29 Wednesday
March 2023
2023 March 29
1444 Ramadân 7

മോചനദ്രവ്യമാകുന്ന അറിവ്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ബദ്ര്‍ ദിനത്തില്‍ തടവിലാക്കപ്പെട്ട ചിലര്‍ക്ക് മോചനദ്രവ്യം നല്‍കാനുണ്ടായിരുന്നില്ല. അപ്പോള്‍ നബിതിരുമേനി(സ) അന്‍സ്വാരികളുടെ കുട്ടികളെ എഴുത്തു പഠിപ്പിക്കുക എന്നത് മോചനദ്രവ്യമായി സ്വീകരിച്ചു. (അഹ്മദ്)

ആശയവിനിമയത്തിനും വിജ്ഞാന സമ്പാദനത്തിനുമുള്ള പ്രധാന ഉപാധിയാണ് എഴുത്തും വായനയും. അറിവിന്റെ ഉറവിടമാണവ. ഒരാളെ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമായതത്രേ എഴുത്തും വായനയും.
ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് പിന്നില്‍ എഴുത്തും വായനയും വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരാളുടെ ജീവിത വിജയത്തില്‍ അറിവ് വലിയ സ്വാധീനം ചെലുത്തുന്നു. മനുഷ്യന്റെ മഹത്വം വിളിച്ചറിയിക്കുന്നുണ്ട് വായനയും എഴുത്തും, അതിലൂടെയുള്ള അറിവ് സമ്പാദനവും.
ഒരു മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയാണ് വായനയിലൂടെയും എഴുത്തിലൂടെയും ലഭ്യമാവുന്നത്. അറിവിന്റെ അത്ഭുത ലോകത്തേക്കെത്തിച്ചേരാനുള്ള വഴികളായ വായനയും എഴുത്തും സമൂഹത്തിന്റെ സാംസ്‌കാരികമായ ഉയര്‍ച്ചയെയും വളര്‍ച്ചയെയുമാണ് അടയാളപ്പെടുത്തുന്നത്.
വിശ്വാസിയായ മനുഷ്യന്‍ എഴുത്തും വായനയും അറിയുന്നവനാവുക എന്നതിനെ ഇസ്‌ലാം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രപഞ്ച സൃഷ്ടിപ്പിലെ അത്ഭുതങ്ങളെക്കുറിച്ച് അന്വേഷിക്കാനും അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും അതുവഴി സ്രഷ്ടാവിന്റെ മഹാത്മ്യം മനസ്സിലാക്കുവാനും അറിവ് അന്വേഷിക്കുന്നവര്‍ക്ക് സാധിക്കുന്നു.
വായിക്കുക എന്ന കല്‍പനയിലൂടെ അവതരണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ഏത് തരത്തിലായിരിക്കണം വായിക്കേണ്ടത് എന്നുകൂടി സൂചന നല്‍കുന്നുണ്ട്. ഈ ലോകത്തെ ഏറ്റവും വലിയ സത്യമായ ഏക ഇലാഹിനെ അറിയുകയും അംഗീകരിക്കുകയും ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമത്രെ. ഖുര്‍ആനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട വചനങ്ങള്‍ അതിലേക്കുള്ള സൂചനയാകുന്നു. സ്രഷ്ടാവിനെ അറിയാന്‍, സൃഷ്ടിപ്പിന്റെ രഹസ്യങ്ങള്‍ തേടി സ്രഷ്ടാവിലേക്കെത്തിച്ചേരാന്‍ സ്രഷ്ടാവിന്റെ അനുഗ്രഹവും ഉദാരതയും ഉള്‍ക്കൊള്ളാന്‍ അറിവിന്റെ ദാതാവായ അല്ലാഹുവിനെ മനസ്സിലാക്കുവാനുള്ള പഠനവും മനനവുമാണ് അടിസ്ഥാനപരമായി നടക്കേണ്ടത്.
പേന കൊണ്ടെഴുതാന്‍ പഠിപ്പിച്ച നാഥനെക്കുറിച്ചുള്ള അറിവ് ആര്‍ജിച്ചെടുക്കാനുള്ള ത്വര വിശ്വാസികള്‍ക്ക് അനിവാര്യമാണെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു. യുദ്ധത്തടവുകാരുടെ മോചനദ്രവ്യമായി എഴുത്ത് പഠിപ്പിക്കുന്നതിനെ നിശ്ചയിച്ച പ്രവാചക തിരുമേനി(സ)യുടെ പ്രവൃത്തി നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x