20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

വഖഫ്: പ്രധാനമന്ത്രിയുടെ പ്രസ്താവം അംഗീകരിക്കാവതല്ല -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: രാജ്യത്തെ മുസ്‌ലിംകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന വിദ്വേഷ പ്രസ്താവനകളും അജണ്ടകളും പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ഖിയാദ’ സോണല്‍ ലീഡേഴ്‌സ് ശില്‍പശാല ആവശ്യപ്പെട്ടു. വഖഫ് ഇന്ത്യന്‍ ഭരണഘടനാനുസൃതമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവം തികച്ചും അസംബന്ധവും വിദ്വേഷ ജനകവുമാണ്.
ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ഭരണഘടനാനുസൃതമായി രാജ്യത്ത് നടപ്പിലാക്കിയത്. ഇന്ത്യ ഒരു ബഹുസ്വര മതേതര ജനാധിപത്യ രാജ്യമാണെന്ന യാഥാര്‍ഥ്യം പ്രധാനമന്ത്രി ബോധപൂര്‍വം അവഗണിക്കുകയാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് രാജ്യപുരോഗതിക്കായി നേതൃത്വം നല്‍കാന്‍ ഏറ്റവും ബാധ്യതപ്പെട്ട പ്രധാനമന്ത്രി ജാതിയും മതവും പറഞ്ഞ് പൗരന്മാരെ തമ്മിലടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തില്‍ കാലുറപ്പിക്കുക എളുപ്പമല്ലെന്നാണ് സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്നും ശില്‍പശാല വിലയിരുത്തി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ എല്‍ പി യൂസുഫ്, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, അലി മദനി മൊറയൂര്‍, മമ്മു കോട്ടക്കല്‍, എം ടി മനാഫ്, അബ്ദുല്ലത്തിഫ് കരുമ്പുലാക്കല്‍, പി സുഹൈല്‍ സാബിര്‍ പ്രസംഗിച്ചു.

Back to Top