ഉദയ്പൂര്‍ കൊലപാതകം: ഗൂഢാലോചകരെ പുറത്തുകൊണ്ടുവരണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: രാജസ്ഥാനിലെ ഉദയ്പൂരിലെ ടൈലര്‍ കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കൊലപാതകത്തിന്റെ പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രവാചക നിന്ദയുടെ പേരില്‍ ആസൂത്രിതമായ കൊലപാതകം നടത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയാണ് ഉദയ്പൂര്‍ കൊലപാതകമെന്നതിന് തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ അന്വേഷണം ത്വരിതപ്പെടുത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. മനുഷ്യജീവന്‍ പന്താടി രാഷ്ട്രീയനേട്ടം കൊയ്യുന്ന സംഘപരിവാറിന്റെ പൊയ്മുഖം വലിച്ചുകീറി തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹൈന്ദവ സഹോദരന്മാര്‍ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കാന്‍ സംഭവം നിമിത്തമാകണം.
രാജ്യസുരക്ഷ ഭീഷണിയെന്ന് സുപ്രീംകോടതിപോലും പറഞ്ഞ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്ത നിയമസംവിധാനമാണ് രാജ്യത്ത് അരാജകത്വം വളര്‍ത്തുന്നത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് ഏറെ കുഴപ്പങ്ങള്‍ക്ക് വഴിവെച്ച പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് കള്ളക്കേസ് ചുമത്തി ജയിലിലടച്ച സഞ്ജീവ് ഭട്ട്, ടീസ്റ്റ സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവരെ നിരുപാധികം വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ്കുട്ടി മദനി, സി മമ്മു, ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, കെ എം കുഞ്ഞമ്മദ്, കെ പി സകരിയ്യ, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, കെ എ സുബെര്‍, പി സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, ഹമീദലി ചാലിയം, പി അബ്ദുല്‍ അലി മദനി, സല്‍മ അവാരിയ്യ, സി ടി ആയിഷ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.