വിദ്വേഷ പ്രചാരകര്‍ക്കെതിരെ പക്ഷപാതമില്ലാതെ നടപടി വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തിയ ദുര്‍ഗാവാഹിനി വനിതകള്‍ നടത്തിയ ഭീകര പ്രകടനത്തെക്കുറിച്ച് സര്‍ക്കാരും പൊതുസമൂഹവും മൗനം അവലംബിക്കുന്നത് ആശങ്കാജനകമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് വ്യക്തമാക്കി. സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ഇറങ്ങിത്തിരിച്ച ഇത്തരം വിധ്വംസക പ്രകടനങ്ങള്‍ക്ക് അവസരം നല്‍കുന്നത് എന്തിന്റെ പേരിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
വര്‍ഗീയ വിദേഷ പ്രചാരകര്‍ക്ക് അവസരമൊരുക്കുന്ന പക്ഷപാതപരമായ നടപടികള്‍ സര്‍ക്കാരും ജുഡീഷ്യറിയും അവസാനിപ്പിക്കണം. കുട്ടിയുടെ മുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ റാലി സംഘടിപ്പിച്ച സംഘാടകരെ പോലും കസ്റ്റഡിയിലെടുക്കാന്‍ തയ്യറായ പൊലീസ് പി സി ജോര്‍ജിന്റെയും ഷാജന്‍ സ്‌കറിയയുടെയും പ്രതീഷ് വിശ്വനാഥിന്റെയുമൊക്കെ വിദ്വേഷ പ്രചാരണങ്ങള്‍ക്കു നേരെ നിസ്സംഗത പുലര്‍ത്തുന്നത് അംഗീകരിക്കാവതല്ല. നിയമത്തെ പോലും വെല്ലുവിളിച്ച് വിദ്വേഷ പ്രചാരണവുമായി നടക്കുന്ന പി സി ജോര്‍ജിനെ പിടിച്ചുകെട്ടാന്‍ നട്ടെല്ലില്ലാതെ പോകുന്നുവെങ്കില്‍ അത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്. പി സി ജോര്‍ജിന് വിദ്വേഷ പ്രസംഗത്തിന് അവസരമൊരുക്കിയ ഹിന്ദു സമ്മേളന കമ്മിറ്റിക്കെതിരെയും വെണ്ണല ക്ഷേത്ര കമ്മിറ്റിക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തയ്യാറാവണം. വീരമൃത്യുവരിച്ച ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിനെ യോഗം അനുസ്മരിക്കുകയും പരലോകമോക്ഷത്തിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു.
വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, ഫൈസല്‍ നന്മണ്ട, കെ പി സകരിയ്യ, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഹമീദലി ചാലിയം, എം ടി മനാഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഡോ. യു പി യഹ്‌യാഖാന്‍, അബ്ദുല്‍അസീസ് തെരട്ടമ്മല്‍, ഡോ. ലബീദ് അരീക്കോട്, എം കെ ബഷീര്‍ പുളിക്കല്‍, ടി പി ഹുസൈന്‍ കോയ, പി സി അബ്ദുറഹ്മാന്‍, എന്‍ അഹമ്മദ്കുട്ടി, അബ്ദുസ്സലാം തൃശൂര്‍, എ പി നൗഷാദ് ആലപ്പുഴ, അബ്ദുല്‍അസീസ് പരപ്പനങ്ങാടി, സി സി ശക്കീര്‍ ഫാറൂഖി, ഷഫീഖ് എലത്തൂര്‍, ഫഹീം പുളിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.