27 Saturday
July 2024
2024 July 27
1446 Mouharrem 20

അറിവന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്ന വിധം

സഈദ് പൂനൂര്‍


മനുഷ്യരാശിയുടെ വികാസ ചരിത്രം സംഭാവന ചെയ്ത എല്ലാ പ്രത്യയശാസ്ത്രങ്ങളെയും ദര്‍ശനങ്ങളെയും ഭയപ്പെടുന്നവരാണ് രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയ വക്താക്കള്‍. സര്‍വ ദര്‍ശനങ്ങളെയും അവജ്ഞയോടെ സമീപിക്കുന്ന തീവ്രഹിന്ദുത്വത്തിന്റെ കമ്മ്യൂണല്‍ പൊളിറ്റിക്‌സ് വിഭാവനം ചെയ്യുന്നത് ജ്ഞാനശാസ്ത്രപരമായ (Epistemologically) രീതിയല്ല. വിശ്വപ്രപഞ്ചമാകെ മിഥ്യയാണെന്നും അമാനുഷമായ കഴിവുകളുള്ള ശക്തന്മാരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും അവരാണ് ലോകത്തെ നയിക്കേണ്ടതെന്നും കരുതുന്നവരാണ്, ലോകത്ത് സംഭവിക്കുന്ന ഏതു ശാസ്ത്രമുന്നേറ്റത്തിലും ഭാരതീയ ഹൈന്ദവ സംസ്‌കാരത്തിന്റെയും മിത്തുകളുടെയും വിത്തുകള്‍ തിരയുന്നത് പാഠപുസ്തകങ്ങളിലും അവ സംലയിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതും അവരാണ്.
പാഠപുസ്തകങ്ങളില്‍ സൗകര്യാനുസരണം അപ്രിയമായതെല്ലാം ഒഴിവാക്കി, വൈജ്ഞാനിക വ്യവഹാരങ്ങളിലേക്ക് മിത്തുകളും പുരാണങ്ങളും കളവുകളും ചേര്‍ന്നൊരു ചരിത്രമെത്തിച്ച്, വസ്തുതാപരമായ ചരിത്രത്തെ അപരവത്കരിച്ച്, ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ വേഗം കൂട്ടുന്നതിനിടെ പാഠപുസ്തകത്തില്‍ ശാസ്ത്രം പറയുന്നത് അപരാധമായി തോന്നുന്നതും സ്വാഭാവികതയാണ്.
കാലാകാലങ്ങളായി മിത്തുകളുമായി ചേര്‍ത്തുവെച്ചുകൊണ്ട് ഇത്തരം കഥകള്‍ മെനയുകയും സത്യമെന്ന തരത്തില്‍ പ്രചരിക്കപ്പെടാനുളള വിതാനങ്ങള്‍ ഒരുക്കുകയും ചെയ്യും. ഫാബ്രിക്കേറ്റഡ് ഫാക്ട്‌സ് ആധികാരികതയുടെ ലേബലില്‍ വിസ്തൃതമാക്കാനുളള പ്രോത്സാഹനവും ധനസഹായവും പൊതുതലങ്ങളില്‍ നിന്നുതന്നെ നല്‍കുന്നതാണ് പുതിയ രീതി. പുഷ്പക വിമാനമാണ് ആദ്യ വിമാനം, ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യ വ്യക്തി എന്നു തുടങ്ങി നിരര്‍ഥകതകളുടെ നീണ്ട നിര തന്നെയുണ്ട്. അത് അടങ്ങുന്ന മിത്തുകളാണ് വസ്തുതാപരമായ ചരിത്രമെന്നും സത്യമെന്നും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അതിലെ രാഷ്ട്രീയം ചികഞ്ഞെടുത്ത് അടിത്തട്ടില്‍ ഉള്‍പ്പെടെ വില്‍ക്കും. രണ്ട് ലിറ്റററി വര്‍ക്കുകളിലെ കഥകള്‍ അടിത്തറയാക്കി, അതില്‍ രാഷ്ട്രം നിര്‍മിക്കുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനുമാവില്ല.
