സ്‌കൂള്‍ സമയ മാറ്റ നീക്കം ഉപേക്ഷിക്കണം കെ. റെയില്‍ പുനരാലോചന വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കനത്ത ആഘാതം വരുത്തിവെക്കുന്നതും ഇരുപതിനായിരത്തിലധികം കുടുംബങ്ങളും പതിനായിരത്തിലധികം വാണിജ്യ സ്ഥാപനങ്ങളും വഴിയാധാരമാകുന്നതുമായ സില്‍വര്‍ ലൈന്‍ കേരള റയില്‍ പദ്ധതിയെക്കുറിച്ച് പുനരാലോചന വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുഖജനാവിന് വന്‍ ബാധ്യതകള്‍ വരുത്തിവെക്കുന്നതും സാധാരണക്കാര്‍ക്ക് കാര്യമായ പ്രയോജനമില്ലാത്തതുമായ കെ.റെയില്‍ പദ്ധതി യാതൊരു ചര്‍ച്ചയും കൂടാതെ നടപ്പിലാക്കാനുള്ള നീക്കം നീതീകരിക്കാവതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പിലാക്കലാണ് വികസനമെന്ന മൗഢ്യ ധാരണ തിരുത്താന്‍ ഇടതുപക്ഷ സര്‍ക്കാറിനാവുന്നില്ലെങ്കില്‍ അത് വലിയൊരു ദുരന്തമാണ്. പദ്ധതി ചിലവും പദ്ധതികൊണ്ടുള്ള പ്രയോജനവും പ്രത്യാഘാതങ്ങളും താരതമ്യം ചെയ്യാതെയുള്ള ഇത്തരം പദ്ധതികളെ കേരളീയ സമൂഹം ചെറുക്കുക തന്നെ വേണം. മദ്‌റസ പഠനത്തിന് തടസ്സം സൃഷ്ടിക്കുമാറ് സ്‌കൂള്‍ പ്രവര്‍ത്തി സമയം നേരെത്തെയാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ ടി.കെ. അബ്ദുല്ല സാഹിബിനെ യോഗം അനുസ്മരിക്കുകയും പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
പ്രസി. ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷം വഹിച്ചു. ജന. സെക്ര. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, സുഹൈല്‍ സാബിര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി മുഹമ്മദ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, കെ പി അബ്ദുറഹ്മാന്‍, എം ടി. മനാഫ് മാസ്റ്റര്‍, ബി പി എ ഗഫൂര്‍, പ്രൊ. പി. അബ്ദുല്‍ അലി മദനി, എം അഹ്മദ്കുട്ടി മദനി, പ്രൊഫ. അലി മദനി മൊറയൂര്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, പി. പി ഖാലിദ്, കെ എ സുബൈര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, അബ്ദുസ്സലാം പുത്തൂര്‍, വി സി മറിയക്കുട്ടി സുല്ലമിയ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.