15 Wednesday
January 2025
2025 January 15
1446 Rajab 15

ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്‌ലിം സംഘടനകള്‍ ചട്ടുകമാവരുത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: മുസ്‌ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്‌ലിം സംഘടനകള്‍ ചട്ടുകമാവരുതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കാനാണ് ആര്‍ എസ് എസുമായി ചര്‍ച്ചക്ക് പോയതെന്ന ന്യായീകരണം അംഗീകരിക്കാവതല്ല. ഐ എസ് വിഭാഗങ്ങള്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കാത്തതു പോലെ ആര്‍ എസ് എസ് ഹൈന്ദവ സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നിരിക്കെ അത്തരമൊരു ചര്‍ച്ച ഹൈന്ദവ സമൂഹത്തെ അപമാനിക്കലാണ്.
ഇന്ത്യന്‍ മുസ്‌ലിംകളും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍ എസ് എസിനു മുമ്പില്‍ അവതരിപ്പിക്കുന്നതിന് മുസ്‌ലിം സംഘടനകള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസുമായി ചര്‍ച്ചക്ക് പോയതെന്ന ജമാഅത്തെ ഇസ്‌ലാമി വാദം അടിസ്ഥാനരഹിതമാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പാര്‍ലമെന്ററി പ്രാതിനിധ്യമായ മുസ്‌ലിംലീഗോ, മുസ്‌ലിംകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡോ ഉത്തരവാദപ്പെട്ട മുസ്‌ലിം സംഘടനകളോ അറിയാത്ത ഒരു തീരുമാനം സമുദായത്തിന്റെ പേരില്‍ അവകാശപ്പെടുന്നത് ഒട്ടും നീതിയല്ലെന്നും യോഗം വ്യക്തമാക്കി.
ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം എം ബഷീര്‍ മദനി, ബി പി എ ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, ഹമീദലി ചാലിയം, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ, എന്‍ജി. സൈതലവി, കെ പി അബ്ദുറഹ്മാന്‍, പി അബ്ദുല്‍അലി മദനി, അലി മദനി മൊറയൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top