ആശയവാദത്തില്‍ അധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആണ് ഇവരുടെ പ്രത്യയശാസ്ത്രം നിര്‍ണയിക്കുന്നത്. എല്ലാ തത്വചിന്തയുടെയും മൗലികമായ പ്രശ്‌നം ചിന്തയും അസ്തിത്വവും തമ്മിലുള്ള ബന്ധമെന്തെന്നതാണ്. അസ്തിത്വത്തെ അപേക്ഷിച്ച് ചിന്തയ്ക്ക് ആശയത്തിലുള്ള സ്ഥാനമെന്താണെന്നും ഏതാണ് പ്രഥമമെന്നതുമുള്ള ഇത്തരം തത്വചിന്താപരമായ സംവാദങ്ങളിലൂടെയാണ് ജ്ഞാനസിദ്ധാന്തം വളര്‍ന്നതും വികസിച്ചതും.
പക്ഷേ, ജ്ഞാനശാസ്ത്രപരമായ ഇത്തരം വ്യവഹാരങ്ങളോടൊന്നും യാതൊരു അവധാനതയുമില്ലാതെയാണ് നിരര്‍ഥകമായ മിത്തുകള്‍ വസ്തുതാപരമായ ചരിത്രത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കുന്നത്. ഹിസ്റ്റോറിയോഗ്രഫിയുടെ സുതാര്യതയെ ബാധിക്കും വിധമാണ് ഫാസിസം തൊടുത്തുവിടുന്ന വിഷലിപ്തമായ ഹിഡന്‍ അജണ്ടകള്‍. നിലവില്‍ യുഎസില്‍ ഫാസിസ്റ്റ് വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ച ആഗോളതലത്തില്‍ ഇതിന് മകുടോദാഹരണമാണ്.
ഇന്ത്യയില്‍ മിത്ത് സംലയിപ്പിച്ച് ചരിത്രവും കരിക്കുലവും അവമതിക്കുന്നതുപോലെ അമേരിക്കയുടെ ചില ഭാഗങ്ങളിലും ഈ സപ്രസീവ് പൊളിറ്റിക്‌സ് നടമാടുന്നുണ്ട്. അധ്യാപകരെ അനുവദിക്കാതിരിക്കുന്നത് മുതല്‍ നിര്‍ണായകമായ വംശീയ സിദ്ധാന്തം, ലൈംഗിക ആഭിമുഖ്യം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, അധ്യാപകരെ ഒപ്പിടാന്‍ നിര്‍ബന്ധിതരാക്കുന്നതു വരെയുള്ള പ്രതിലോമപരമായ വിദ്യാഭ്യാസ നയങ്ങള്‍ നിരവധി തീവ്രവലതുപക്ഷ ഗവര്‍ണര്‍മാര്‍ നടപ്പാക്കിയതിനാല്‍ ഈ ഏകാധിപത്യ പദ്ധതി പ്രത്യേകിച്ചും യു എസില്‍ പ്രകടമാണ്. ലോയല്‍റ്റി പ്രതിജ്ഞകള്‍, അവരുടെ സിലബസ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുക, കാലാവധി ഉപേക്ഷിക്കുക, വിദ്യാര്‍ഥികളെ അവരുടെ ക്ലാസുകള്‍ ചിത്രീകരിക്കാന്‍ അനുവദിക്കുക, കൂടാതെ മറ്റു പലതും.

