കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഗസ്സ ഫണ്ട് തുല്യതയില്ലാത്ത മനുഷ്യ സ്‌നേഹം: ഫലസ്തീന്‍ അമ്പാസിഡര്‍
ന്യൂഡല്‍ഹി: ഫലസ്തീനിലെ ഗസ്സയില്‍ നരകയാതനയനുഭവിക്കുന്ന മനുഷ്യ മക്കളുടെ കണ്ണീരൊപ്പാന്‍ കേരളത്തിലെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഫണ്ട് ശേഖരണം തുല്യതയില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ പ്രകടനമാണെന്ന് ഫലസ്തീന്‍ അമ്പാസിഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജക് പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഫലസ്തിന്‍ ഫണ്ട് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികള്‍ക്ക് വേണ്ടി കെ എന്‍ എം മര്‍ക്കസുദ്ദഅവ സമാഹരിച്ച ഫണ്ട് ദില്ലിയിലെ പലസ്തീന്‍ എംബസിയില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, സെന്റര്‍ ഭാരവാഹിയായ അഡ്വ. അബ്ദുല്ല നസീഹ്, കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ഗസയിലെ ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കും പുനരധിവാസത്തിനും വേണ്ടി ഫണ്ട് വിനിയോഗിക്കുമെന്ന് അംബാസിഡര്‍ സംഘത്തിന് ഉറപ്പുനല്‍കി.
ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള വര്‍ഷങ്ങളായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായകമായ ചുവടുവെപ്പാണ് ഇതിലൂടെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ നടത്തിയിട്ടുള്ളതെന്ന് അമ്പാസിഡര്‍ കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ ആദ്യഘട്ട സഹായ ഫണ്ടാണ് ഇപ്പോള്‍ കൈമാറിയത്. കേരളം ഫലസ്തീനിനോട് കാണിക്കുന്ന സ്‌നേഹത്തിന് അമ്പാസിഡര്‍ നന്ദി പ്രകടിപ്പിച്ചു.