബി പണ്ഡിതരുടെ രചനകളടക്കമുള്ളതും ഐ എസ് ബി എന്‍ അംഗീകാരമുള്ളതുമായ പത്തോളം മാഗസിനുകള്‍ കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി പുറത്തിറങ്ങുന്നുണ്ട്. അല്‍ജസീറയടക്കം അറബ് രാജ്യങ്ങളിലെ പ്രശസ്തമായ പത്രങ്ങളിലും മാഗസിനുകളിലും വിവിധ കോളങ്ങള്‍ മലയാളികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചനൂര്‍ അലി മൗലവിയെ പോലുള്ള അറബി ഭാഷാ പണ്ഡിതരോട് പുതുതലമുറ കടപ്പെട്ടിരിക്കുന്നു. സാഹിത്യ ലോകത്ത് അതുല്യമായ ഇതിഹാസങ്ങള്‍ രചിച്ച കൊച്ചനൂര്‍ അലി മൗലവി 1987 സെപ്തംബര്‍ അഞ്ചിന്, എണ്‍പത്തിയാറാം വയസ്സില്‍ നിര്യാതനായി.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x