ചരിത്ര തമസ്‌കരണം
വരേണ്യ അധീശത്വ ബോധത്തില്‍ അധിഷ്ഠിതമായ ആര്‍ഷഭാരത സംസ്‌കാരത്തിന് വിഘാതമാവുന്ന സര്‍വ വിദ്യാഭ്യാസ ചലനങ്ങളെയും വലതുപക്ഷ രാഷ്ട്രീയധാര സൈദ്ധാന്തികമായി തന്നെ ഇല്ലായ്മ ചെയ്തതാണ് ചരിത്രം. ഉന്മൂലന രാഷ്ട്രീയം ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്നതിന്റെ സ്വാഭാവിക തുടര്‍ച്ച മാത്രമാണ് അക്കാദമിക സംവിധാനങ്ങളിലും നെറികേടിന്റെ പൊളിറ്റിക്‌സ് പയറ്റുന്ന നീക്കങ്ങള്‍.
വസ്തുതാവിരുദ്ധ വിതാനത്തില്‍ വാര്‍ത്തെടുക്കുന്ന ഈ ചരിത്ര തമസ്‌കരണം വഴി പഠിക്കുന്ന തലമുറകള്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പേറുമെന്ന ദീര്‍ഘദൃഷ്ടിയുടെ പിന്‍ബലത്തിലാണ് ഉന്മൂലന രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങള്‍. ഒരുവശത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാതിരിക്കുകയും സമരത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത സംഘ്പരിവാര്‍, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത സമരസേനാനികളെയും ദേശീയ പ്രസ്ഥാന നേതാക്കളെയും ഇകഴ്ത്തുന്നതും അപമാനിക്കുന്നതും നിര്‍ബാധം തുടരുകയാണ്. ദേശീയ നേതാക്കളെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത കര്‍മധീരരെയും ജനമനസ്സില്‍ നിന്ന് ഇളക്കിമാറ്റി പകരം ഫാസിസത്തിന് ബീജാവാപം ചെയ്ത സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും ദീന്‍ദയാല്‍ ഉപാധ്യായയെയും പ്രതിഷ്ഠിക്കാനുള്ള യത്‌നത്തിലാണവര്‍.
സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തിനു കീഴില്‍ രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ മുന്നോട്ടുപോവുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത പാഠഭാഗങ്ങള്‍ വെട്ടിനിരത്തിയും താല്‍പര്യമുള്ളവ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ഉള്‍പ്പെടുത്തിയുമാണ് പാഠപുസ്തകങ്ങളുടെ ഈ കാവിവത്കരണം നടക്കുന്നത്. 12ാം തരം സിബിഎസ്ഇ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെ സംബന്ധിച്ചുള്ള പാഠങ്ങള്‍ നീക്കം ചെയ്യാന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രം രണ്ടാം ഭാഗത്തിലെ Kings and Chronicles the Mughal courts (CE 1617) എന്ന ഭാഗമാണ് നീക്കം ചെയ്യുന്നത്. പാഠ്യപദ്ധതി കൂടുതല്‍ യുക്ത്യാനുസൃതമാക്കുന്നതിനും അപ്രസക്ത ഭാഗങ്ങള്‍ കൂടിക്കലരുന്നത് ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്നാണ് എന്‍സിഇആര്‍ടിയില്‍ നിന്നുള്ള വിശദീകരണം.
പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങള്‍’ (Recent Developments in Indian Politics) എന്ന അധ്യായത്തിലെ ‘ഗുജറാത്ത് കലാപ’വും 2002ലെ ഗുജറാത്ത് വംശഹത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ‘രാജ് ധര്‍മ’ പരാമര്‍ശത്തെക്കുറിച്ചുമുള്ള ഉള്ളടക്കങ്ങളെല്ലാം സമര്‍ഥമായി ഒഴിവാക്കിയിട്ടുണ്ട്.
