പശു ശാസ്ത്ര പരീക്ഷ നിര്‍ത്തിവെക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പശു ശാസ്ത്ര പരീക്ഷ സംഘടിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗം ശീഘ്ര പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തെ സര്‍വകലാശാലകളെയും കോളജുകളെയും പിന്തിരിപ്പന്‍ യാഥാസ്ഥിതിക ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള യു ജി സിയുടെ നിര്‍ദേശം ഇന്ത്യയെ ലോകത്തിനു മുമ്പില്‍ അവമതിക്കുന്നതാണ്. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നത് തുടങ്ങിയുള്ള പശു ശാസ്ത്ര പഠന മെറ്റീരിയലുകള്‍ ഭാവി ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കുകയന്ന് യോഗം ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജന്‍സികളും ജുഡീഷ്യറിയും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണത്തെ വീണ്ടും ആവര്‍ത്തിക്കുന്ന ഇ ശ്രീധരന്‍ കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ കലുഷമാക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. രാഷ്ട്രീയ സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കുന്നത് അഭിമാനമായി കരുതുന്നത് ഇ ശ്രീധരന്‍ അവസാനിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ, പ്രഫ. ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, അഡ്വ. എം മൊയ്തീന്‍ കുട്ടി, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, സി അബ്ദുല്ലത്തീഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, സുഹൈല്‍ സാബിര്‍, പ്രഫ. അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ പി മുഹമ്മദ് കല്‍പറ്റ, കെ എ സുബൈര്‍ അരൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഷഹീര്‍ വെട്ടം, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.