നീതി നിഷേധിക്കപ്പെട്ട മുസ്‌ലിംവിഭാഗത്തെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നീതി നിഷേധിക്കപ്പെട്ട ജനവിഭാഗമെന്ന നിലക്ക് മുസ്‌ലിം സമുദായ സംഘടനകളുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയിലൂടെ തുലോം പരിമിതമെങ്കിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിയമോപദേശം തേടുന്നതിനും പഠനങ്ങള്‍ക്കുമായി സമയം കഴിക്കാതെ അവകാശങ്ങള്‍ വകവെച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനായി നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് ഇതര വിഭാഗങ്ങള്‍ക്ക് കൂടി വിഹിതം വെച്ചുകൊടുക്കുന്നത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ല.
ഉദ്യോഗ വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ ഉന്നത നിലവാരത്തിലുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്ക് കാബിനറ്റ് റാങ്കോടെ വികസന കോര്‍പ്പറേഷനുകളും ഖജനാവിന്റെ ഉന്നതവിഹിതവും. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അതില്ലാതെ വരികയും ചെയ്യുന്നത് സാമൂഹ്യ നീതിക്കെതിരാണെന്നും യോഗം വ്യക്തമാക്കി.
യോഗം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. പി അബ്ദുല്‍അലി മദനി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അഡ്വ. എം മൊയ്തീന്‍ കുട്ടി, ബി പി എ ഗഫൂര്‍, കെ അബൂബക്കര്‍ മൗലവി, കെ എ സുബൈര്‍, പി സുഹൈല്‍ സാബിര്‍, സി മമ്മു കോട്ടക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പി പി ഖാലിദ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, കെ പി അബ്ദുറഹ്മാന്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.