12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ഗാന്ധിവധവും തുടര്‍ന്നുള്ള ആര്‍എസ്എസ് നിരോധനവും ‘ഹിന്ദു-മുസ്‌ലിം മൈത്രിക്കു വേണ്ടി നിലകൊണ്ട ഗാന്ധിയുടെ നിലപാടാണ് തീവ്ര സംഘടനകളെ പ്രകോപിപ്പിച്ചത്’ എന്ന ഭാഗവും മാറ്റിയതില്‍ ഉള്‍പ്പെടും. 11ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് മധ്യ ഇസ്‌ലാമിക രാജ്യ ചരിത്രവും സാംസ്‌കാരിക സംഘട്ടനങ്ങളും മുതല്‍ വ്യവസായ വിപ്ലവം വരെയുള്ള പാഠങ്ങളും, 12ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തില്‍ നിന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയം, ജനാധിപത്യം, ജനകീയ മുന്നേറ്റങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കിയിരിക്കുന്നു.
6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹിക ശാസ്ത്രം, പൗര ശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയില്‍ നിന്ന് സുപ്രധാന വിവരങ്ങളും അധ്യായങ്ങളും വെട്ടിനിരപ്പാക്കിയ എന്‍സിഇ ആര്‍ടിയുടെ ചരിത്രതമസ്‌കരണത്തിനെതിരേ വലിയ വിമര്‍ശനമാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്. സൈമണ്‍ ഷാമ എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ പ്രതികരിച്ചത് ‘ഇത് ചരിത്രത്തിനെതിരായ മറ്റൊരു അപകീര്‍ത്തികരമായ യുദ്ധമാണ്’ എന്നാണ്. ‘ഹിന്ദു ദേശീയവാദ ഭരണത്തിനു കീഴില്‍ ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന അറിവിനെക്കുറിച്ചുള്ള അജ്ഞതയുടെ ആലിംഗനത്തിന്റെ മറ്റൊരു അധ്യായം’ ഈ നീക്കം അടയാളപ്പെടുത്തുന്നുവെന്നാണ് ഗ്രന്ഥകാരനും പ്രശസ്ത ചരിത്രകാരനുമായ ഓഡ്രി ട്രൂഷ്‌കെ പറഞ്ഞത്.

വിശ്വാസവും
മിത്തുകളും:
സമഗ്രതയും
നിരര്‍ഥകതയും

വിശ്വാസത്തിന്റെ അന്തഃസത്തയും അകസാരവും സംലയിക്കുന്ന ആശയപരിസരങ്ങളെ സംബന്ധിച്ച് വിഭിന്നങ്ങളായ പരിപ്രേക്ഷ്യങ്ങളും നിരീക്ഷണങ്ങളുമുണ്ട്. ചരിത്രസന്ധിയിലെ ബഹുമുഖ മത-പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളും വിശ്വാസ-അനുഷ്ഠാനങ്ങളില്‍ ചുരുങ്ങുകയും സാമൂഹിക-സാംസ്‌കാരികരംഗത്തെ ആക്ടിവിസം സാധ്യമല്ലാത്ത തലങ്ങള്‍ പങ്കുവെക്കുകയുമാണ് ചെയ്തത്. മറ്റു ചില ആശയധാരകള്‍ സാമൂഹിക മേഖലയെ മാത്രം പരിഗണിക്കുകയും വിശ്വാസ ഭാഗധേയത്തെ മുച്ചൂടും തള്ളുകയും ചെയ്തു. ഉദ്ധൃത ധാരകള്‍ രണ്ടും പരിഗണിക്കുകയും എന്നാല്‍ സ്വഭാവ-സാംസ്‌കാരിക മേഖലയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുന്ന വിശ്വാസങ്ങളും മതങ്ങളും ദര്‍ശനങ്ങളുമുണ്ട്. എന്നാല്‍ സര്‍വോപരി വ്യതിരിക്തമായി സമഗ്രവും സമ്പൂര്‍ണവുമായ കാഴ്ചപ്പാടാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.
