പാഠ്യപദ്ധതി പരിഷ്‌കരണം: സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ലിബറല്‍ ചിന്താഗതിയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന ജന്‍ഡര്‍ ന്യൂട്രാലിറ്റി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാമെന്നും ലിംഗനീതിയിലധിഷ്ഠിതമായേ പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പിലാക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്നതാണ്.
എന്നാല്‍ പാഠ്യപദ്ധതി പരിഷ്‌കരണ കരടുരേഖ പുറത്തുവന്നപ്പോള്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെ സാധ്യമാക്കും വിധമാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. ലിംഗനീതി പറയുന്നതോടൊപ്പം ലിംഗസമത്വമെന്നും ജന്‍ഡര്‍ വേര്‍തിരിവുകള്‍ ഇല്ലാതാക്കണമെന്നും പറയുന്നു. ജന്‍ഡര്‍ നിലപാടുകളിലുള്ള അശാസ്ത്രീയമായ സമീപനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കണമെന്നും പറയുന്നതിലൂടെ ലിംഗനീതിയുടെ മറപിടിച്ച് ജന്‍ഡര്‍ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണ രേഖയില്‍ ലിംഗനീതിയിലധിഷ്ഠിതമായ പഠനരീതി എന്ന് തന്നെ വ്യക്തമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. അബ്ദുല്‍ജബ്ബാര്‍ മംഗലത്തയില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ബഷീര്‍ മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, പി അബ്ദുല്‍അലി മദനി, എന്‍ജി. സൈതലവി, സി അബ്ദുല്ലത്തീഫ്, മമ്മു കോട്ടക്കല്‍, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, എന്‍ എം അബ്ദുല്‍ജലീല്‍, പി പി ഖാലിദ്, കെ പി സകരിയ്യ, കെ എല്‍ പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, എം കെ മൂസ, ഡോ. അനസ് കടലുണ്ടി, എം ടി മനാഫ്, കെ എം ഹമീദലി, ബി പി എ ഗഫൂര്‍, അലി മദനി മൊറയൂര്‍, കെ പി അബ്ദുറഹ്മാന്‍, സി ടി ആയിഷ, റുക്‌സാന വാഴക്കാട്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, ഫഹീം പുളിക്കല്‍, പി അബ്ദുസ്സലാം പ്രസംഗിച്ചു
