പ്രവാചകനെ മാതൃകയാക്കി തിന്മകളെ ചെറുക്കുക – കണ്ണൂര്‍ ജില്ലാ സെമിനാര്‍

കണ്ണൂര്‍: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, വിപണനം, ലൈംഗിക അരാജകത്വം, സാമ്പത്തിക ദുര്‍മോഹം തുടങ്ങിയ തിന്മകളെ ചെറുക്കാന്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ പ്രചോദനമാകണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ സമിതി സംഘടിപ്പിച്ച ‘അനുഗ്രഹമാണ് അന്ത്യ പ്രവാചകന്‍’ സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അന്ത്യപ്രവാചകനായ മുഹമ്മദ് ഏകദൈവ വിശ്വാസ പ്രചാരണ മാര്‍ഗത്തില്‍ സകല തിന്മകളെയും ചെറുത്ത് മുന്നേറുകയാണ് ചെയ്തത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി സമരം നയിക്കുമ്പോള്‍ സ്വാതന്ത്ര്യലബ്ധിക്കും സ്വതന്ത്ര ഭാരതത്തിന്റെ ഭദ്രതക്കുമായി നിലവിലുണ്ടായിരുന്ന വര്‍ഗീയത, മദ്യം, തൊട്ടുകൂടായ്മ, നിരക്ഷരത തുടങ്ങിയ തിന്മകളെ ചെറുത്തുകൊണ്ട് നീങ്ങാന്‍ മഹാത്മ ഗാന്ധിജി സ്വീകരിച്ച മാതൃക ഇതു തന്നെയാണ് എന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, വഖഫ് ബോര്‍ഡംഗം അഡ്വ. പി വി സൈനുദ്ദീന്‍, മുഹമ്മദ് ഷമീം, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി നസീര്‍ നെല്ലൂര്‍, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, നാസര്‍ ധര്‍മടം പ്രസംഗിച്ചു.