അതേസമയം സാമൂഹിക വ്യവഹാരങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രാചീനകാലത്തെ സങ്കല്‍പങ്ങളാണ് മിത്ത്. സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് മിത്തുകളില്‍ സമൂലമായ മാറ്റം വരുകയും പുതിയവ രൂപപ്പെടുകയും ചെയ്യുന്നതാണ് സവിശേഷമായ അതിന്റെ വികാസ രീതിശാസ്ത്രം. ഇവ ഓരോ സാമൂഹിക പരിതഃസ്ഥിതിയിലും സാര്‍വത്രികമാണ്. അതില്‍ വിശ്വാസമായും അതിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങളായും നിലനില്‍ക്കുന്നവയുമുണ്ട്. മിത്തുകളെ വിശകലനം ചെയ്തുകൊണ്ട് ആ സമൂഹത്തിലെ ചിന്തകള്‍ എന്താണ്, ആവശ്യങ്ങള്‍ എന്താണ്, ആ സമൂഹം എങ്ങനെയാണ് മുന്നോട്ടുപോയത് തുടങ്ങിയവയെല്ലാം മനസ്സിലാക്കുന്ന ചരിത്രരീതികളും വികസിച്ചുവന്നിട്ടുണ്ട്. ഇന്ത്യാ ചരിത്രപഠനത്തില്‍ വലിയ സംഭാവന നല്‍കിയ ഡി ഡി കൊസാംബിയുടെ ഒരു പുസ്തകത്തിന്റെ പേര് ‘മിത്തും യാഥാര്‍ഥ്യവു’മെന്നാണ്. അതായത്, സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ കൂടിച്ചേര്‍ന്നു കിടക്കുന്ന ഫിനോമിനയായാണ് മിത്തുകളെ ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്.
വിശ്വാസം
അന്ധവിശ്വാസം
ഫ്രീമേസണ്‍


അതേസമയം ഇല്ലുമിനാറ്റി, ഫ്രീമേസണ്‍ തുടങ്ങിയ അന്ധവിശ്വാസ വ്യവഹാരങ്ങളെ ചേര്‍ത്ത് മിത്തുകളെ വായിക്കുന്ന സമീപന രീതികളും ശക്തമാണ്. അചേതന വസ്തുക്കളില്‍ ആരാധന നടത്തുന്ന ബഹുദൈവ സിദ്ധാന്തങ്ങളില്‍ കല്ലു നിരത്തിയും കവടി ഉരുട്ടിയും ജീവിതനാളെകളെ ചികഞ്ഞന്വേഷിച്ചു ഭീതി പടര്‍ത്തി പരിഹാരം പറയുന്ന ജ്യോതിഷ കാപട്യങ്ങളില്‍ നിന്നും ഇനിയും മുക്തമാവാത്ത സമൂഹത്തിലാണ് അന്ധവിശ്വാസങ്ങള്‍ സാര്‍വത്രികമാവുന്നത്. അതേസമയം മോഡേണിസം പറയുന്ന പരിഷ്‌കൃത ലോകത്തും- അമേരിക്കയിലും യൂറോപ്പിലും- ഇത് വ്യാപകമാണ്.
ആധുനിക ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത് ഫ്രീമേസണ്‍സ് എന്ന അധികാര ശൃംഖലയാണെന്ന സങ്കല്‍പം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്. ലോകം നിയന്ത്രിക്കുന്ന ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പാണ് ഫ്രീമേസണ്‍സ് (Freemason). അമേരിക്കയുടെ ഡോളറില്‍ വരെ ഇവരുടെ മുദ്രയുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. ലോക രാജ്യങ്ങളെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും നിയന്ത്രിക്കുക എന്നതാണ് ഇവരുടെ അജണ്ട. ഞശരവമൃറ Van Dulmon എഴുതിയ The Society of Enlightenment എന്ന കൃതിയാണ് ഈ ശൃംഖലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികമായ സ്രോതസ്സ്. വ്യവസ്ഥാപിത സംവിധാനങ്ങളെ തകിടം മറിച്ച്, വ്യതിരിക്തമായൊരു ലോക വ്യവസ്ഥയും ധാര്‍മികതയും സ്ഥാപിക്കാനായി രഹസ്യപദ്ധതിയനുസരിച്ചു പ്രവര്‍ത്തിക്കുന്ന അപകടകാരികളായ മനുഷ്യരുടെ നിഗൂഢ സംഘമാണ് ഫ്രീമേസണ്‍സ് എന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍.
