വിദ്വേഷ പ്രചാരകരെ മഹത്വവത്കരിക്കുന്ന നിലപാട് തിരുത്തണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെ മഹത്വവത്കരിക്കുകയും വിദ്വേഷ പ്രചാരണത്തെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദ ചാപ്പ കുത്തുകയും ചെയ്യുന്ന സി പി എം നിലപാട് തിരുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ലൗ ജിഹാദ്, നര്‍കോട്ടിക്ക് ജിഹാദ് തുടങ്ങിയ കള്ളക്കഥകള്‍ മെനഞ്ഞ് മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതിനെ അപലപിക്കാന്‍ ആര്‍ജവമില്ലെങ്കില്‍ അതിനെതിരെ ശബ്ദിക്കുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിക്കാതിരിക്കുകയെങ്കിലും വേണം. ഇടതുപക്ഷ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് ഒരു നീതിയുമെന്നത് സി പി എമ്മിന്റെ മതേതര പ്രതിബദ്ധതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വിദ്വേഷ പ്രചാരണം നടത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നവര്‍ ആരായാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ബാധ്യതപ്പെട്ടവര്‍ വിദ്വേഷ പ്രചാരണത്തിന് ഇരകളായവരെ കുത്തി നോവിക്കുന്നത് പൊറുപ്പിക്കാനാവാത്ത അപരാധമാണ്. മുസ്‌ലിം വിരുദ്ധ ശക്തികളുടെ ലൗ ജിഹാദ് ആരോപണത്തെ ന്യായീകരിക്കും വിധം കാമ്പസ് തീവ്രവാദമെന്ന ദുരുദ്ദേശ്യപരമായ പരാമര്‍ശങ്ങളടങ്ങുന്ന സി പി എം സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. പി മുഹമ്മദ് ഹനീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ശംസുദ്ദീന്‍ പാലക്കോട്, എം എം ബഷീര്‍ മദനി, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, കെ പി മുഹമ്മദ്, ഫൈസല്‍ നന്മണ്ട, അലി മദനി മൊറയൂര്‍, കെ പി അബ്ദുറഹ്മാന്‍, അബ്ദുസ്സലാം പുത്തൂര്‍, കെ അബ്ദുസ്സലാം, കെ എം കുഞ്ഞമ്മദ് മദനി, എം അഹ്മദ്കുട്ടി മദനി, കെ എ സുബൈര്‍, സുഹൈല്‍ സാബിര്‍, എം ടി മനാഫ്, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, ഫഹീം പുളിക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.