8 Friday
August 2025
2025 August 8
1447 Safar 13

രാഷ്ട്രീയ താല്പര്യം വെച്ച് സ്വാതന്ത്ര്യ പോരാളികളെ അവഹേളിക്കരുത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: രാഷ്ട്രീയ താല്പര്യം വെച്ച് ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി കടുത്ത അപരാധമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടിയും ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാരുമായി മുഖാമുഖം പോരാടി വീരമൃത്യു വരിച്ച മലബാര്‍ സമര പോരാളികളെ ചരിത്ര രേഖകളില്‍ നിന്നും വെട്ടിമാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രപരമായ അസ്തിത്വത്തെയാണ് കത്തിവെക്കുന്നത്. ഏടുകളില്‍ നിന്ന് വെട്ടിമാറ്റിയാല്‍ ഇല്ലാതാകുന്നതല്ല ചരിത്ര വസ്തുതകളെന്ന യാഥാര്‍ഥ്യം കേന്ദ്ര സര്‍ക്കാര്‍ വിസ്മരിക്കരുത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരടക്കമുള്ള മലബാര്‍ സമര പോരാളികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളാണെന്ന ചരിത്ര വസ്തുത ബ്രിട്ടീഷ് പാദസേവ നടത്തിയവരുടെ പിന്‍ഗാമികള്‍ക്ക് അറിയാതെ പോയിട്ടുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ കുറ്റമല്ല.
രേഖപ്പെടുത്തപ്പെട്ട ചരിത്ര വസ്തുതകളിലൊക്കെ തന്നെ മലബാര്‍ സമരം സ്വാതന്ത്ര്യ സമരമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നിരിക്കെ ചരിത്ര വസ്തുതകളെ അവഹേളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടിയും ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും ആവശ്യപ്പെട്ടു.

Back to Top