വടക്കേ അമേരിക്കയിലെ Masonic Service Association of North America എന്ന സംഘടന ഇവ്വിധം വിവരിക്കുന്നുണ്ട്: ”ഒരു മതമോ മതങ്ങള്‍ക്കു പകരമായുള്ള ധാര്‍മികതയോ ആണ് തങ്ങളുടേതെന്നു ഫ്രീമേസണ്‍മാര്‍ അവകാശപ്പെടുന്നില്ല. അതേസമയം വിവിധങ്ങളായ വ്യവസ്ഥാപിത വിശ്വാസ വ്യവസ്ഥകളില്‍ ഏതെങ്കിലുമൊന്നിനെ മേസണികത പിന്തുണക്കുന്നില്ല. മനുഷ്യര്‍ പല മാര്‍ഗങ്ങളില്‍ അന്വേഷിക്കുകയും പല വിധത്തില്‍ വിവരിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ടെന്ന് ഫ്രീമേസണ്‍മാര്‍ കരുതുന്നു.”
ഇനി പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയുടെ ഫ്രീമേസണ്‍ വിമര്‍ശനമാവട്ടെ, ആ പ്രസ്ഥാനം നിഗൂഢതാവാദത്തെയും (mysticism) ഗുപ്തവിദ്യകളെയും സാത്താന്‍ ഭക്തിയെയും പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്കയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. 19ാം നൂറ്റാണ്ടില്‍ സ്വതന്ത്ര മെഥേഡിസ്റ്റ് സഭയുടെ സ്ഥാപകനായിരുന്ന ബി ടി റോബര്‍ട്‌സ് മേസണികതയുടെ തീവ്രവിമര്‍ശകനായിരുന്നു. ‘ലോഡ്ജിലെ ദൈവം ബൈബിളിലെ ദൈവമല്ല’ എന്നായിരുന്നു റോബര്‍ട്‌സിന്റെ നിലപാട്. ഫ്രീമേസണ്‍മാര്‍ ഇപ്പോഴും പരസ്പരം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന വഴികളും അവരുടെ അനുഷ്ഠാന മുറയിലെ ചില ഘടകങ്ങളും ഗോപ്യമായി തുടരുകയാണ്. എന്നാല്‍ ഫ്രീമേസണ്‍സ് ആഗോളതലത്തില്‍ ഒന്നിച്ചുവരുന്ന ശൃംഖലകളെ ‘ഗ്രാന്‍ഡ് ലോഡ്ജസ്’ എന്നാണ് പറയുക. താഴേത്തട്ടില്‍ എത്തുമ്പോള്‍ പ്രാദേശിക ഭിന്നമായ വ്യത്യാസങ്ങളുണ്ടാവും.
ഫ്രീമേസണിന്റെ രൂപീകരണത്തിന് ആധാരമായ യൂറോപ്യന്‍ സ്വതന്ത്ര ചിന്തകരാണ് ഇല്ലുമിനാറ്റിയുടെ പിന്നിലും പ്രവര്‍ത്തിച്ചത്. ചാത്തന്‍സേവയുടെ ഭാഗമായുള്ള നരബലികളുടെ രാഷ്ട്രീയമാണ് ഇല്ലുമിനാറ്റി. ചാത്തന്‍സേവയുടെ മോഡേണിറ്റിയാണ് ഇല്ലുമിനാറ്റിയെന്ന് സൈദ്ധാന്തിക തലങ്ങളും വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായ ജ്ഞാനപ്രകാശന രാഷ്ട്രീയം എന്നതാണ് ഇല്ലുമിനാറ്റിക്കാരുടെ വിലാസവാക്യം.
