മാരണത്തിന്റെ ഫലശൂന്യത: മുജാഹിദ് നിലപാട് തിരുത്തിയോ എന്ന് ടി പി വ്യക്തമാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാരണത്തിന് ഫലസിദ്ധിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയില്ലെന്ന് ടി പി അബ്ദുല്ലക്കോയ മദനി മറുപടി പറഞ്ഞത് ഇസ്‌ലാഹീ നവോത്ഥാന പൈതൃകത്തിന് കടകവിരുദ്ധമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മാരണത്തിന് യാതൊരു ഫലസിദ്ധിയുമില്ലെന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടില്‍ എന്തിനാണ് മാറ്റം വരുത്തിയതെന്ന് ടി പി വ്യക്തമാക്കണം.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന പോരാട്ടത്തിന് നേതൃത്വം നല്‍കുകയും വിശ്വാസ ജീര്‍ണതകളില്‍ നിന്ന് വിശ്വാസികളെ മോചിപ്പിച്ചെടുക്കുകയും ചെയ്ത പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ നരബലിക്കു വരെ കാരണമായ മാരണത്തെ കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തുന്നത് ഒട്ടും ഭൂഷണമല്ല. മാരണത്തിന് ഫലപ്രാപ്തിയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുതന്നെ വ്യക്തമാണെന്നിരിക്കെ അതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് എന്തു കാരണത്താലാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ മാരണവും കൂടോത്രവും ബാധയിറക്കലും ജിന്ന് ചികിത്സയുമെല്ലാം പ്രചരിപ്പിക്കാന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ അനുവദിക്കുകയില്ലെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം അഹമ്മദ്കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി അബ്ദുല്ലത്തീഫ്, കെ എ സുബൈര്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, അഡ്വ. പി മുഹമ്മദ് ഹനീഫ, പി പി ഖാലിദ്, എം ടി മനാഫ്, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, കെ എം കുഞ്ഞമ്മദ് മദനി, എന്‍ജി. സൈതലവി, എം കെ മൂസ സുല്ലമി, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹീം, ഡോ. അനസ് കടലുണ്ടി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, റുഖ്‌സാന വാഴക്കാട്, നുഫൈല്‍ തിരൂരങ്ങാടി പ്രസംഗിച്ചു.