2 Wednesday
July 2025
2025 July 2
1447 Mouharrem 6

മോദി സര്‍ക്കാര്‍ കോവിഡിനെപ്പോലും കൊള്ള മുതലാക്കുന്നു – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: കോവിഡ് വാക്‌സിന്‍ പോലും പൊതു വിപണിക്ക് നല്‍കുക വഴി രാജ്യത്തെ ജനങ്ങളുടെ ദുരിതത്തെപ്പോലും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് മോദീ സര്‍ക്കാറെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയില്‍ ജീവിക്കാന്‍ ഗതിയില്ലാതെ ദുരിതമനുഭവിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് വാക്‌സിന്‍പോലും നല്കാന്‍ കഴിയില്ലെങ്കില്‍ പിന്നെയെന്താണ് ഒരു സര്‍ക്കാറിന്റെ പണി. കോവിഡ് വാക്‌സിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 35000 കോടി രൂപയും പി എം കെയറിലേക്ക് സ്വരൂപിച്ച കോടികളും എന്തിന് വേണ്ടിയായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യമായി കോവിഡ് വാക്്‌സിന്‍ നല്കാന്‍ നടപടിവേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്്‌വ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുല്‍അലി മദനി അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഹനീഫ, ശംസുദ്ദീന്‍ പാലക്കോട്, സി അബ്ദുല്ലത്തീഫ്, പ്രഫ. കെ പി സക്കരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, യു പി യഹ്‌യഖാന്‍, സുഹൈല്‍ സാബിര്‍, ഫൈസല്‍ നന്മണ്ട, കുഞ്ഞമ്മദ് മദനി, ഫാസില്‍ ആലുക്കല്‍, ഷഹീര്‍ വെട്ടം പ്രസംഗിച്ചു.

Back to Top