23 Friday
January 2026
2026 January 23
1447 Chabân 4

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നേരെയുള്ള നിയന്ത്രണം പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെയാകെ സെന്‍സര്‍ഷിപ്പിലൂടെ നിശ്ശബ്ദമാക്കാനുള്ള കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ പുതിയ ഐ ടി ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഒ ടി ടി സേവനങ്ങള്‍ തുടങ്ങി സൈബര്‍ ലോകത്തെ അഭിപ്രായ പ്രകടന പരിധികള്‍ പുനര്‍ നിര്‍ണയിക്കുന്ന പുതിയ ചട്ടങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതാ അവകാശങ്ങളെ അട്ടിമറിക്കുന്നതാണ്.
വിശദമായ പഠനങ്ങളോ പാര്‍ലമെന്റിന്റെ അനുമതിയോ നിയമനിര്‍മാണമോ കൂടാതെ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയുള്ള പുതിയ ഐ ടി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. സ്വകാര്യത പൗരജീവിതത്തിന്റെ ആവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യാ രാജ്യത്ത് ഇത്തരം ജനാധിപത്യ വിരുദ്ധ നിയന്ത്രണങ്ങള്‍ അംഗീകരിക്കാവതല്ല. മൗലികാവകാശങ്ങള്‍ക്ക് മേല്‍ നിയമ പിന്‍ബലമില്ലാത്ത കടന്നുകയറ്റങ്ങളെ ചെറുത്തുതോല്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, എം അഹ്മദ്കുട്ടി മദനി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പ്രഫ കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, കെ പി അബ്ദുര്‍റഹ്മാന്‍, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, കെ പി മുഹമ്മദ് കല്പറ്റ, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍ അരൂര്‍, കെ എം കുഞ്ഞഹമ്മദ് മദനി, സി മമ്മു കോട്ടക്കല്‍ പ്രസംഗിച്ചു.

Back to Top