എന്നാല്‍, രാഷ്ട്രീയ-സാങ്കേതിക ലോകക്രമത്തെ ഒറ്റച്ചരടില്‍ കോര്‍ക്കാനുള്ള ആഗോള നിഗൂഢമതമായാണ് നിലവില്‍ അത് പ്രവര്‍ത്തിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തില്‍ തന്നെ നൂറ്റാണ്ടുകളായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ചിന്തകരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നല്‍കി അന്ധവിശ്വാസങ്ങളെ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും, വെറും ഫിക്ഷനാണ് ഈ രഹസ്യ സംഘടനയെന്നും പഠനങ്ങളുണ്ട്.
ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ഇല്ലുമിനാറ്റി ‘ഏഞ്ചല്‍സ് ആന്റ് ഡീമന്‍സ്’ എന്ന ഡാന്‍ ബ്രൗണിന്റെ പുസ്തകത്തിലൂടെയാണ് കൂടുതല്‍ പ്രശസ്തമായത്. എന്നാല്‍ ഇല്ലുമിനാറ്റികളുടെ ഇസ്‌ലാം വെറുപ്പിന് ആധാരം ആചാരങ്ങളും ഏകദൈവ വിശ്വാസവുമാണ്. മറ്റു മതവിഭാഗങ്ങള്‍ക്കിടയിലേക്ക് വേരുറപ്പിക്കാന്‍ കഴിയുന്ന അത്രമാത്രം മുസ്‌ലിംകള്‍ക്കിടയില്‍ കഴിയുന്നില്ല. പുണ്യസ്ഥലങ്ങളായ മക്കയും മദീനയും ഇല്ലുമിനാറ്റികളുടെ കണ്ണിലെ കരടാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാന്‍ അവര്‍ക്കാകുന്നില്ല എന്നതാണ് അതിനു കാരണം.
വിശ്വാസവും
സയന്‍സും
ദ്വന്ദ്വനിര്‍മിതിയും


വിശ്വാസവും ശാസ്ത്രവും തമ്മില്‍ അനിവാര്യ സംഘട്ടനം നിലനില്‍ക്കുന്നുവെന്ന കണ്‍സെപ്റ്റ് മതനിരാസത്തിന്റെ പ്ലാറ്റ്‌ഫോം വിസ്തൃതമാക്കിയതാണ്. The purpose of science is to understand how the heavens go, the purpose of religion is to understand how to go to heaven എന്ന ഗലീലിയോ ഗലീലിയുടെ വാക്കുകള്‍ പ്രസക്തമാണ്. ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പ്രവര്‍ത്തന മണ്ഡലങ്ങള്‍ വ്യത്യസ്തമാണെന്നിരിക്കെ അനാവശ്യ സംഘര്‍ഷങ്ങള്‍ അവ തമ്മില്‍ സൃഷ്ടിച്ചെടുക്കേണ്ടതില്ല എന്നാണ് ദൈവവിശ്വാസി കൂടിയായിരുന്ന ഗലീലിയോ പറയുന്നത്. ശാസ്ത്രം എത്ര വര്‍ഷങ്ങള്‍ മുന്നോട്ടുപോയാലും വിശ്വാസത്തെ നിരാകരിക്കാന്‍ ഒരുമ്പെടുന്നത് ശാസ്ത്രീയമാവില്ല (യുക്തിപൂര്‍വമാകില്ല) എന്നുകൂടി ഈ പ്രസ്താവന ദ്യോതിപ്പിക്കുന്നുണ്ട്. ശാസ്ത്രവും മിത്തും വിശ്വാസവും ഭിന്നമായ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നു സ്റ്റീഫന്‍ ഗൗള്‍ഡിനെപ്പോലുള്ള നിരീശ്വരവാദികള്‍ തന്നെ സമര്‍ഥിച്ചതാണ്.
