പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയ പോലീസ് നടപടി അംഗീകരിക്കില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സാമുദായിക ധ്രുവീകരണവും കലാപവും ഉണ്ടാക്കുംവിധം വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന മട്ടില്‍ മുസ്‌ലിം പള്ളികമ്മിറ്റികള്‍ക്ക് ചില പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും നോട്ടീസ് നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അംഗീകരിക്കാവതല്ലെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. നാളിതുവരെ കേരളത്തിലെ ഒരു മുസ്‌ലിം പള്ളിയില്‍ നിന്നും ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ഒരു നോട്ടീസ് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും കാത്തുസൂക്ഷിക്കുന്നതില്‍ മുസ്‌ലിം പള്ളികളുടെയും മഹല്ലുകളുടെയും പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
സംഘ്പരിവാറും ചില ക്രിസ്ത്യന്‍ പള്ളി മേധാവികളും സംസ്ഥാനത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചപ്പോള്‍ ഒന്ന് ശാസിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരും പോലിസും മുസ്‌ലിം പള്ളികള്‍ക്കു നേരെ അനാവശ്യമായ നിയന്ത്രണവുമായി വരുന്നത് കടുത്ത അപരാധമാണ്. ഇസ്‌ലാമോഫോബിയ വളര്‍ത്തി മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള സംഘ്പരിവാര്‍- ക്രിസംഘി കൂട്ടുകെട്ടിന്റെ ദുഷ്ടലാക്കിന് ചട്ടുകമായി വര്‍ത്തിക്കുന്നത് പോലീസ് അവസാനിപ്പിക്കുക തന്നെ വേണം. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.