പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്യുന്ന ഉത്തരവ് റദ്ദ് ചെയ്യണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചു മാറ്റാനുള്ള സംഘ്പരിവാര്‍ ഗൂഢ പദ്ധതിക്ക് ഒത്താശ ചെയ്യുന്ന വിധമുള്ള വാരാണസി സിവില്‍ കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് പരമോന്നത നീതിപീഠത്തോടഭ്യര്‍ഥിച്ചു. ആരാധനാലയങ്ങളുടെ 1947 ആഗസ്ത് 15-ലെ തല്‍സ്ഥിതി തുടരണമെന്ന നിയമ വ്യവസ്ഥയെ നിഷേധിച്ചുകൊണ്ട് ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മാണത്തെക്കുറിച്ച് പര്യവേക്ഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട വരാണസി സിവില്‍ കോടതി ഉത്തരവ് തികഞ്ഞ നിയമ ലംഘനമാണ്. ആരാധനാലയ തല്‍സ്ഥിതി നിയമം മത നിരപേക്ഷതയെന്ന ഭരണഘടനാമൂല്യം സംരക്ഷിക്കുന്നതാണെന്നാണ് 2019 നവംബറില്‍ അയോധ്യാ കേസ് വിധിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണെന്നിരിക്കെ വാരാണസി സിവില്‍ കോടതി ഉത്തരവ് നിലനില്ക്കാവതല്ലെന്ന് യോഗം വ്യക്തമാക്കി.
രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് ഇരുപതിനായിരം കോടിയധിലധികം നഷ്ടമുണ്ടാക്കിയ റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ തേൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകള്‍ പോലും ഇടനിലക്കാരന് കൈമാറ്റപ്പെട്ട റഫാല്‍ വിമാന ഇടപാടിലെ അഴിമതി വെളിച്ചത്ത് കൊണ്ടുവിരിക തന്നെ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ പ്രഫ. കെ സിദ്ദീഖ് ഹസന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം മുന്‍ തലവന്‍ ഡോ. വി കുഞ്ഞാലി എന്നിവരെ യോഗം അനുസ്മരിക്കുകയും പരലോക മോക്ഷത്തിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു.
വൈസ്പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. എം മൊയ്തീന്‍ കുട്ടി, പ്രഫ. കെ പി സകരിയ്യ, കെ എല്‍ പി ഹാരിസ്, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ പി മുഹമ്മദ് കല്‍പറ്റ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, കെ എ സുബൈര്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അന്‍വര്‍ സാദത്ത്, സഹീര്‍ വെട്ടം, ഫാസില്‍ ആലുക്കല്‍, സി അബ്ദുല്ലത്തീഫ്, കെ അബ്ദുസ്സലാം മാസ്റ്റര്‍ പ്രസംഗിച്ചു.