കേവലമായ നിരര്‍ഥക വിശ്വാസങ്ങളില്‍ നിന്ന് ഇസ്‌ലാമിക് തിയോളജിയിലേക്ക് വന്നാല്‍ കൂടുതല്‍ കൃത്യമായി ബോധ്യപ്പെടും. ഭൗതികലോകത്തെ പ്രതിഭാസങ്ങള്‍ വിശദീകരിക്കാനുള്ള ജ്ഞാനമാര്‍ഗമാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ, ഭൗതികലോകത്തെ വേണ്ടവിധം മനസ്സിലാക്കാന്‍ ആവശ്യമായ ശാസ്ത്രീയ ചിന്താരീതി വികസിപ്പിച്ചെടുക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. എന്നാല്‍ ഭൗതികലോകത്തെ ജ്ഞാനമാര്‍ഗം ഉപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയാത്തതാണ് ദൈവാസ്തിത്വവും അനുബന്ധ കാര്യങ്ങളും.
ഭൗതികലോകത്തിനു പുറത്തുള്ള മറ്റൊരു ജ്ഞാനമണ്ഡലത്തിലാണ് അവ സ്ഥിതി ചെയ്യുന്നത്. അവ മനസ്സിലാക്കാന്‍ ഉപയോഗിക്കേണ്ടത് അവയുടേതായ അതിഭൗതികമായ ചില ജ്ഞാനമാര്‍ഗങ്ങളാണ്. അതിനാല്‍ ശാസ്ത്രം എന്ന ജ്ഞാനമാര്‍ഗം ഉപയോഗിച്ച് എല്ലാ ജ്ഞാനമണ്ഡലങ്ങളും വിശദീകരിക്കാന്‍ കഴിയില്ല എന്നാണ് വിശ്വാസി മനസ്സിലാക്കേണ്ടത്. എന്നാല്‍, ഭൗതികലോകത്തെ മനസ്സിലാക്കാന്‍ അവന് ശാസ്ത്രീയ രീതി അവലംബിക്കുകയുമാവാം. ഇതാണ് മതവിശ്വാസവും ശാസ്ത്രീയ ചിന്തയും തമ്മിലുള്ള ബന്ധം. ഇത് മനസ്സിലാക്കാത്ത വിശ്വാസിയും യുക്തിവാദിയും ഒരുപോലെ അപകടകാരികളാണ്.
ഭൗതിക പ്രപഞ്ചത്തിനു പുറത്തുള്ള കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ വിഷയമല്ല. അതിഭൗതിക പ്രപഞ്ചത്തിലാണ് ദൈവമുള്ളത്. മനുഷ്യന്‍ സ്ഥലകാല നൈരന്തര്യത്തില്‍ തളയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ സ്ഥലത്തിനും കാലത്തിനും അപ്പുറത്തുള്ളത് മനസ്സിലാക്കാന്‍ അവന് പരിമിതികളുണ്ട്. എന്നാല്‍, സമയത്തിനും കാലത്തിനും അതീതമായ അസ്തിത്വമാണ് ദൈവം. ആ ദൈവത്തെ വിശദീകരിക്കുക എന്നത് തീര്‍ത്തും തത്വചിന്താപരമായ ഒരു ഉദ്യമമാണ്. അതിന് വേണ്ടത് ദാര്‍ശനിക ബുദ്ധിയാണ്. അല്ലാതെ ശാസ്ത്രീയ നിരീക്ഷണമോ പരീക്ഷണമോ അല്ല.
ഭൗതിക പ്രപഞ്ചത്തിന് പുറത്തുള്ളത് തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പോലും പറയുന്നില്ല. കാരണം, അത് ശാസ്ത്രത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ ഉള്‍പ്പെടില്ല എന്നതാണ്യാഥാര്‍ഥ്യം.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x