26 Friday
July 2024
2024 July 26
1446 Mouharrem 19

മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രചാരണം ചെറുക്കുക- കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.


തിരൂര്‍: തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കും വിധമുള്ള പ്രചാരണങ്ങളെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാകും വിധം മതേതരമൂല്യങ്ങള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചവരാണ് കേരളീയ സമൂഹം. ഹീനമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളെ വൈകാരികമായി വേര്‍പ്പെടുത്താന്‍ ആരു ശ്രമിച്ചാലും അതിന് വലിയ വില നല്‍കേണ്ടിവരും. മത സൗഹാര്‍ദത്തിലൂന്നിയ പ്രചാരണ ബോധവത്കരണത്തിന് കെ എന്‍ എം നേതൃത്വം നല്‍കും. മഹല്ലുകളും പള്ളികളും മത സാമൂദായിക സൗഹൃദം ലക്ഷ്യമാക്കി വിപുലമായ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കും.
കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജി, ജനപ്രതിനിധികളായ ടി അബ്ദുല്‍മജീദ്, ടി വി റംഷീദ, ബാഷ ബീഗം, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി വി ഹബീബ് റഹ്മാന്‍ എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ടി ആബിദ് മദനി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി ഇബ്‌റാഹീം അന്‍സാരി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ്, പി കെ മൊയ്തീന്‍ സുല്ലമി, സി മമ്മു, പി സുഹൈല്‍ സാബിര്‍, പി മൂസക്കുട്ടി മദനി, പി പി ഖാലിദ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വി പി ഉമര്‍, പി മുഹമ്മദ് കുട്ടി ഹാജി, പി എം എ അസീസ്, സി എം പി മുഹമ്മദലി, സി വി അബ്ദുല്ലക്കുട്ടി, ഇ ഒ ഫൈസല്‍, ടി കെ എന്‍ നാസര്‍, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, മജീദ് രണ്ടത്താണി, ഫാസില്‍ യൂണിവേഴ്‌സിറ്റി, നൗഫല്‍ പറവന്നൂര്‍, റസിയാബി ഹാറൂന്‍, സൈനബ കുറ്റൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x