8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മുസ്‌ലിംകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായും സാമൂഹ്യമായും അരികുവത്കരിക്കാനുതകും വിധമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതൃത്വങ്ങളില്‍ മുസ്‌ലിം സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് അപര കക്ഷികളെ ചോദ്യം ചെയ്യുന്നവര്‍ ആദ്യമായി ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. മുസ്‌ലിം സമുദായത്തിന്റെ നന്മയാണ് ഇത്തരം വിവാദങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെങ്കില്‍ പാര്‍ടി തലത്തിലും ഭരണ തലത്തിലും ഉദ്യോഗ തലത്തിലും മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാധിക പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നടപടി എടുക്കുകയാണ് വേണ്ടത്. മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ജനസംഖ്യാനുപാധിക പങ്കാളിത്തം സാധ്യമാക്കും വിധം സ്‌പെഷ്യല്‍ സ്‌കീമുകള്‍ നടപ്പില്‍ വരുത്താന്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുക്കൊണ്ടുവരുന്നവര്‍ ആത്മാര്‍ത്ഥത കാണിക്കണം. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഇടത്, വലത് പക്ഷ കക്ഷികള്‍ ഒരുപോലെ പരാജയപ്പെടുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
മുസ്‌ലിം സമുദായത്തിലെ ഇതര സംഘടനകളുടെ വേദികള്‍ പങ്കിടാന്‍ പാടില്ലെന്ന സമസ്തയുടെ നിലപാട് സമകാലീന സാഹചര്യത്തില്‍ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച യാഥാര്‍ഥ്യ ബോധമില്ലാത്തതും പിന്തിരിപ്പനുമാണ്. മുസ്‌ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയി വര്‍ത്തിക്കേണ്ട മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തെ തങ്ങളുടെ സങ്കുചിത വൃത്തത്തില്‍ വരിഞ്ഞു കെട്ടി സമുദായ സംഘടനകള്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും ഇല്ലാതാക്കാനുള്ള ശ്രമം സമസ്ത പോലുള്ള ഉത്തരവാദപ്പെട്ട ഒരു സംഘടനക്ക് യോജിച്ചതല്ലെന്നും യോഗം വ്യക്തമാക്കി.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അടുത്ത ആറ് മാസത്തേക്കുള്ള പദ്ധതികള്‍ കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, എം അഹ്മദ് കുട്ടി മദനി, ഡോ. മുസ്തഫ സുല്ലമി, ഫൈസല്‍ നന്മണ്ട, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ് എന്നിവര്‍ അവതരിപ്പിച്ചു.
ഇര്‍ശാദ് സ്വലാഹി കൊല്ലം, അബ്ദുല്‍ജലീല്‍ ആമയൂര്‍, വീരാന്‍ കുട്ടി ആലുങ്ങല്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി കോഴിക്കോട്, ശുക്കൂര്‍ കോണിക്കല്‍, അഷ്‌റഫ് കൊയിലാണ്ടി, അബ്ദുല്ലത്തീഫ് ചെട്ടിപ്പടി, റഫീഖ് എലത്തൂര്‍, ഹാരിസ് സ്വലാഹി കോട്ടയം, അസൈനാര്‍ സ്വലാഹി, അതാഉല്ല ഇരിക്കൂര്‍, റഫീഖ് സിറ്റി, ഡോ. യു പി യഹ്‌യാഖാന്‍, ഹാഷിം ഈരാറ്റുപേട്ട, എന്‍ പി അബ്ദുറഷീദ്, ഷഫീഖ് എലത്തൂര്‍, മുര്‍ഷിദ് പാലത്ത്, എം കെ പോക്കര്‍ സുല്ലമി, അയ്യൂബ് ഖാന്‍ ഒറ്റപ്പാലം, ഹുസൈന്‍ കുറ്റൂര്‍, അഷ്‌റഫ് പയ്യാനക്കല്‍, അബൂ ഹാജര്‍ കൊട്ടിയം, മൊയ്തീന്‍ കോയ മുതലമാട്, അബ്ദുല്‍വഹാബ് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x