കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം മോദി സര്‍ക്കാറിനെ താഴെയിറക്കിയില്ലെങ്കില്‍ രാജ്യം നശിക്കും -സി പി ഉമര്‍ സുല്ലമി
കാസര്‍കോഡ്: രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ മുസ്‌ലിം സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ‘കാലം തേടുന്ന ഇസ്‌ലാഹ്’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാന്‍ മുസ്‌ലിം സമുദായത്തിനു നേരെ മാന്യതയില്ലാതെ അധിക്ഷേപം നടത്തിയതുകൊണ്ട് പരിഹാരമാവില്ല. മോദി ഭരണം ഇനിയും തുടര്‍ന്നാല്‍ രാജ്യം തന്നെ അപകടത്തില്‍ അകപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഇന്ത്യന്‍ ജനത ഒന്നിക്കണമെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ കേരളീയ മുസ്‌ലിംകള്‍ കയ്യൊഴിഞ്ഞ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച് നവോത്ഥാന മുന്നേറ്റത്തെ തടയിടുന്ന നവയാഥാസ്ഥിതിക പ്രചാരകരെക്കുറിച്ച് മുസ്‌ലിം സമുദായം ജാഗ്രവത്താവണം. ഇസ്‌ലാം എളുപ്പവും മിതത്വവുമാണെന്ന യാഥാര്‍ഥ്യത്തെ അവഗണിച്ച് പ്രമാണങ്ങളുടെ തെറ്റായ വായനയിലൂടെ അനുഷ്ഠാന തീവ്രവാദം ആചാരമാക്കുകയും അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. മാരണം, കൂടോത്രം, ജിന്ന് ചികിത്സ, പിശാച് സേവ തുടങ്ങിയ അന്ധവിശ്വാസങ്ങളെ കടത്തിക്കൊണ്ടു വന്ന് മുസ്‌ലിം സമുദായത്തെ വീണ്ടും യാഥാസ്ഥിതികതയിലേക്ക് വഴി നടത്തുന്നവരെ ചെറുക്കുക തന്നെ വേണമെന്ന് ഉമര്‍ സുല്ലമി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ്യ, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍കലാം ഒറ്റത്താണി, റിഹാസ് പുലാമന്തോള്‍, അബ്ദുസ്സലാം മുട്ടില്‍, മിസ്ബാഹ് ഫാറൂഖി, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, ഫൈസല്‍ നന്മണ്ട, ഫൈസല്‍ ചക്കരക്കല്ല്, ആദില്‍ നസീഫ്, നിഷ്ദ പി, അബ്ദുറഊഫ് മദനി പ്രസംഗിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ എന്‍ജി. പി സൈതലവി, സി അബ്ദുല്ലത്തീഫ്, ശംസുദ്ദീന്‍ പാലക്കോട്, ഡോ. അനസ് കടലുണ്ടി, പി പി ഖാലിദ്, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം, പി സുഹൈല്‍ സാബിര്‍ പ്രസീഡിയം നിയന്ത്രിച്ചു.